Image

'ഷട്ടറിന്റെ' സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ദുബായില്‍ സ്വീകരണം നല്‍കി

Published on 12 December, 2012
'ഷട്ടറിന്റെ' സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ദുബായില്‍ സ്വീകരണം നല്‍കി
ദുബായ്‌: രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച്‌ വിദേശികളുടെയടക്കം പ്രശംസ ഏറ്റുവാങ്ങിയ ഷട്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോയ്‌ മാത്യുവിനും അണിയറ പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ മീഡിയാ ഫോറം ദുബായില്‍ സ്വീകരണം നല്‍കി. ഷട്ടറിലെ പ്രവാസി അഭിനേതാക്കളായ ആല്‍ബര്‍ട്ട്‌ അലക്‌സ്‌, നിഷാ ജോസഫ്‌ എന്നിവരും സ്വീകരണത്തില്‍ സംബന്ധിച്ചു. ഇന്ത്യന്‍ മീഡിയാഫോറം പ്രസിഡന്റ്‌ എന്‍.വിജയമോഹന്‍, സി.അബ്‌ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.

ലാല്‍, ശ്രീനിവാസന്‍ എന്നിവരെപ്പോലെ പരിചയസമ്പന്നരായ അഭിനേതാക്കളുടെയും ഛായാഗ്രാഹകന്‍ ഹരിനായരുടേയും മറ്റു അണിയറ പ്രവര്‍ത്തകരുടേയും പിന്തുണ ചിത്രം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സഹായകമായെന്ന്‌ സംവിധായകന്‍ പറഞ്ഞു. നക്‌സലൈറ്റുകളുടെ ഇന്നലെയും ഇന്നും പ്രതിപാദിപ്പിക്കുന്ന നക്‌സലൈറ്റ്‌ ആണ്‌ തന്റെ അടുത്ത ചിത്രമെന്ന്‌ ജോയ്‌ മാത്യു പറഞ്ഞു. ദുബായില്‍ ഏറെക്കാലം മാധ്യമ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം.

വളരെ കഷ്‌ടപ്പെട്ട്‌ അഭിനയിച്ച്‌ ഫലിപ്പിച്ച കഥാപാത്രമാണ്‌ ഷട്ടറിലെ റഷീദ്‌ എന്ന്‌ നടന്‍ ലാല്‍ പറഞ്ഞു. ഒരു മുറിയിലിരുന്ന്‌ മാത്രം അഭിനയിക്കുമ്പോള്‍, ഭാവ തീവ്രത അനുഭവിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടി. ചിത്രീകരണം ഒരു അഭിനയ ക്ലാസിന്റെ ഫലമാണ്‌ എന്നിലുണ്‌ടാക്കിയത്‌. നാടകത്തോട്‌ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന താന്‍ സംവിധായകന്റെ നിര്‍ബന്ധം മൂലമാണ്‌ ഷട്ടറിലഭിനയിച്ചതെന്ന്‌ നടി സജിതാ മഠത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക