Image

"ജിമ്മി ജോര്‍ജ്" വോളിബോളിലെ ഇടിനാദം നിലച്ചിട്ട് കാല്‍നൂറ്റാണ്ട്

അനില്‍ പെണ്ണുക്കര Published on 30 November, 2012
"ജിമ്മി ജോര്‍ജ്" വോളിബോളിലെ ഇടിനാദം നിലച്ചിട്ട് കാല്‍നൂറ്റാണ്ട്
അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് വോളിബോള്‍ ഇതിഹാസമായിരുന്ന ജിമ്മി ജോര്‍ജിനെക്കുറിച്ച് "സ്മാഷ്" എന്ന പേരില്‍ ഒരു സുവനീര്‍ എഡിറ്റ് ചെയ്യുന്നതിനുള്ള അപൂര്‍വ്വഭാഗ്യം ചില അമേരിക്കന്‍ മലയാളി സുഹൃത്തുക്കള്‍ എന്നെ ഏല്‍പ്പിച്ചിരുന്നു. ഒരു സാധാരണ പത്രപ്രവര്‍ത്തകന്റെ കത്രികപ്പണികള്‍ക്കപ്പുറത്ത് സുവനീറിനുള്ളിലെ എഴുത്തും എഴുത്തുകുത്തുകളും വലിയ ശ്രദ്ധ നല്‍കാതെ ഭംഗിയായി ആ ജോലി നിര്‍വ്വഹിച്ച ശേഷം "അമേരിക്കന്‍ മലയാളികള്‍ ജിമ്മി ജോര്‍ജിനെ" ഓര്‍മ്മിക്കുന്നതിന്റെ വിചാരഗതി ഞാന്‍ അന്വേഷിച്ചു. ഒരു തരം ആരാധന, സ്‌നേഹം എന്നൊക്കെയേ എന്റെ മനസില്‍ ഓടിയെത്തിയുള്ളൂ. പക്ഷേ അതിനപ്പുറത്ത് വര്‍ഷാവര്‍ഷം അമേരിക്കയിലുടനീളം ജിമ്മിജോര്‍ജിന്റെ പേരില്‍ വോളിബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച് ഇരുപത്തിഒന്നൈം വയസില്‍ അര്‍ജ്ജുന അവാര്‍ഡുനല്‍കി ഇന്ത്യ ആദരിച്ച ഒരു വലിയ മനുഷ്യനെ നെഞ്ചേറ്റി ലാളിക്കുന്നതിലെ സന്തോഷവും ആനന്ദവും ഫെയ്‌സ്ബുക്കില്‍ ജിമ്മിജോര്‍ജ് പങ്കെടുത്ത അവസാന കളി കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടപ്പോള്‍ തോന്നി.

ഇപ്പോള്‍ ജിമ്മി മരിച്ചിട്ട് നവംബര്‍ 30ന് 25 വര്‍ഷം തികയുന്ന അവസരത്തില്‍ പോരടിച്ചുവരുന്ന ഒരു സ്മരണ ഒരു അഭിമാനമാണെന്ന് വോളിബോള്‍ കളി അറിയാത്ത എനിക്ക് തോന്നി.

നേരെ വിക്കിപീഡിയ മലയാളത്തില്‍ കയറി. 1955 ല്‍ മാര്‍ച്ച് എട്ടിന് കണ്ണൂരില്‍ ജനിച്ച ജിമ്മി ജോര്‍ജ് ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ പ്രൊഫഷണല്‍ വോളിബോള്‍ താരമായി ഉയര്‍ന്നത് സ്വന്തം കഴിവുകൊണ്ടാണെന്ന് വ്യക്തം. അതിലുപരി പേരാവൂരിലെ സുഹൃത്തുക്കളുടെ കൈത്താങ്ങും. മലയാളത്തിന്റെ പ്രിയപ്പെട്ട ഒരു ചാനല്‍ ജിമ്മിക്കായി തന്നെ മാറ്റിവച്ചു എന്നത് അഭിമാനകരം. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്മരണയും. ഒരു കായികപ്രേമിക്ക് ഒരിക്കലും ലഭിക്കാത്ത ധന്യത.

മരിച്ചിട്ട് 25 വര്‍ഷം കഴിഞ്ഞിട്ടും ജിമ്മി ജോര്‍ജ് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്താണ്. അദ്ദേഹം മരിക്കാതിരുന്നെങ്കില്‍ എന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. ഇന്ത്യന്‍ കായികലോകം നേടിയ സമ്പൂര്‍ണ്ണ സാഫല്യമായിരുന്നു ജിമ്മി ജോര്‍ജ്. നിലത്തു നിന്ന് 3.56 മീറ്റര്‍ ഉയരത്തില്‍ ചാടി പന്തടിക്കുന്ന സ്‌പൈക്കര്‍മാര്‍ ജിമ്മിജോര്‍ജിന്റെ കാലത്ത് യൂറോപ്പില്‍ പോലുമില്ലായിരുന്നുവെന്ന് കളി അറിറയാവുന്നവരുടെ കൂട്ടത്തില്‍ ഞാനും അഹങ്കരിക്കുന്നു. ഒരു സ്വകാര്യ അഹങ്കാരമായി ജിമ്മിയും എന്റെ മനസില്‍ കൂടുന്നു.

'എതിരാളികളെ നോവിക്കാത്ത ജോതാവ്' എന്നൊരു വിശേഷണം ജിമ്മിക്കുണ്ടായിരുന്നുവത്രേ. അധ്യാത്മിക ചൈതന്യം ഉള്ളവര്‍ക്കേ എതിരാളികളെ നോവിക്കാതിരിക്കാന്‍ കഴിയൂ. ഒരു പക്ഷേ അധ്യാത്മിക ജീവിതത്തിന്റെ ശൈലി ജിമ്മിജോര്‍ജിനും ഉണ്ടായിരിക്കണം. അത് അദ്ദേഹത്തിന്റെ ഋഷിതുല്യമായ മുഖത്ത് ദര്‍ശിക്കാനാവും.

ജിമ്മിയുടെ പിതാവ് ജോര്‍ജ് മദ്രാസ് യൂണിവേഴ്‌സിറ്റിയുടെ കളിക്കാരനായിരുന്നു. തന്റെ എട്ടുമക്കളേയും വോളിബോള്‍ രംഗത്തിറക്കാന്‍ ജോര്‍ജിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. അമ്മ ടീം മാനേജരും അച്ഛന്‍ പരിശീലകനും ഗുരുവുമാകുന്ന ലോകത്തെ ആദ്യടീമായിരുന്നു ജോര്‍ജിന്റേത്.

ജിമ്മി ജോര്‍ജ് പതിനാറാമത്തെ വയസില്‍ കേരള സംസ്ഥാന വോളിബോള്‍ ടീമിലെത്തി. അതിനിടയില്‍ എം.ബി.ബി.എസിന് മെഡിക്കല്‍ കോളജില്‍ ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാതെ കേരളാപോലീസില്‍ ചേര്‍ന്നു. 1986 ല്‍ ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യയ്ക്ക് വെങ്കലമെഡല്‍ നേടക്കൊടുത്ത കളി ജിമ്മിജോര്‍ജിന്റേതുമാത്രമായിരുന്നു. 1979 മുതല്‍ 82 വരെ അബുദാബി സ്‌പോര്‍ട്‌സ് ക്ലബിനുവേണ്ടി കളിച്ചു. 82 മുതല്‍ ഇറ്റിലിയിലേക്ക് പോയി ഒരു സീസണ്‍ പൂര്‍ത്തിയാക്കിയാണ് 86ല്‍ ഏഷ്യന്‍ ഗെയിംസിലെത്തിയത്. വീണ്ടും ഇറ്റലിയിലേക്ക് മടങ്ങിയെങ്കിലും 1987 നവംബര്‍ 30ന് ഇറ്റലിയിലുണ്ടായ ഒരു കാര്‍ അപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു.

ഒരു പക്ഷേ കേരള ജനത ഓര്‍ക്കുന്നതുപോലെ ഇറ്റലിയിലെ കായികപ്രേമികളും ജിമ്മിയെ ഓര്‍മ്മിക്കുന്നു എന്നതിന് വലിയൊരു തെളിവുണ്ട്. 1987 ഡിസംബര്‍ നാലിന് ഇറ്റലിയെ കാര്‍പെന്‍ഡോലാ പള്ളിയില്‍ നടന്ന ജിമ്മി ജോര്‍ജ് അനുസ്മരണ ചടങ്ങിനിടയില്‍ ജിമ്മിയുടെ സുഹൃത്തുക്കള്‍ പള്ളിയില്‍ സന്ദേശപുസ്തകത്തില്‍ ഇങ്ങനെ എഴുതി "നിന്നെ സ്‌നേഹിക്കുവാനും അറിയുവാനും ഭാഗ്യം ലഭിച്ചവര്‍ നിന്റെ ഉദാത്തമായ മനുഷ്യ സ്‌നേഹത്തേയും, ജീവിത മാതൃകയേയും അനുഗമിക്കും."

എന്നെ ഈ കുറിപ്പ് എഴുതുവാന്‍ പ്രേരിപ്പിച്ച ഘടകവും ഈ സ്‌നേഹവും ജീവിതമാതൃകയും തന്നെ.

pennukkara@yahoo.com
"ജിമ്മി ജോര്‍ജ്" വോളിബോളിലെ ഇടിനാദം നിലച്ചിട്ട് കാല്‍നൂറ്റാണ്ട് "ജിമ്മി ജോര്‍ജ്" വോളിബോളിലെ ഇടിനാദം നിലച്ചിട്ട് കാല്‍നൂറ്റാണ്ട് "ജിമ്മി ജോര്‍ജ്" വോളിബോളിലെ ഇടിനാദം നിലച്ചിട്ട് കാല്‍നൂറ്റാണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക