Image

ഒരു പ്രാര്‍ത്ഥന (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 06 December, 2012
ഒരു പ്രാര്‍ത്ഥന (കവിത: ജി. പുത്തന്‍കുരിശ്‌)
`തിരുവിഷ്‌ടം പോലെയാകെണെ' എന്നു നീ
ഉരുവിട്ട മന്ത്രം ഉള്ളില്‍ ധ്വനിക്കുമ്പോള്‍
എന്‍മോഹമൊക്കയും ദൂരെയെറിഞ്ഞു ഞാന്‍
നിന്‍ സവിധത്തില്‍ അണയുന്നു ചിന്മയാ
ഇല്ലെനിക്കും അതിനപ്പുറം അര്‍ത്ഥിപ്പാന്‍
തള്ളരുതെന്റെയിയാചന നാഥനെ
ഉത്തരമൊന്നിനും ഇല്ലാതെ ഉഴലുമ്പോള്‍
എത്തുന്നെന്റ ഉള്ളത്തില്‍ സ്വാന്തനമേകി നീ
ഒന്നത്‌ കുത്തിക്കുറിക്കുവാന്‍ ഇത്താളില്‍
പിന്നത്‌ പാടി ഭജിച്ചു രസിക്കുവാന്‍
വാക്കുകള്‍ക്കായി ഞാന്‍ തപ്പിതടയുമ്പോള്‍
വാര്‍ക്കുന്നു മിഴിയില്‍ നിന്നുനീര്‍ അറിയാതെ
എവിടുന്നു പൊട്ടിപ്പൊടിക്കുന്നീ കണ്ണീര്‍
അവിടുത്തെ സ്‌നേഹത്തിന്‍ സ്വച്ഛപ്രവാഹമോ
ഏതോ അഭൗമമാം ശക്‌തിതന്‍ വേഴ്‌ചയൊ
താതനെ ഹാ! അതോ നീ തന്നയൊ അത്‌
എന്താകിലും ആ കുളിര്‍ ചോലയില്‍ മുങ്ങി ഞാന്‍
സന്താപമെല്ലാം അകറ്റുന്നതത്‌ഭുതം
വന്നു ഭവിക്കട്ടിയാനന്ദ നിര്‍വൃതി
നിന്നെ തിരയുന്ന മാനുഷര്‍ക്കേവര്‍ക്കും.
ഒരു പ്രാര്‍ത്ഥന (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക