Image

ശക്തിസ്വരൂപിണിയായി ഐറീന്‍ - പിണങ്ങിയും കലങ്ങിയും….

ജോര്‍ജ് തുമ്പയില്‍ Published on 29 August, 2011
ശക്തിസ്വരൂപിണിയായി ഐറീന്‍ - പിണങ്ങിയും കലങ്ങിയും….
ന്യൂജഴ്‌സി : ഗ്രീക്ക് ഇതിഹാസകഥയില്‍ സമാധാനത്തിന്റെ പേര് വഹിക്കുന്ന ഐറിന്റെ യുദ്ധസമാനമായ നാശം വിതച്ച് അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളെ തൊട്ടുരുമ്മി ന്യൂയോര്‍ക്കും കടന്ന് വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് കടന്നുപോയി. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വൈദ്യുതിയും ഗ്യാസും മുടക്കി നദികളില്‍ വെള്ളപ്പൊക്കം ഉണ്ടാക്കി വീടുകള്‍ക്ക് കാര്യമായ തകരാറുകള്‍ സംഭവിപ്പിച്ച് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് പാളിച്ചകള്‍ നല്‍കി ശക്തമായ മഴയോടും കൊടുങ്കാറ്റിനോടുമൊപ്പം സഞ്ചരിച്ച ഐറിന്‍ കണക്ടിക്കട്ട്, ന്യൂ ഇംഗ്ലണ്ട് ഭാഗങ്ങളിലേക്ക് നീങ്ങിയതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതില്‍ വ്യാപൃതരായിരിക്കുകയാണ് ജനങ്ങളും സര്‍ക്കാരും.

വേനലവധി ആഘോഷിക്കുവാന്‍ മാസച്യുസെറ്റ്‌സിലെ മാര്‍ത്താസ് വൈന്‍യാര്‍ഡി െലത്തിയ പ്രസിഡന്റ് ബറാക് ഒബാമ അവധി വെട്ടിക്കുറച്ച് കുടുംബത്തോടൊപ്പം വൈറ്റ് ഹൗസില്‍ തിരിച്ചെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ വ്യാപൃതനായി. രക്ഷാപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് രാജ്യാന്തര അഭിസംബോധന ചെയ്യുകയും ചെയ്തു.

കരീബിയന്‍ ദ്വീപസമൂഹത്തില്‍ ഉടലെടുത്ത ഐറിന്‍ ചുഴലിക്കാറ്റ് ബഹാമാസ് ദ്വീപില്‍ ആഞ്ഞടിച്ച് വന്‍ നാശനഷ്ടങ്ങള്‍ ആണ് ഉണ്ടാക്കിയത്. ഒരു ബില്യന്‍ ഡോളറിന്റെയെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഇന്‍ഷുറന്‍സ് രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. ബഹമാസില്‍ നിന്ന് ഫ്‌ളോറിഡയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കാറ്റഗറി മൂന്ന് (ഏറ്റവും കുറഞ്ഞ തീവ്രത ഒന്ന്) ശക്തിയില്‍ ആഞ്ഞടിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷകരുടെ ആദ്യ നിഗമനം. ഇത് കേട്ട ഫ്‌ളോറിഡ നിവാസികള്‍ മുന്‍കാല പരിചയം വച്ച് രക്ഷാനടപടികള്‍ക്ക് തുടക്കമിടുകയും ചെയ്തു.

കുമളി മുരുക്കടിക്കാരനായ എബി ജോസഫും കുടുംബവും ചുഴലിക്കാറ്റിനെ ഉപരോധിക്കാനുള്ള സാമഗ്രികള്‍ വാങ്ങി ഗ്ലാസ് വാതിലുകള്‍, ജനാലകള്‍ എന്നിവകളെ സംരക്ഷിക്കുകയും ചെയ്തു. സ്ഥിരതയില്ലാത്ത മുന്‍ കാലാവസ്ഥാ പ്രവചനങ്ങളുടെ പശ്ചാത്തലത്തില്‍ 'ബെറ്റര്‍ ബീ സേഫ് ദാന്‍ സോറി എന്ന തത്വം സ്വീകരിക്കുക യായിരുന്നു എന്ന് എബി പറഞ്ഞു. സമുദ്രത്തിലെ ശക്തമായ തിരയില്‍പ്പെട്ട് ഫ്‌ളോറിഡയില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. വഴിമാറിയ ഐറിന്‍ പക്ഷേ നോര്‍ത്ത് കരോലിനയിലും വിര്‍ജീനിയയിലും സംഹാരതാണ്ഡവമാടി. കനത്തമഴയിലും കാറ്റിലും നാലുപേര്‍ മരിച്ചു. മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റ് റെയില്‍, റോഡ് ഗതാഗതങ്ങള്‍ പാടേ താറുമാറാക്കി. പാലങ്ങള്‍ പലതും അടച്ചു. തീരപ്രദേശങ്ങളില്‍ 11 അടി ഉയരത്തില്‍ തിരയടിച്ചുകയറി. ശക്തമായ വേലിയേറ്റത്തോടൊപ്പം 12 ഇഞ്ച് വരെ മഴയും പെയ്തു.

വിര്‍ജീനിയ വഴി മേരിലാന്‍ഡില്‍ എത്തിയതോടെ ചുഴലിക്കാറ്റിന്റെ ഭീകരത കാറ്റഗറി മൂന്നില്‍ നിന്ന് ഒന്നായി കുറഞ്ഞു. ഒരു പക്ഷേ ന്യൂയോര്‍ക്കില്‍ ആഞ്ഞടിക്കുവാന്‍ ശക്തി സ്വരൂപിണിയാവാന്‍ സാവകാശം കാട്ടിയതുമാവാം. ഇവിടെ കാലവേയിലുള്ള സെന്റ് മേരീസ് ലേക്ക് ഡാം നിറഞ്ഞുകവിഞ്ഞ് ഒഴുകിയെങ്കിലും കാര്യമായ നാശങ്ങള്‍ ഉണ്ടായില്ല. 250 ഏക്കറുകളിലായി നിറഞ്ഞുകിടക്കുന്ന തടാക പരിസരത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തിരുന്നു. കാല്‍വര്‍ട്ട് ക്ലിഫ്‌സിലുള്ള രണ്ട് ആണവ റിയാക്ടറുകള്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് പ്രവര്‍ത്തനരഹിതമായി. വാഷിങ്ടണ്‍ ഏരിയയില്‍ ഇത് ഏറെക്കുറെ പരിഭ്രാന്തി ഉയര്‍ത്തിയെങ്കിലും ന്യൂക്ലിയര്‍ റെഗുലേറ്ററി കമ്മിഷന്‍ നില ഭദ്രമാണെന്ന് അറിയിച്ചതോടെ ജനങ്ങളും ഭരണകര്‍ത്താക്കളും ആശ്വാസ ത്തിലായി,

ഡെലവെര്‍ തീരം വഴി അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലൂടെ ഐറിന്‍ ഓടിക്കളിച്ച് കാറ്റഗറി രണ്ടിന്റെ തീവ്രതയുമായി വികൃതി കാട്ടിത്തുടങ്ങിയപ്പോള്‍ ന്യൂയോര്‍ക്ക് - ന്യൂജഴ്‌സി ഞെട്ടിത്തരിച്ചു. എമര്‍ജന്‍സി പ്രഖ്യാപിക്കപ്പെട്ടു. എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടു. അഭൂതപൂര്‍വമായി ന്യൂയോര്‍ക്കിലെ സബ്‌വേ, ന്യൂജഴ്‌സി ട്രാന്‍സിറ്റ്, ലോങ് ഐലന്‍ഡ് റെയില്‍ റോഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ് ഫെറി തുടങ്ങി എല്ലാ ട്രാന്‍സ്‌പോര്‍ േട്ടഷന്‍ സൗകര്യങ്ങളും നിശ്ചലമായി. സിനിമാ തിയറ്ററുകളും ബ്രോഡ്‌വേകളും അടച്ചു. ടാക്‌സികള്‍ ഓടിയില്ല. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കൂമോ, മേയര്‍ സബുംബര്‍ഗ്, ന്യൂജഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി എന്നിവര്‍ മാറി മാറി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖം നല്‍കിക്കൊണ്ടിരുന്നു. പൊലീസ്, ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി മാനേജ്‌മെന്റ് എല്ലാവരും ഐറിന്റെ വരവിന് കാതോര്‍ത്തു. ഹോംഗാര്‍ഡുകള്‍ സമയം കാത്ത് ബങ്കറുകളില്‍ സസൂക്ഷ്മം കാത്തിരുന്നു. 'ഗെറ്റ് ദ് ഹെല്‍ ഒട്ട് ഓഫ് ദ് ബീച്ച് എന്നാണ് ന്യൂജഴ്‌സി ഗവര്‍ണറും അടുത്ത പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാ വാന്‍ കാത്തിരിക്കുന്നയാളും ശക്തനായ ഭരണകര്‍ത്താവുമായ ക്രിസ് ക്രിസ്റ്റി ടെലിവിഷനിലൂടെ നിരന്തരമായി അറിയിച്ചുകൊണ്ടിരുന്നത്.

ശനിയും ഞായറുമായുമായി പദ്ധതിയിട്ടിരുന്ന ഒട്ടനവധി മലയാളി പരിപാടികള്‍ മാറ്റിവച്ചു. ലൊഡായിലെ ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കേണ്ടിയിരുന്ന മുതുകാടിന്റെയും സംഘത്തിന്റെയും വിസ്മയം പരിപാടി മാറ്റി വച്ചു. 90 ശതമാനം മലയാളി പള്ളികളിലെയും ഞായറാഴ്ച കുര്‍ബാനകള്‍ മാറ്റിവച്ചു. സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ പള്ളിയില്‍ നടത്തിവന്നിരുന്ന സാം പി. ഏബ്രഹാമിന്റെ റിട്ടയര്‍മെന്റിനോടനുബന്ധിച്ചുള്ള പ്രാര്‍ഥനായോഗം, ന്യൂബ്രണ്‍സ് വിക്കില്‍ നടത്താനിരുന്ന രമ്യാ നാരായണന്റെ ഭരതനാട്യം എന്നിവ ചെറിയ രീതിയില്‍ നടന്നു.

മന്‍ഹാട്ടന്‍, ബ്രൂക്ക്‌ലിന്‍, കോണി ഐലന്‍ഡ്, ലോങ് ഐലന്‍ഡ്, ക്വീന്‍സ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന മൂന്നു ലക്ഷത്തോളം ആളുകളെയും ന്യൂജഴ്‌സിയിലെല കേപ് വേ, സീ സൈസ് ഹൈറ്റ്‌സ്, ലോങ് ബ്രാഞ്ച്, അറ്റ്‌ലാന്റിക് സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് എട്ടു ലക്ഷം പേരെയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഗവണ്‍മെന്റിന്റെ ഷെല്‍ട്ടറുകളില്‍ കിടക്ക, കമ്പിളി, ഭക്ഷണം എല്ലാം ഏര്‍പ്പെടുത്തിയിരുന്നു. ഒട്ടനവധി പേര്‍ തീരപ്രദേശത്തുനിന്ന് ദൂരെയുള്ള ബന്ധുമിത്രാദികളുടെ വീടുകളില്‍ അഭയം തേടി. തീരപ്രദേശമായ ബേവില്‍ ടൗണ്‍ഷിപ്പില്‍ നിന്ന് മത്തായി കെ. മാത്യുവും (തമ്പാന്‍) കുടുംവും എഡിസണിലുള്ള സഹോദരിയുടെ വീട്ടിലേക്ക് മാറിയിരുന്നു.

ഒരിക്കലും ഉറങ്ങാത്ത ചൂതുകളി നഗരമായ അറ്റ്‌ലാന്റിക് സിറ്റിയിലെ കാസിനോകള്‍ ശനിയാഴ്ചയോടെ സ്ലോട്ട് മെഷീനുകള്‍ ലോക്ക് ചെയ്ത് അടച്ച് ചൂതുകളി പ്രേമികളെ പുറത്താക്കി. അവിടെ നിന്ന് പുറത്താക്കപ്പെട്ടവര്‍ ഗാര്‍ഡന്‍ സ്‌റ്റേറ്റ് പാര്‍ക്ക് വേയില്‍ എത്തിയതോടെ ന്യൂയോര്‍ക്കിലേക്കുള്ള ഹൈവേയും പൊലീസ് അടച്ചു.

ഇതേ സമയം ഭക്ഷണം, ജലം, ലൈറ്റുകള്‍, ജനറേറ്ററുകള്‍, ബാറ്ററി, മെഴുകുതിരി തുടങ്ങിയവ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കനുഭവപ്പെട്ടു. ലൈഫ് സ്റ്റാര്‍ ആംബുലന്‍സ് സര്‍വീസ്, വെന്റിലേറ്ററിലും മറ്റുമുള്ള ഒട്ടേറെ രോഗികളെ ആശുപത്രിയുടെ സൗകര്യാനുസരണം ന്യൂജഴ്‌സിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും തിരിച്ചും മാറ്റിയതായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന നഴ്‌സ് ജോളി കുരുവിള ഈസ്റ്റ് ഹാനോവറില്‍ അറിയിച്ചു. ബ്ലും ഫീല്‍ഡിലുള്ള ആന്റണി അറയ്ക്കത്തറ (ജിജോയ്) യുടെ വീട്ടില്‍ വെള്ളം ഇരച്ചുകയറി നാശം സംഭവിച്ചു. ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നുവെങ്കിലും ചുറ്റുപാടുമുള്ള വെള്ളപ്പൊക്കവും മറ്റും കാണുവാനും റിപ്പോര്‍ട്ട് ചെയ്യാനും ഇറങ്ങിയ ലേഖകന്റെ കാര്‍ താഴ്ന്ന പ്രദേശത്തു കൂടി പോയപ്പോള്‍ ശക്തമായ വെള്ളപ്പാച്ചിലില്‍ നിന്നുപോയി.

ഇതിനിടെ ഐറിന്‍ ചുഴലിക്കാറ്റിനോടൊപ്പം ലോങ് ഐലന്‍ഡില്‍ ഒരു ടൊര്‍ണാഡോ യും രൂപപ്പെട്ടു. വീടുകള്‍ തകര്‍ന്നു 18 പേരോളം മരിച്ചു. വൈദ്യുതി ബന്ധം നിലച്ചു. മരങ്ങള്‍ കടപുഴകി വീണു. ഇതിനകം ഈസ്റ്റ് കോസ്റ്റില്‍ പതിനായിരം വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ചു. ഓസ്ട്രിയയില്‍ നിന്നും അവധിക്കാലം ചെലവഴിക്കാനെത്തിവര്‍ക്ക് മടങ്ങാന്‍ നിവൃത്തിയില്ലാതെയായി.

ന്യൂയോര്‍ക്കിലും ന്യൂജഴ്‌സിയിലും ജനജീവിതത്തെ സ്തംഭിപ്പിച്ച് കണക്ടിക്കട്ട്, ന്യൂ ഇംഗ്ലണ്ട് ഏരിയയിലേക്ക് പോയ ഐറിന്‍ അമേരിക്കന്‍ കാനഡാ തീരം വിട്ട് അറ്റ്‌ലാന്റിക് സമുദ്രം കടന്ന് ഗ്രീന്‍ലാന്‍ഡില്‍ എത്തിയേ
തന്റെ കലി അടക്കുകയുള്ളൂ. ന്യൂയോര്‍ക്ക് കടന്നതോടെ ട്രോപ്പിക്കല്‍ കൊടുങ്കാറ്റായി തരം താഴ്ത്തപ്പെട്ട ഐറിന്‍ ശക്തി സ്വരൂപിണിയായി കണക്ടിക്കട്ടിലും മാസച്യുസെറ്റ്‌സിലും വൈദ്യുതി മുടക്കിയും മഴവെള്ളപ്പാച്ചില്‍ ഒരുക്കിയും ഗതാഗതസൗകര്യങ്ങള്‍ താറുമാറാക്കിയും യാത്ര തുടരുതന്നെയാണ്‌ .
 
ഏഴ് ബില്യന്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് ഇതേവരെ കണക്കാക്കിയത്.
ശക്തിസ്വരൂപിണിയായി ഐറീന്‍ - പിണങ്ങിയും കലങ്ങിയും….ശക്തിസ്വരൂപിണിയായി ഐറീന്‍ - പിണങ്ങിയും കലങ്ങിയും….ശക്തിസ്വരൂപിണിയായി ഐറീന്‍ - പിണങ്ങിയും കലങ്ങിയും….ശക്തിസ്വരൂപിണിയായി ഐറീന്‍ - പിണങ്ങിയും കലങ്ങിയും….ശക്തിസ്വരൂപിണിയായി ഐറീന്‍ - പിണങ്ങിയും കലങ്ങിയും….ശക്തിസ്വരൂപിണിയായി ഐറീന്‍ - പിണങ്ങിയും കലങ്ങിയും….ശക്തിസ്വരൂപിണിയായി ഐറീന്‍ - പിണങ്ങിയും കലങ്ങിയും….ശക്തിസ്വരൂപിണിയായി ഐറീന്‍ - പിണങ്ങിയും കലങ്ങിയും….
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക