Image

ഈവാരം നാലു മലയാളചിത്രങ്ങള്‍

Published on 26 November, 2012
ഈവാരം നാലു മലയാളചിത്രങ്ങള്‍

ഈവാരം കേരളത്തിലെ ബോക്സ് ഓഫീസ് പോരാട്ടത്തിന് നാലു മലയാളചിത്രങ്ങള്‍. ഷാഫി സംവിധാനം ചെയ്ത '101 വെഡ്ഡിങ്സ്', ഡോ. സന്തോഷ് സൌപര്‍ണികയുടെ 'അര്‍ധനാരി', ഷൈജു അന്തിക്കാടിന്റെ 'സീന്‍ ഒന്ന് നമ്മുടെ വീട്', കെ.എസ്. ബാവയുടെ 'ഇഡിയറ്റ്' എന്നിവയാണ് 23ന് എത്തുന്ന ചിത്രങ്ങള്‍. 

 
നര്‍മ പശ്ചാത്തലത്തില്‍ ഷാഫി ഒരുക്കിയ മള്‍ട്ടി സ്റ്റാര്‍ ചിത്രമായ '101 വെഡ്ഡിങ്സി'ല്‍ കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, ജയസൂര്യ, സംവൃത സുനില്‍, ഭാമ, സലീംകുമാര്‍, സുരാജ് തുടങ്ങി നീണ്ട നിര തന്നെയുണ്ട്. ദീപക് ദേവ് - റഫീക് അഹമ്മദ് ടീമിന്റേതാണ് ഗാനങ്ങള്‍. ചിത്രത്തിന് രചനയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് കലവൂര്‍ രവികുമാറാണ്. 65 ലേറെ തിയറ്ററുകളില്‍ ചിത്രം റിലീസാകുന്നുണ്ട്.
 
ഹിജഡകളുടെ ജീവിത പ്രതിസന്ധികളിലൂടെ കഥ പറയുന്ന ഡോ. സന്തോഷ് സൌപര്‍ണികയുടെ 'അര്‍ധനാരി'യാണ് ഈയാഴ്ച പുറത്തിറങ്ങുന്ന മറ്റൊരു ശ്രദ്ധേയ ചിത്രം. മനോജ് കെ. ജയന്‍, തിലകന്‍, മണിയന്‍ പിള്ള രാജു തുടങ്ങിയവരുടെ ഹിജഡ വേഷമാണ് ഹൈലൈറ്റ്. മഹാലക്ഷ്മിയാണ് നായിക. എം.ജി ശ്രീകുമാറാണ് സംഗീതമൊരുക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും. 33 കേന്ദ്രങ്ങളിലാണ് റിലീസ്. 
 
വിവാഹശേഷം നവ്യ നായര്‍ വീണ്ടും സിനിമയിലെത്തുന്ന 'സീന്‍ ഒന്ന് നമ്മുടെ വീട്' സംവിധാനം ചെയ്തിരിക്കുന്നത് ഷൈജു അന്തിക്കാടാണ്. കുടുംബ സദസ്സുകളെ ഉദ്ദേശിച്ചുള്ള ചിത്രത്തില്‍ ലാലാണ് നായകന്‍. തിലകന്‍, ലാലു അലക്സ്, ഹരിശ്രീ അശോകന്‍, സുധീഷ്, മണിക്കുട്ടന്‍, ആസിഫ് അലി എന്നിവരുമുണ്ട്. രതീഷ് വേഗയുടെ ഈണങ്ങളില്‍ ഗാനങ്ങളെഴുതിയത് റഫീക് അഹമ്മദാണ്. 
 
യുവതാരങ്ങളെ അണിനിരത്തി കോമഡി പശ്ചാത്തലത്തില്‍ കെ.എസ്. ബാവ ഒരുക്കിയ 'ഇഡിയറ്റ്സ്' ആണ് മറ്റൊരു റിലീസ്. ആസിഫ് അലി, സനുഷ എന്നിവര്‍ നായികാ നായകന്‍മാരാകുന്നു. ബാബുരാജ്, വിജയരാഘവന്‍ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യവുമുണ്ട്. 
 
മഹാനടന്‍ തിലകന്‍ അവസാനം അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ ഒരുമിച്ച് തിയറ്ററുകളില്‍ എത്തുന്നെന്ന സവിശേഷതയും ഈ വാരത്തിനുണ്ട്. അര്‍ധനാരിയിലും സീന്‍ ഒന്ന് നമ്മുടെ വീടിലും ശ്രദ്ധേയവേഷങ്ങളില്‍ അദ്ദേഹമുണ്ട്. 
 
കഴിഞ്ഞ വാരം റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ 'തീവ്രം' മികച്ച അഭിപ്രായത്തോടെ തിയറ്ററുകളിലുണ്ട്. സാമാന്യം നല്ല കലക്ഷനുമുണ്ട്. പഴയ റിലീസുകളില്‍ ദിലീപിന്റെ 'മൈ ബോസും', പൃഥ്വിരാജിന്റെ 'അയാളും ഞാനും തമ്മിലും ഇപ്പോഴും പ്രമുഖ കേന്ദ്രങ്ങളിലുണ്ട്. (madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക