Image

പാണ്‌ടിക്കാട്‌ പ്രവാസി സഹകരണ സംഘം പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിച്ചു

ഷക്കീബ്‌ കൊളക്കാടന്‍ Published on 21 November, 2012
പാണ്‌ടിക്കാട്‌ പ്രവാസി സഹകരണ സംഘം പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിച്ചു
റിയാദ്‌: പ്രവാസി സമൂഹത്തിന്‍െറ അനിവാര്യമായ തിരിച്ചുപോക്ക്‌ മുന്നില്‍ കണ്‌ടുകൊണ്‌ട്‌ മലപ്പുറം ജില്ലയിലെ പാണ്‌ടിക്കാട്‌ പ്രദേശത്തു നിന്നുള്ളവരുടെ റിയാദിലെ കൂട്ടായ്‌മയായ പാണ്‌ടിക്കാട്‌ പ്രവാസി സകരണസംഘം അംഗങ്ങള്‍ക്ക്‌ വേണ്‌ടി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. നോര്‍ക്ക റൂട്ട്‌സിന്‍േറയും നാട്ടിലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടേയും സഹകരണത്തോടെയാകും പദ്ധതികള്‍ നടപ്പാക്കുകയെന്ന്‌ റിംഫ്‌ സെന്‍ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്‌ട്‌ ബഷീര്‍ പാണ്‌ടിക്കാട്‌ അറിയിച്ചു.

മുഴുവന്‍ അംഗങ്ങളേയും നോര്‍ക്ക റൂട്ട്‌സിന്‍െറ പ്രവാസി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളാക്കുന്നതോടൊപ്പം നിക്ഷേപക സംരഭങ്ങള്‍ പ്രോത്‌സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി അംഗങ്ങളില്‍ നിന്നും ചെറിയ ചെറിയ ഓഹരികള്‍ സ്വരൂപിച്ച്‌ കാര്‍ഷിക വ്യവസായിക പദ്ധതികളും സംഘം മുന്നോട്ട്‌ വെച്ചിട്ടുണ്‌ട്‌. ഇതിനായി മൂന്നര ഏക്കറോളം സ്‌ഥലം ഇതിനകം സംഘം ഏറെറടുത്തു കഴിഞ്ഞു.

മലബാര്‍ മേഖലയില്‍ നിന്നും ആളുകള്‍ ഗള്‍ഫിലേക്ക്‌ തൊഴില്‍ തേടി വരാന്‍ തുടങ്ങിയ കാലം മുതലേ പാണ്‌ടിക്കാട്ടുകാരും പ്രവാസം തുടങ്ങിയിട്ടുണ്‌ട്‌. സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ്‌ നാടുകളില്‍ ധാരാളം പാണ്‌ടിക്കാട്ടുകാര്‍ ജോലി ചെയ്യുന്നതായും ഇവര്‍ക്കായി ഒരു പുനരധിവാസ പദ്ധതിയും ഇതു വരെ നടപ്പാക്കിയിട്ടില്ലെന്നും സംഘത്തിന്‍െറ ഭാരവാഹികള്‍ പറഞ്ഞു. ഗള്‍ഫില്‍ നിന്നും നാട്ടില്‍ മടങ്ങിയെത്തി യാതൊരു വരുമാന മാര്‍ക്ഷവുമില്ലാതെ അലയുന്ന ഒട്ടേറെ പേര്‍ നാട്ടിലുണ്‌ട്‌ എന്നതാണ്‌ ഇത്തരത്തില്‍ ചിന്തിക്കാന്‍ സംഘത്തെ പ്രേരിപ്പിച്ചതെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സംഘം സെക്രട്ടറി അമീര്‍ പട്ടണത്ത്‌ പറഞ്ഞു. സംഘം നടപ്പാക്കുന്ന പുനരധിവാസ പദ്ധതികളുടെ വിശദമായ രൂപം ഉടന്‍ തന്നെ അംഗങ്ങള്‍ക്ക്‌ എത്തിച്ചു കൊടുക്കുമെന്ന്‌ ഭാരവാഹികള്‍ പറഞ്ഞു. സഹകരണസംഘത്തിന്‍െറ ഭാരവാഹികളായ റഷീദ്‌ എ.കെ, മുസ്‌തഫ പാണ്‌ടിക്കാട്‌ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പാണ്‌ടിക്കാട്‌ പ്രവാസി സഹകരണ സംഘം പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക