Image

ജോര്‍ജ്‌ മാത്യുവിനും, വര്‍ഗീസ്‌ ഫിലിപ്പിനും ഫോമ അംഗസംഘടനകളുടെ പിന്തുണ

ജോയിച്ചന്‍ പുതുക്കുളം Published on 29 August, 2011
ജോര്‍ജ്‌ മാത്യുവിനും, വര്‍ഗീസ്‌ ഫിലിപ്പിനും ഫോമ അംഗസംഘടനകളുടെ പിന്തുണ
ഫിലാഡല്‍ഫിയ: ഫോമ റീജിയന്‍ 4-ലെ സംഘടനകളുടെ സംയുക്ത യോഗം ചേര്‍ന്ന്‌ 2014-ലെ കണ്‍വെഷന്‍ ഫിലാഡല്‍ഫിയയില്‍ നടത്തണമെന്നുള്ള അഭിപ്രായത്തെ പിന്തുണയ്‌ക്കുകയും പ്രസിഡന്റു സ്ഥാനത്തേക്ക്‌ ജോര്‍ജ്‌ മാത്യുവിനേയും, ട്രഷറര്‍ സ്ഥാനത്തേക്ക്‌ വര്‍ഗീസ്‌ ഫിലിപ്പിനേയും നിര്‍ദേശിക്കുകയും ചെയ്‌തു.

ഓഗസ്റ്റ്‌ 19-ന്‌ വെള്ളിയാഴ്‌ച കാഷ്‌മീര്‍ ഗാര്‍ഡന്‍ റെസ്റ്റോറന്റില്‍ ഡോ. ജയിംസ്‌ കുറിച്ചിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാപ്പ്‌, കല, കേരളസമാജം ന്യൂജേഴ്‌സി, സിറ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. മീറ്റിംഗില്‍ നേരിട്ട്‌ പങ്കെടുക്കുവാന്‍ സാധിച്ചില്ലെങ്കിലും കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സിക്കുവേണ്ടി അനിയന്‍ ജോര്‍ജ്‌ തീരുമാനങ്ങള്‍ക്ക്‌ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

ഫോമയുടെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിക്കുകയും ലാസ്‌വേഗാസ്‌ കണ്‍വെന്‍ഷനില്‍ ഇലക്ഷന്‍ കമ്മീഷനായി സ്‌തുത്യര്‍ഹമായ ചുമതല വഹിക്കുകയും ചെയ്‌ത ജോര്‍ജ്‌ മാത്യു പ്രഗത്ഭനായ ഒരു സംഘാടകനാണ്‌. കലയുടെ പ്രസിഡന്റ്‌, ഫിലാഡല്‍ഫിയ മേയറുടെ അഡൈ്വസറി കമ്മിറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ ഇപ്പോള്‍ വഹിക്കുന്നു.

ഉദാത്തവും സുതാര്യവുമായ പൊതുപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ വര്‍ഗീസ്‌ ഫിലിപ്പ്‌ മുപ്പതില്‍പ്പരം വര്‍ഷങ്ങളായി മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ നെടുംതൂണായി പ്രവര്‍ത്തിക്കുന്നു. മാപ്പ്‌ പബ്ലിസിറ്റി ചെയര്‍മാന്‍, ഫോമ ജുഡീഷ്യല്‍ കൗണ്‍സില്‍ മെമ്പര്‍, ബഥേല്‍ മാര്‍ത്തോമാ ചര്‍ച്ച വൈസ്‌ പ്രസിഡന്റ്‌ എന്നീ ചുമതലകള്‍ ഇപ്പോള്‍ വഹിക്കുന്നു.

മാപ്പ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ എം. മാത്യു (കുഞ്ഞ്‌), കല പ്രതിനിധി അലക്‌സ്‌ ജോണ്‍, കേരള സമാജം പ്രതിനിധി തോമസ്‌ എം. തോമസ്‌, ഫോമാ മുന്‍ വൈസ്‌ പ്രസിഡന്റ്‌ യോഹന്നാന്‍ ശങ്കരത്തില്‍, ഫോമാ ജോയിന്റ്‌ ട്രഷറര്‍ ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌, സിറ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ റോയി വര്‍ഗീസ്‌, മാപ്പ്‌ ജനറല്‍ സെക്രട്ടറി റോയി ജേക്കബ്‌, കല ട്രഷറര്‍ ജോസ്‌ ജോസഫ്‌ എന്നിവര്‍ ജോര്‍ജ്‌ മാത്യുവിനും, വര്‍ഗീസ്‌ ഫിലിപ്പിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ പ്രസംഗിച്ചു.

ഫിലാഡല്‍ഫിയയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‌ നായകത്വം വഹിക്കേണ്ടത്‌ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ഒരു പ്രസിഡന്റായിരിക്കണമെന്ന്‌ എല്ലാവരും അഭിപ്രായപ്പെട്ടു. ജോര്‍ജ്‌ മാത്യുവും വര്‍ഗീസ്‌ ഫിലിപ്പും തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന്‌ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട്‌ മറുപടി പ്രസംഗം നടത്തി.

അധികം സാമ്പത്തികബാധ്യതയില്ലാതെ എല്ലാ മലയാളികള്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഒരു മാതൃകാ കണ്‍വെന്‍ഷനാണ്‌ താന്‍ വിഭാവനം ചെയ്യുന്നതെന്ന്‌ ജോര്‍ജ്‌ മാത്യു പറഞ്ഞു. നാട്ടില്‍ നിന്ന്‌ അനാവശ്യമായി രാഷ്‌ട്രീയക്കാരേയും സിനിമാതാരങ്ങളേയും പങ്കെടുപ്പിക്കുന്ന ആഢംബരങ്ങളും പാഴ്‌ചെലവുകളും ഒഴിവാക്കും. ഫോമയെ കര്‍മ്മപൂരിതമായ ഒരു പ്രസ്ഥാനമാക്കി മാറ്റുകയും അമേരിക്കയിലുള്ള മലയാളികളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും.

ഇതിനോടകം വിവിധ സ്ഥാനങ്ങളിലേക്ക്‌ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ള മറ്റ്‌ സുഹൃത്തുക്കളുമായി കൂടിയാലോചിച്ച്‌ ഒരു സമവായത്തിലെത്താന്‍ ശ്രമിക്കുമെന്ന്‌ വര്‍ഗീസ്‌ ഫിലിപ്പ്‌ പറഞ്ഞു. കഴിവതും മത്സരങ്ങള്‍ ഒഴിവാക്കി പൊതുവായ അഭിപ്രായസമന്വയം സൃഷ്‌ടിക്കും. എല്ലാറ്റിനുമുപരി ഫോമയുടെ നന്മയാണ്‌ പരമപ്രധാനം.

അമ്പതില്‍പ്പരം പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ച ഭാവിയുടെ ഒരു വെള്ളിരേഖയായി. ഡോ. ജയിംസ്‌ കുറിച്ചി കൃതജ്ഞത രേഖപ്പെടുത്തി.
ജോര്‍ജ്‌ മാത്യുവിനും, വര്‍ഗീസ്‌ ഫിലിപ്പിനും ഫോമ അംഗസംഘടനകളുടെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക