Image

ബഹ്‌റിന്‍ ഇന്ത്യന്‍ എംബസിക്കു സമീപം സ്‌ഫോടനം; സുരക്ഷ കര്‍ശനമാക്കി

Published on 29 November, 2012
ബഹ്‌റിന്‍ ഇന്ത്യന്‍ എംബസിക്കു സമീപം സ്‌ഫോടനം; സുരക്ഷ കര്‍ശനമാക്കി
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിക്ക്‌ സമീപം ബോംബ്‌ സ്‌ഫോടനം. നാടന്‍ ബോംബാണ്‌ പൊട്ടിയത്‌. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അദ്‌ലിയയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസിക്ക്‌ സമീപം ചൊവ്വാഴ്‌ച രാത്രി 10:30നാണ്‌ സ്‌ഫോടനമുണ്ടായത്‌. മാലിന്യം ശേഖരിക്കാനുള്ള കണ്ടെയ്‌നറില്‍ സ്ഥാപിച്ച ബോംബ്‌ പൊട്ടുകയായിരുന്നു. ഇതിന്‌ ശക്തി കുറവായതിനാലാണ്‌ പരിക്കോ നാശനഷ്ടമോ ഇല്ലാതിരുന്നത്‌. എങ്കിലും ഉഗ്ര ശബ്ദമുണ്ടായത്‌ ഈ മേഖലയില്‍ താമസിക്കുന്നവരെ ഞെട്ടിച്ചു. താമസക്കാരാണ്‌ സംഭവത്തെ കുറിച്ച്‌ പൊലീസില്‍ അറിയിച്ചത്‌.

ഉടന്‍ എല്ലാ സംവിധാനങ്ങളുമായി സുരക്ഷാ വിഭാഗം കുതിച്ചെത്തി. സ്‌ഫോടന സ്ഥലത്ത്‌ ഫോറന്‍സിക്‌ വിഭാഗം വിശദമായ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ എംബസി, ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പ്രത്യേക യോഗം നവംബര്‍ 11ന്‌ കേരളീയ സമാജത്തില്‍ വിളിച്ചു ചേര്‍ത്തു. ബഹ്‌റൈനിലെ അക്രമ സംഭവങ്ങളില്‍ ഇന്ത്യക്കാര്‍ക്ക്‌ പരിഭ്രാന്തി വേണ്ടെന്നും ഏത്‌ പ്രതികൂല സാഹചര്യത്തിലും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന്‌ ബഹ്‌റൈന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയെന്നും ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍ കുമാര്‍ ഈ യോഗത്തില്‍ അറിയിച്ചു. വിദേശകാര്യ മന്ത്രി ശൈഖ്‌ ഖാലിദ്‌ ബിന്‍ അഹ്മദ്‌ ബിന്‍ മുഹമ്മദ്‌ ആല്‍ഖലീഫ ഇന്ത്യന്‍ എംബസി സന്ദര്‍ശിക്കുകയും ചെയ്‌തു.

നവംബര്‍ അഞ്ചിന്‌ അദ്‌ലിയയിലും ഗുദൈബിയയില്‍ മൂന്നിടത്തും ഹൂറയിലുമാണ്‌ സ്‌ഫോടന പരമ്പരയുണ്ടായത്‌. ഈ സ്‌ഫോടനങ്ങളില്‍ ഗുദൈബിയയില്‍ രണ്ടു പേര്‍ മരിച്ചു. തമിഴ്‌നാട്‌ നാഗപട്ടണം ജില്ലയിലെ തോപ്പുത്തുറൈ സ്വദേശി തിരുനാവുക്കരശു മുരുഗയ്യന്‍ (29), ബംഗ്‌ളാദേശുകാരന്‍ സോബി മിയ എന്നിവരാണ്‌ മരിച്ചത്‌.
ബഹ്‌റിന്‍ ഇന്ത്യന്‍ എംബസിക്കു സമീപം സ്‌ഫോടനം; സുരക്ഷ കര്‍ശനമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക