Image

പി.ജി സഞ്ചരിക്കുന്ന വിജ്‌ഞാനകോശം: നവോദയ റിയാദ്‌

ഷക്കീബ്‌ കൊളക്കാടന്‍ Published on 26 November, 2012
പി.ജി സഞ്ചരിക്കുന്ന വിജ്‌ഞാനകോശം: നവോദയ റിയാദ്‌
റിയാദ്‌: അന്തരിച്ച സിപിഎം സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ള സഞ്ചരിക്കുന്ന വിജ്‌ഞാനകോശമായിരുന്നുവെന്നും ലോകരാഷ്‌ട്രീയത്തെകുറിച്ച്‌ കേരളീയ ചിന്ത രൂപപ്പെടുത്തുന്നതില്‍ ഗോവിന്ദപ്പിള്ള വഹിച്ച പങ്ക്‌ നിസ്‌തുലമായിരുന്നെന്നും നവോദയ റിയാദ്‌ സംഘടിപ്പിച്ച പി.ജി അനുശോചനയോഗം അഭിപ്രായപ്പെട്ടു. പ്രായത്തെ അവഗണിച്ചുള്ള വായനയുടെ ആഴം പി.ജിയെ ഒരു ലോക മനുഷ്യനാക്കി മാറ്റുകയായിരുന്നു.

മധേഷ്യയിലെ അമേരിക്കന്‍ അധിനിവേശത്തേയും ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റത്തേയും അടുത്ത്‌ നിരീക്ഷിക്കുകയും അവയുടെ രാഷ്‌ട്രീയ മാനങ്ങള്‍ മലയാളിയെ പഠിപ്പിക്കുകയും ചെയ്‌തത്‌ പി.ജിയാണ്‌. ഇടതുപക്ഷ പ്രവര്‍ത്തകരെ സംബന്‌ധിച്ചിടത്തോളം മാര്‍ക്‌സിസത്തിന്റെ ബാലപാഠങ്ങള്‍ സിപിഎമ്മിന്റെ ഇല്ലത്തെ സമുന്നത നേതാക്കളെയടക്കം പഠിപ്പിച്ചത്‌ പി.ജിയായിരുന്നുവെന്ന്‌ ഷൈജു ചെമ്പൂര്‌ അവതരിപ്പിച്ച അനുശോചനം പ്രമേയം ചൂണ്‌ടിക്കാട്ടി.

ഇ.എം.എസിനുശേഷം ആ കുറവ്‌ കുറേയൊക്കെ നികത്തിയിരുന്നത്‌ പി.ജിയായിരുന്നു. പുരോഗമന സാഹിത്യത്തിന്‍െറ വളര്‍ച്ചക്കും ഗ്രന്‌ഥശാല പ്രസ്‌ഥാനത്തിനും ശ്രദ്ധേയമായ സംഭാവന പി.ജി നല്‍കിയിരുന്നു. അപാരമായ ഓര്‍മ്മശക്‌തിയും ജീവിതത്തില്‍ അങ്ങേയറ്റം ലാളിത്യവും പുലര്‍ത്തിയിരുന്ന പണ്‌ഡിതനായിരുന്നു പി.ജിയെന്ന്‌ നവോദയ സെക്രട്ടറി ഉദയഭാനു പറഞ്ഞു.

സാര്‍വദേശീയ രാഷ്‌ട്രീയവും സാഹിത്യപരവുമായ ഏത്‌ സംശയങ്ങളും ഞൊടിയിടയില്‍ പറഞ്ഞുതരാന്‍ കഴിവുള്ള ഒരു റഫറന്‍സ്‌ ഗ്രന്‌ഥമായിരുന്നു മഹാനായ ഗോവിന്ദപ്പിള്ളയെന്ന്‌ അന്‍വാസ്‌ അഭിപ്രായപ്പെട്ടു. പി.ജിയുടെ റിയാദ്‌ സന്ദര്‍ശന അനുഭവങ്ങള്‍ നസീര്‍ വെഞ്ഞാറമൂട്‌ പങ്കുവച്ചു. നവോദയ സാംസ്‌കാരിക കമ്മിറ്റി ചെയര്‍മാന്‍ രതീഷ്‌, കുമ്മിള്‍ സുധീര്‍, രാജേന്ദ്രന്‍ നായര്‍, പൂക്കോയ തങ്ങള്‍, നിസാര്‍ അഹമ്മദ്‌, ബാബുജി എന്നിവര്‍ പി.ജിയുടെ സംഭാവനകളെക്കുറിച്ച്‌ അനുസ്‌മരിച്ചു. സംസ്‌കാരം നാട്ടില്‍ കഴിഞ്ഞയുടന്‍ ബത്തയില്‍ ചേര്‍ന്ന അനുശോചനയോഗത്തില്‍ നസീര്‍ വെഞ്ഞാറമൂട്‌ അധ്യക്ഷത വഹിച്ചു.
പി.ജി സഞ്ചരിക്കുന്ന വിജ്‌ഞാനകോശം: നവോദയ റിയാദ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക