Image

പ്രവാസികള്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും, മന്ത്രിയാകാനും കഴിയും: സ്‌പീക്കര്‍ കാര്‍ത്തികേയന്‍

Published on 07 December, 2012
പ്രവാസികള്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും, മന്ത്രിയാകാനും കഴിയും: സ്‌പീക്കര്‍ കാര്‍ത്തികേയന്‍
മസ്‌കറ്റ്‌: രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിച്ചാല്‍ പ്രവാസികള്‍ക്ക്‌ തരഞ്ഞെടുപ്പില്‍ മത്സരിക്കാനും, മന്ത്രിയാകാനും കഴിയുമെന്ന്‌ നിയമസഭാ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ പറഞ്ഞു. മസ്‌കറ്റ്‌ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ്‌ ദിപ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ക്ക്‌ വോട്ടവകാശം ലഭിച്ച പശ്ചാത്തലത്തില്‍ അവര്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന്‌ തടസമുണ്ടാകില്ല. എന്നാല്‍ ഒരേസമയം വിദേശത്ത്‌ താമസിച്ച്‌ ജോലിയെടുക്കുകയും നാട്ടില്‍ നിയമസഭാഗവും മന്ത്രിസഭാംഗവും ആകുന്നതിന്‍െറ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേ പ്രവാസിയായിരുന്നവര്‍ ഇപ്പോള്‍ മന്ത്രിസഭയില്‍ അംഗമാണ്‌.
ജനസംഖ്യാനുപാതികമായി സംവരണത്തിലൂടെയും മറ്റും പ്രവാസികളെ നിയമസഭയില്‍ കൊണ്ടുവരുന്നതിന്‌ നിലവില്‍ നിയമമില്ല. അതിനു വിപുലമായ നിയമഭേദഗതി നടത്തേണ്ടിവരും. കേന്ദ്രതലത്തിലാണ്‌ അത്തരം തീരുമാനങ്ങളുണ്ടാകേണ്ടതെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹാരം തേടുകയും ചെയ്യുന്ന നിയമസഭാസമിതി അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ നേതൃത്വത്തില്‍ സജീവമാണ്‌. കേരളത്തില്‍ നിന്ന്‌ സര്‍വീസ്‌ നടത്തുന്ന എയര്‍ഇന്ത്യ വിമാനങ്ങളില്‍ മലയാളം സംസാരിക്കാനറിയാവുന്ന ജീവനക്കാരുണ്ടാവണമെന്ന്‌ അടുത്തിടെ സമിതി വ്യോമയാനമന്ത്രിയെ കണ്ട്‌ ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി ഉറപ്പും നല്‍കി. വിദേശത്തെ പ്രവാസികളുടെ മാത്രം പ്രശ്‌നങ്ങളല്ല കേരളത്തിന്‌ പുറത്തുള്ള മലയാളികളുടെ പ്രശ്‌നങ്ങളും ഈസമിതി പരിഗണിക്കാറുണ്ട്‌. നിയമ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകമാകാന്‍ രാഷ്ട്രീയപാര്‍ട്ടികളാണ്‌ മനസുവെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക