Image

വിവിധ കുറ്റകൃത്യങ്ങള്‍ക്ക്‌ ഗള്‍ഫില്‍ ജയിലുകളില്‍ കഴിയുന്നത്‌ നാലായിരത്തിലേറെ ഇന്ത്യക്കാരെന്ന്‌ അഹ്‌മദ്‌

Published on 08 December, 2012
വിവിധ കുറ്റകൃത്യങ്ങള്‍ക്ക്‌ ഗള്‍ഫില്‍ ജയിലുകളില്‍ കഴിയുന്നത്‌ നാലായിരത്തിലേറെ ഇന്ത്യക്കാരെന്ന്‌ അഹ്‌മദ്‌
ദുബായ്‌: ഗള്‍ഫില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്ക്‌ ജയിലില്‍ കഴിയുന്നത്‌ നാലായിരത്തിലേറെ ഇന്ത്യക്കാരെന്ന്‌ റിപ്പോര്‍ട്ട്‌.വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദാണ്‌ ഡിസംബര്‍ ആറിന്‌ രാജ്യസഭയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

4,008 ഇന്ത്യക്കാരുള്ളതില്‍ സൗദി അറേബ്യയിലാണ്‌ ഏറ്റവും കൂടുതല്‍ പേരുള്ളത്‌. ഏറ്റവും കുറവ്‌ ബഹ്‌റൈനിലുമാണ്‌.

ലോകത്തെ 112 രാജ്യങ്ങളിലായി 6,569 ഇന്ത്യക്കാരാണ്‌ വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട്‌ ജയിലില്‍ കഴിയുന്നത്‌. ഈ കണക്കില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്ന്‌ രാജീവ്‌ പ്രതാപ്‌ റൂഡിയുടെ ചോദ്യത്തിന്‌ രേഖാമൂലം നല്‍കിയ മറുപടിയില്‍ ഇ. അഹമ്മദ്‌ വ്യക്തമാക്കി.

വിവിധ രാജ്യങ്ങളില്‍നിന്ന്‌ ലഭ്യമായ കണക്ക്‌ പ്രകാരം ജയിലില്‍ കഴിയുന്ന 6,569 പേരില്‍ 4,008 പേര്‍ ഖത്തര്‍ ഒഴികെയുള്ള അഞ്ച്‌ ഗള്‍ഫ്‌ രാജ്യങ്ങളിലെ ജയിലിലാണ്‌. സൗദി അറേബ്യ 1691, കുവൈത്ത്‌ 1161, യു.എ.ഇ 1012, ഒമാന്‍ 82, ബഹ്‌റൈന്‍ 62 എന്നിങ്ങനെയാണ്‌ തടവുകാരുടെ എണ്ണം. ഖത്തറിലെ വിവരം ലഭ്യമല്ലെന്നാണ്‌ ഇതുസംബന്ധിച്ച കോളത്തില്‍ രേഖപ്പെടുത്തിയത്‌.

ഇന്ത്യയില്‍ ശിക്ഷിക്കപ്പെടുന്ന യു.എ.ഇ പൗരന്‍മാര്‍ക്ക്‌ തങ്ങളുടെ നാട്ടിലെ ജയിലിലും കഴിയാം. യു.എ.ഇയിലെ വിവിധ ജയിലുകളിലായി 1,012 ഇന്ത്യക്കാരുണ്ട്‌. എന്നാല്‍, ഇവരുടെ കുറ്റങ്ങള്‍ സംബന്ധിച്ച വിവരം ലഭ്യമല്ലെന്നാണ്‌ മന്ത്രി പറഞ്ഞത്‌. കൊലപാതകം, മനുഷ്യക്കടത്ത്‌, അനധികൃത മദ്യ വില്‍പന, കവര്‍ച്ച, രേഖകളില്‍ കൃത്രിമം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാണ്‌ 82 പേര്‍ ഒമാന്‍ ജയിലിലുള്ളത്‌. ബലാത്സംഗം, കൊലപാതകം, കവര്‍ച്ച, മയക്കുമരുന്ന്‌ കടത്ത്‌ തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട്‌ 1,161 പേര്‍ കുവൈത്ത്‌ ജയിലില്‍ കഴിയുന്നതായും ഇ. അഹമ്മദ്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക