Image

നായിക ബോള്‍ഡാകുമ്പോള്‍

Published on 13 December, 2012
നായിക ബോള്‍ഡാകുമ്പോള്‍
മലയാള സിനിമ അവതരണത്തില്‍ അതിന്റെ സാംസ്‌കാരികമായ ചില ചട്ടക്കൂടുകള്‍ എന്നും നിശ്ചയിച്ചിരുന്നു. നായകന്‍മാര്‍ എപ്പോഴും മാന്യന്‍മാരും, സര്‍വ്വഗുണ സമ്പന്നന്‍മാരും, ആപത്തിലെ രക്ഷകന്‍മാരുമൊക്കെയായിരുന്നപ്പോള്‍ നായികമാരുടെ കാര്യത്തിലും ഇതുപോലെ ചില നിര്‍ബദ്ധനകള്‍ അറിഞ്ഞോ അറിയാതെയോ പുലര്‍ത്തിയിരുന്നു. നായികയുടെ നഗ്നത സ്‌ക്രീനില്‍ ഒരിക്കലും നമ്മള്‍ അംഗീകരിച്ചിരുന്നില്ല. അവള്‍ സ്വഭാവഗുണത്തിലും നിര്‍ബന്ധം പിടിച്ചിരുന്നു. ഐറ്റം നമ്പര്‍ഡാന്‍സ്‌ വേണമെങ്കില്‍ അതിന്‌ സ്‌പെഷിലൈസ്‌ഡ്‌ ഗേള്‍സ്‌ വേറെ വരണം എന്നതായിരുന്നു മറ്റൊരു നിബദ്ധന. നായിക ഐറ്റം നമ്പര്‍ കാണിക്കുന്നത്‌ മലയാളി അംഗീകരിച്ചിരുന്നേയില്ല. ഉര്‍വശിയും, ശോഭനയും, രേവതിയും, പാര്‍വ്വതിയും, നദിയാ മൊയ്‌തുവും തുടങ്ങി മഞ്‌ജുവാര്യരും, കാവ്യമാധവനും, സംവൃതാ സുനിലുമൊക്കെ നമ്മുടെ പ്രീയപ്പെട്ട നായികമാരായിരുന്നത്‌ സ്‌ക്രിനില്‍ അവര്‍ എപ്പോഴും മാന്യതയുടെ കഥാപാത്രങ്ങളിലൂടെ നിന്നതുകൊണ്ടാണ്‌. ഇവിടെയും ഐറ്റം നമ്പറിന്‌ അന്യഭാഷയില്‍ നിന്നും ആര്‍ട്ടിസ്റ്റുകളെ ഇറക്കുന്ന പ്രവണതക്ക്‌ കുറവൊന്നുമുണ്ടായിരുന്നില്ല. ഇനി തുറന്നു കാട്ടലുകള്‍ ആവിശ്യമായി വരുന്ന നായികാ കഥാപാത്രമാണെങ്കില്‍ അതിനും തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും നായിക എത്തും. ഇതായിരുന്നു സമീപകാലം വരെ മലയാള സിനിമ പുലര്‍ത്തി വന്ന പൊതു രീതി.

എന്നാല്‍ ഈ അവസ്ഥയെ പൊളിച്ചെഴുതുകയാണ്‌ ഇന്ന്‌ നമ്മുടെ നായികമാര്‍. ബോള്‍ഡ്‌ എന്നും ബ്യൂട്ടിഫുളെന്നും ഇതിനെ ഒരു വിഭാഗം വിശേഷിപ്പിക്കുമ്പോള്‍, അയ്യേ എന്നു പറഞ്ഞ്‌ അവജ്ഞയോടെ തള്ളുന്നവരും നിരവധിയുണ്ട്‌. നായികമാര്‍ ബോള്‍ഡായി എത്തുന്ന സിനിമകള്‍ക്ക്‌ ന്യൂജനറേഷന്‍ സിനിമകള്‍ എന്ന വിളിപ്പേരും കൂടി ലഭിച്ചതില്‍ പിന്നെ ഈ സിനിമകള്‍ക്കൊക്കെ തീയേറ്ററില്‍ നല്ല തിരക്കുമുണ്ട്‌. എന്നാലിത്‌ തികഞ്ഞ അശ്ലീലത്തിലേക്ക്‌ കടക്കുന്നതിന്റെ സൂചനകളും ഇവിടെ തന്നെ കാണാനും കഴിയും.

അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ്‌ ജാക്കിയില്‍ ജ്യോതിര്‍മയിയാണ്‌ ആദ്യമായി ഒരുക്ലീന്‍ ഐറ്റം നമ്പര്‍ ഡാന്‍സിലേക്ക്‌ എടുത്തു ചാടിയ നായിക. അതുവരെ പുറംനാട്ടുകാരായ നായികമാരാണ്‌ ഐറ്റം നമ്പര്‍ഡാന്‍സിനായി മലയാളത്തിലേക്ക്‌ എത്തിക്കൊണ്ടിരുന്നത്‌. സാഗര്‍ ഏലിയാസ്‌ ജാക്കിയിലെ ബോളിവുഡ്‌ സ്റ്റൈലിലുള്ള ജ്യോതിര്‍മയിയുടെ ഐറ്റം നമ്പര്‍ ഡാന്‍സ്‌ തീയേറ്ററില്‍ ഒരു തരംഗം തന്നെ സൃഷ്‌ടിച്ചു. എന്നാലും നമ്മുടെ നായികമാര്‍ പെട്ടന്നൊരു ഐറ്റം നമ്പര്‍ ഡാന്‍സിലേക്ക്‌ എടുത്തു ചാടിയിരുന്നില്ല.

എന്നാലിപ്പോള്‍ കഥയാകെ മാറിയിരിക്കുന്നു. തമിഴകത്തും തിളങ്ങിയ നമ്മുടെ നായികമാര്‍ മലയാളത്തിലും ബോള്‍ഡ്‌ കഥാപാത്രങ്ങളിലേക്ക്‌ ധൈര്യപൂര്‍വ്വം കടന്നു വരുന്നു. അതിന്റെ കാഴ്‌ചകള്‍ ഒരുക്കിയത്‌ ചാപ്പാക്കൂരിശ്‌, ബാച്ചിലര്‍ പാര്‍ട്ടി തുടങ്ങിയ സിനിമകളായിരുന്നു.

ബാച്ചിലര്‍ പാര്‍ട്ടി എന്ന അമല്‍നീരദ്‌ ചിത്രത്തില്‍ രമ്യാ നമ്പീശന്‍, പത്മപ്രീയ എന്നീ നായികമാര്‍ ക്ലീന്‍ ഐറ്റം നമ്പര്‍ ഡാന്‍സുകളിലേക്ക്‌ എത്തി. ചിത്രം വമ്പന്‍ ഹിറ്റുമായി. തികഞ്ഞ ഗ്ലാമര്‍ പ്രകടനവും, ചടുല നൃത്തവും ഒരിക്കലും മലയാളിപ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. അതാണ്‌ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയിലേക്ക്‌ ആളുകളെ ഇടിച്ചു കയറ്റിയത്‌. രമ്യാനമ്പീശന്റെയും പത്മപ്രീയയുടെയും ഓരോ ഐറ്റം നമ്പര്‍ ഡാന്‍സുകളായിരുന്നു ചിത്രത്തിലെ പ്രധാന ഹൈലൈറ്റും.

എന്നാല്‍ ചാപ്പാകുരിശ്‌ എന്ന ചിത്രത്തില്‍ രമ്യാ നമ്പീശന്‍ ഒരുപടി കൂടി ലിപ്‌ ലോക്ക്‌ ചുംബനത്തിന്‌ തയാറാകുകയും ചെയ്‌തു. മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള ഈ ലിപ്‌ ലോക്ക്‌ രംഗം കൊണ്ടു മാത്രം രമ്യാനമ്പീശന്‍ പൊടുന്നനെ മലയാളത്തിലെ പൊന്നും വിലയുള്ള താരമായി മാറി. ഈ ലിപ്‌ ലോക്ക്‌ രംഗം ഇതുവരെയുള്ള മലയാള സിനിമയിലെ നായിക സങ്കല്‌പങ്ങളെയെല്ലാം പൊളിച്ചെഴുതുകയായിരുന്നു എന്നതാണ്‌ സത്യം. ചുംബനത്തിലേക്ക്‌ കഥാപാത്രങ്ങള്‍ കടക്കുമ്പോള്‍ കാമറ ഫോക്കസ്‌ മാറ്റുന്ന തന്ത്രമില്ലാതെ തന്നെ ചാപ്പാകുരിശില്‍ ഫഹദ്‌ ഫാസിലിന്റെയും രമ്യാനമ്പീശന്റെയും ചൂടന്‍ എന്ന്‌ വിശേഷിപ്പിക്കാവുന്ന ചുംബന രംഗം സമീര്‍ താഹിര്‍ സ്‌ക്രീനിലെത്തിച്ചു. ഇവിടെ മലയാള സിനിമയുടെ നായിക സങ്കല്‌പം പുതിയൊരു ദിശയിലേക്ക്‌ കടക്കുകയായിരുന്നു.

നായികയെ നായകനേക്കാള്‍ മുകളിലെത്തിച്ച 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയും ഇതേ കാലയളവിലാണ്‌ എത്തിയത്‌. നായകന്റെ ലിംഗം മുറിച്ചു മാറ്റി പ്രതികാരം നായിക തീയേറ്ററില്‍ കൈയ്യടി വാങ്ങിയപ്പോള്‍ അത്‌ മലയാള സിനിമയിലെ മെയില്‍ ഷോവനിസത്തിനേറ്റ തിരിച്ചടിയായിരുന്നു. ഇവിടെ ശരിക്കും മലയാള സിനിമയിലെ ഒരു പഴയകാല കഥകള്‍ തിരുത്തിയെഴുതപ്പെടുകയായിരുന്നു. കേരളീയ സമൂഹത്തിലെ ഒരു വലിയ മാറ്റത്തെക്കൂടിയാണ്‌ യഥാര്‍ഥത്തില്‍ 22 ഫീമെയില്‍ കോട്ടയം പ്രതിഫലിപ്പിച്ചത്‌.

അതുപോലെ തന്നെ പത്മപ്രീയയുടെ ഐറ്റം നമ്പര്‍ ഡാന്‍സിനെക്കുറിച്ച്‌ അമല്‍നീരദിനെ പലരും വിമര്‍ശിച്ചപ്പോള്‍ ആ ഗ്ലാമര്‍ ഡാന്‍സ്‌ ഞാന്‍ അമല്‍നീരദിനോട്‌ ചോദിച്ചു വാങ്ങിയതാണെന്ന്‌ പറയാനുള്ള തന്റേടം കാണിച്ച പത്മപ്രീയ വിമര്‍ശകരുടെ വായടപ്പിച്ചു. ഇവിടെ പത്മപ്രീയ പതിവ്‌ നായിക സങ്കല്‌പങ്ങളായി മാത്രം തൊഴില്‍ ചെയ്യാന്‍ തനിക്ക്‌ താത്‌പര്യമില്ലെന്ന്‌ തുറന്ന്‌ പ്രഖ്യാപിക്കുക കൂടിയായിരുന്നു.

നായികയുടെ സംസാരത്തില്‍ സെക്‌സും പ്രണയവും മറകൂടാതെ കടന്നു വരുന്ന കാഴ്‌ചയാണ്‌ ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ എന്ന സിനിമയില്‍ കണ്ടത്‌. ഏറെ വിമര്‍ശനങ്ങള്‍ നേടിയ സിനിമയാണ്‌ വി.കെ പ്രകാശ്‌ സംവിധാനം ചെയ്‌ത ട്രിവാന്‍ഡ്രം ലോഡ്‌ജ്‌. കാരണം ചിത്രത്തിലെ നായികയുടെ ഡയലോഗുകളില്‍ നിറഞ്ഞു നിന്ന സെക്‌സിന്റെ അതിപ്രസരം തന്നെ. മലയാളി സമൂഹത്തിലെ ഒരു വിഭാഗം ഇത്‌ ഉള്‍ക്കൊണ്ടപ്പോള്‍ വലിയൊരു സമൂഹം എതിര്‍പ്പുമായും രംഗത്തു വന്നു. എന്തായാലും ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ എന്ന ചിത്രത്തിലൂടെ നായിക ഹണി റോസ്‌ കാണിച്ചതും അസാധാരണമായ ധൈര്യം തന്നെ. എന്നാല്‍ ന്യൂജനറേഷന്‍ സങ്കല്‌പങ്ങള്‍ പരിധി വിട്ട്‌ പോകുന്നതിനും അതിലെ സിനിമയുടെ കലപരമായ മേന്മ കുറയുന്നതിനും ട്രിവാന്‍ഡ്രം ലോഡ്‌ജ്‌ ഒരു തുടക്കമായിരുന്നു എന്നും കാണേണ്ടതുണ്ട്‌. പക്ഷെ സെക്‌സ്‌ സംസാരിക്കുന്ന മലയാളി നായിക ഇതുവരെയുണ്ടായിരുന്ന സമൂഹത്തില്‍ നിന്നും വലിയൊരു ഷെല്‍ പൊട്ടിച്ച്‌ പുറത്തേക്ക്‌ വരുക തന്നെയാണ്‌ ചെയ്‌തിരിക്കുന്നു.

ഏറ്റവും അവസാനമായി മാറ്റിനി എന്ന സിനിമയില്‍ മൈഥിലിയുടെ ഐറ്റം നമ്പര്‍ ഡാന്‍സ്‌ തകര്‍ക്കുകയാണ്‌ കേരളത്തിലെ തീയേറ്ററുകള്‍. സിനിമ റിലീസിനെത്തുന്നതിന്‌ ആഴ്‌ചകള്‍ക്ക്‌ മുമ്പു തന്നെ മൈഥിലിയുടെ ഗ്ലാമര്‍ നിറഞ്ഞ ഐറ്റം ഡാന്‍സ്‌ യുട്യൂബിലെത്തിയിരുന്നു. ഒരു ലക്ഷത്തോളം പേര്‍ യുട്യൂബില്‍ ഈ ഐറ്റം ഡാന്‍സ്‌ കണ്ടുവെന്നാണ്‌ അണിയറക്കാര്‍ അവകാശപ്പെടുന്നത്‌. എന്തായാലും ഐറ്റം ഡാന്‍സിന്റെ പിന്‍ബലത്തില്‍ മാറ്റിനി എന്ന സിനിമക്കും കളക്ഷന്‍ നേടാമെന്ന കണക്കുകൂട്ടല്‍ നിര്‍മ്മാതാക്കള്‍ക്കുണ്ടന്ന്‌ വ്യക്തം.

നമ്മുടെ നായികമാര്‍ മാറി കഴിഞ്ഞുവെന്ന്‌ തന്നെയാണ്‌ ഈ പുത്തന്‍ കാഴ്‌ചകള്‍ വ്യക്തമാക്കുന്നത്‌. നായികയുടെ മാറ്റത്തിനൊപ്പിച്ച്‌ സിനിമക്കും മാറ്റങ്ങള്‍ വരുന്നു. ചാപ്പുകുരിശും, 22 ഫീമെയിലും അങ്ങനെ തന്നെ കടന്നു വന്ന ചിത്രങ്ങളാണ്‌. പക്ഷെ ഈ മാറ്റം നമ്മുടെ സിനിമക്കാര്‍ പോസിറ്റീവായി സ്വീകരിക്കേണ്ടതുണ്ട്‌. ഐറ്റം നമ്പര്‍ ബോക്‌സ്‌ ഓഫീസ്‌ വിജയം നല്‍കുമെന്ന ധാരണ പരന്നാല്‍ പിന്നെ മോശം സിനിമകളുടെ കാലമായിരിക്കും മലയാളത്തിന്‌ കാണേണ്ടി വരുക. നായികമാരുടെ ബോള്‍ഡായ തീരുമാനങ്ങള്‍ കലപരമായ മേന്മയുള്ള സിനിമകളിലാണ്‌ കാണേണ്ടത്‌. വാണിജ്യവിജയത്തിനായുള്ള ഒരു ചേരുവ മാത്രമായി നമ്മുടെ നായികമാര്‍ മാറ്റപ്പെടുന്ന സാഹചര്യങ്ങള്‍ ഒരിക്കലും നല്ല സിനിമ സംസ്‌കാരത്തിന്‌ ചേരുന്നതല്ല. അത്‌ ആദ്യം തിരിച്ചറിയേണ്ടത്‌ നമ്മുടെ സിനിമക്കാരും നായികമാരും തന്നെ.
നായിക ബോള്‍ഡാകുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക