Image

ലെബനന്റെ മുറിവ് ഉണങ്ങിയിട്ടൊന്നുമില്ല

ഹനനെ അദ്ദ/ ബിനീഷ് പുതുപ്പണം Published on 06 December, 2012
ലെബനന്റെ മുറിവ് ഉണങ്ങിയിട്ടൊന്നുമില്ല
(ലെബനന്‍ , അനേക സംസ്‌കാരങ്ങളുടെ സമന്വയ കേന്ദ്രം, പ്രാചീന കൃതികളിലെല്ലാം പരാമര്‍ശമുള്ള ദേവദാരുക്കളുടെ നാട്, സാഹിത്യം, സംഗീതം കല തുടങ്ങി സര്‍ഗ്ഗപരമായ ഔന്നത്യം വിളിച്ചോതുന്ന ഈ സാംസ്‌കാരിക പ്രദേശം ഇന്ന് കലാപങ്ങള്‍ക്കും യുദ്ധക്കെടുതികള്‍ക്കും ഇടയിലാണ്. എങ്കിലും കവികളും കലാകാരാമാരും ഇന്നും ലബനന്റെ സാംസ്‌കാരികതയെ സമ്പുഷ്ടമാക്കുന്നുണ്ട്. ഈയ്യിടെ നാഗ്പൂരില്‍വച്ചു നടന്ന അന്താരാഷ്ട്ര കവിതാ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ പ്രസിദ്ധ ലെബനന്‍ എഴുത്തുകാരി ഹനനെ അദ്ദുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്)

ആഭ്യന്തര കലാപവും അരാജകത്വവും കുടിയേറ്റവും കൊണ്ട് പൊറുതിമുട്ടിയ രാഷ്ട്രീയാവസ്ഥയാണ് ലെബനന്റേത്. ഇത്തരം അവസ്ഥകളില്‍ ശക്തമായ രാഷ്ട്രീയ കവിതകള്‍ ലെബനനില്‍ രൂപപ്പെട്ടിട്ടുണ്ടാകും. ലെബനന്‍ രാഷ്ട്രീയാവസ്ഥ എത്രമാത്രം കവിതകളെ സ്വാധീനിച്ചിട്ടുണ്ട്?
എന്റെ കവിതകളെ ലെബനന്‍ രാഷ്ട്രീയാവസ്ഥ വിപുമായി സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. എന്തുകൊണ്ടോ രാഷ്ട്രീയത്തിലിടപെടാനോ പ്രശ്‌നങ്ങളെ പഠിക്കാനോ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്താനോ ഏതെങ്കിലും സംഘടനകളില്‍ ചേരാനോ എനിക്ക് കഴിഞ്ഞിട്ടില്ല.

ഒരു എഴുത്തുകാരന്‍ / എഴുത്തുകാരിക്ക് രാഷ്ട്രത്തോടും സമൂഹത്തോടും കടപ്പാടും ഉത്തരവാദിത്വവുമുണ്ട്?
തീര്‍ച്ചയായും, അതില്‍ ഞാനും വിശ്വസിക്കുന്നു. പക്ഷെ പ്രത്യക്ഷത്തില്‍ രാഷ്ട്രീയത്തിലിടപെടാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ലെബനന്‍ പ്രശ്‌നങ്ങളെ മാറിനിന്ന് നോക്കിക്കാണാനാണ് പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. അതില്‍ എനിക്ക് ഖേദവുമുണ്ട്.

മാറിനിന്ന് നോക്കിക്കാണുകയെന്നാല്‍ -
പലപ്പോഴും ലെബനന്‍ രാഷ്ട്രീയം തീവ്രവാദപരമായിരുന്നു. ഫ്രഞ്ച് ആധിപത്യം, അറബ് ഇസ്രായേലി യുദ്ധാഭയാര്‍ത്ഥികള്‍, ക്രൈസ്തവ-ഇസ്ലാമിക സംഘര്‍ഷം തുടങ്ങിയവ നിലപാടുകളെ റിപ്പബ്ലിക്കില്‍ നിന്നും മാറ്റുകായയിരുന്നു. പത്രപ്രവര്‍ത്തനത്തിലൂടെ എനിക്കവ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. 1971 ല്‍ യാസര്‍ അറാഫത്തിന്റെ പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ.) ലെബനനിലേക്ക് മാറ്റിയത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണവുമായി. ലെബനന്‍ കേന്ദ്രമാക്കിയുള്ള പാലസ്തീന്‍ വിമോചന പ്രവര്‍ത്തനം പല ഏറ്റുമുട്ടലുകള്‍ക്കും കാരണമായി. പിന്നീടത് ക്രൈസ്തവരും സുന്നി, ഡ്രൂസ്, പാലസ്തീന്‍ മുസ്ലീകളും തമ്മിലുള്ള പോരാട്ടായി രൂപാന്തരപ്പെട്ടു. ഇത്തരം അവസ്ഥകളില്‍ ഏതെങ്കിലും മതത്തിന്റെയോ രാഷ്ട്രത്തിന്റെയോ ഭാഗബാക്കാവാന്‍ എനിക്കു സാധിക്കില്ല, ഇപ്പോഴും.

ഒന്നിനും അടിമപ്പെടാതെ സ്വതന്ത്രമായ നിലപാടുകളോടു കൂടി പ്രവര്‍ത്തിച്ചുകൂടെ-
അങ്ങനെയൊരു നിലാപുണ്ടോ. ദേശീയതയിലോ രാഷ്ട്രീയത്തിലോ ഇടപെടുമ്പോള്‍ നിങ്ങളേതെങ്കിലുമൊരു ആശയത്തിന്റെ അഥവാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. നിങ്ങള്‍ ഒന്നിന്റെ ഭാഗബാക്കായേ മതിയാകൂ.

അപ്പോള്‍ നിലപാടില്ല എന്നാണോ-
തീര്‍ച്ചയായും നിലപാടുകളുണ്ട്. ലെബനനെ ഞാന്‍ നോക്കികാണുന്നുണ്ട്, ലെബനനില്‍ നിന്നെഴുതുന്നുണ്ട്. പക്ഷെ പ്രത്യക്ഷ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെന്നു മാത്രം.


കേരളത്തില്‍ വരെ ലെബനനെ കുറിച്ചുള്ള വിലാപകാവ്യങ്ങളുണ്ടായിട്ടുണ്ട്. അതില്‍ ചിലത് ലെബനന്‍ എന്ന പേരില്‍ തന്നെയുള്ളതാണ്-
വളരെ നല്ല കാര്യം. ഒരു സാഹിത്യകാരന്‍ സങ്കുചിത ദേശീയതയേക്കാള്‍ സാര്‍വ്വത്രിക ദേശീയതയ്ക്ക് പ്രാമുഖ്യം നല്‍കുന്നുണ്ട്.

കേരളത്തില്‍ അയ്യപ്പപണിക്കര്‍ എന്ന കവി ലെബനനെ പ്രതിപാദിച്ചുകൊണ്ട് ശക്തമായ കവിത രചിച്ചിട്ടുണ്ട്.
അയ്യപ്പണിക്കരെ അറിയാം. - ഇതാ എന്റെ കയ്യിലുണ്ട്.(അന്താരാഷ്ട്ര കവിതാസംഗമത്തില്‍ അയ്യപ്പപണിക്കരുടെ മലയാള കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തിരുന്നു) എന്നാല്‍ അദ്ദേഹത്തിന്റെ ലെബനന്‍ എന്ന കവിതയെക്കുറിച്ചറിയില്ല.

പ്രത്യക്ഷ രാഷ്ട്രീയം കവിതാവിഷയമല്ല, അപ്പോള്‍ റൊമാന്റിക്കാണോ കാവ്യപ്രതിപാദ്യം-
അതൊക്കെ പഴഞ്ചനല്ലേ… ജീവിതാവസ്ഥകളെയാണ് എന്റെ കവിത മുന്നോട്ടുവയ്ക്കുന്നത്. അതിജീവനമാണ് അതിന്റെ സത്ത.

റൊമാന്റിക്കിനെ അങ്ങനെ തള്ളിക്കളായാനൊക്കുമോ? പ്രത്യേകിച്ച് ലെബനന്‍ സംസ്‌കാരത്തില്‍ -
തള്ളിക്കളയുകയല്ല. റൊമാന്റിക് പ്രസ്ഥാനത്തെയാണ് ഞാന്‍ ഉദ്ദേശിച്ചത്. അതിന് ഏറെ പഴക്കമുണ്ട്.
അതിനുശേഷം എത്ര പുതുമകള്‍ കാവ്യങ്ങളില്‍ രൂപപ്പെട്ടു. റൊമാന്റിക് ജീവിതത്തിന്റെ ഭാഗമാണെന്നുമാത്രം. കേവല സ്വപനാടകരായി ജീവിക്കാനോ എഴുതാനോ ഇന്ന് സാധ്യമല്ല.

പ്രണയവും കാല്‍പനികതയും കൂടുകലര്‍ന്ന പാബ്‌ളോനെരൂദ പോലും പിന്നീട് പ്രണയകവിതകള്‍ വിട്ട് വരൂ തെരുവിലെ രക്തം കാണൂ എന്ന് എഴുതിയിട്ടുണ്ട്. സാഹചര്യങ്ങളനുസരിച്ച് കവിതയ്ക്കും പരിണാമം സംഭവിക്കു
ന്നുണ്ടല്ലോ-

അതാണ് ഞാന്‍ തൊട്ടുമുമ്പ് കവിതയ്ക്കും പരിണാമം സംഭവിക്കുന്നുണ്ടല്ലോ-
അതാണ് ഞാന്‍ തൊട്ടുമുമ്പു സൂചിപ്പിച്ചത്. ഒരു രാഷ്ട്രം കത്തുമ്പോള്‍ ഒരാള്‍ക്കങ്ങനെ പ്രണയത്തെ സ്വപനം കാണാനാകും. പ്രണയം സ്വാഭാവികതയാണ്. അത് സംഭവിക്കുകയും സംഭവിക്കാതിരിക്കുകയും ചെയ്യാം. പക്ഷെ യഥാര്‍ത്ഥ ജീവിതം സ്വപ്നങ്ങളില്‍ നിന്നും ഏറെ അകലെയാണ്.


 
പ്രണയ ജീവിതത്തില്‍ നിന്ന് അന്യമാണെന്നോ-
അങ്ങനെ പറഞ്ഞിട്ടില്ല. നന്നായി പ്രണയിച്ചിട്ടുള്ള ഒരാളാണ് ഞാന്‍, ഇപ്പോഴും പ്രണയിക്കുന്നു. പ്രണയം ഉണരുകയും കൊഴിയുകയും ചെയ്യാം. പക്ഷെ ജീവിതത്തെ മരണം വരെ നിലനിര്‍ത്തിയേ മതിയാകൂ.

അതിജീവനമാണ് കവിതാവിഷയമെന്ന് പറഞ്ഞല്ലോ. വിശദീകരിക്കാമോ-
ജലം പോലെയാണ് ജീവിതം. ചിലപ്പോള്‍ നന്നായി ഒഴുകും. മറ്റു ചിലപ്പോള്‍ കെട്ടിനില്‍ക്കും. പലതും വന്നടിഞ്ഞുകൂടും. വറ്റിവരണ്ടുപോകും. വീണ്ടും കുത്തിയൊഴുകും. ഇങ്ങനെ ഓരോന്നിനേയും മനസിലാക്കാനുള്ള മുന്നേറ്റം. അതാണ് ജീവിതം. അതുതന്നെയാണ് അതിജീവനം.

ജീവിതം കൊണ്ട് മുറിവേറ്റവരുടെ വാക്കാണ് കവിത- അങ്ങനെ മുറിവുകളും-
മുറിവുകളില്ലാത്ത ജീവിതമുണ്ടോ. മുറിവുകളെ ഉണക്കാനുള്ളതല്ലേ സാഹചര്യങ്ങളും സ്‌നേഹബന്ധങ്ങളും ഒപ്പം കവിതകളും.

മുറിവു വീഴ്ത്തിയ അനുഭവം പങ്കുവയ്ക്കാമോ-
ഓര്‍മ്മകളെ ചികഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ക്ഷമിക്കുക…

സ്വജീവിതം-
സന്തോഷവും ഒപ്പം സന്താപമായും മുന്നേറുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നു. ധാരാളം പ്രദേശങ്ങളില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞു. യോജിച്ച ഒരാളത്തന്നെ കൂട്ടായി കിട്ടി.

യോജിച്ച കൂട്ട്-
ഓസ്ട്രിയക്കാരനായ പീറ്റര്‍ വോ.

നമുക്ക് ലെബനനിലേക്ക് തിരിച്ചുവരാമെന്ന് തോന്നു. ബൈബിളിലെ പല ഭാഗത്ത് ലെബനനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പ്രത്യേകിച്ച് ഉത്തമഗീതത്തില്‍. പ്രണയസംഭാഷണമല്ലോ ഉത്തമഗീതം. അപ്പോള്‍ ലെബനന്‍ കാവ്യത്തിലും പ്രണയഗീതങ്ങള്‍ ഉടലെടുത്തിട്ടുണ്ടാകുമല്ലോ-

പ്രണയകാവ്യങ്ങള്‍ ഉയര്‍ന്നുവരാത്ത രാജ്യങ്ങളേതാണുള്ളത്. ലെബനനില്‍ ധാരാളം പ്രണയാതുരമായ കാവ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നുണ്ട്. എന്റെ കവിതകളിലും പ്രണയം കടന്നുവരാറുണ്ട്.

 
യൂറോപ്പിലേക്കുള്ള അറബിലോകത്തിന്റെ കവാടമാണ് ലെബനന്‍. അതുകൊണ്ടുതന്നെ ക്രൈസ്തവ-ഇസ്ലാമിക സംസ്‌ക്കാരങ്ങളുടെ സമന്വയവും ലെബനനുണ്ട്. സാഹിത്യത്തെ എത്രമാത്രം ഇത് സ്വാധീനിച്ചിട്ടുണ്ട്.-
ലെബനന്‍ സാഹിത്യസംസ്‌കാര ചരിത്രത്തെക്കുറിച്ച് അഗാധമായ പ്രാവീണ്യമൊന്നും എനിക്കില്ല. വിവിധ സംസ്‌കാരങ്ങളുടെ സമന്വയമുള്ളതുകൊണ്ടുതന്നെ വ്യത്യസ്തമായ സാഹിത്യവും സംഗീതവും കലകളും ലെബനനിലുണ്ട്. അല്‍ ഒമാരി, അമിര്‍മുസിര്‍ പള്ളികളും സെയ്ന്റ് ജോര്‍ജ്ജ് ദേവാലയങ്ങളും ലെബനന്‍ നിര്‍മ്മാണ രംഗത്തെ വെളിച്ചത്തു കൊണ്ടുവരുന്നവയാണ്.

ലെബനന്റെ സമ്പുഷ്ടമായ പൂര്‍വ്വചരിത്രത്തെയും സാഹിത്യത്തെയും കലാപങ്ങള്‍ നിറഞ്ഞ ആധുനിക ഘട്ടത്തെയും എങ്ങനെ വിലയിരുത്തുന്നു-
എല്ലാ രാജ്യങ്ങളുടെയും പൂര്‍വ്വചരിത്രം സമ്പുഷ്ടമാണെന്ന് നമ്മള്‍ വിശ്വസിച്ചുപോരുന്നു. ഒപ്പം സംഘട്ടനങ്ങളെയും സംഘര്‍ഷങ്ങളെയും ചരിത്രം പലപ്പോഴും മറച്ചുപിടിക്കുകയും ചെയ്യുന്നു. മതപരമായ വൈരം ലെബനനില്‍ പൂര്‍വ്വഘട്ടത്തില്‍ തന്നെ നിലനിന്നിരുന്നു. ഇത്രയും സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ആധുനികകാലത്തും നടക്കുന്നത്. അതില്‍ ചില വ്യത്യാസങ്ങളുണ്ടെന്നുമാത്രം. ലെബനന്റെ ചോര ചിന്തുന്ന മുറിവ് ഇപ്പോഴും മുറിവായ്തന്നെ നിലനില്‍ക്കുന്നു.

സാഹിത്യത്തെക്കുറിച്ച്-
ഞാന്‍ പറഞ്ഞല്ലോ. പ്രണയവും വിരഹവും രാഷ്ട്രയവും മതവും ദേശീയതയുമെല്ലാം ലെബനന്‍ സാഹിത്യത്തില്‍ കടന്നുവരാറുണ്ട്.

കാവ്യപ്രചോദനം-
ഏതു കൃതി കിട്ടിയാലും വായിക്കുന്ന ശീലമുണ്ടായിരുന്നു. ഇത്തരം വായനകള്‍ കവിതയിലേക്കെത്തിച്ചു. ഒരു നോവലോ പഠനമോ എഴുതാന്‍ ധാരാളം സമയവും കാലദൈര്‍ഘ്യവും വന്നേക്കാം. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഒരാശയത്തെ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. ചുരുക്കം വരികളിലൂടെ വലിയൊരാശയത്തെ പ്രതിനിധാനം ചെയ്യാന്‍ കവിതയ്ക്ക് കഴിയുമെന്നതിനാല്‍ കാവ്യവഴി സ്വീകരിച്ചു.

 
തന്റെ കൃതികള്‍ മുഴുവന്‍ സ്വീകരിക്കപ്പെടണമെന്ന വാശി ചില എഴുത്തുകാര്‍ക്കുണ്ട്. ഇത്തരം വാശികള്‍ പലപ്പോഴും നിരാശയിലെത്തിക്കാറുണ്ട്. നിരാശയോടെ ആത്മഹത്യ ചെയ്ത കവികള്‍ നമുക്കു മുന്നിലുണ്ട്. അത്തരക്കാരെക്കുറിച്ച്-
എഴുത്ത് പലപ്പോഴും ആഹാരം പോലെയാണ്. എല്ലാ ആഹാരവും എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. എഴുത്തുകാരന്‍ ഒരു പാചകക്കാരനാണ്. ചിലപ്പോള്‍ എത്രനന്നായി പാകപ്പെടുത്തിയാലും കഴിക്കുന്നവര്‍ക്ക് രുചികരമായി തോന്നണമെന്നില്ല. അതില്‍ നിരാശയോ ദുഃഖമോ ആവശ്യമില്ല.

ഇതുവരെ നിരാശ തോന്നിയിട്ടില്ലേ-
ഇപ്പോഴും തോന്നുന്നുണ്ട്. ഇന്ത്യയിലെത്തിയിട്ടും മുഴുവന്‍ പ്രദേശങ്ങളിലും സഞ്ചരിക്കാനാകിലല്ലോ എന്നോര്‍ത്ത്.

ഇന്ത്യയെക്കുറിച്ച്-
നല്ല രാഷ്ട്രം. ജനാധിപത്യ വിശ്വാസികളാണല്ലോ. അതുതന്നെ ഏറ്റവും മഹത്തായ കാര്യം.

ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ച്-
കൂടുതലറിയില്ല. ഞാനൊരു സാഹിത്യ ചരിത്രാന്വേഷകയല്ല.

 
എഴുത്തും സമ്പത്തും എന്നത് അത്ഭുതകരമായ കാര്യമാണ്. എഴുത്തിലൂടെ കോടീശ്വരരായ എഴുത്തുകാര്‍ ധാരാളമുണ്ട്. എഴുത്തിനെ സാമ്പത്തികോപാധിയായി കാണുന്നുണ്ടോ-
സമ്പത്തുണ്ടാക്കണമെങ്കില്‍ എഴുത്തുതന്നെ വേണമെന്നില്ലല്ലോ. ബിസിനസ്, ജോലി തുടങ്ങി മറ്റെന്തെങ്കിലും മേഖലയിലേക്ക് തിരഞ്ഞാല്‍ പോരെ. കോടീശ്വരരും പ്രഭുക്കരുമായിരിക്കുമ്പോള്‍ തന്നെ എഴുത്തിലേക്ക് കടന്നുവന്നആളുകള്‍ ഏറെയുണ്ട്. കവിതയ്ക്കുവേണ്ടി സമ്പത്തു മുഴുവന്‍
ഉപേക്ഷിച്ച് അലഞ്ഞവരുമുണ്ടായിട്ടുണ്ട്. കവിത വേറെ, സമ്പത്ത് വേറെ. പട്ടിണി കിടന്ന് മരണത്തോട് മല്ലടിക്കുന്നവന്റെ കവിത സമ്പത്തു മോഹിച്ചുള്ളതാവണമെന്നില്ല. അവന്റെ വേദനകളുടെയും അനുഭവങ്ങളുടെയും ബാഹ്യപ്രയാണമായിരിക്കും അവന്റെ കവിത.

സമ്പത്തിനുവേണ്ടി എഴുതുന്നവരെക്കുറിച്ച്-
അങ്ങനെയുള്ളവര്‍ ഉണ്ടായിരിക്കാം. അത്തരം രചനകള്‍ യഥാര്‍ത്ഥ അനുഭവങ്ങളില്‍ നിന്നും സത്യത്തില്‍ നിന്നും ഏറെ അകലെയായിരിക്കും. എഴുത്ത് ബിസിനസ്സല്ല.

എഴുത്ത് ബിസിനസ്സല്ല. പക്ഷെ പ്രസാധനം ബിസിനസ്സാണ്. ധനസമാഹരണത്തിനു വേണ്ടിയും ലാഭം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയുമാണ് പബ്ലിഷിംഗ് ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നത്. യാതൊരു സാമ്പത്തിക നേട്ടുമില്ലെങ്കില്‍ കൃതികള്‍ അച്ചടിക്കാന്‍ ആരെങ്കിലും തയ്യാറാവുമോ-
പ്രസാധനവും പ്രസാധകരും പൂര്‍ണ്ണമായും ലാഭക്കൊതിയാരാണെന്നു പറയാന്‍ കഴിയില്ല. നല്ല കൃതികളെ സാമ്പത്തികം നോക്കാതെ പ്രസിദ്ധീകരിക്കുന്നവര്‍ ഏറെയുണ്ട്. കൃതികള്‍ പ്രസിദ്ധീകരിച്ച് നഷ്ടത്തിലായ പ്രസാധകരെയും നമുക്ക് കണ്ടെത്താന്‍ കഴിയും.

പ്രസിദ്ധരാകാന്‍ കൊതിക്കുന്നവരാണ് പലരും. ലോകപ്രശസ്തയാകാനുള്ള ആഗ്രഹം നിലനില്‍ക്കുന്നുണ്ടോ-
പ്രശസ്തി ആരാണ് ഇഷ്ടപ്പെടാത്തത്. എന്നെ ഇന്റര്‍വ്യൂ ചെയ്യുന്നതുപോലും പ്രസിദ്ധിക്കുവേണ്ടിയല്ലേ. നമ്മള്‍ ചെയ്യാനുള്ളതു ചെയ്യുക, എഴുതാനുള്ളത് എഴുതുക. പ്രശസ്തി താനെ കൈവന്നുകൊള്ളും.

വിധിയില്‍ വിശ്വാസമുണ്ട് അല്ലെ-
എന്താണു വിധി, എനിക്കറിയില്ല. ഭാഗ്യം, ഭാഗ്യം എന്ന് ഞാനും ചിലപ്പോഴൊക്കെ പറയാറുണ്ട്.

എഴുതിക്കഴിഞ്ഞാല്‍ കവിത കവിയുടെതല്ല, വായനക്കാരന്റെതാണ്. ഇതിനോടെങ്ങനെ പ്രതികരിക്കുന്നു.
എഴുതുമ്പോഴെന്നല്ല. എഴുതിക്കഴിഞ്ഞാലും എഴുത്തുകാരന്‍ മരിച്ചാലും കവിത കവിയുടെതാണ്. വായനക്കാരന്‍ അത് ആസ്വദിക്കുകയോ ആസ്വദിക്കാതിരിക്കുകയോ ചെയ്യുന്നു എന്നുമാത്രം. തേന്‍ തേനീച്ചകളുടെതല്ലല്ലോ. പൂവിന്റേതല്ലേ.

സംസ്‌കൃത സാഹിത്യത്തില്‍ ഒരു ചൊല്ലുണ്ട്, കവിയുടെ കര്‍മ്മമാണ് കവിതയെന്ന്-
ശരിയാണ്. കവിത കവിയുടെ പ്രവൃത്തിതന്നെയാണ്.

ഭാവി ജീവിതത്തെക്കുറിച്ച്-
വര്‍ത്തമാനത്തില്‍ നിന്നുകൊണ്ട് ഓര്‍മ്മകളെ പകര്‍ത്തുന്നവരാണ് എഴുത്തുകാര്‍ . എന്നിരുന്നാലും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും വ്യാകുലതകളും അവരെ അലട്ടിക്കൊണ്ടിരിക്കും. എനിക്കും അത്തരത്തിലുള്ള ഭാവി വ്യാകുലതകളുണ്ട്.

ഇനിയും ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടോ-
ക്ഷണിക്കപ്പെടുകയാണെങ്കില്‍ എത്ര തവണയും എത്ര കവിതകള്‍ വേണമെങ്കിലും ചൊല്ലും. ചുരുക്കം വരികളാണെങ്കിലും മൂര്‍ച്ചയുള്ളവയാണ് ഇന്ത്യന്‍ കവിതകള്‍, അവതരിപ്പിച്ചവ കേട്ടപ്പോള്‍ തോന്നിയതാണ്.

കവിതകളിലൂടെ ലോകം മുഴുവന്‍ വെളിച്ചം വീശാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു-
നന്ദി. തിരിച്ചും അങ്ങനെയാവട്ടെ.


*****
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക