Image

ഷൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹ്‌ വീണ്ടും കുവൈത്ത്‌ പ്രധാനമന്ത്രി

Published on 06 December, 2012
ഷൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹ്‌ വീണ്ടും കുവൈത്ത്‌ പ്രധാനമന്ത്രി
കുവൈത്ത്‌ സിറ്റി: ഷൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹിനെ കുവൈത്ത്‌ പ്രധാനമന്ത്രിയായി അമീര്‍ ശൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹ്‌ വീണ്ടും നിയമിച്ചു. പാര്‍ലമെന്‍റ്‌ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതോടെ കഴിഞ്ഞദിവസം രാജി സമര്‍പ്പിച്ചിരുന്ന ഷൈഖ്‌ ജാബിറിനെ പുതിയ മന്ത്രിസഭ രൂപവല്‍ക്കരിക്കാനായി വീണ്ടും അമീര്‍ ഷൈഖ്‌ സ്വബാഹ്‌ അല്‍ അഹ്മദ്‌ അസ്വബാഹ്‌ ക്ഷണിച്ചു.

ഈമാസം 16ന്‌ തുടങ്ങുന്ന 15ാമത്‌ പാര്‍ലമെന്‍റിന്‍െറ പ്രഥമ സമ്മേളനത്തിന്‌ മുന്നോടിയായി പുതിയ മന്ത്രിസഭാ അംഗങ്ങളെ നിയമിക്കാനും അവരുടെ പേരുകള്‍ തന്നെ അറിയിക്കാനും പ്രധാനമന്ത്രിയെ അമീര്‍ ചുമതലപ്പെടുത്തി.

64കാരനായ ശൈഖ്‌ ജാബിര്‍ നാലാം തവണയാണ്‌ പ്രധാനമന്ത്രിയാവുന്നത്‌. 2011നവംബര്‍ 28ന്‌ പ്രധാനമന്ത്രിയായിരുന്ന ശൈഖ്‌ നാസര്‍ അല്‍ മുഹമ്മദ്‌ അല്‍ അഹ്മദ്‌ അസ്വബാഹ്‌ രാജിവെച്ചതിനെ തുടര്‍ന്ന്‌ നവംബര്‍ 30നാണ്‌ ആദ്യമായി ശൈഖ്‌ ജാബിര്‍ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്‌.
ഫെബ്രുവരി 14നാണ്‌ 15 അംഗങ്ങളുമായി അദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള രണ്ടാമത്‌ മന്ത്രിസഭ അധികാരത്തിലേറിയത്‌.

പഴയതുപോലെ പാര്‍ലമെന്‍റും സര്‍ക്കാറും തമ്മിലുള്ള പോരിന്‌ കുറവൊന്നുമുണ്ടാകാതെ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ്‌ 2012ലെ പാര്‍ലമെന്‍റിനെ അയോഗ്യമാക്കിയും 2009 ലെ പാര്‍ലമെന്‍റിനെ പുന:സ്ഥാപിച്ചുമുള്ള ഭരണഘടനാ കോടതിയുടെ അസാധാരണ വിധി വരുന്നത്‌. ഭരണഘടനാ കോടതി വിധി പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ജൂണ്‍ 25ന്‌ ശൈഖ്‌ ജാബിര്‍ മന്ത്രിസഭ വീണ്ടും രാജിവെച്ചു. തുടര്‍ന്ന്‌ മൂന്നാം തവണയും ശൈഖ്‌ ജാബിര്‍ അല്‍ മുബാറകിനെ തന്നെ അമീര്‍ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. പിന്നീട്‌ ഈ വര്‍ഷത്തെ രണ്ടാം തെരഞ്ഞെടുപ്പിന്‌ ശേഷം പുതിയ പാര്‍ലമെന്‍റ്‌ സമ്മേളനം തുടങ്ങുന്നതിന്‍െറ മുന്നോടിയായി അദ്ദേഹം തിങ്കളാഴ്‌ച വീണ്ടും രാജിവെക്കുകയായിരുന്നു.

1948 ജനുവരി അഞ്ചിന്‌ ജനിച്ച ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അസ്വബാഹ്‌ 196871 കാലത്ത്‌ അമീരി ദിവാനിലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അഫയേഴ്‌സ്‌ സൂപ്പര്‍വൈസറായിട്ടാണ്‌ ഭരണരംഗത്തേക്ക്‌ കടന്നുവരുന്നത്‌. 71 മുതല്‍ 75 വരെ ഇതേ വിഭാഗത്തിന്‍െറ ഡയറക്ടറായി സേവനമനുഷ്‌ഠിച്ച അദ്ദേഹം അതിനുശേഷം 79 വരെ അമീരി ദിവാന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ആന്‍റ്‌ ഫൈനാന്‍ഷ്യല്‍ അഫയേഴ്‌സ്‌ അസിസ്റ്റന്‍റ്‌ അണ്ടര്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചു. 79 മുതല്‍ 85 വരെ കാപിറ്റല്‍ ഗവര്‍ണറേറ്റിന്‍െറയും 85 മുതല്‍ 86 വരെ അഹ്മദി ഗവര്‍ണറേറ്റിന്‍െറയും ഗവര്‍ണറായ ശേഷം 8688 കാലത്ത്‌ തൊഴില്‍, സാമൂഹിക വകുപ്പ്‌ മന്ത്രിയായും 8890 കാലയളവില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായും സേവനമനുഷ്‌ഠിച്ചു. ഇറാഖ്‌ അധിനിവേശത്തില്‍നിന്ന്‌ രാജ്യം മോചിതമായ ശേഷം 2011 വരെ അമീറിന്‍െറ ഓഫീസ്‌ ഉപദേശക പദവിയിലിരുന്ന ശൈഖ്‌ ജാബിര്‍ 2001ലാണ്‌ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായി നിയമിക്കപ്പെടുന്നത്‌. പിന്നീട്‌ ഇതുവരെ അതേ സ്ഥാനത്തിരുന്ന അദ്ദേഹം 2006ല്‍ ഒന്നാം ഉപപ്രധാനമന്ത്രിയുമായി. പിന്നീട്‌ പ്രധാനമന്ത്രി പദത്തിലേറുന്നതുവരെ ആ പദവിയിലായിരുന്നു ശൈഖ്‌ ജാബിര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക