Image

വാനിലുദിച്ച നക്ഷത്രമായി ബര്‍ണബാസ്‌ തിരുമേനി (ജോര്‍ജ്‌ തുമ്പയില്‍)

Published on 09 December, 2012
വാനിലുദിച്ച നക്ഷത്രമായി ബര്‍ണബാസ്‌ തിരുമേനി (ജോര്‍ജ്‌ തുമ്പയില്‍)
മനസില്‍ തീരാദുഖത്തിന്റെ തിരകളവശേഷിപ്പിച്ചുകൊണ്ടാണ്‌ നമുക്കേറ്റവും ആദരണീയനായ ബര്‍ണബാസ്‌ തിരുമേനി ശാശ്വത വിശ്രമത്തിനായി ഇഹലോകത്തുനിന്നും പറന്നകന്നിരിക്കുന്നത്‌. നാട്ടില്‍ നിന്നുള്ള ആ വിയോഗ വാര്‍ത്തയറിഞ്ഞതുമുതല്‍ വല്ലാത്തൊരു ആത്മീയ നഷ്‌ടബോധം അലട്ടിക്കൊണ്ടിരിക്കുന്നു. ഓര്‍മകള്‍ പിന്നാക്കം സഞ്ചരിക്കുകയാണ്‌. തിരുമേനിക്കൊപ്പം നടന്ന വഴിത്താരകള്‍... അവിടെ സ്‌നേഹത്തിന്റെ മന്ദസ്‌മിതം തൂകുന്ന സുന്ദര മുഖം ചൈതന്യത്തോടെ തന്നെ ഞാന്‍ കാണുന്നു.... ലാളിത്യത്തിന്റെ പാദസ്‌പര്‍ശമേറ്റ ആ മണ്‍തരികള്‍ എന്റെ കണ്‍കോണുകളില്‍ നിന്നുതിര്‍ന്നു വീണ കണ്ണീര്‍ കണങ്ങള്‍ കൊണ്ട്‌ നനഞ്ഞുവോ...

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപനായി ഇവിടെ എത്തിയതുമുതല്‍ തിരുമേനിക്കൊപ്പം സഭയുടെ പല മേഖലയിലും പ്രവര്‍ത്തിക്കാന്‍ സാധിച്ചത്‌ തീര്‍ച്ചയായും ഒരു ദൈവ നിയോഗമായും അപൂര്‍വ ഭാഗ്യമായും കാണുന്നു. ആത്മാവില്‍ നന്മ മാത്രം നിറച്ച തിരുമേനിയുടെ സത്യസന്ധതയും ലാളിത്യവും വര്‍ണിക്കാന്‍ വാക്കുകള്‍ തേടി അലയേണ്ടി വരും. എന്നും പിതൃനിര്‍വിശേഷ സ്‌നേഹം യഥേഷ്‌ടം ചൊരിഞ്ഞു തന്ന ബര്‍ണബാസ്‌ തിരുമേനി എന്റെ ആത്മീയ ഗുരു മാത്രമല്ല, ജിവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്യാന്‍ പ്രാപ്‌തനാക്കുന്ന മാര്‍ഗദര്‍ശി കൂടിയാണ്‌.

എന്റെ നാടായ പാമ്പാടിയിലെ ദയറായില്‍ അംശവടിയേന്തിയ തിരുമേനിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തനായി വച്ച്‌ പ്രാര്‍ഥനകള്‍ നടക്കുന്നത്‌ കര്‍മഭൂമിയിലിരുന്ന്‌, ഓര്‍ത്തഡോക്‌സ്‌ ടെലിവിഷനിലൂടെ കാണുമ്പോള്‍ മനസും ഏഴുകടലുകള്‍ കടക്കുന്നു. വിയോഗ വ്യഥ ഖനീഭവിച്ചു കിടക്കുന്ന വേളയില്‍ ചില അനുഭവങ്ങള്‍ കുറിക്കട്ടെ...

വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌. കോലഞ്ചേരി ആശുപത്രിയില്‍ വച്ച്‌ അദ്ദേഹത്തെ കാണാനിടയായി. തിരുമേനി അപ്പോള്‍ ആശുപത്രി ചാപ്ലെയ്‌ന്‍ ആയിരുന്നു. പിന്നീട്‌ ഇടുക്കി ഭദ്രാസനാധിപനായി. അക്കാലത്ത്‌ അദ്ദേഹം കുമളി ചക്കുപള്ളത്തേയ്‌ക്ക്‌ പ്രൈവറ്റ്‌ ബസിലാണ്‌ സഞ്ചരിച്ചിരുന്നത്‌. പുരോഹിത സമൂഹം പഞ്ച നക്ഷത്ര ആര്‍ഭാടത്തില്‍ ജിവിക്കുന്ന ഇക്കാലത്ത്‌ ബര്‍ണബാസ്‌ തിരുമേനിയുടെ ഈ മഹത്തായ മാതൃക ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. അത്രമേല്‍ എളിയവനായിരുന്നു ജീവിതത്തിലുടനീളം ഈ സഭാധ്യക്ഷന്‍.

എന്റെ ജീവിത വ്യാപാരത്തില്‍ ഋതുക്കള്‍ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു... വസന്തവും ശിശിരവുമൊക്കെ മാറി മാറി വന്നു. കുറച്ചുകാലം ബോംബെയില്‍ കറങ്ങി. പിന്നെ സൗദിയില്‍ ജീവിച്ചു. ഒടുവില്‍ അമേരിക്കയിലുമെത്തി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ ഭദ്രാസന സാരഥിയായി തിരുമേനിയും ഇവിടെ വന്നു. വെസ്റ്റ്‌ സെയ്‌വില്‍ പള്ളിയിലെ സൂന്ത്രോണീസോ ശുശ്രൂഷാ സമയത്ത്‌ ആദരണീയനായ റവ. സി.എം. ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പയ്‌ക്കൊപ്പം തിരുമേനിയുമായി സംവദിക്കാനവസരം കൈവന്നു. പ്രസ്‌തുത ആഘോഷത്തോടനുബന്ധിച്ച്‌ ഒരു സുവനീര്‍ പുറത്തിറക്കാന്‍ നിശ്ചയിച്ചിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ തക്ക സമയത്ത്‌ സുവനീര്‍ പൂര്‍ത്തിയാക്കി കിട്ടിയില്ല. അതേ സമയം ഈ ചടങ്ങുമായി ബന്ധപ്പെട്ട്‌ മലയാളം പത്രം ഒരു മള്‍ട്ടികളര്‍ സ്‌പെഷല്‍ സപ്ലിമെന്റ്‌ തയ്യാറാക്കി നല്‍കി. ഇതാണ്‌ സുവനീറായി തിരുമേനി പുറത്തിറക്കിയത്‌. അദ്ദേഹം അന്ന്‌ പത്രത്തെ ശ്ലാഘിക്കുകയും ചെയ്‌തത്‌ ഇത്തരുണത്തില്‍ സ്‌മരിക്കുന്നു.

തിരുമേനിക്ക്‌ എഴുപതു വയസു തികഞ്ഞസമയത്ത്‌ അരമനയില്‍ വച്ച്‌ ഒരഭിമുഖസംഭാഷണം നടത്തുകയുണ്ടായി. ലളിത പൂര്‍ണമായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ്‌ അദ്ദേഹം വാചാലനായത്‌. തന്റെ ഇഷ്‌ടഭക്ഷണം കഞ്ഞിയും പയറുമാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഈ അഭിമുഖം മലയാളം പത്രത്തിന്റെ യു.എസ്‌. കോര്‍ണറില്‍ അച്ചടിച്ചു വന്നതു കണ്ട്‌ ഫോണ്‍ വിളിച്ച്‌ `വളരെ നന്നായിട്ടുണ്ട്‌' എന്നു പറയുകയും അദ്ദേഹത്തിന്റെ നിര്‍ലോഭമായ നന്ദി എന്നെ അറിയിക്കുകയും ചെയ്‌തു.

നെടുമ്പാശേരി വിമാനത്താവളം സാര്‍ഥകമാക്കുന്നതിനായി, അമേരിക്കന്‍ മലയാളികളുടെ പിന്തുണയോടെ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‌ ഒരു നിവേദനം സമര്‍പ്പിക്കാന്‍ മലയാളം പത്രം ഒപ്പുശേഖരണ കാമ്പെയ്‌ന്‍ നടത്തുന്ന കാലം. പത്രത്തിന്റെ മാനേജിംഗ്‌ എഡിറ്റര്‍ വി.ജെ.മാത്യുവും (കൊച്ചുമോന്‍) ഈ ലേഖകനും കൂടി ബര്‍ണബാസ്‌ തിരുമേനിയെ അരമനയില്‍ ചെന്നു കണ്ടു. ഈ സംഭവിത്തിന്‌ സര്‍വവിധ പിന്തുണയും ആശംസിച്ചു കൊണ്ട്‌ തിരുമേനി ഒപ്പുവച്ച്‌ കാമ്പെയ്‌നില്‍ പങ്കാളിയായി. ഇത്‌ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

ഭദ്രാസന ഫാമിലി കോണ്‍ഫറസുകളില്‍ മീഡിയാ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന സമയത്തെല്ലാം തിരുമേനിയുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ എനിക്ക്‌ ലഭിച്ചിരുന്നു. ഒരു ഓപറേഷനെ തുടര്‍ന്ന്‌ വിശ്രമിക്കവെ സാന്ത്വനത്തിന്റെ പുനര്‍ജനി മന്ത്രവുമായി തിരുമേനി എന്റെ വസതിയിലെത്തി. ഒരനുഗ്രഹമെന്നോണം ഞങ്ങളോടൊപ്പം പലവട്ടം അദ്ദേഹം താമസിച്ചിട്ടുമുണ്ട്‌. തിരുമേനിയെ പരിപാലിക്കാന്‍ കിട്ടിയ അവസരങ്ങള്‍ അവകാശമായി തന്നെ കണ്ട്‌ സന്തോഷിച്ചിരുന്നു. എത്രയോ തവണ തിരുമേനിയെ ബെല്‍റോസിലെ അരമനയിലേയ്‌ക്ക്‌ കൊണ്ടുപോവുകയും മടക്കി കൊണ്ടുവരികയും ചെയ്‌തിട്ടുണ്ട്‌. ഇത്തരമൊരു യാത്രയില്‍ ആത്മകഥയ്‌ക്ക്‌ ഉചിതമായ ഒരു പേര്‌ കണ്ടെത്താന്‍ എന്നോടാവശ്യപ്പെടുകയുണ്ടായി. തിരുമേനിക്കിഷ്‌ടപ്പെട്ട ടൈറ്റിലിനോടൊപ്പം ഞാനും എളിയ അഭിപ്രായം പറഞ്ഞു. `ദൈവത്തിന്റെ കൃപ' എന്ന പേരിലാണ്‌ ആ ആത്മകഥ പുറത്തിറങ്ങിയത്‌. ഒരിക്കല്‍ ന്യൂജേഴ്‌സിയില്‍ നിന്ന്‌ ന്യൂയോര്‍ക്കിലേയ്‌ക്കുള്ള രണ്ടുമണിക്കൂര്‍ യാത്രയ്‌ക്കിടെ തിരുമേനി ഈ പുസ്‌തകത്തെക്കുറിച്ച്‌ സംസാരിച്ചു. ഇടയ്‌ക്കിടെ, അന്ന്‌ ശെമ്മാശനായിരുന്ന ഫാ. ഷിനോജ്‌ തോമസിനോട്‌ ചില ചോദ്യങ്ങളും ചോദിക്കുകയുണ്ടായി. ജോണ്‍സണ്‍ അച്ചന്‍ (ഇപ്പോള്‍ ഹിസ്‌ ഗ്രെയ്‌സ്‌ ജോഷ്വാ മാര്‍ നിക്കോദിമോസ്‌ മെത്രാപ്പോലീത്ത) അരമന മാനേജരായിരിക്കെ തിരുമേനിയെ കണ്ട്‌ സംസാരിച്ച്‌ അദ്ദേഹത്തിന്റെ ആശിര്‍വാദങ്ങള്‍ സ്വന്തമാക്കുന്നത്‌ എന്റെ പതിവായിരുന്നു.

കഴിഞ്ഞവര്‍ഷം മെയ്‌മാസത്തില്‍ തന്റെ അമേരിക്കന്‍ ദൗത്യം പൂര്‍ത്തിയാക്കി നാട്ടിലേയ്‌ക്ക്‌ മടങ്ങും മുമ്പ്‌ ഭാര്യ ഇന്ദിരയ്‌ക്കും മക്കള്‍ക്കുമൊപ്പം ഞാന്‍ മട്ടന്‍ ടൗണ്‍ അരമനയില്‍ തിരുമേനിയെ കണ്ടു. പതിവുപോലെ ഞങ്ങള്‍ക്ക്‌ മിഠായി തന്നു. ഞങ്ങള്‍ക്കൊപ്പം നിന്ന്‌ ഫോട്ടോ എടുത്തു. തിരുമേനിയുടെ കൈയൊപ്പ്‌ ചാര്‍ത്തിയ ജീസസിന്റെ ചിത്രം അദ്ദേഹം സ്‌നേഹസമ്മാനമായി നല്‍കി. ഇതൊരു നിധിയായി ഇന്നും സൂക്ഷിക്കുന്നു. ഇക്കൊല്ലം നാട്ടില്‍ പോയപ്പോള്‍ പാമ്പാടി ദയറയില്‍ വിശ്രമിക്കുന്ന തിരുമേനിയെ സന്ദര്‍ശിച്ച്‌ കുശലാന്വേഷണങ്ങള്‍ നടത്തി.

ആത്മീയതയുടെ കരുത്തുണ്ടെങ്കിലും ശാരീരികമായി അദ്ദേഹത്തിന്‌ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വൃക്ക സംബന്ധമായി അസുഖത്തിന്‌ ചികിത്സയിലായിരുന്നു അന്ന്‌. ശെമ്മാശനെ വിളിച്ച്‌ ഞങ്ങള്‍ക്ക്‌ എന്തെങ്കിലും തരാന്‍ നിര്‍ദ്ദേശിച്ചു. ശെമ്മാശന്‍ കൊണ്ടുവന്ന പഴം തിന്നാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്‌തു. അന്ന്‌ വണങ്ങി പിരിഞ്ഞശേഷം തിരുമേനിയെ കണ്ടിട്ടില്ല. ഇപ്പോള്‍ കേട്ടത്‌ അന്ത്യനിദ്രയുടെ വാര്‍ത്തയും.

സ്‌നേഹം ധൂര്‍ത്തടിച്ച ലാളിത്യത്തിന്റെ അപ്പോസ്‌തലനായിരുന്നു ഏഴാം വയസില്‍ തന്നെ സന്യാസജീവിതം ആഗ്രഹിച്ച ബര്‍ണബാസ്‌ തിരുമേനി. അമേരിക്കയിലേയ്‌ക്കു വരുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം ഒരു സ്യൂട്ട്‌കേസ്‌ മാത്രമേ ഉണ്ടായിരുന്നുള്ളു. മടങ്ങിപ്പോയപ്പോള്‍ കൂടുതലായി ഉണ്ടായിരുന്നത്‌ മരുന്നുകളും. പിന്നെ താന്‍ കൊടുത്ത,്‌ അമേരിക്കന്‍ മലയാളികളില്‍ നിന്ന്‌ വാങ്ങിയ സ്‌നേഹം നിറച്ച ഹാന്‍ഡ്‌ ബാഗും. കൈമുത്തായി കിട്ടിയതും അല്ലാത്തതുമൊക്കെ ഭദ്രാസനത്തിനു കൊടുത്താണ്‌ അദ്ദേഹം യാത്ര പറഞ്ഞത്‌.

മാനവികതയുടെ വക്താവായ ബര്‍ണബാസ്‌ തിരുമേനിയുടെ സേവനകാലത്ത്‌ വടക്കു കിഴക്ക്‌ അമേരിക്കന്‍ ഭദ്രാസനവും വിവിധ ഇടവകകളും സാമ്പത്തികവും ആദ്ധ്യാത്‌മികവുമായ വളര്‍ച്ച കൈവരിച്ചു. പല പ്രശ്‌നങ്ങള്‍ അദ്ദേഹത്തന്റെ അവസരോചിതമായ ഇടപെടലുകളിലൂടെ പരിഹരിക്കുവാനും സാധിച്ചു. പഴകിയ കുപ്പായം ധരിച്ച്‌ ഏറ്റവും കുറഞ്ഞ ജീവിതചെലവുമായാണ്‌ തിരുമേനി അമേരിക്കയില്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ ബലമുള്ള അടിത്തറ നിര്‍മിച്ചത്‌. ഭിന്നതകളുടെയും പടലപ്പിണക്കങ്ങളുടേയും മേല്‍ ആ വിനയമുദ്ര പതിഞ്ഞപ്പോള്‍ അവയെല്ലാം അപ്രത്യക്ഷമായി എന്നതാണ്‌ അനുഭവ യാഥാര്‍ഥ്യം. പുറമെ പരുക്കനായി തോന്നാമെങ്കിലും തിരുമേനിയുമായി അടുത്തുകഴിഞ്ഞാല്‍ അദ്ദേഹം ലോലഹൃദയനാണെന്ന്‌ വേഗത്തില്‍ മനസിലാക്കാം. പക്ഷേ തന്റെ തീക്ഷണമായ വിശ്വാസ ജീവിതത്തെ സാക്ഷ്യപ്പെടുത്തി അപ്രിയ സത്യങ്ങള്‍ വെട്ടിത്തുറന്നു പറയാനും അദ്ദേഹം മടി കാട്ടിയിട്ടില്ല.

അമേരിക്കന്‍ ജീവിതം തീര്‍ത്തും തൃപ്‌തികരമായിരുന്നുവെന്നു പറഞ്ഞുകൊണ്ടാണ്‌ തിരുമേനി നാട്ടിലേയ്‌ക്ക്‌ മടങ്ങിയത്‌. ആരോഗ്യം അനുവദിച്ചാല്‍ നിങ്ങളെയൊക്കെ കാണാന്‍ വീണ്ടും വരുമെന്നും പറഞ്ഞു. പക്ഷേ കാലം ഒന്നിനും കാത്തു നില്‍ക്കില്ലല്ലോ..

ഓര്‍ത്തഡോക്‌സ്‌ ടി.വി.യില്‍ പാമ്പാടി പൊത്തന്‍പുറം ദയറയില്‍ നിന്നുള്ള തത്സമയദൃശ്യങ്ങള്‍
`His Grace Mathews Mar Barnabas Metropolitan Entered Into Eternal Rest'എന്ന ക്യാപ്‌ഷനോടു കൂടി.... തിരുവസ്‌ത്രങ്ങളണിഞ്ഞ്‌ അംശവടിയേന്തി സിംഹാസനത്തിലിരിക്കുന്ന തിരുമേനിയുടെ ചേതനയറ്റ ശരീരം... ജീവിച്ചിരിക്കുമ്പോള്‍ അനേകര്‍ക്ക്‌ വിശ്വാസ ചൈതന്യമേകി എല്ലാ ക്രൈസ്‌തവരുടേയും ആചാര്യ സ്ഥാനം സ്വന്തമാക്കിയ ഇടയന്‍... ചാനലില്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്‌ മെത്രാപ്പോലീത്തയെയും വിശ്വാസഗണങ്ങളേയും കാണാം. ഏവരും തങ്ങളുട പ്രിയ തിരുമേനിക്ക്‌ ബാഷ്‌പാഞ്‌ജലി അര്‍പ്പിക്കുകയാണ്‌. നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കേളോവോസ്‌ തിരുമേനിയും മറ്റ്‌ സഭാനേതാക്കളും സംസ്‌കാര ചടങ്ങിന്‌ നാട്ടിലെത്തും. വെങ്ങോല സെന്റ്‌ തോമസ്‌ ചെറിയ പള്ളിയിലായിരിക്കും തിരുമേനി അന്ത്യവിശ്രമം കൊള്ളുക. വന്ദ്യപിതാവേ... വിട... എങ്കിലും അങ്ങ്‌ ഒരു സുവര്‍ണതാരകമായി വാനിലുദിച്ച്‌ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമെന്നുറപ്പ്‌...

(* ലേഖകന്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന മീഡിയ കറസ്‌പേണ്ടന്റാണ്‌.)
വാനിലുദിച്ച നക്ഷത്രമായി ബര്‍ണബാസ്‌ തിരുമേനി (ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക