Image

കുട്ടീം കോലും

Published on 30 November, 2012
കുട്ടീം കോലും
ഗിന്നസ്‌ പക്രു സംവിധാനം ചെയ്‌ത്‌ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന `കുട്ടീം കോലും' ചിത്രീകരണം പുരോഗമിക്കുന്നു. ഈ ചിത്രത്തിലെ കുട്ടീം കോലിനെയും പ്രതിനിധീകരിക്കുന്നത്‌ പക്രുവും തമിഴ്‌ നടനായ ആദിത്യയുമാണ്‌. ആദിത്യയും പക്രുവും ഒന്നിച്ച്‌ ഒരു തമിഴ്‌ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

ചിത്രത്തിലെ നായിക സനുഷയാണ്‌. ഇതിലെ ഇന്ദു എന്ന കഥാപാത്രത്തെയാണ്‌ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. മറ്റൊരു പ്രധാന വേഷത്തില്‍ ലയ എന്ന പുതുമുഖത്തെയും അവതരിപ്പിക്കുന്നുണ്‌ട്‌. യുവനായികയായ ശ്രുതിലക്ഷ്‌മിയുടെ സഹോദരികൂടിയാണ്‌ ലയ.

ഹെലികോപ്‌റ്റര്‍ ഉപയോഗിച്ചുള്ള ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തോടെയാണ്‌ ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടത്‌. ഇത്‌ പത്തനംതിട്ടയിലാണ്‌ ചിത്രീകരിച്ചത്‌. ഹെലികോപ്‌റ്റര്‍ ഇറങ്ങാന്‍ അനുയോജ്യമായ ഹെലിപ്പാഡ്‌ പത്തനംതിട്ടയിലാണ്‌ ഉണ്‌ടായിരുന്നത്‌. അതുകൊണ്‌ട്‌ ഈ സീനുകള്‍ ചിത്രീകരിച്ചതിനുശേഷം യൂണിറ്റ്‌ പാലക്കാട്ടേക്ക്‌ ഷിഫ്‌റ്റ്‌ ചെയ്യുകയായിരുന്നെന്ന്‌ സംവിധായകനായ പക്രു പറഞ്ഞു.

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഒരുകാലത്ത്‌ പ്രചുര പ്രചാരം നിറഞ്ഞ കളിയായിരുന്നു കുട്ടീം കോലും. കാലം മാറിയപ്പോള്‍ ആ സ്ഥാനത്തേക്ക്‌ ക്രിക്കറ്റും മറ്റും കടന്നുവന്നു. ഇവിടെ വിനായകനും ശക്തിയും തമ്മിലുള്ള ആത്മബന്ധത്തിന്‌ നാട്ടുകാര്‍ കളിയാക്കി നല്‍കിയ പേരാണ്‌ കുട്ടീം കോലും. ഇവിടെ കുട്ടി വിനായകനും കോല്‌ ശക്തിയുമാണ്‌. ഇവരെ യഥാക്രമം പക്രുവും ആദിത്യയും അവതരിപ്പിക്കുന്നു.

വിജയരാഘവന്‍, സുരാ ജ്‌, ബാബു നമ്പൂതിരി, മുന്ന, നിര്‍മ്മല്‍, പൊന്നമ്മ ബാബു, ശങ്കര്‍, മേനക തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. പക്രുവിന്റെ കഥയ്‌ക്ക്‌ സുരേഷ്‌- സതീഷ്‌ തിരക്കഥ രചിക്കുന്നു. വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മയുടെ ഗാനങ്ങള്‍ക്ക്‌ ബിജിപാല്‍ ഈണം പകര്‍ന്നിരിക്കുന്നു.

വിനോദ്‌ ഭാരതിയാണ്‌ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌. യുണൈറ്റഡ്‌ ഫിലിംസിന്റെ ബാനറില്‍ അന്‍സാര്‍ വാസ്‌കോ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. -വാഴൂര്‍ ജോസ്‌
കുട്ടീം കോലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക