Image

ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധന

Published on 05 December, 2012
ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധന
മസ്‌കറ്റ്‌: സ്വദേശിവല്‍കരണം ശക്തമായി തുടരുമ്പോഴും ഒമാനില്‍ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധന. ഈവര്‍ഷം നവംബറിലെ കണക്കുകള്‍ പ്രകാരം സുല്‍ത്താനേറ്റിലെ സ്വകാര്യമേഖലയില്‍ മാത്രം 14,60,645 വിദേശി ജീവനക്കാര്‍ ജോലിയെടുക്കുന്നുണ്ടെന്ന്‌ തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 12, 89,345 വിദേശികളാണ്‌ സ്വകാര്യമേഖലയില്‍ ജോലി ചെയ്‌തിരുന്നത്‌. 1,71,300 പേരാണ്‌ ഒരുവര്‍ഷത്തിനിടെ വര്‍ധിച്ചത്‌.

2,12,977 സ്വദേശികള്‍ മാത്രമാണ്‌ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നത്‌. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ സ്വദേശികളുടെ എണ്ണത്തില്‍ നേരിയ ഇടിവുണ്ടായി കഴിഞ്ഞവര്‍ഷം 218,588 സ്വദേശികള്‍ ഈ മേഖലയില്‍ ജോലി ചെയ്‌തിരുന്നു.

ഈവര്‍ഷം നവംബറില്‍ 3285 സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ അതേമാസം തന്നെ 2661 പേര്‍ ജോലി രാജിവെച്ചു. 831 പേര്‍ക്ക്‌ വിവിധ കാരണങ്ങളാല്‍ ജോലി നഷ്ടപ്പെടുകയും ചെയ്‌തു.
നവംബറില്‍ മാത്രം 36,755 തൊഴില്‍വിസകള്‍ക്ക്‌ മന്ത്രാലയം അനുമതി നല്‍കി. ഈമാസം 21,950 ജീവനക്കാര്‍ വിസ റദ്ദാക്കി നാട്ടില്‍ പോവുകയും ചെയ്‌തു. നവംബറില്‍ 1237 തൊഴിലാളികള്‍ സ്‌പോണ്‍സറില്‍ നിന്ന്‌ ഒളിച്ചോടിയതായി പരാതിയും ലഭിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക