Image

സ്വപ്നങ്ങള്‍ വീണടിയുമ്പോള്‍ -ജയന്‍ വര്‍ഗീസ്

ജയന്‍ വര്‍ഗീസ് Published on 28 November, 2012
സ്വപ്നങ്ങള്‍ വീണടിയുമ്പോള്‍ -ജയന്‍ വര്‍ഗീസ്
മനുഷ്യന്‍ ആനന്ദിക്കുന്നു. ഏതൊരു കാലഘട്ടത്തിലും ആനന്ദിക്കുന്നതിനുള്ള ഉപാധികള്‍ നിരത്തി ലോകം അവനെ പ്രലോഭിപ്പിക്കുന്നു. പുല്ലിന്റെ പുളകമായി വിരിയുന്ന ഒരു പൂവും, അതില്‍ പറന്നിറങ്ങുന്ന പൂമ്പാറ്റയുടെ ചിറകിലെ വര്‍ണ്ണരേണുക്കളും നമ്മെ ആനന്ദിപ്പിക്കുന്നു. സ്വന്തം ഭാര്യയുടെ സൗന്ദര്യവും അംഗവടിവും ഒരുവനെ ആനന്ദിപ്പിക്കുന്നു. സ്വന്തം ഭാര്യയുടെ സൗന്ദര്യവും അംഗവടിവും ഒരുവനെ ആനന്ദിപ്പിക്കുന്നു. താന്‍ സ്വന്തമാക്കിയ മനോഹര വീടിനെയോര്‍ത്തും, അതിലെ വിലപ്പെട്ട ഉപകരണങ്ങളെയോര്‍ത്തും അവന്‍ ആനന്ദിക്കുന്നു. ഓരോ കാലഘട്ടത്തിലും ലഭ്യമാവുന്ന ആഢംബര വസ്തുക്കള്‍ സ്വന്തമാക്കി മനുഷ്യന്‍ ആനന്ദിക്കുന്നു. തന്റെ ശേഖരത്തിലെ സ്വര്‍ണ്ണത്തേയും രത്‌നങ്ങളെയും പ്രതി, വില കൂടിയ ആഹാരത്തെ പ്രതി, മദ്യ ലഹരി ബാങ്ക് ബാലന്‍സുകള്‍, മക്കള്‍, ബന്ധുജനങ്ങള്‍, സാമൂഹ്യസ്റ്റാറ്റസ്, പ്രശസ്തി, അധികാരം എല്ലാം എല്ലാം മനുഷ്യനെ ആനന്ദിപ്പിക്കുന്നു.

എന്നാല്‍ എന്താണ് യഥാര്‍ത്ഥ ആനന്ദം ശരിക്കും അങ്ങനെയൊന്നുണ്ടോ? നമുക്കുണ്ട് എന്ന് നമ്മള്‍ കരുതുന്നതൊക്കെ സത്യമാണോ? ഇന്നു നാം നമ്മുടേതെന്ന് പറയുന്നത് ഇന്നലെ വേറൊരുത്തന്റേതായിരുന്നു. നാളെ അത് മറ്റൊരുത്തന്റേതാകാന്‍ പോകുന്നു. മണ്ണും കല്ലും മരവും കൊണ്ട് പണിതുവച്ച ഈ വീട് എന്റെ യാത്രയിലെ ഒരിടത്താവളം മാത്രമാണെന്ന് ഞാനറിയുന്നുണ്ടോ? ഇന്നലെ അത് ചിതറിക്കിടന്ന പ്രകൃതി വസ്തുക്കളായിരുന്നു. ഇന്നത് ഇതുപോലെ കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ എനിക്ക് തണലായി ഭവിച്ചു എന്നേയുള്ളൂ. സ്വന്തം ശരീരം കുത്തിത്തുളച്ച് അതില്‍ ചാര്‍ത്തുന്ന സ്വര്‍ണ്ണവും രത്‌നവും വെറും മണ്ണും കല്ലുമാണ്. മഞ്ഞ മണ്ണും വര്‍ണ്ണക്കല്ലും അതണിയുമ്പോള്‍ മിഥ്യയായ ഒരാനന്ദം നമുക്കനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് നമ്മുടെ അറിവില്ലായ്മകൊണ്ടും അകത്തെ അധഃസ്ഥിത മനോഭാവം കൊണ്ടും മാത്രമാണ്യ നാം അണിഞ്ഞു നില്‍ക്കുന്ന ആനന്ദം വെറും മിഥ്യയാകുന്നു. മായയായ സര്‍വ്വതും മായ-ആകാശത്തിനു കീഴിലുള്ളതെല്ലാം മായ എന്ന് മഹാ ജ്ഞാനിയായ സോളമന്‍ കരയുന്നത് കേള്‍ക്കുക!

അനന്തമായ കാലത്തിന്റെ അപാരതകളില്‍ നിന്നും നമുക്ക് അളന്ന് കിട്ടുന്നത് വെറും നൂറു വര്‍ഷങ്ങള്‍. ശിശുവായും ബാലനായും ആദ്യത്തെ ഇരുപതു വയസ്സ് മാഞ്ഞുപോകുന്നു. അടുത്ത മുപ്പതു വര്‍ഷങ്ങളില്‍ മനുഷ്യ ജീവിതത്തിലെ പല നിര്‍ണ്ണായക സംഭവങ്ങളും അരങ്ങേറുന്നു. അന്‍പതു വര്‍ഷം വരെ കുത്തനെ മുകളിലേക്ക് കയറുന്ന ഗ്രാഫ്, അതേ വേഗതയില്‍തന്നെ താഴോട്ടിറങ്ങുന്നത് കാണാം.

ശരീര സമ്പൂര്‍ണ്ണതയിലെ താരങ്ങള്‍ ഓരോന്നായി വിട പറയുന്നു. എല്ല്, പല്ല്, തലമുടി, കണ്ണ്, തൊലി, ഓന്നോന്നായി നമുക്ക് നഷ്ടപ്പെടുന്നു. ഒരിക്കല്‍ ആരുടെ മുന്നിലും നിവര്‍ന്നു നിന്ന് നട്ടെല്ലിന് ഒരു വളവ് വരുന്നു. ഊന്നുവടി ഒരനിവ്വാരിയതയാകുന്നു. ആസ്വദിച്ച് കഴിച്ചിരുന്ന ആഹാരം പോലും ഒരലോസരമാകുന്നു. എനിക്കിനി മേല എന്ന് പറഞ്ഞ് ഓരോ അവയവങ്ങളും തങ്ങളുടെ ജോലി അവസാനിപ്പിക്കുന്നു.

വെട്ടിപ്പിടിച്ചതും, ആര്‍ജ്ജിച്ചതും, ദാനം കിട്ടിയതും എല്ലാം ഒഴിഞ്ഞുപോകും. വസ്ത്രം പോലുമില്ലാതെ നഗ്നനായിട്ടാണ് പരിത്രാണത്തിന്റെ യാത്ര. നഗ്നമായ ശരീരമാണ് ചിതയിലേക്കെടുക്കുന്നത് എന്‌ന രാവണപ്രഭുവിലെ ഡയലോഗ് ഓര്‍ക്കുക.

മനുഷ്യന്റെ സ്വപ്നങ്ങള്‍ അവന്റെ വൈയക്തിക മേഖലകളില്‍ വേരിറക്കിയാണ് വളരുന്നത്. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ഭാര്യ കുട്ടികള്‍, പേരക്കുട്ടികള്‍, ഇതെല്ലാം അവന് അവനോളം തന്നെ പ്രിയപ്പെട്ടതാണ്. അമ്മിഞ്ഞയൂട്ടി പോറ്റി വളര്‍ത്തിയ മാതാപിതാക്കള്‍ ഒരു ദിവസം അവന് നഷ്ടപ്പെടുന്നു. അമേരിക്കയില്‍ ജീവിക്കുന് നമ്മളെ സംബന്ധിച്ചിടത്തോളം നാട്ടില്‍ നിന്നും ഒരപ്രതീക്ഷിത ഫോണ്‍ കോള്‍ അപ്പന്‍… അമ്മ… ഫോണില്‍ അനുജന്റെ ഒരു വിതുമ്പല്‍ … മൂത്തതോ ഇളയതോ ആയ സഹോദരങ്ങള്‍… സ്‌നേഹിച്ചും പിണങ്ങിയും കളിച്ചും നടന്നവരില്‍ ഒരാള്‍ ഓര്‍മ്മയാകുന്നു. അടുത്തതും അകന്നതുമായി ബന്ധുജനങ്ങള്‍, ആത്മ മിത്രങ്ങള്‍, സഹപ്രവര്‍ത്തകര്‍… ഇലകള്‍ കൊഴിയുകയാണ്….

യുദ്ധങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, അപ്രതീക്ഷിത അപകടങ്ങള്‍ എല്ലാം നമുക്ക് നഷ്ടങ്ങള്‍ വരുത്തി വയ്ക്കുന്നു. സ്വന്തം വീട്ടില്‍ അടുത്ത പ്രഭാതം സ്വപ്നം കണ്ട് കിടന്നുറങ്ങിയ ഇരുപതോളം പേരാണ് കണ്ണൂരിലെ ടാങ്കര്‍ അപകടത്തില്‍ ചീറിയടിച്ച അഗ്നിക്കാറ്റില്‍ വെന്ത് പിടഞ്ഞു മരിച്ചത്. ഓര്‍മ്മയില്‍ വയ്ക്കാന്‍ ഇതുപോലെ എത്രയെത്ര നഷ്ടങ്ങള്‍.

യൗവ്വനത്തിന്റെ മുന്തിരിതോപ്പില്‍ വച്ച് കണ്ടുമുട്ടി ഒന്നു ചേര്‍ന്ന് ജീവിക്കുന്ന ഇണങ്ങള്‍. അവര്‍ ഒരു ശരീരവും ആത്മാവുമായിത്തീരുന്നു. ഇല്ലായ്മകളിലും ജീവിതത്തോണി ഒരുമിച്ച് തുഴഞ്ഞെത്തിയവര്‍ എത്ര മാത്രം സ്‌നേഹവും സാന്ത്വനവും അവര്‍ പരസ്പരം പങ്ക് വച്ചു..! ഒരുമിച്ചുണ്ടവര്‍ …. ഒരുമിച്ചുറങ്ങിയവര്‍ … അവര്‍ക്കു കുഞ്ഞുങ്ങള്‍ പിറന്നപ്പോള്‍ സ്വന്തമായി വീടുവെച്ചപ്പോള്‍, കുട്ടികളെ സ്‌ക്കൂളിലയച്ചപ്പോള്‍, വിവാഹം നടന്നപ്പോള്‍, പേരക്കുട്ടികള്‍ പിറന്നപ്പോള്‍… എത്രയെത്ര മനോഹര സ്വപ്നങ്ങളുടെ വര്‍ണ്ണച്ചിറകുകള്‍ വീശിയാണ് അവര്‍ ഒരുമിച്ച് പറന്നു നടന്നത്.

ഇണകളിലൊരാള്‍ നോക്കി നില്‍ക്കുമ്പോള്‍ മറ്റേയാള്‍ പോകുന്നു. എത്ര കരഞ്ഞാലും വിളിച്ചാലും തിരിച്ചുവരാതെവണ്ണം. തന്റെ ശബ്ദത്തിന് പാദപതന നാദത്തിന് കാതോര്‍ത്തിരുന്നയാള്‍ … ഒരിക്കലും വിളികേള്‍ക്കാത്ത, ഒരിക്കലും തിരിച്ചുവരാത്ത ഒരിടത്തേയ്ക്ക് പറന്നു പോകുന്നു. കുറെയേറെ സ്മരണകളുടെ ഒരു കൈക്കുമ്പിള്‍ മാത്രം സമ്മാനിച്ചിട്ടും…

മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ വേര്‍പിരിയുന്നതാണ് മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ വേദന...ഒരമ്മ…ഒരച്ഛന്‍ - എത്രമാത്രം വാത്സ്യലത്തോടെയാണ് അതിനെ വളര്‍ത്തിയത്. അതിന്റെ ശരീരം എത്രമാത്രം ചുംബനങ്ങള്‍കൊണ്ട് അവര്‍ മൂടി. എത്ര പ്രഭാതങ്ങളില്‍ അവരതിനെ ഉമ്മവച്ചുണര്‍ത്തി. അത് പിച്ച വച്ച കാലടികളില്‍ നിന്ന് എത്രമാത്രം സ്വപ്നങ്ങള്‍ അവര്‍ കൊയ്‌തെടുത്തു. അതിനൊരു രോഗം വന്നപ്പോള്‍ അവരെത്ര വേദനിച്ചു! എത്ര കരഞ്ഞു? അതിന്റെ സ്‌ക്കൂള്‍ കോളജ്, ഉദ്യോഗം, വിവാഹം, സ്വപ്നസൗധങ്ങളുടെ എത്രയെത്ര ആകാശകോട്ടകളാണ് അവര്‍ കെട്ടിപ്പൊക്കിയത്.?

ഒരപ്രതീക്ഷിത സംഭവം…ഒരു രോഗം… ഒരപകടം…മാതാപിതാക്കളുടെ ആ ഓമന പറന്നു പോകുന്നു. എത്ര കരഞ്ഞാലും വിളിച്ചാലും തിരിച്ചുവരാത്തവണ്ണം അകലങ്ങളില്‍ അപ്രത്യക്ഷമാകുന്നു. ആ ആരോമല്‍ പുഞ്ചിരി… ഓര്‍മ്മകളുടെ ഒരു വര്‍ണ്ണ ചെപ്പ് മമ്മിക്കും ഡാഡിക്കും സമ്മാനിച്ചുകൊണ്ട് പറന്നു പറന്ന്… ദൂരെ…ദൂരെ മാതാപിതാക്കളുടെ പിന്നീടുള്ള ജീവിതം… അതു ജീവിതമല്ല… സഹനത്തിന്റെ പീഠനത്തിന്റെ ഒരു യാത്രയാണ്. സ്വന്തം മരണത്തിന്റെ മൈല്‍ക്കുറ്റി വരെ നീളുന്ന യാത്ര.

ജീവിതം ഒരനുഗ്രഹമാണ്. കഠിനമായ വേദനകള്‍ ഏറ്റുവാങ്ങാന്‍ ഇടവരാതെ മരിക്കാന്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. ആരംഭിച്ച യാതൊന്നിനും അവസാനമുണ്ട്. എന്നതിനാല്‍ മനുഷ്യ ജീവിതത്തില്‍ മരണം ഒഴിവാക്കപ്പെടാവുന്നതല്ല. മുമ്പേ വന്നവര്‍ മുമ്പേ എന്ന ക്രമത്തില്‍ പോകുവാന്‍ സാധിച്ചിരുന്നെങ്കില്‍ അതെത്ര ധന്യമായിരുന്നേനെ. പക്ഷെ ഒന്നും നമ്മുടെ നിയന്ത്രണത്തില്‍ അല്ലല്ലോ സംഭവിക്കുന്നത്.

അപകടകരവും അനിശ്ചിതവുമായ ഈ ലോകത്ത് ഇത്രകാലവും ജീവിക്കാന്‍ അവസരം കിട്ടിയത് തന്നെ ദൈവത്തിന്റെ വലിയ കൃപ. ദുരന്തകവാടങ്ങളുടെ ഗുഹാമുഖത്തുനിന്നും, അനിശ്ചിതത്വത്തിന്റെ അരനിമിഷങ്ങളില്‍ അത്യതിശയകരമായി കോരിയെടുത്ത് സംരക്ഷിച്ച അജ്ഞാതകരങ്ങള്‍ ദൈവത്തിന്റേതായിരുന്നുവെന്ന് നാം തിരിച്ചറിയുന്നു.

ദീര്‍ഘായുസ്സുകൊണ്ട് ഞാനവനെ തൃപ്തിപ്പെടുത്തി എന്റെ രക്ഷഹ അവനെ ഞാന്‍ കാണിക്കും എന്ന് ദൈവം പ്രസ്താവിക്കുന്നതായി എബ്രായകവി ദാവീദ് പാടുന്നു. രക്ഷ ഒരു കവചമാണ്. അത് ദൈവത്തില്‍ നിന്ന് വരുന്നു. അടുത്ത ദിവസമല്ലാ, അടുത്ത നിമിഷം പോലും ദൈവത്തിന്റെ സമ്മാനം… താളം തെറ്റാതെ. നിരമുറിയാതെ ഈ യാത്ര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഏറ്റവും വലിയ അനുഗ്രഹം.. അതാണ് ആനന്ദം.. അവിടെയാണ് ആനന്ദം.. ഈ ആനന്ദമാകട്ടെ ദൈവം മനുഷ്യനു നല്‍കുന്ന വിലപ്പെട്ട സമ്മാനവും…പ്രാര്‍ത്ഥിക്കുക… ഈ സമ്മാനത്തിനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക