Image

നാം നക്ഷത്ര ധൂളികള്‍

ജയന്‍ വര്‍ഗീസ്‌ Published on 20 June, 2012
നാം നക്ഷത്ര ധൂളികള്‍
നാം വെറും നക്ഷത്ര ധൂളികളാണെന്ന്‌ ശാസ്‌ത്രം പറയുന്നു. ഒരു നക്ഷത്രധൂളിയില്‍ നിന്ന്‌ മറ്റൊരു നക്ഷത്ര ധൂളിയിലേക്കുള്ള മഹായാത്രയിലെ ഒരിടത്താവളത്തിലാണത്രെ നമ്മള്‍!

450 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഓറിയോണ്‍ എന്ന്‌ ശാസ്‌ത്രലോകം പേരിച്ചു വിളിക്കുന്ന ഒരു നക്ഷത്ര പടലത്തിന്റെ മൂന്നാം ശിഖരത്തില്‍ വാതക രൂപത്തിലായിരുന്ന ഹൈഡ്രജനും ഹീലിയവും മറ്റും മറ്റും ഉരുകിച്ചേര്‍ന്ന്‌ ഘന ലോഹങ്ങളായ ഇരുമ്പും സ്വര്‍ണ്ണവും രത്‌നവും മറ്റും മറ്റുമായി രൂപം പ്രാപിക്കുകയും, ഈ ലോഹങ്ങളിലെ പലതുംപലതും ഭൂമിയില്‍ ജീവവ്യവസ്ഥ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക്‌ വഹിക്കുകയും ചെയ്‌തുവത്രെ.

450 കോടി കൊല്ലങ്ങള്‍ക്കു മുമ്പ്‌ ഉണ്ടായിയെന്ന്‌ പറയപ്പെടുന്ന ഈ സ്വയംഭൂവിന്റെ പരിണിത ഫലങ്ങളിലാണ്‌, ഞരമ്പുകളിലോടുന്ന സ്വന്തം ചോരയില്‍ ഇരുമ്പും മഗ്നീഷ്യവുംമൊക്കെ വഹിച്ചുകൊണ്ട്‌ അമീബ മുതല്‍ ആധുനിക മനുഷ്യന്‍വരെയുള്ള സമസ്‌ത ജീവികളും പരിണമിച്ച്‌ പരിണമിച്ച്‌ ഉണ്ടായി തീര്‍ന്നതത്രെ.

അജൈവ വസ്‌തുക്കളിലൂടെ ഉണ്ടായ രാസമാറ്റങ്ങളാണ്‌ ജൈവ വസ്‌തുക്കളുടെ ഉത്ഭവത്തിന്‌ കാരണമായതെന്ന്‌ ആണയിട്ടു പറയുന്ന ശാസ്‌ത്രലോകം, അതിനു വേണ്ടി വന്ന സൂദീര്‍ഘമായ കാലഘട്ടങ്ങളുടെ കണക്കും നിരത്തിവെയ്‌ക്കുന്നുണ്ട്‌. ഏക കോശ ജീവികളില്‍ നിന്നുള്ള പരിണാമ പരമ്പരയുടെ അവസാന മൈല്‍ക്കുറ്റിയായ മനുഷ്യനിലെത്താന്‍ ആകെയുള്ള 450-ല്‍ നിന്നു 449.65 കോടി കൊല്ലങ്ങളും വേണ്ടി വന്നുവത്രെ. കാരണം നമ്മുടെ മുതുമുത്തച്ഛന്‍ മാരായ ആദിമ മനുഷ്യന്‍ എഴുന്നേറ്റ്‌ നടന്ന്‌ തുടങ്ങിയിട്ട്‌ വെറും 35 ലക്ഷം വര്‍ഷങ്ങളേ ആയിട്ടുള്ളു. ഈ 35 ലക്ഷം വര്‍ഷങ്ങളിലൂടെ കാലപ്രവാഹിനിയുടെ ഈ തീര ഭൂമികളിലൂടെ നടന്നു പോയ 5000 കോടി സ്‌ത്രീപുരുഷന്മാരുടെ ഇന്ന്‌ കാണുന്ന അവശിഷ്‌ടങ്ങളാണ്‌ 600 -ല്‍ പരം കോടി വരുന്ന നമ്മള്‍ ; സമകാലികര്‍.

ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചും, ജീവന്റെ പരിണാമത്തെക്കുറിച്ചും മുമ്പ്‌ പറഞ്ഞിരുന്ന മറ്റൊരു കഥയുണ്ട്‌. വിസ്‌താരഭയത്താല്‍ അതിവിടെ കുറിക്കുന്നില്ല. ഓറിയോണ്‍ നക്ഷത്ര പടലത്തിന്റെ മൂന്നാം ശിഖരത്തിലെ സൂപ്പര്‍ നോവ നക്ഷത്ര ധൂളികളില്‍ നിന്ന്‌ രൂപപ്പെട്ടിരുന്ന നമ്മള്‍ കാലത്തിലൂടെ യാത്ര തുടരുകയാണ്‌. എഴ്‌ ലക്ഷം ടണ്‍ ഹൈഡ്രജനാണ്‌ ഓരോ സെക്കന്‍ഡിലും സൂര്യന്‍ എരിച്ചു കളയുന്നത്‌ എന്നാണ്‌ ശാസ്‌ത്രീയ കണ്ടെത്തല്‍. 35 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആദിമ മനുഷ്യന്‍ എഴുന്നേറ്റ്‌ നടക്കാന്‍ തുടങ്ങിയപ്പോഴേക്കും ആകെ ഇന്ധന ശേഷിയുടെ പകുതിയിലേറെയും സൂര്യനില്‍ കത്തിത്തീര്‍ന്നിരുന്നുവത്രെ. ഇനിയുള്ള ബാക്കികൊണ്ട്‌ കഷ്‌ടി ഒരു 450 കോടി കൊല്ലം കൂടി കത്തി ഷൈന്‍ ചെയ്‌തു നില്‍ക്കാം. അത്രതന്നെ. സമസ്‌ത ഇന്ധനവും കത്തിത്തീരുന്നതോടെ സൂര്യനിലും ഒരു സൂപ്പര്‍ നോവ അനിവ്വാര്യമാകും. അതിനിടയില്‍ സംജാതമാകുന്ന പരിണാമഫലമായി നമ്മുടെ ഭൂമി തണുത്തുറഞ്ഞ്‌, സസ്യ ജീവജാലങ്ങളുടെ അവസാന തിരിയും പറിച്ചെറിഞ്ഞ്‌ അനിവാര്യവും അതുല്യവുമായ സൂപ്പര്‍ നോവാ സ്‌പോടനത്തില്‍ ഉള്‍പ്പെട്ട്‌ മഴ വിണ്ടും മനുഷ്യ മോഹങ്ങളും വിരിഞ്ഞു നിന്നിരുന്ന ഈ ഭൂമിയും അതുള്‍ക്കൊള്ളുന്ന സൗര യൂഥവും പ്രപഞ്ച സാഗരത്തിലെ അഗാധ ഗര്‍ത്തങ്ങളിലെവിടെയൊ മറയുമത്രെ. ഓറിയോണ്‍ നക്ഷത്ര ധൂളികളില്‍ നിന്ന്‌ വന്ന നമ്മള്‍, സൗര നക്ഷത്ര ധൂളികളിലേക്കും, മറ്റൊരു മഹാകാലത്തിലേക്കുമുള്ള മടക്കയാത്ര !!

ഗൗരയൂധവും അതിന്റെ ഭാഗമായ നമ്മളും ഇന്നു നിലനില്‍ക്കുന്ന ഈ ഭാഗത്തെയ്‌ക്ക്‌ മറ്റേതെങ്കിലും ഗ്രഹത്തിലെ മറ്റേതെങ്കിലും ജീവി - അങ്ങിനെയൊന്നുണ്ടെങ്കില്‍ (ഉണ്ടാവാനിടയില്ല) തന്റെ ദൂരദര്‍ശിനിയിലൂടെ അന്ന്‌ നോക്കുന്നതായാല്‍, ഇന്ന്‌ നമ്മുടെ ശാസ്‌ത്രജ്ഞന്മാര്‍ ക ണ്ടെത്തുന്നതുപോലെ ഇവിടെയും ഒരു ബ്ലാക്ക്‌ ഹോള്‍ (ഇരുണ്ട ഗുഹ) കണ്ടെത്തുകയും, ഇവിടെ ഒരു നക്ഷത്രം കോടാനുകോടി കൊല്ലങ്ങള്‍ക്കു മുമ്പ്‌ ജീവിച്ചിരുന്നു വെന്ന്‌ അവരുടെ മാഗസിനു കളില്‍ എഴുതുകയും ചെയ്യുമത്രെ.! നക്ഷത്ര ധൂളികളില്‍ നിന്ന്‌ രൂപപ്പെട്ട്‌ വന്ന നമ്മള്‍ നക്ഷത്ര ധൂളികളായി തന്നെ പൂര്‍വ്വരുപം പ്രാപിക്കുകയും, കാലസാഗരത്തിന്റെ മഹാമടക്കുകളില്‍ മറ്റൊരു സൂപ്പര്‍ നോവ വരെ എങ്ങോ എവിടെയോ ആയിരിക്കുകയും ചെയ്യുമത്രെ.

ശൂന്യാകാശ ഗവേഷണങ്ങളുടെയും ജ്യോതി ശാസ്‌ത്ര നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ പുതിയ ശാസ്‌ത്രം പുറത്തു വിടുന്ന വിവരങ്ങളാണ്‌ മേല്‍ പരാമര്‍ശിച്ചത്‌. ഏതായാലും നമ്മടെ മുന്നില്‍ ഇനിയും ഒരു അഞ്ഞുറുകോടിക്കടുത്ത്‌ കൊല്ലങ്ങളുണ്ട്‌ എന്നൊരാശ്വാസവുമുണ്ട്‌. നാളെ രാത്രി ഇതു സംഭവിക്കുമെന്ന്‌ പറയാഞ്ഞത്‌ ഭാഗ്യം.

പക്ഷേ നാളെ രാത്രിയും ഇത്‌ സംഭവിക്കാം എന്നയാഥാര്‍ത്ഥ്യം ഇവര്‍ തന്നെ ഒരുക്കിവച്ചിട്ടുണ്ട്‌. മിണ്ടിയാല്‍ മിണ്ടുന്നവര്‍ പ്രതിക്കൂട്ടിലാവുമെന്നുള്ളത്‌ കൊണ്ടുതന്നെ. ബ്ലാക്ക്‌ ഹോള്‍ ആയില്ലെങ്കിലും ബ്ലാക്ക്‌കോള്‍ (കരിക്കട്ട) ആക്കുവാനുള്ള വിദ്യ അവര്‍ ഒരുക്കിയിട്ടുണ്ട്‌. മൂന്നോ നാലോ ഭൂമിയെ കത്തിച്ച്‌ കരിക്കട്ടയാക്കുവാന്‍ വേണ്ടത്ര ആറ്റം ബോംബുകള്‍ തയ്യാറാക്കി വച്ചുകൊണ്ടാണ്‌ ഇവര്‍ സുവിശേഷിക്കുന്നത്‌ അവ പ്രയോഗിക്കപ്പെടുവാനുള്ള എല്ലാ സാദ്ധ്യതകളിന്മേലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌ എന്ന സ്ഥിരം പല്ലവിയും ഉണ്ട്‌. എങ്കിലും ഇവ പ്രയോഗിക്കുന്നതിനു ചുമതലപ്പെട്ട ഒന്നോ രണ്ടോ പേര്‍ക്ക്‌ വട്ട്‌ പിടിച്ചാല്‍ മതി ഇത്‌ സംഭവിക്കാന്‍. (അഫ്‌ഗാനിസ്ഥാനില്‍ സംഭവിച്ചതുപോലെ) സ്വിച്ചോണ്‍ എന്ന കര്‍മ്മത്തിന്‌ ചുമതലപ്പെട്ടവനെ നിരന്തരം നിരീക്ഷിക്കാന്‍ നിറതോക്കുകളുമായി കാവലുണ്ട്‌ എന്നാണ്‌ കേള്‍വി. ഈ പാര്‍ട്ടിക്ക്‌ രണ്ടിനും ഒരുമിച്ച്‌ വട്ടായാല്‍ തീര്‍ന്നു . രണ്ടിനും ഒരു മിച്ച്‌ വട്ട്‌ വരില്ല എന്നാശ്വസിച്ച്‌ നമുക്കുറങ്ങാം.

അപ്പോള്‍ പറഞ്ഞു വന്നതെന്താണ്‌ ? നാം നക്ഷത്ര ധൂളികള്‍. ഗവേഷണങ്ങളുടെ പേര്‌ പറഞ്ഞ്‌ കാലാകാലങ്ങളില്‍ ഇവര്‍ പുറത്തു വിടുന്ന ഈ വാചക കസര്‍ത്തുകളില്‍ എന്തെങ്കിലും സത്യമുണ്ടാകുമോ? മസ്‌തിഷ്‌ക പ്രക്ഷാളനത്തിലൂടെ ഫാള്‍സ്‌ ഇന്‍ഫര്‍മേഷന്‍സ്‌ തലയിലേറ്റി , പ്രതികരണ ശേഷിയുടെ വരിയുടക്കപ്പെട്ട ആധുനിക സമൂഹം ഇതെല്ലാം അപ്പാടെ വിഴുങ്ങുകയാണ്‌ . ഒന്ന്‌ നില്‍ക്കുവാനോ ചിന്തിക്കുവാനോ അവന്‌ സമയമില്ല. ആഗോളവത്‌ക്കരണത്തിന്റെ അന്തിച്ചന്തയിലേക്ക്‌ അവ നോടുകയാണ്‌. അവിടെ പെണ്ണും പൊന്നും അവനെ കാത്തിരിക്കുന്നുവെന്ന വ്യാമോഹത്തോടെ.

നാം വെറും നക്ഷത്രധൂളികളാണോ ? നിര്‍ജ്ജീവ വസ്‌തുക്കളില്‍ ഉളവാക്കുന്ന രാസ സംയോഗത്തിലൂടെ ജീവ വസ്‌ത്തുക്കള്‍ രൂപം പ്രാപിക്കുമോ? അങ്ങിനെയെങ്കില്‍ കോടാനുകോടി കൊല്ലങ്ങളായി നിതാന്ത നിദ്രയിലായിരിക്കുന്ന പാറകളിലും പര്‍വ്വതശിഖരങ്ങളിലും രൂപ പരിണാമ ത്തിന്റെ വ്യക്തസൂചനകളിലൂടെജീവ സ്‌പന്ദനത്തിന്റെ ഹൃദയത്തുടിപ്പുകള്‍ നാം തൊട്ടറിയേണ്ടതല്ലേ ? അജൈവത്തില്‍ നിന്ന്‌ ജൈവത്തിലേക്ക്‌ ഉള്ള യാത്രയില്‍ പാതി വഴിയോ മുക്കാല്‍ വഴിയോ പിന്നിട്ട ഏതെങ്കിലുമെന്നിനെ ഭൂലോകത്തിന്റെ എതെങ്കിലും ഭാഗത്ത്‌ ആരെങ്കിലും കണ്ടെത്തിയിട്ടുണ്ടോ?

ഇതിനൊക്കെ സുദീര്‍ഘമായ കാലഘട്ടങ്ങളുടെ വിശാല കാന്‍വാസ്‌ വേണ്ടിവരും എന്നാണ്‌ വാദമെങ്കില്‍ നിലവിലുള്ള ജീവിവര്‍ഗ്ഗങ്ങളുടെ വ്യത്യസ്ഥങ്ങളായ അനേകം വേര്‍ഷനുകള്‍ എപ്പോഴും എവിടെയും കണ്ടെത്തേണ്ടതല്ലേ? മുട്ടയും പുഴുവും പൂപ്പയും പൂമ്പാറ്റയും പോലെ . കാരണം ഒറ്റരാത്രികൊണ്ട്‌ അജൈവ ജൈവ പരിണാമം തീര്‍ന്നു പോയിരിക്കാനിടയില്ലല്ലോ. ഭൂമിയുണ്ടായ കാലം മുതല്‍ ഇന്നുവരെ അത്‌ അനവരതം തുടരുകയല്ലേ ? അതോ ഈ അജൈവ ജൈവ പരിണാമ പരിപാടി തുടങ്ങിയ കാലത്തു തന്നെ നാം രണ്ട്‌ നമുക്ക്‌ രണ്ട്‌്‌ എന്ന ത്രികോണ പദ്ധതി പ്രകാരം വാസക്‌ടമിക്ക്‌ വിധേയമാക്കിയോ?

ശാസ്‌ത്ര കണ്ടെത്തലുകളില്‍ യാതൊരു സിദ്ധാന്തവും അവസാന വാക്കായി നില്‍ക്കുന്നില്ല. ഇന്നത്തെ തെളിയിക്കപ്പെട്ട സത്യം നാളത്തെ മണ്ടത്തരങ്ങളായി മാറുന്ന ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്‌. ഏതോ കാലസന്ധിയില്‍ സൂര്യനിലുണ്ടായ പ്രകമ്പനത്തിന്റെ ഫലമായി അടര്‍ന്നുപോയ ആയിരത്തിലൊരു ഭാഗം തണുത്തുറഞ്ഞാണ്‌ ഭൂമിയും മറ്റു ഗ്രഹങ്ങളും ഉപഗ്രഹങ്ങളുംസ കുള്ളന്‍ ഗ്രഹങ്ങളും വാല്‍ നക്ഷത്രങ്ങളും ഉല്‍ക്കകളും എല്ലാം രൂപപ്പെട്ടതെന്ന സമീപകാല വാദഗതി ഇപ്പോള്‍ അധികം കേള്‍ക്കുന്നില്ല. ഇപ്പോള്‍ പകരം വയ്‌ക്കുന്നത്‌ ഓറിയോണ്‍ നക്ഷത്ര രാശിയിലെ മൂന്നാം ശിഖര സൂപ്പര്‍ നോവയാണ്‌ . ഇന്നലെവരെ ജീവന്‍ രക്ഷാ മരുന്നുകളായിരുന്നവ ഇന്ന്‌ മഹാവിഷങ്ങള്‍ എന്നു പറഞ്ഞ്‌ നിരോധിക്കുന്നു. ഇന്നലെ വരെ സമ്പൂര്‍ണ്ണാഹാരം എന്ന്‌ വിളിച്ചിരുന്ന മൃഗപ്പാലുകള്‍ മനുഷ്യശരീരത്തിന്‌ നല്ലതല്ല എന്നു ഒളിഞ്ഞും തെളിഞ്ഞും പറയാന്‍ തുടങ്ങിയിരിക്കുന്നു. ഇന്നലെ വരെ മുഴുവന്‍ കൊളസ്‌ട്രോളെന്നു വിളിക്കപ്പെട്ടിരുവിവ വെളിച്ചെണ്ണയും തേങ്ങയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനുള്ള ദിവ്യ ഔഷധമായി ഇന്നു സമ്മതിക്കുന്നു.

ഗവേഷണങ്ങളുടെ മേല്‍ക്കുപ്പായ മണിഞ്ഞ്‌ , അല്‍പം ഊശാന്‍ താടിയും വളര്‍ത്തി, സമ്പത്തും സാമൂഹ്യ മാന്യതയും കയ്യിട്ടുവാരി ആളുകളിക്കുന്ന ഈ അഭിനവ അടിപൊളി ആശാന്മാര്‍ക്ക്‌ ഇടക്കിടെ എന്തെങ്കിലും തട്ടിവിട്ടേ തീരൂ. തങ്ങള്‍ കൈപ്പറ്റുന്ന പ്രതിഫലനത്തിനുള്ള വാചക ഉല്‍പന്നങ്ങള്‍. ഭൗതിക സാഹചര്യങ്ങളിലെ വന്‍ വാചക കസര്‍ത്തുകള്‍ അനഭവസ്ഥര്‍ ചോദ്യം ചെയ്‌തേക്കാമെന്നതുകൊണ്ടാവും പ്രകാശവര്‍ഷങ്ങള്‍ക്ക്‌ അപ്പുറത്തുള്ള വാന ശാസ്‌ത്ര മേഖലയിലെ ഈ കടന്നുകയറ്റം. പ്രപഞ്ചമുണ്ടായത്‌ എങ്ങനെയാണെന്ന്‌ കണ്ടു പിടിച്ചേ അടങ്ങൂ എന്നാണ്‌ വാശി. അതിനായി ഒരു സവന്‍ മാളവും മാന്തി അതിനടിയില്‍ വര്‍ഷങ്ങളായി കൂടും കുടുംബവുമായി താമസാമാണ്‌ കുറേപ്പേര്‍.

മനുഷ്യ ബുദ്ധിയുടെ ഏതൊരു വികാസ പരിണാമത്തിനും ഏതു കാലത്തും അപ്രാപ്യമായ ഒരവ സ്ഥയാണ്‌ പ്രപഞ്ചത്തിനുള്ളതെന്ന്‌ ആദ്യമായി അറിയണം. കടല്‍തീരത്തെ ഒരു മണ്‍തരി കണ്ട്‌ ഇതാണ്‌ തീരം എന്നു പറയുന്നതുപോലുള്ള വിഢ്‌ഡിത്തമാണ്‌ പ്രപഞ്ചം കണ്ടൈത്തല്‍. മനുഷ്യന്‌ കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തിലല്ല അതിന്റെ നില്‍പ്‌.

സര്‍വ്വ പ്രപഞ്ചത്തിനും സജീവമായ വര്‍ത്തമാനാവസ്ഥ പ്രദാനം ചെയ്യുന്ന സര്‍വ്വവ്യാപിയായ സംവിധാന പ്രതിഭയുണ്ട്‌ കര്‍ട്ടനു പിന്നില്‍. ആ പ്രതിഭയെയാണ്‌ കാലാ കാലങ്ങളില്‍ പരബ്രഹ്മത്തിലും, യഹോവയിലും അള്ളാവുവിലും നിഷ്‌കളങ്കനായ മനുഷ്യന്‍ കണ്ടെത്താന്‍ ശ്രമിച്ചത്‌ . അവന്റെ അനുഭവ സമസ്യകളെ അപ്പാടെ നിഷേധിച്ചുകൊണ്ടാണ്‌ താടി ശാസ്‌ത്രജ്ഞന്മാരുടെ തട്ടിവിടലുകള്‍. ഈ തട്ടിവിടലുകാരും അതു കേട്ട്‌ വെറുതെ തലയാട്ടുന്ന അപ്പക്കാളകളും യഥാര്‍ത്ഥ ഡ്രൈവറെ നിഷ്‌കരുണം മറന്നു കളയുന്നു. ക്ഷീരപഥവും സൗരയൂധവും ഭൂമിയും ഞാനും എന്റെ കാല്‍ ചുവട്ടിലെ ഈ പുല്‍ക്കൊടിയും പുല്‍ക്കൊടിയിലെ പുഴുവും യഥാര്‍ത്ഥ ഡ്രൈവര്‍ ഓടിക്കുന്ന പ്രപഞ്ച ശകടത്തിലെ ഓരോ പാര്‍ട്ടുകളാകുന്നു. നിങ്ങള്‍ വിലയേറിയ ഒരു ഓള്‍സീസന്‍ ടയറാണെങ്കില്‍ ഞാനീ ശകടത്തിലെ വെറുമൊരു റബ്ബര്‍ വാഷറാകാം. പക്ഷേ എന്നേയും ഡ്രൈവര്‍ക്കാവശ്യമുണ്ട്‌. അവിടുന്നോടിക്കട്ടെ അവിടുത്തെ സ്വന്തം വണ്ടി. മറിച്ചെങ്കില്‍ മറിച്ചിടട്ടെ. അതിനുള്ള ഉടമസ്ഥന്റെ അവകാശത്തെ ആര്‍ക്ക്‌ ചോദ്യം ചെയ്യാനാവും.

സിദ്ധാന്തങ്ങളും പ്രവചനങ്ങളും നിരത്തി ഈ രണ്ടു കാലന്‍ ജീവിയുടെ വളഞ്ഞ മുതുകില്‍ എന്തിന്‌ കുറേക്കൂടി ഭാരം വച്ചു കൊടുക്കുന്നു താടിക്കാരേ, സാമൂഹ്യ പരിഷ്‌കര്‍ത്താക്കളേ?.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക