Image

എയര്‍ ഇന്ത്യ ഇരിക്കുന്ന കമ്പ്‌ മുറിക്കുന്നു: മന്ത്രി കെ.സി. ജോസഫ്‌

അനില്‍ കുറിച്ചിമുട്ടം Published on 01 December, 2012
എയര്‍ ഇന്ത്യ ഇരിക്കുന്ന കമ്പ്‌ മുറിക്കുന്നു: മന്ത്രി കെ.സി. ജോസഫ്‌
ദമാം: എയര്‍ ഇന്ത്യ ഇരിക്കുന്ന കമ്പ്‌ മുറിക്കുകയാണ്‌. അതാണ്‌ എയര്‍ കേരളയെ പറ്റി ആലോചിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന്‌ സംസ്ഥാന പ്രവാസികാര്യ വകുപ്പ്‌ മന്ത്രി കെ.സി. ജോസഫ്‌ പ്രസ്‌താവിച്ചു.1982 ആദ്യമായി എംഎല്‍എ ആയതിനു ശേഷം ഗള്‍ഫില്‍ എത്തിയ അന്നു മുതല്‍ എയര്‍ ഇന്ത്യയെ പറ്റിയുള്ള പരാതി കേള്‍ക്കുന്നതാണ്‌.

ഗള്‍ഫില്‍ നിന്ന്‌ പൊതുമാപ്പ്‌ ലഭിച്ചു മടങ്ങി വരുന്നവര്‍ക്ക്‌ പ്രവാസികാര്യ വകുപ്പ്‌ എയര്‍ ഇന്ത്യയുമായി സഹകരിച്ചു സഹായം നല്‍കും. അതിനുവേണ്‌ട പദ്ധതി തയാറാക്കാന്‍ നോര്‍ക്ക സെക്രട്ടറി യുഎഇലേക്ക്‌ പോയെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷത്തെ പ്രവാസി ഭരത്‌ സമ്മേളനം കൊച്ചിയില്‍ ജനുവരി ഏഴ്‌, എട്ട്‌, ഒന്‍പത്‌ തീയതികളില്‍ നടക്കും. എട്ടിന്‌ സമ്മേളനം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും. ഒന്‍പതിന്‌ പ്രവാസി ഭാരത്‌ അവാര്‍ഡുകള്‍ രാഷ്‌ട്രപതി സമ്മാനിക്കും. ഒന്നാം ദിവസത്തെ ഗള്‍ഫ്‌ സെഷനില്‍ ഗള്‍ഫ്‌ മലയാളികള്‍ക്ക്‌ പങ്കെടുക്കാന്‍ കുറഞ്ഞ പ്രവേശന ഫീസ്‌ ഇടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ്‌ ഭാരവാഹികളുടെ സംഘടന തെരഞ്ഞെടുപ്പ്‌ നിലവിലെ പ്രശ്‌നങ്ങള്‍ക്ക്‌ ഒരു പരിഹാരം ആകില്ലെന്നും കേരളത്തില്‍ നേതാക്കന്മാരുടെ ബാഹുല്യം കാരണം എല്ലാ താത്‌പര്യങ്ങളും ഉള്‍ക്കൊള്ളാനാണ്‌ ശ്രമിക്കുന്നത്‌. അതിനാല്‍ ഏതു ലിസ്റ്റ്‌ വന്നാലും അത്‌ സംമ്പൂര്‍ണമാകില്ലെന്നും. ദമാമില്‍ മീറ്റ്‌ ദി പ്രസില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സാജിദ്‌ ആറാട്ടുപുഴ സ്വാഗതം പറഞ്ഞു. ദമാം മീഡിയ ഫോറം കണ്‍വീനര്‍ പി. എ. എം. ഹാരിസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജീവന്‍ ടി വി റിപ്പോര്‍ട്ടര്‍ പി.ടി അലവി മന്ത്രിയെ ബൊക്ക നല്‍കി സ്വീകരിച്ചു. ഫോറം കോ-ഓര്‍ഡിനേറ്റര്‍ മുജീബ്‌ കളത്തില്‍ നന്ദി പറഞ്ഞു.

എയര്‍ ഇന്ത്യ ഇരിക്കുന്ന കമ്പ്‌ മുറിക്കുന്നു: മന്ത്രി കെ.സി. ജോസഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക