Image

പത്തനാപുരം ഭീകരന്‍: ബ്ലാക്മാന്‍ അഥവാ കരിമനുഷ്യന്‍

ബെര്‍ലി തോമസ്‌; http://berlytharangal.com/ Published on 26 November, 2012
പത്തനാപുരം ഭീകരന്‍: ബ്ലാക്മാന്‍ അഥവാ കരിമനുഷ്യന്‍

പത്തനാപുരംകാര്‍ക്ക് ഉറക്കമില്ലാതായിട്ട് കുറെക്കാലമായി. ബ്ലാക്മാന്‍ അഥവാ കരിമനുഷ്യന്‍ എന്നൊരു ഭീകരജിവി അവിടമാകെ ഭീതിപരത്തി അഴിഞ്ഞാടുകയാണത്രേ. കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും ചെയ്യുന്ന, ആരും കണ്ടാല്‍ പേടിച്ചുപോകും വിധം ഭീകരരൂപവും എന്നാല്‍ സങ്കല്‍പിക്കാന്‍ കഴിയുന്നതിലപ്പുറം കരുത്തും വേഗവുമെല്ലാമുള്ള ഒരു അമാനുഷഭീരന്‍. ഇത്തരത്തില്‍ എത്ര കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും പത്തനാപുരത്ത് നടന്നു എന്നു ചോദിച്ചാല്‍ ഉത്തരമില്ല. എത്ര പേര്‍ കരിമനുഷ്യനെ കണ്ടു എന്നു ചോദിച്ചാലും ഉത്തരമില്ല. പത്തനാപുരത്തിന്‍റെ അബോധത്തില്‍ ഭീതിയുടെ കരിപുരണ്ടിരിക്കുന്നു എന്നതു മാത്രം തീര്‍ത്തു പറയാം.

എന്തോ ലോക്കല്‍ കെട്ടുകഥ എന്നു പറഞ്ഞ് വിട്ടുകളയേണ്ടതേ ഉള്ളൂ എന്നേ ആദ്യം തോന്നൂ. എന്നാല്‍, മാസം ഒന്നു കഴിഞ്ഞു അവരുടെ രാത്രികള്‍ പ്രാണഭീതിയില്‍ പിടഞ്ഞു തുടങ്ങിയിട്ട്. കപാസിറ്റീവ് ടച്ചിനു വഴിപ്പെടുന്ന ഭീകരന്‍മാരുടെയും കോര്‍ടെക്സ് പ്രൊസെസ്സറിന്‍റെ പിടിയിലമരുന്ന രാക്ഷസന്‍മാരുടെയും കാലത്ത് ആരും കാണാത്ത, എല്ലാവരെയും ഭയപ്പെടുത്തുന്ന പത്തനാപുരം സ്പെഷല്‍ കരിമനുഷ്യന് എന്തു പ്രസക്തി എന്നത് പത്തനാപുരംകാര്‍ അവരോടു തന്നെ ചോദിക്കേണ്ട ചോദ്യമാണ്. കരിമനുഷ്യനുണ്ടെങ്കിലും ഇല്ലെങ്കിലും അവിടെ കറുത്ത മനുഷ്യരൊക്കെയും വേട്ടയാടപ്പെടുകയും കള്ളന്‍മാരും സാമൂഹികവിരുദ്ധരും സസന്തോഷം വിഹരിക്കുകയും ചെയ്യുന്നു.

നവംബര്‍ ആദ്യം മുതലാണ് കരിമനുഷ്യനെ സംബന്ധിച്ച ഭീതി ദൃഢമായത്. കരിമനുഷ്യനെ കണ്ടവരാരുമില്ല, ടിയാന്‍റെ അക്രമത്തില്‍ പരുക്കേറ്റവരുമില്ല. ഭീതി മാത്രം എല്ലാവര്‍ക്കുമുണ്ട്. നാടെങ്ങും വിശദമായ അന്വേഷണം നടത്തിയ ശേഷം പൊലീസും സംഗതി വ്യക്തമായി പറഞ്ഞു- കരിമനുഷ്യന്‍ എന്നൊരു സാധനം ഇല്ല, അഥവാ ഉള്ളതായി തെളിവുകളില്ല. ആളുകള്‍ അകാരണമായി ഭയപ്പെടുകയാണ് അല്ലെങ്കില്‍ ആരൊക്കെയോ ആസൂത്രിതമായി ആളുകളെ ഭയപ്പെടുത്തുകയാണ്. കരിമനുഷ്യന്‍ ചെയ്തതായി പ്രചരിപ്പിക്കപ്പെടുന്ന കഥകളൊക്കെയും കല്ലുവച്ച നുണകളാണ്. കരിമനുഷ്യന്‍ എന്ന ഇമേജ് ഉപയോഗിച്ച് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. കരിമനുഷ്യന്‍ കെട്ടുകഥയാണ് എന്നത് സ്ഥിരീകരിക്കാമെങ്കിലും ആ കെട്ടുകഥയ്‍ക്കു മുകളില്‍ പണിതുയര്‍ത്തിയ ഡ്രാമാസ്കോപ് തട്ടിപ്പുകള്‍ നാട്ടുകാരെ ഉടനെയെങ്ങും കരിമനുഷ്യനെക്കുറിച്ചുള്ള പേടിയില്‍ നിന്നും രക്ഷിക്കുമെന്നു തോന്നുന്നില്ല.

കരിമനുഷ്യനായി വേഷമിട്ട പിടിച്ചുപറിക്കാരാണ് പ്രധാനഭീഷണി. കരിമനുഷ്യന്‍ എന്ന ഭീതി നിലവിലുള്ളതുകൊണ്ട് സകല കള്ളന്‍മാരും കരിമനുഷ്യന്‍മാരായി അവതരിച്ചിരിക്കുകയാണ്. ദേഹമാസകലം കരിപുരട്ടി കളത്തിലിറങ്ങുന്ന പിടിച്ചുപറിക്കാന്‍ക്ക് ഇത് കൊയ്ത്തുകാലമാണ്. കരിമനുഷ്യനെ പിടിക്കാനിറങ്ങിയിരിക്കുന്നവരാണ് അടുത്ത സംഘം. ആയുധങ്ങളുമായി ഇവര്‍ നാടെങ്ങും ചുറ്റിക്കറങ്ങുന്നു. കരിമനുഷ്യനെന്നു കരുതി പലരെയും വേട്ടയാടുന്നു, അക്രമിക്കുന്നു. കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പൊലീസുകാരുമെല്ലാം ചേര്‍ന്ന് യോഗം ചേര്‍ന്ന് കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജനം ഭീതിയിലാണ്. കപടകരിമനുഷ്യരും വേട്ടക്കാരും നാടാകെ ഇളക്കിമറിക്കുകയാണ്.

ഈ മാസം ആദ്യം ഒരു ബ്ലാക്മാനെ ചടയമംഗലംകാര്‍ പിടികൂടിയിരുന്നു. ലക്ഷണം തികഞ്ഞ ബ്ലാക്മാന്‍ പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ നല്ല നിറമുള്ള റോയി ഏബ്രഹാം എന്ന ലോക്കല്‍ കള്ളനായി. ശരിക്കും ബ്ലാക്മാനാണെന്നു കരുതി കാണാനെത്തിയ നാട്ടുകാരെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തിചാര്‍ജ് വരെ നടത്തേണ്ടി വന്നു. റോയിച്ചായന്‍ പോയപ്പോള്‍ വേറെയും ബ്ലാക്മാന്‍മാര്‍ വന്നു. പിടിച്ചുപറിയും മോഷണവും തുടരുകയാണ്. സ്വയം മെനഞ്ഞുണ്ടാക്കി പൊലിപ്പിച്ച കഥകളെ പേടിച്ച് ആളുകള്‍ രാത്രിയില്‍ വീടിനു പുറത്തിറങ്ങാറില്ലത്രേ. ഡിവൈഎഫ്ഐ പതിവു ശൈലിയില്‍ രംഗത്തിറങ്ങി. അവര്‍ സ്ക്വാഡുകളുണ്ടാക്കി രാത്രികാലങ്ങളില്‍ നാട്ടില്‍ പട്രോളിങ് നടത്തി. കരിമനുഷ്യനെന്ന ഭീതി മുതലാക്കി കള്ളന്‍മാരും പിടിച്ചുപറിക്കാരും ഒരു നാടിനെ ഹൈജാക് ചെയ്യുന്നത് ഈ കാലഘട്ടത്തില്‍ ലജ്ജാകരമാണ്. പുറത്തെ ഇരുട്ടിലല്ല, നമ്മുടെ ഉള്ളിന്‍റെ ഉള്ളിലാണ് കരിമനുഷ്യനെ തിരയേണ്ടതെന്ന പാഠമാണ് പത്തനാപുരം നമുക്ക് നല്‍കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക