Image

വികസനവും കരുതലും.... ഉമ്മന്‍ ചാണ്ടി പറഞ്ഞത് (മീനു എലിസബത്ത്‌)

മീനു എലിസബത്ത്‌ Published on 30 November, 2012
വികസനവും കരുതലും.... ഉമ്മന്‍ ചാണ്ടി പറഞ്ഞത് (മീനു എലിസബത്ത്‌)
എന്റെ കുഞ്ഞുന്നാളിലൊക്കെ പുതുപ്പള്ളിക്ക് പോകുന്നത് വള്ളത്തിലാണ്. കര വഴിയും പോകാം. എങ്കിലും വലിയപ്പച്ചന് വള്ളത്തില്‍ പോക്കാണ് പ്രിയം. വള്ളത്തില്‍ പോകുന്നതിന് ഒരു കാരണം കൂടിയുണ്ട്.

പുതുപ്പള്ളി കൊച്ചു പാറാട്ടു കെട്ടിച്ചിട്ടുള്ള തന്റെ മകള്‍ക്ക് (എന്റെ അപ്പന്റെ മൂത്ത പെങ്ങള്‍) വേണ്ടിയുള്ള ചില സാധനസാമഗ്രികള്‍ (വാഴക്കുലയോ, തേങ്ങ നിറച്ച ചാക്കുകളോ, ചക്കയോ മാങ്ങയോ ഒക്കെ ആവും അത്) സൗകര്യപൂര്‍വം കൊണ്ട് പോകാന്‍ വള്ളമാണ് നല്ലത്

ഒരു വര്‍ഷത്തില്‍ മൂന്നാല് പ്രാവശ്യം ഞങ്ങള്‍ പുതുപ്പള്ളിക്ക് പോയിരുന്നു. കല്യാണങ്ങളോ, മാമോദീസകളോ,
അടിയന്തരങ്ങളോ അതുമല്ലെങ്കില്‍ പുതുപ്പള്ളി പള്ളിപ്പെരുന്നാളിനോ ആകും ഈ യാത്ര
ഈ അവസരങ്ങളിലെല്ലാം, വെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും ധരിച്ച കോലന്‍ മുടിയുള്ള മെലിഞ്ഞ ഒരു നീളക്കാരന്‍ ചെറുപ്പക്കാരന്‍ കൊച്ചുപാറാട്ടെ വീടിന്റെ പടികള്‍ ചവിട്ടിക്കയറി, പരിവാരങ്ങളുമായി വരാറുള്ളത് എനിക്ക് നല്ല ഓര്‍മയുണ്ട്. അദ്ദേഹത്തിന് ചുറ്റും എപ്പോഴും ഒരുപറ്റം ആള്‍ക്കാര്‍ കാണും.

ഈ വരുന്ന അച്ചാച്ചന്‍ കുഞ്ഞുഞ്ഞ് എന്ന് വീട്ടുകാര്‍ വിളിക്കുന്ന ഉമ്മന്‍ ചാണ്ടിയാണെന്ന് എനിക്കറിയാം. വന്നു കഴിഞ്ഞാല്‍ വീട്ടുകാരുമായി മുഖം നിറയെ ചിരിയോടെ, കുശലപ്രശ്‌നം. ഇതിനിടെ ആരെങ്കിലും കാപ്പി കുടിക്കാന്‍ വിളിച്ചാല്‍ സ്‌നേഹപൂര്‍വം നിരസിച്ച് കൈയില്‍ ഒരു വെറും കാപ്പിയുമായി നിന്ന് വീണ്ടും സംസാരം.

ഈ ചെറിയ നേരത്തിനിടയില്‍ കുഞ്ഞുഞ്ഞ് വന്നെന്നറിഞ്ഞുംകേട്ടും, വരുന്നവരുടെ എണ്ണം കൂടാനും തുടങ്ങും. കുറച്ചു നേരം അവിടെ നിന്ന് കാര്യങ്ങള്‍ എല്ലാം അന്വേഷിച്ചതിനു ശേഷം അദ്ദേഹം യാത്ര പറഞ്ഞു പടികള്‍ ഇറങ്ങും.

കൊച്ചു പറാട്ടെ മാളിക വീടിന്റെ താഴെ ഭാഗം അന്ന് ചട്ടിയും കലവും മണ്‍കുടുക്കകളും വില്ക്കുവാന്‍ വെച്ചിരിക്കുന്ന കടമുറിയാണ്. അവിടെയും അദ്ദേഹത്തെ കാത്ത് ആള്‍ക്കാര്‍ കാണും. കുറെ നേരം അവിടെയും നേതാവ് നില്ക്കും.

വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യത്തെ ഇലക്ഷന് നില്ക്കുമ്പോള്‍ പ്രചാരണത്തിനായി പള്ളത്ത് വന്നിരുന്നതും എന്റെ ഓര്‍മയിലുണ്ട്. ഭിത്തികളിലെല്ലാം 'ഉമ്മന്‍ചാണ്ടി നേതാവേ ധീരതയോടെ നയിച്ചോളൂ എന്നെഴുതിയ പോസ്റ്ററുകള്‍, മുദ്രാവാക്യം വിളികള്‍, ഇതൊക്കെയാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള എന്റെ ഓര്‍മകള്‍.

വിശ്വമലയാളി സമ്മേളനത്തിന്റെ പല ചടങ്ങുകളിലും അദ്ദേഹത്തെ കാണുകയും പ്രസംഗങ്ങള്‍ കേള്‍ക്കുകയും ചെയ്തപ്പോള്‍ മുതലാണ്,
അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കണം എന്ന് ആഗ്രഹം തോന്നിയത്.

പിന്നിട് ഞാനും സഹോദരനും കൂടി (ചില സുഹൃത്തുക്കള്‍ വഴി ഞങ്ങള്‍ അപ്പോയ്‌മെന്റ് എടുത്തിരുന്നു. ) സെക്രട്ടേറിയറ്റില്‍ ചെല്ലുമ്പോള്‍
അദ്ദേഹത്തിന്റെ മുറി നിറയെ ആള്‍ക്കൂട്ടം. സോഫയില്‍ അദ്ദേഹവും മന്ത്രി ഗണേഷ് കുമാറും, വേറെ ആരൊക്കെയോ ഇരുന്ന് ഗഹനമായ ചര്‍ച്ചകള്‍....
അല്‍പ്പനേരത്തെ കാത്തിരിപ്പിന് ശേഷം, ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. മലയാളം പത്രത്തില്‍ നിന്നും വരുകയാണ് എന്ന് പറഞ്ഞപ്പോള്‍ ആ മുഖം ഒന്ന് കൂടെ തെളിഞ്ഞു.

'എനിക്ക് മലയാളംപത്രക്കാരെയെല്ലാം വര്‍ഷങ്ങളായി അറിയാം. അദ്ദേഹം പറഞ്ഞു. വളരെ താല്പര്യത്തോടെ അദ്ദേഹം എന്നോട് സംസാരിച്ചു. വിവരങ്ങളും വിശേഷങ്ങളും അന്വേഷിച്ചു.

വീണു കിട്ടിയ ആ സമയത്തിനുള്ളില്‍ ഞാനും എന്തൊക്കെയോ
അദ്ദേഹത്തോട് ചോദിച്ചു. ഇതില്‍ ഹാര്‍ഡ് കോര്‍ പൊളിറ്റിക്‌സോ,
അദ്ദേഹത്തെ വെള്ളം കുടിപ്പിക്കുന്ന ചോദ്യങ്ങളോ ഒന്നുമില്ല. വെറും ഒരു സൗഹൃദസംഭാഷണം. ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായ, കേരളത്തിന്റെ പൊന്നോമനപ്പുത്രനുമായി ഒരു കുശലം പറച്ചില്‍. അത്ര മാത്രം.

? ഇന്ത്യയിലെ സംസ്ഥാനങ്ങളെക്കുറിച്ചുള്ള 'ഇന്ത്യാ ടുഡേ മാസികയുടെ വാര്‍ഷിക സര്‍വേയില്‍, ഏറ്റവും ഉന്നതിയും അഭിവൃദ്ധിയും നേടിയ വലിയ സംസ്ഥാനങ്ങളില്‍ രണ്ടാംസ്ഥാനം കേരളത്തിനു ലഭിച്ചതായി വായിച്ചറിഞ്ഞു. അതുപോലെതന്നെ ക്രമസമാധാനപാലനത്തില്‍ ഒന്നാംസ്ഥാനവും കേരളത്തിനാണ്. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്.

$ നമ്മള്‍ കുറെ നാളുകളായിട്ട് നമ്മുടെ സ്റ്റേറ്റിന്റെ റേറ്റിംഗ് കിട്ടിക്കൊണ്ടിരുന്നത് നോക്കിയാല്‍, ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന സ്റ്റേറ്റ്, ഏറ്റവും കൂടുതല്‍ അപകടമരണങ്ങള്‍ നടക്കുന്ന സ്റ്റേറ്റ്, ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സ്റ്റേറ്റ് എന്നീ നിലകളിലൊക്കെയായിരുന്നു.

അതില്‍ നിന്ന് ഒരു മാറ്റം വേണം. നമ്മള്‍ വിദ്യാഭ്യാസ രംഗത്തും ആരോഗ്യരംഗത്തും സാമൂഹ്യ രംഗങ്ങളിലുമെല്ലാം അഭിമാനകരമായ നേട്ടങ്ങള്‍ നേടിയിട്ടുണ്ട്. പക്ഷെ അതു കഴിഞ്ഞ് പോസിറ്റീവ് ആയിട്ടുള്ള അച്ചീവ്‌മെന്റ്‌സ് നമുക്ക് അധികം നേടാന്‍ സാധിച്ചില്ല.

നമ്മുടെ ഏറ്റവും വലിയ വീക്ക്‌നസ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ കാര്യത്തില്‍ പിന്നിലായിപ്പോയി എന്നതാണ്. ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടെങ്കില്‍ പുതിയ ഇന്‍വെസ്റ്റ്‌മെന്റ് വരും. ഇന്‍വെസ്റ്റ്‌മെന്റ് വന്നാല്‍ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. നമ്മുടെ ചെറുപ്പക്കാരുടെ എല്ലാം ഒരു ലക്ഷ്യം ശമ്പളത്തോടു കൂടിയിട്ടുള്ള ഒരു ജോലി, അല്ലെങ്കില്‍ ഗള്‍ഫിലൊരു അവസരം.

? എങ്ങനെയെങ്കിലും കേരളം വിട്ടുപോവുക

$ അതെ കേരളം വിട്ടുപോവുക. ഒന്നുകില്‍ ഇവിടെ ഒരു വൈറ്റ് കളര്‍ ജോബ്. അല്ലെങ്കില്‍ പുറത്തേക്ക് പോവുക. ഇതില്‍ നിന്ന് ഒരു മാറ്റം ഉണ്ടാകണം. നമുക്കിവിടെ ധാരാളം സാധ്യതകളുണ്ട്. ധാരാളം അവസരങ്ങളുണ്ട്. അത് പ്രയോജനപ്പെടുത്തണം. അതു പ്രയോജനപ്പെടുത്താന്‍ സാധിച്ചാല്‍ ഇവിടെയുള്ള മുഴുവന്‍ ചെറുപ്പക്കാര്‍ക്കും ഇവിടെതന്നെ അവസരം ഉണ്ടാക്കാന്‍ സാധിക്കും. പുറത്തുപോയിരിക്കുന്നവരെ നമുക്ക് തിരിച്ചു വിളിക്കുവാനും സാധിക്കും.

?അവിടെയാണൊരു പ്രശ്‌നം.

$ അതൊരു ചലഞ്ചായിട്ടെടുക്കണം. ഇപ്പോള്‍ എമര്‍ജിംഗ് കേരള വലിയ ഒരു പ്രതീക്ഷ ഉണര്‍ത്തിയിരിക്കുകയാണ്. എമര്‍ജിംഗ് കേരള കേവലം ഒര
നിക്ഷേപസമ്മേളനം ആയിരുന്നില്ല. ഇന്‍വ സ്റ്റ്‌മെന്റ് മീറ്റ് ആയിരുന്നില്ല. അത് കേരളത്തിന്റെ സാധ്യതകളും അവസരങ്ങളും ലോകത്തെ കാണിക്കുക എന്നതായിരുന്നു.

രണ്ട്, നമ്മളെക്കുറിച്ചൊരു തെറ്റായ ധാരണയുണ്ട്. നമ്മളിതിനൊക്കെ എതിരാണെന്ന്. അതല്ല. നമ്മള്‍ക്ക് ഇന്‍വെസ്റ്റ്‌മെന്റ് വേണം. നമ്മള്‍ ഇന്‍വെസ്റ്റേഴ്‌സിനെ വെല്‍ക്കം ചെയ്യുന്നു എന്നൊരു മെസേജ് കൊടുക്കേണ്ടതുണ്ട്.

ഈ രണ്ടു കാര്യത്തിലും നമ്മള്‍ പൂര്‍ണമായും വിജയിച്ചു. അതോടൊപ്പം എമര്‍ജിംഗ് കേരളയില്‍ ഒരു പുതിയ ആശയം കൂടി കൊണ്ടുവന്നു. 'എമര്‍ജിംഗ് ഫ്രം കേരള. നമ്മള്‍ ചെറുപ്പക്കാരെ ആഹ്വാനം ചെയ്തു നിങ്ങള്‍ ജോബ് സീക്കേഴ്‌സ് ആയിട്ട് കഴിയരുത്, ജോബ് ക്രിയെറ്റേഴ്‌സായിട്ട് മാറണം.

അതിനിതാ ഗവണ്‍മെന്റ് നിങ്ങള്‍ക്കൊരു 'ഹെല്‍പ്പിംഗ് ഹാന്‍ഡ് തരുന്നു. നമ്മള്‍ സ്റ്റുഡന്‍സിന് ഇരുപതു ശതമാനം വരെ അറ്റന്‍ഡന്‍സ് കൊടുക്കും, ഓണ്‍ട്രപ്രൊര്‍ണേഴ്‌സായിട്ട് മുന്നോട്ടു വരുന്നതിന് നാലു ശതമാനം ബോണസ് മാര്‍ക്ക് കൊടുക്കും. അതോടൊപ്പം ഇവര്‍ പുതിയ സംരംഭവുമായിട്ടുവന്നാല്‍, ആദ്യത്തെ രണ്ടുമൂന്ന് വര്‍ഷക്കാലം അവര്‍ക്ക് വളരാനുള്ള അവസരത്തിന് വേണ്ട ഓഫീസ് കൊടുക്കും. അവര്‍ രണ്ടുകൊല്ലം മൂന്നു കൊല്ലം കൊണ്ട് വളര്‍ന്നിട്ട് പുറത്തേക്കു പോണം. അപ്പോള്‍ പുതിയ ആളുകളെ കൊണ്ടുവരിക. ഈ ഒരു ആശയത്തിന് വലിയ സപ്പോര്‍ട്ടാണ് കിട്ടിയിരിക്കുന്നത്.

നമ്മളിപ്പം ഈ പ്രോജക്ടിന് വിദ്യാര്‍ഥികള്‍ക്ക് എറണാകുളത്ത് കെട്ടിടം കൊടുക്കാന്‍ പോവ്വാ. ഇരുപത്തിയയ്യായിരം സ്‌ക്വയര്‍ ഫീറ്റ് നമ്മള്‍ വാഗ്ദാനം ചെയ്തു. എട്ടുമാസമാകുമ്പോള്‍ കൊടുക്കും.
പിന്നത്തെ എട്ടുമാസമാകുമ്പോള്‍ ജനുവരി പന്ത്രണ്ടാം തീയതി ആകുമ്പോള്‍ ബാക്കി എഴുപത്തിയയ്യായിരം കൂടി കൊടുക്കും.

'ഞങ്ങള്‍ക്ക് എട്ടുമാസം വെയിറ്റ് ചെയ്യാന്‍ ഒക്കത്തില്ല. ഞങ്ങള്‍ക്ക് കുറെ സ്ഥലം തന്നാല്‍ ഞങ്ങളത് ഒരു മാസം കൊണ്ട് എല്ലാം റെഡിയാക്കിക്കോളാം എന്നു പറഞ്ഞതനുസരിച്ച്, നമ്മളവര്‍ക്ക് തൃക്കാക്കര, കിന്‍ഫ്രയുടെ സ്ഥലത്ത് ഇരുപത്തഞ്ച് സെന്റ് സ്ഥലം കൊടുത്തിരിക്കുകയാണ്. അവിടെ അവര് ഒരു മാസം കൊണ്ട് താല്‍ക്കാലികമായി കെട്ടിടമൊക്കെ ഉണ്ടാക്കി എന്നെ ഉദ്ഘാടനത്തിന് വിളിച്ചിരിക്കുകയാണ്.

? സാര്‍ അതു പറഞ്ഞപ്പോളാണ്, ധാരാളം അമേരിക്കന്‍ മലയാളികള്‍ക്കും നാട്ടില്‍ വന്ന് ഇന്‍വെസ്റ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പൂര്‍വകാലചരിത്രം ആലോചിക്കുമ്പോള്‍ പലരും മടിക്കുന്നു.

$ അതൊക്കെ മാറി. ഒരു പുതിയ അന്തരീക്ഷം ഇവിടെ വരികയാണ്. ഗവണ്‍മെന്റിത് ഒരു ചലഞ്ചായിട്ടെടുത്തിരിക്കുകയാണ്. നമ്മുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിച്ച് ആവശ്യമായ ബാങ്കിംഗ് സഹായം, പുതിയ ഇന്‍വെസ്റ്റുമെന്റുകള്‍ക്ക് അനുകൂലമായ ഒരു സാഹചര്യം ഉണ്ടാക്കിക്കൊടുക്കുവാനുള്ള തയാറെടുപ്പിലാണ് തങ്ങള്‍.

? വളരെ സന്തോഷം. അതുപോലെ, കേരളത്തിലെ മലയാളികളെപ്പോലെ തന്നെ ഞങ്ങള്‍ വിദേശ മലയാളികള്‍ക്കും കേരളം കുറച്ചു കൂടി വൃത്തിയായി കാണുവാനും നമ്മുടെ നീറ്റ്‌നെസ്, ക്ലീന്‍നസ് ഈ കാര്യങ്ങളിലൊക്കെ തീര്‍ച്ചയായും ഒരു വ്യത്യാസം ഉണ്ടായിക്കാണുവാനും ആഗ്രഹമുണ്ട്. കേരളം സ്വന്തം പെറ്റതള്ളയാണ്. പക്ഷെ ഇവിടെ വരുമ്പോള്‍ ഈ മാലിന്യകൂമ്പാരങ്ങളും വൃത്തികേടുകളും കാ ണുമ്പോള്‍, നമുക്ക് ഇതില്‍ നിന്നും ഒരിക്കലും ഒരു മോചനമുണ്ടാവില്ലേ എന്ന് ചിന്തിച്ചു പോവുകയാണ്.

$ നമ്മളിന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം വെയ്സ്റ്റ് മാനേജ്‌മെന്റാണ്. നാം മലയാളികള്‍ വ്യക്തിപരമായി ക്ലീന്‍നെസ് കീപ്പ് ചെയ്യുന്നു. പക്ഷെ സാമൂഹ്യശുചിത്വത്തിന്റെ കാര്യത്തില്‍ പിന്നിലാണ്.

? ഇതിനൊക്കെ നിയമങ്ങള്‍ കൊണ്ടുവരാമല്ലോ.

$ നമ്മുടെ വീട്ടിലെ വെയ്സ്റ്റ് അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയപ്പെടുന്നു. നമുക്കൊരു സക്‌സസ്ഫുള്‍ മോഡല്‍ ഇല്ലാതെ പോയി. ഗവണ്‍മെന്റ് പറയുന്നത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പറയുന്നത് ആരും വിശ്വസിക്കുന്നില്ല. നമ്മളതു ചെയ്യും ഇതു ചെയ്യും എന്നെല്ലാം പറഞ്ഞതൊന്നും പലതും ഇന്നു വരെ ചെയ്യാന്‍ സാധിച്ചില്ല. പക്ഷെ ഇന്നിപ്പോള്‍ പുതിയ ടെക്‌നോളജിയുണ്ട്. നമുക്കിതൊക്കെ ചെയ്യാന്‍ സാധിക്കും. ഇന്ന് പണമൊരു പ്രശ്‌നമേ അല്ല. നമ്മുടെ ഏറ്റവും വലിയ പ്രയോര്‍ട്ടിയുള്ള ഇഷ്യു ഇതായി മാറി.

? നമുക്ക് മാന്‍പവറും ഉണ്ട്.

$ അതുകൊണ്ട് നമ്മള്‍ ആവശ്യത്തിന് ഫണ്ടും വെച്ചിട്ടുണ്ട്. പക്ഷെ ഒരു സക്‌സസ്ഫുള്‍ മോഡല്‍ ഇല്ലാത്തതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട്.

പക്ഷെ ഇപ്പോള്‍ വേസ്റ്റ് കത്തിച്ചു കളയാനുള്ള വാഹനം ഇവിടെ എത്തിക്കഴിഞ്ഞു. അതിന്റെ ട്രയല്‍ റണ്‍ നടക്കുകയാണ്. കണ്ടവര്‍ക്കൊക്കെ അതൊരു തൃപ്തിയായി. പിന്നെ ചാലയില്‍ മോഡേണ്‍ ടെക്‌നോളജി അനുസരിച്ച് ഒരു പ്ലാന്റ് വരുന്നതിനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണ്. എറണാകുളത്ത് ബ്രഹ്മപുരം പ്ലാന്റില്‍ ടെണ്ടര്‍ വിളിച്ചു കഴിഞ്ഞു.

അതോടൊപ്പം നമ്മുടെ ജയിലുകളിലും മൂന്ന് പ്രോജക്ടുകള്‍ വന്നിട്ടുണ്ട്. മൂന്നിനും ഗവണ്‍മെന്റ്
സാംഗ്ഷന്‍ കൊടുത്തു. ഒന്ന് വെയ്സ്റ്റ് നൂറു ഡിഗ്രിയില്‍ ചൂടാക്കി, അതിന്റെ രോഗാണുക്കളെ എല്ലാം പോയിക്കഴിഞ്ഞതിനു ശേഷം, അത് പുതിയ ടെക്‌നോളജി ഉപയോഗിച്ച് വിറകിന്റെ രൂപത്തിലാക്കും. ആ വിറക് നമുക്ക് ഉപയോഗിക്കുവാന്‍ കഴിയും.

രണ്ട്, ഇതേ മെതേഡ് ഉപയോഗിച്ച് ചൂടാക്കി കൊണ്ട് വന്ന് കമ്പ്രസ് ചെയ്തതിനുശേഷം അത് പ്രസ് ചെയ്തു ഇഷ്ടിക ആക്കും. മൂന്ന്, ഈ ചൂടില്‍ നിന്നും ഇലക്ട്രിസിറ്റി ഉണ്ടാക്കും. മൂന്ന് പ്രോജക്ടുകളും ജയിലിലെ കോമ്പൗണ്ടിലാണ് നടക്കുക. മൂന്നുവിധത്തിലുള്ള ടെക്‌നോളജിയാണ്.
അങ്ങനെ നമ്മള്‍ പലവിധത്തിലുള്ള അറ്റെംപ്റ്റുകള്‍ നടത്തുകയാണ്. ഇത് മൂന്നിനും സാംഗ്ഷന്‍ കൊടുത്തു. വെയ്സ്റ്റ് മാനേജ്‌മെന്റിന്റെ കാര്യത്തില്‍ ഒരു പരിഹാരം ഈ വഴിയെല്ലാം ഉണ്ടാകും എന്നാണ് പ്രതീക്ഷ.

? ചെറിയ ഒരു പരാതി ഞങ്ങള്‍ ക്കുള്ളത്, ഇപ്പോള്‍ എയര്‍പോര്‍ട്ടുകളില്‍ നടപ്പിലാക്കുന്ന സ്വര്‍ണം കൊ ണ്ടുവരുന്ന 1968ലെ നിയമം ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കു ന്നു - അതിനൊരു പരിഹാരം കണ്ടേ പറ്റൂ.

$ തീര്‍ച്ചയായും ഇത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ട കാര്യമാണ്. അത് ഞങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ഒരു പവന് 500 രൂപയില്‍ താഴെ വിലയുണ്ടായിരുന്ന കാലത്ത് ഉണ്ടാക്കിയ നിയമമാണത്.

? അതെ 1968ലെ നിയമം.

$ അന്ന് 350യാണ് വില. ഞങ്ങള്‍ പ്രൈംമിനിസ്റ്ററുടെ അടുത്തു പറഞ്ഞു. ഫിനാന്‍സ് മിനിസ്റ്ററുടെ അടുത്തു പറഞ്ഞു. അതിന് ഉടനെ മാറ്റം വരും. ഇപ്പോള്‍ താലിമാല പോലും ഒരു സ്ത്രീക്ക് ഇട്ടോണ്ട് വരാന്‍പറ്റാത്ത സാഹചര്യമാണ്.

? അതെ സാറെ, ഈ നിയമം കാരണം. ഞങ്ങളില്‍ പലരും താലിമാലയില്ലാതെ കേരളത്തില്‍ കൂടി നടക്കേണ്ട ഗതികേടിലാണിപ്പോള്‍ വന്നിരിക്കുന്നത്.
(ഉമ്മന്‍ചാണ്ടി ചിരിച്ചു.)

$ തീര്‍ച്ചയായും അതിനെല്ലാം ഉടനടി മാറ്റം വരും.

? ചില വ്യക്തിപരമായ കാര്യങ്ങള്‍കൂടി.

? സാറിന് കൊച്ചുമക്കളുടെ കൂടെ സമയം ചിലവിടാന്‍ സാധിക്കാറുണ്ടോ? തിരക്കുമൂലം, മക്കളുടെ കൂടെ അധികം സമയം പങ്കു വെയ്ക്കാന്‍ സാധിക്കാത്തത് കൊച്ചുമക്കളില്‍ കൂടി പരിഹരിക്കാന്‍ കഴിയാറുണ്ടോ?

$ എന്റെ കുടുംബാംഗങ്ങള്‍ തീര്‍ച്ചയായും വളരെ സപ്പോര്‍ട്ടീവാണ്. അവരുടെ കൂടെ അധികം സമയം കിട്ടാറില്ലെങ്കിലും, കിട്ടുന്ന സമയം കൊച്ചു മക്കളുമായി ചിലവിടാറുണ്ട്.

? സാറിന് അമേരിക്കന്‍ മലയാളികളോട് എന്താണ് പറയാറുള്ളത്? ഭൂരിഭാഗം പേരും സാറിന്റെ വലിയ സപ്പോര്‍ട്ടേഴ്‌സാണ്.
$ ഞാന്‍ എപ്പോള്‍ അമേരിക്കയില്‍ വന്നാലും (നാലുപ്രാവശ്യം വന്നിട്ടുണ്ട്) നാടു കാണാനും ഒന്ന് പോകാറില്ല. പരമാവധി നമ്മുടെ ആളുകളുടെ കൂടെ ബന്ധപ്പെടുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഇത്ര അകലെ കഴിയുമ്പോഴും അവര്‍ നാടിനെക്കുറിച്ച് ചിന്തിക്കുകയും, നാടിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവരുടെ ഉത്കണ്ഠയും എനിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്.

? മലയാളംപത്രത്തിന് വേണ്ടി ഇത്രയും സമയം അനുവദിച്ചു തന്നതിന് വളരെ നന്ദി സാര്‍.

$ മലയാളംപത്രവുമായി എനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. ഇതിനുമുമ്പ് നാലു പ്രാവശ്യം അമേരിക്കയില്‍ വന്നപ്പോഴും മലയാളം
പത്രത്തിന്റെ പ്രവര്‍ത്തകരുമായി ഇടപെഴകാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

മലയാളംപത്രത്തിന്റെ സംഘാടകരും സംരംഭകരും എന്റെ പുതുപ്പള്ളി നിയോജകമണ്ഡലംകാരാണ്. അവരുമായി എനിക്ക് വളരെ അടുപ്പമുണ്ട്. അതോടൊപ്പം മലയാളംപത്രവുമായി അമേരിക്കയില്‍ വച്ചും നാട്ടില്‍ വെച്ചും മികച്ച ബന്ധം പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. മലയാളംപത്രത്തിനായി ഇങ്ങനെ ഒരു ഇന്റര്‍വ്യൂവിന് വന്നതിന് മീനുവിന് പ്രത്യേകം നന്ദി.

നന്ദി സാര്‍- വളരെയധികം നന്ദി.

രാഷ്ട്രീയം എന്ന ഏറ്റവും സാഹസികമായ ഒരു മേഖലയില്‍ വളരെ ലളിതമായി പെരുമാറുകയും, സ്‌നേഹസമ്പന്നമായ ഒരു ഹൃദയം തനിക്കുണ്ടെന്ന്, ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്ത,
ഉമ്മന്‍ ചാണ്ടിയെന്ന പച്ചമനുഷ്യന്‍ അധികാരത്തിന്റെയും സ്ഥാനമാനങ്ങളിലൂടെയും മുകളില്‍ സൂര്യതേജസോടെ ജ്വലിച്ചു നില്ക്കുമ്പോഴും നാട്ടുകാരോടും വീട്ടുകാരോടും പഴയ കുഞ്ഞൂഞ്ഞായി തന്നെയാണ്. ഇടപെടുകയും സംസാരിക്കുകയും ചെയ്യുന്നത. ഇത് കാണുമ്പോള്‍ ഇങ്ങനെയും ഒരു രാഷ്ട്രീയക്കാരന് പെരുമാറാന്‍ കഴിയുമോ എന്നോര്‍ത്തുപോയി. ചരിത്രത്തിന്റെ താളുകളില്‍ കാലത്തിനു മായ്ച്ചു കളയാന്‍ കഴിയാത്ത ഒരു പ്രതിഭാസമായി ഈ കറകളഞ്ഞ മനുഷ്യന്‍ എന്നുമുണ്ടാകും; തീര്‍ച്ച

(കടപ്പാട് മലയാളം പത്രം)
വികസനവും കരുതലും.... ഉമ്മന്‍ ചാണ്ടി പറഞ്ഞത് (മീനു എലിസബത്ത്‌)വികസനവും കരുതലും.... ഉമ്മന്‍ ചാണ്ടി പറഞ്ഞത് (മീനു എലിസബത്ത്‌)വികസനവും കരുതലും.... ഉമ്മന്‍ ചാണ്ടി പറഞ്ഞത് (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക