Image

മാംസാഹാരികള്‍ വഞ്ചകരും കള്ളന്മാരുമെന്ന് പാഠപുസ്തകം

Published on 18 November, 2012
മാംസാഹാരികള്‍ വഞ്ചകരും കള്ളന്മാരുമെന്ന് പാഠപുസ്തകം
ന്യൂഡല്‍ഹി: മാംസാഹാരം കഴിക്കുന്നവരെ മോശമായി ചിത്രീകരിക്കുന്ന സി.ബി.എസ്.ഇ. പാഠപുസ്തകത്തിനെതിരെ പ്രതിഷേധം ശക്തമായി. ആറാം ക്ലാസില്‍ രാജ്യത്തുടനീളം പഠിപ്പിക്കുന്ന 'ന്യൂ ഹെല്‍ത്ത് വേ (ഹെല്‍ത്ത്, ഹൈജീന്‍, ഫിസിയോളജി, സേഫ്റ്റി, സെക്‌സ് എജ്യുക്കേഷന്‍, ഗെയിംസ് ആന്‍ഡ് എക്‌സര്‍സൈസസ്) എന്ന പുസ്തകത്തിലാണ് മാംസാഹാരികളെ വഞ്ചകരും കളവു പറയുന്നവരും ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരുമായി ചിത്രീകരിക്കുന്നത്.

പ്രസാധകരായ എസ്. ചന്ദ് പുറത്തിറിക്കിയ പുസ്തകത്തിന്റെ 'ഡു വീ നീഡ് ഫെ്‌ളഷ് ഫുഡ്' എന്ന ഭാഗത്ത് 56-ാം പേജിലാണ് വിവാദ പരാമര്‍ശമുള്ളത്. 'അവര്‍ വഞ്ചിക്കുകയും കളവു പറയുകയും ചെയ്യുന്നു. വാഗ്ദാനങ്ങള്‍ മറക്കുന്നവരും സത്യസന്ധതയില്ലാത്തവരും ചീത്തവാക്കുകള്‍ പ്രയോഗിക്കുന്നവരുമാണ്. മോഷണം നടത്തുകയും ശണ്ഠ കൂടുകയും ലൈംഗിക അക്രമങ്ങള്‍ നടത്തുന്നവരുമാണ്' - പുസ്തകം പറയുന്നു.

മാംസാഹാരം മനുഷ്യര്‍ക്ക് ആവശ്യമില്ലെന്നും ദൈവം സസ്യാഹാരികളായാണ് ആദത്തിനെയും അവ്വയെയും സൃഷ്ടിച്ചതെന്നും ദൈവം അവര്‍ക്ക് പഴങ്ങളും പരിപ്പും പച്ചക്കറികളുമാണ് കൊടുത്തതെന്നും പുസ്തകത്തില്‍ പറയുന്നു. മാംസാഹാരത്തിനുള്ള ചേരുവകള്‍ ഉണ്ടാക്കുന്നത് പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ചാണെന്നും പരാമര്‍ശമുണ്ട്. സസ്യാഹാര ശീലത്തിനുവേണ്ടി വാദിക്കുന്നതാണ് പുസ്തകം.
'സസ്യാഹാരം കഴിക്കുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ ആയുസ്സ് കൂടും.

പച്ചക്കറികള്‍, സോയാബീന്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നവര്‍ക്ക് കരുത്തും ഊര്‍ജവും നൂറ്റാണ്ടുകളോളം നിലനിര്‍ത്താനാവും.'- പുസ്തകത്തില്‍ പറയുന്നു. എസ്‌കിമോകള്‍ അല്പായുസ്സുകാരും അലസരും ആയിരിക്കാന്‍ കാരണം അവരുടെ മാംസാഹാര ശീലമാണെന്നും ജപ്പാന്‍കാര്‍ സസ്യാഹാരം കഴിക്കുന്നതിനാല്‍ ദീര്‍ഘകാലം ജീവിക്കുന്നുവെന്നും ഇതില്‍ പറയുന്നു.

പെണ്‍കുട്ടികള്‍ ചീത്തപ്പേര് കേള്‍പ്പിക്കാതെ 18 വയസ്സിനും 25 വയസ്സിനും ഇടയില്‍ വിവാഹിതരാകണമെന്നുമാണ് മറ്റൊരു വിവാദ പരാമര്‍ശം. തമിഴ്‌നാട്ടിലെ ഹൊസൂരിലെ ഒരു സ്‌കൂളില്‍ പ്രിന്‍സിപ്പലായിരുന്ന ഡേവിഡ് എസ്. പോഡ്ഡാര്‍ ആണ് പുസ്തകമെഴുതിയത്.
സംഭവം ചര്‍ച്ചയായതോടെ പുസ്തകം തിരഞ്ഞെടുക്കുന്നത് തങ്ങളല്ലെന്ന് പറഞ്ഞ് സി.ബി.എസ്.ഇ. കൈകഴുകി.

''എട്ടാം ക്ലാസുവരെയുള്ള പുസ്തകങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ സിലബസനുസരിച്ച് തിരഞ്ഞെടുക്കുന്നത് അതത് സ്‌കൂളുകളാണ്. അതിനുമുകളിലുള്ള പുസ്തകങ്ങളേ ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നുള്ളൂ''-സി.ബി.എസ്.ഇ. അധ്യക്ഷന്‍ വിനോദ് ജോഷി പ്രതികരിച്ചു. അതേസമയം പുസ്തകം ഉടന്‍ പിന്‍വലിക്കുമെന്നും പുതുക്കിയ ഉള്ളടക്കത്തോടെ പുറത്തിറക്കുമെന്നും എസ്. ചന്ദ് പബ്ലിക്കേഷന്‍ മാനേജിങ് ഡയറക്ടര്‍ ഹിമാംശു ഗുപ്ത പറഞ്ഞു.

സംഭവം നിര്‍ഭാഗ്യകരമാണെന്നും പാഠ പുസ്തകങ്ങളില്‍ വിഭാഗീയമായ പരാമര്‍ശങ്ങള്‍ വരാതെ നോക്കണമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പള്ളം രാജു പറഞ്ഞു. എന്‍.സി.ഇ.ആര്‍.ടി.യെപ്പോലെ സംസ്ഥാനസര്‍ക്കാറുകളും പുസ്തകങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. സംഭവത്തെക്കുറിച്ച് എന്‍.സി.ഇ.ആര്‍.ടി.യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അക്കാദമിക് രംഗത്തുള്ളവരും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 'കുട്ടികളില്‍ വിഷം കുത്തിവെക്കുന്നതാണ് ഇത്. സര്‍ക്കാര്‍ കൈകഴുകുകയല്ല വേണ്ടത്.

ഇതിനെതിരെ നടപടിയെടുക്കാനുള്ള തന്‍േറടം കാണിക്കണം'- ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാഭ്യാസ വിഭാഗം അധ്യാപികയായ ജാനകി രാജന്‍ ആവശ്യപ്പെട്ടു. 2005-ല്‍ പാഠപുസ്തകങ്ങള്‍ സ്വകാര്യ പ്രസാധകരെ ഏല്പിക്കുന്നതിനെതിരെ ജാനകി രാജന്‍ ഉള്‍പ്പെട്ട അക്കാദമിക് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തേ, ഒമ്പതാം ക്ലാസ് ചരിത്രപാഠ പുസ്തകത്തില്‍ നാടാര്‍ സമുദായത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ പരാമര്‍ശം വന്നതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തെഴുതിയിട്ടുണ്ട്.
Mathrubhumi
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക