Image

കാതോലിക്കാ സ്ഥാപനം- ഉല്‍ഭവവും, ചരിത്ര പശ്ചാത്തലവും-ഫാ.ജോസഫ് വര്‍ഗീസ്

ഫാ.ജോസഫ് വര്‍ഗീസ് Published on 12 December, 2012
കാതോലിക്കാ സ്ഥാപനം- ഉല്‍ഭവവും, ചരിത്ര പശ്ചാത്തലവും-ഫാ.ജോസഫ് വര്‍ഗീസ്

വിവിധ കാതോലിക്കറ്റകളുടെ സ്ഥാപന വാര്‍ഷികം വലിയ ആഘോഷങ്ങളാക്കി ചില സഭകള്‍ അടുത്തയിടെ കൊണ്ടാടുകയുണ്ടായി. നാലാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ സ്ഥാപിതമായ കാതോലിക്കേറ്റിന്റെ പിന്‍തുടര്‍ച്ചയാണ് ഇവരില്‍ പലരുടേയും അവകാശവാദം. ഇതേക്കുറിച്ചുള്ള ഒരു വിശകലനമാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.

ആദിമ നൂറ്റാണ്ടുകള്‍ മുതല്‍ തന്നെ പേര്‍ഷ്യ ഉള്‍പ്പെടെയുള്ള പൗരസ്ത്യദേശങ്ങളിലെ സഭകള്‍ അന്ത്യോക്യാ പാത്രയര്‍ക്കീസിന്റെ അധികാര സീമയിലായിരുന്നു. എ.ഡി. 325 ല്‍ സമ്മേളിച്ച നിഖ്യാ സുന്നഹദോസ് ഈ ഭരണ ക്രമീകരണങ്ങളാല്‍ സ്ഥിരപ്പെടുത്തുകയും ചെയ്തു. റോമാ, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ പരസ്പരം ശത്രുതയിലായിരുന്നതുകൊണ്ട്, റോമാ സാമ്രാജ്യത്തില്‍ സ്ഥിതി ചെയ്തിരുന്ന അന്ത്യോക്യായുമായി ബന്ധപ്പെടുവാന്‍ പേര്‍ഷ്യയിലെ സഭയ്ക്ക് വളരെ പ്രതിബന്ധങ്ങളും, അപകടകരമായ സ്ഥിതിയിലുമായിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് പേര്‍ഷ്യന്‍ സഭയിലെ ഒരു മെത്രാപ്പോലീത്തായ്ക്ക്, വലിയ മെത്രാപ്പോലീത്താ/സെലൂക്യയിലെ കാതോലിക്കാ എന്ന സ്ഥാനം നല്‍കിയത്. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു സെലൂക്യയിലായിരുന്നു കാതോലിക്കോസിന്റെ ആസ്ഥാനം. ഇദ്ദേഹം പേര്‍ഷ്യയിലെ സുറിയാനി സഭയുടെ തലവനും, അന്തോഖ്യാ പാത്രയര്‍ക്കീസിനോടുള്ള വിധേയത്തിലും, അദ്ദേഹത്തിന്റെ രണ്ടാം സ്ഥാനിയുമായിരുന്നു.


കാതോലിക്കോസ്/ മഫ്രിയാനോ
ഗ്രീക്ക് ഭാഷയിലെ "Kath-Holikos"(പ്രധാന മെത്രാപ്പോലീത്ത, പ്രധാന വികാരി) എന്ന പദം ലോപിച്ചാണ് കാതോലിക്കോസ് എന്ന വാക്കുണ്ടായത്.

മഫ്രിയാനോ(മഫ്രിയാന)

നെസ്‌തോറിയന്‍ വേദവിപരീതം പേര്‍ഷ്യയിലെ സഭയില്‍ ശക്തി പ്രാപിക്കുകയും, കാതോലിക്കോസും, നല്ല ഒരു വിഭാഗം അനുയായികളും, മാതൃസഭയായ സുറിയാനി ഓര്‍ത്തഡോക്‌സില്‍ നിന്നും വേര്‍പിരിഞ്ഞ് നെസ്‌തോറിയന്‍ വിശ്വാസം സ്വീകരിച്ചപ്പോള്‍ പേര്‍ഷ്യയിലെ സുറിയാനി സഭയെ നയിക്കാനായി "ഫ്രിയാനോ" (മഫ്രിയാന) എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പ്രാദേശിക തലവനെ അന്ത്യോക്യാ പാത്രയര്‍ക്കീസ് വാഴിച്ചാക്കി.

"മഫ്രിയാന" എന്ന വാക്കിന്റെ ഉല്‍ഭവം ആഫ്രി(afri-ഫലസമൃദ്ധമായ) എന്ന സുറിയാനി പദത്തില്‍നിന്നാണ്. ഇരുപതാം നൂറ്റാണ്ടില്‍ അന്ത്യോക്യാ പാത്രയര്‍ക്കീസ് മഫ്രിയാനേറ്റ് ഇന്‍ഡ്യയില്‍ സ്ഥാപിച്ചെങ്കിലും, ഈ സ്ഥാനികള്‍ അറിയപ്പെടുന്നത് കാതോലിക്കോസ് എന്ന പേരിലാണ്.

കാതോലിക്കാ സ്ഥാപനത്തിന്റെ ഉത്ഭവും വളര്‍ച്ചയും
പാലസ്തീനു പുറത്ത് ആദ്യമായി ക്രിസ്തീയ വിശ്വാസം വേരൂന്നിയത് അന്ത്യോഖ്യായിലായിരുന്നല്ലോ. റോമാ സാമ്രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ പ്രധാന പട്ടണവും, വാണിജ്യ കേന്ദ്രവും, സിറിയന്‍ പ്രവിശ്യയുടെ തലസ്ഥാനവുമായ അന്ത്യോക്യാ പട്ടണത്തിന് അതിന്റേതായ പ്രാധാന്യവുമുണ്ടായിരുന്നു. അപ്പോസ്‌തോലന്മാരുടെ തലവനായ വി.പത്രോസ് എ.ഡി. 37 ലാണ് അന്ത്യോക്യായില്‍ സഭയ്ക്ക് അടിസ്ഥാനമിട്ടത്. അദ്ദേഹത്തിന്റെ പിന്‍ഗാമികളായി അന്ത്യോക്യാ സിംഹാസനത്തില്‍ ഭരണം നടത്തിയ ആത്മീയ പിതാക്കന്മാരുടെ അധികാര സീമയിലായിരുന്നു അന്ത്യോക്യയും, റോമാ സാമ്രാജ്യത്തിന് പുറത്തുള്ള പേര്‍ഷ്യയും, മറ്റു പൗരസ്ത്യ പ്രദേശങ്ങളും. ആകമാന സുന്നഹദോസുകളും, പ്രാദേശിക സുന്നഹദോസുകളും, അന്ത്യോക്യാ, അലക്‌സാണ്ടറിയാ, റോം എന്നീ പാത്രയര്‍ക്കാ സിംഹാസനങ്ങളുടെ അധികാര പരിധി അംഗീകരിച്ചതായും കാണുവാന്‍ കഴിയും.

മുകളില്‍ സൂചിപ്പിച്ചതുപോലെ റോമും, പേര്‍ഷ്യയും തമ്മിലുള്ള ശത്രുത ഇവിടെയുള്ള സഭകളെ പ്രതികൂലമായി ബാധിച്ചു. അന്ത്യോക്യാ പാത്രയര്‍ക്കീസിനും അവിടെയുള്ള സഭാ സ്ഥാനികള്‍ക്കും പേര്‍ഷ്യയിലെ സുറിയാനി സഭയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് അപകടങ്ങളും, ക്ലേശങ്ങളും നിറഞ്ഞതായപ്പോഴാണ് പേര്‍ഷ്യയിലെ സഭടയ്ക്ക് വലിയ മെത്രാപ്പോലീത്താ/ കാതോലിക്കോസ് എന്ന ചരിത്ര പ്രധാനമായ സ്ഥാനം നിലവില്‍ വന്നത്.

(തുടരും..)
കാതോലിക്കാ സ്ഥാപനം- ഉല്‍ഭവവും, ചരിത്ര പശ്ചാത്തലവും-ഫാ.ജോസഫ് വര്‍ഗീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക