Image

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക: 'തകരുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ഒരു ഒറ്റമൂലി'

ജോര്‍ജ് മണ്ണിക്കരോട്ട് Published on 01 September, 2011
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക: 'തകരുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ഒരു ഒറ്റമൂലി'
ഹ്യൂസ്റ്റന്‍ ‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഓഗസ്റ്റു (2011) സമ്മേളനം 28-ന് വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫൊര്‍ഡ് സിറ്റിയിലുള്ള ഹെരിറ്റേജ് ഇന്‍ഡ്യ റെസ്റ്റൊറന്റില്‍ നടന്നു. എഴുത്തുകരാനായ എ.സി. ജോര്‍ജ് ആയിരുന്നു മുഖ്യപ്രഭാഷകന്‍ . ‘തകരുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ഒരു ഒറ്റമൂലി’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു പ്രഭാഷണം.

ജോര്‍ജ് മണ്ണിക്കരോട്ടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. അദ്ധ്യക്ഷന്റെ സ്വാഗതപ്രസംഗത്തിനുശേഷം പ്രധാന അതിഥിയായി സംബന്ധിച്ച തോമസ് ഒലിയാംകുന്നേല്‍ (2014 ഫോമ സെക്രട്ടറി സ്ഥാനാര്‍ഥി) ആശംസാ പ്രസംഗം നടത്തി. അദ്ദേഹത്തിന്റെ പ്രംസഗത്തില്‍ കേരളത്തില്‍ പോലും ഭാഷയ്ക്ക് മാന്ദ്യം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അമേരിക്കയില്‍, മലയാളം സൈസൈറ്റി ഭാഷയുടെ വളര്‍ച്ചയ്ക്ക് ചെയ്യുന്ന സംഭാവനകളെ ശ്ലാഘിക്കുകയുണ്ടായി. ഇത് കൂടുതല്‍ വിപുലമായി തുടരണമെന്ന് അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് എ.സി. ജോര്‍ജ് മുഖ്യപ്രഭാഷണം ആരംഭിച്ചു. വിവധ മേഖലകളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ധാര്‍മ്മിക തകര്‍ച്ചകളെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. പ്രധാനമായും രാഷ്ടീയ-സാമൂഹ്യ-സാഹിത്യ-ആത്മീയ രംഗങ്ങങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ധാര്‍മ്മിക ച്യുതികളെക്കുറിച്ച് പ്രസംഗിച്ചു. ഇന്ന് അഴിമതിയ്ക്കു വേണ്ടി അണ്ണാ ഹസാരെ സമരം ചെയ്യുന്നതുപോലെ ധാര്‍മ്മിക ച്യുതിയ്ക്കുവേണ്ടിയും സമരം ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. ആദ്യം സ്വയം നന്നാകുക പിന്നീട് മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കുക എന്ന ഉപദേശം അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ ഉയര്‍ന്നു കേട്ടു.

മുഖ്യപ്രഭാഷണത്തിനു ശേഷം നടന്ന ചര്‍ച്ച വളരെ സജീവമായിരുന്നു. തോമസ് ഒലിയാംകുന്നേ
ല്‍ ‍, ജി. പുത്തന്‍കുരിശ്, പൊന്നു പിള്ള, ജോളി വില്ലി, സക്കറിയ വില്ലി, ടി.എന്‍ ‍. സാമുവല്‍ , ജോണ്‍ മാത്യു, വി.ഒ.വര്‍ഗിസ്, തോമസ് വര്‍ഗ്ഗീസ്, ജോര്‍ജ് മണ്ണിക്കരോട്ട് എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
അധ്യാപകനായിരുന്ന വി.ഒ. വര്‍ഗിസിന്റെ അഭിപ്രായത്തില്‍ അഴിമതി തടയാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം രാജ്യത്ത് നോട്ടുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുക എന്നതാണ്. പകരം 100 രൂപ നാണയം നിര്‍മ്മിച്ച് പ്രചാരത്തില്‍ വരുത്തണം. ചെറിയ ക്രയവിക്രയങ്ങള്‍ക്ക് നാണയങ്ങളും മറ്റെല്ലാ കാര്യങ്ങള്‍ക്ക് ചെക്കുകളും ക്രെഡിറ്റു കാര്‍ഡുകളും കൂടുതല്‍ ഉപയോഗത്തില്‍ വരുത്തുക. കൂടുതല്‍ പണം ആവശ്യമുള്ളവര്‍ ബാങ്കില്‍നിന്ന് രേഖാമൂലം എടുക്കുക. അപ്പോള്‍ രാജ്യത്ത് എത്രപണം ആരുടെ പക്കലാണ്, ആരു ചിലവാക്കി, എന്തിനു ചിലവാക്കി എന്നെല്ലാമുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നതാണ്. ഈ നൂതനമായ അഭിപ്രായം എല്ലാവര്‍ക്കും വളരെ ആകര്‍ഷകമായി തോന്നി. എന്നാല്‍ ഇത് എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യം ബാക്കിയാകുന്നു.

പ്രഭാഷണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുശേഷം സാഹിത്യകാരനായ ടി.എന്‍ . സാമുവല്‍ ‘അഹിംസാമന്ത്രം’ എന്ന അദ്ദേഹത്തിന്റെ കവിത അവതരിപ്പിച്ചു. ഒരാളെക്കുറിച്ച് ഏതെങ്കിലും വിധത്തില്‍ വിധികല്‍പ്പിക്കാതെ സ്വന്തം സഹോദരനെപ്പോലെയൊ സുഹൃത്തിനുപ്പോലെയൊ സ്വീകരിക്കുക. അതായിരിക്കും ഏറ്റവും വലിയ അഹിസാമന്ത്രം എന്ന ആശയം കവിതയില്‍ പ്രതിഫലിച്ചു.

സാഹിത്യകാരനായ തോമസ് വര്‍ഗ്ഗീസിന്റെ നന്ദി പ്രസംഗത്തോടെ സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221,
ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക: 'തകരുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ഒരു ഒറ്റമൂലി' മലയാളം സൊസൈറ്റി ഓഫ് അമേരിക്ക: 'തകരുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ഒരു ഒറ്റമൂലി'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക