Image

`ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌' (മൊയ്‌തീന്‍ പുത്തന്‍ചിറ)

Published on 13 December, 2012
`ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌' (മൊയ്‌തീന്‍ പുത്തന്‍ചിറ)
നിസ്സഹായനായ ഒരു ചെറുപ്പക്കാരന്‍......ദൈവാനുഗ്രഹം കൊണ്ട്‌ ഭാസുരമായ ഒരു ഭാവി സ്വപ്‌നം കണ്ട ചെറുപ്പക്കാരന്‍.....ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട്‌ അന്താരാഷ്ട്രതലത്തില്‍ പ്രശോഭിച്ചവന്‍.....അമേരിക്കന്‍ ഐക്യനാടുകളില്‍ മാത്രമല്ല, ലോകത്തെല്ലായിടത്തും ഫാഷന്‍ തരംഗം സൃഷ്ടിച്ചവന്‍.... !!

ആനന്ദ്‌ ജോണ്‍ എന്ന ഹതഭാഗ്യനായ ചെറുപ്പക്കാരനെക്കുറിച്ച്‌ ഇന്ന്‌ ലോകത്തെല്ലായിടവും ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നു. സ്‌ത്രീ ലമ്പടന്‍, വ്യഭിചാരി, റേപ്പിസ്റ്റ്‌, പെണ്ണുങ്ങളെ പിഴപ്പിക്കുന്നവന്‍ തുടങ്ങി ആനന്ദ്‌ ജോണിന്റെ പര്യായങ്ങള്‍ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച്‌ മലയാളികളുടെ, മനസ്സുകളില്‍ വേരോടിയിട്ട്‌ വര്‍ഷങ്ങളേറെയായി. ആനന്ദ്‌ ജോണിനെക്കുറിച്ച്‌ സംസാരിക്കാനോ ആ വിഷയത്തെക്കുറിച്ച്‌ കൂലങ്കഷമായി ചിന്തിക്കാനോ ആര്‍ക്കും നേരമില്ല. എല്ലാവരും `മാന്യത'യുടെ മുഖംമൂടിയണിഞ്ഞവര്‍. അവരെങ്ങാന്‍ ആനന്ദ്‌ ജോണിനെ സപ്പോര്‍ട്ട്‌ ചെയ്‌താല്‍ അയാള്‍ ജയിലില്‍ നിന്നിറങ്ങി വന്ന്‌ തങ്ങളുടെ ഭാര്യമാരേയോ പെണ്‍മക്കളേയോ പീഡിപ്പിച്ചാലോ എന്ന ഭയമായിരിക്കാം അവരെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്‌.

ആനന്ദ്‌ ജോണിനെക്കുറിച്ച്‌ പറയുമ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ഇറ്റാലിയന്‍ കവിയും ചിത്രകാരനുമായിരുന്ന ഡാന്റേ റൊസേറ്റിയെയാണ്‌ ഓര്‍മ്മ വരുന്നത്‌. ഒരിക്കല്‍ ഒരു വൃദ്ധന്‍ കുറെ ചിത്രങ്ങളുമായി അദ്ദേഹത്തെ സമീപിച്ച്‌ തന്റെ കൈവശമുള്ള ചിത്രങ്ങള്‍ കൊള്ളാവുന്നവയാണോ എന്ന്‌ ചോദിച്ചു. റോസേറ്റി വളരെ താല്‌പര്യത്തോടെ ഒരു സെറ്റ്‌ ചിത്രങ്ങളെടുത്ത്‌ മാറി മാറി നോക്കിയിട്ട്‌ `മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ മാത്രം യോഗ്യതയുള്ളവയല്ല' എന്ന്‌ വൃദ്ധന്‌ വിഷമം തോന്നാത്ത രീതിയില്‍ പറഞ്ഞു. വൃദ്ധന്‍ ചെറുപുഞ്ചിരിയോടെ മറ്റൊരു സെറ്റ്‌ ചിത്രം കാണിച്ചിട്ടു പറഞ്ഞു `ചെറുപ്പക്കാരനായ ഒരു ചിത്രകാരന്‍ വരച്ച ചിത്രങ്ങളാണിവ. ഇവയെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം അറിയുവാന്‍ ആഗ്രഹമുണ്ട്‌.'

റൊസേറ്റി ആ ചിത്രങ്ങള്‍ നോക്കിയിട്ടു പറഞ്ഞു `ഇവ നല്ല ചിത്രങ്ങളാണ്‌. ഇവ വരച്ച ചെറുപ്പക്കാരന്‍ പ്രതിഭാശാലിയാണ്‌. അയാള്‍ക്ക്‌ നല്ല ഭാവിയുണ്ട്‌. പരിശ്രമിക്കുകയാണെങ്കില്‍ അയാള്‍ ഒരു മഹാചിത്രകാരനായി മാറും !!'

റോസേറ്റിയുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ആ വൃദ്ധന്‍ ശരിക്കും മിഴിച്ചിരുന്നുപോയി. ഇക്കാര്യം ശ്രദ്ധിച്ച റൊസേറ്റി ചോദിച്ചു `ആരാണ്‌ ഈ ചെറുപ്പക്കാരന്‍? നിങ്ങളുടെ പുത്രനാണോ?'

`അല്ല.' ആ വൃദ്ധന്‍ പറഞ്ഞു. `ഈ ചിത്രങ്ങള്‍ വരച്ച ചെറുപ്പക്കാരന്‍ ഞാന്‍ തന്നെയാണ്‌. പക്ഷേ, ഇവ വരച്ചത്‌ അമ്പതുവര്‍ഷം മുമ്പാണെന്നു മാത്രം !'

വൃദ്ധന്റെ ഈ വാക്കുകള്‍ കേട്ട്‌ എന്തുപറയണമെന്നറിയാതെ റൊസേറ്റി ഇരിക്കുമ്പോള്‍ അയാള്‍ തുടര്‍ന്നു: `അമ്പതു വര്‍ഷം മുമ്പ്‌ ഈ ചിത്രങ്ങള്‍ വരച്ചപ്പോള്‍ അവ കൊള്ളാവുന്നവയാണെന്ന്‌ പറഞ്ഞ്‌ ആരെങ്കിലും എന്നെ പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍, ഒരുപക്ഷേ, ഞാന്‍ നല്ല ചിത്രകാരനായി മാറുമായിരുന്നു. പക്ഷേ, അന്ന്‌ നല്ല വാക്കു പറഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ ആരുമുണ്ടായില്ല. അതുകൊണ്ട്‌ ചിത്രരചന നിര്‍ത്തേണ്ടിവന്നി'.

റൊസേറ്റിയെ കാണാന്‍ ചെന്ന വൃദ്ധന്‍ ചെറുപ്പമായിരുന്നപ്പോള്‍ ഒട്ടേറെ പ്രതിഭാശാലിയായിരുന്നു. പക്ഷേ, ആരും അയാളില്‍ ഒളിഞ്ഞിരുന്ന യഥാര്‍ത്ഥ പ്രതിഭ കണ്ടെത്തിയില്ല. ഇനി, ആരെങ്കിലും അതു മനസ്സിലാക്കിയിരുന്നെങ്കില്‍ത്തന്നെ ആ കലാകാരന്‌ അല്‍പംപോലും പ്രോത്സാഹനം നല്‍കിയതുമില്ല. തന്മൂലം അയാള്‍ ചിത്രരചന പാടേ ഉപേക്ഷിച്ചുകളഞ്ഞു.

ഈ കഥയിലെ ചെറുപ്പക്കാരന്‍ ആനന്ദ്‌ ജോണ്‍ ആണെന്ന്‌ സങ്കല്‍പിച്ചാല്‍ ഒരേ ഒരു വ്യത്യാസം മാത്രമേ ഉള്ളൂ. ഏറെ പ്രതിഭാശാലിയായ ഈ യുവാവിന്റെ കഴിവുകള്‍ മലയാളികള്‍ മനസ്സിലാക്കിയിരുന്നില്ല. മനസ്സിലാക്കിയവരാകട്ടേ തന്ത്രശാലികളായ ബിസിനസ്സ്‌ പങ്കാളികളും. അവര്‍ ചെയ്‌തതോ ഈ യുവാവിനെ എങ്ങനെയെങ്കിലും ഉന്മൂലനം ചെയ്യാനുള്ള തന്ത്രങ്ങളും മെനഞ്ഞു. ആനന്ദ്‌ ജോണിന്റെ കഴിവുകള്‍ അപാരമായിരുന്നു എന്ന്‌ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മോഡലുകള്‍ ഒരു ചാന്‍സിനുവേണ്ടി ആനന്ദിനെ നിരന്തരം സമീപിക്കുമായിരുന്നു.

"Gianni Versace' എന്ന പുതിയ ഫാഷന്‍ തരംഗം ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ച്‌ രംഗപ്രവേശം ചെയ്‌ത ഈ ചെറുപ്പക്കാരന്‍ പാരിസ്‌ ഹില്‍ട്ടനെപ്പോലെയുള്ള വിശ്വവിഖ്യാത പ്രതിഭകള്‍ക്കുവരെ ഡ്രസ്സ്‌ ഡിസൈന്‍ ചെയ്‌തിരുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ ഈ മലയാളി യുവാവിന്റെ കഴിവ്‌ എത്രയാണെന്ന്‌ ഊഹിക്കാവുന്നതേ ഉള്ളൂ. മലയാളികള്‍ക്കും മലയാള നാടിനും ഭാരതത്തിനും വരെ ഏറെ അഭിമാനിക്കാമായിരുന്ന ഈ ചെറുപ്പക്കാരന്റെ പ്രശസ്‌തിയിലേക്കുള്ള ഉയര്‍ച്ചക്കുനേരെ രാസായുധം ഉപയോഗിച്ചില്ലായിരുന്നുവെങ്കില്‍. അമേരിക്കയിലെന്നല്ല, ലോകത്തെവിടെയായാലും ഫാഷന്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ ഏറെയും സ്‌ത്രീകളായിരിക്കും. മോഡലുകളാണെങ്കില്‍ സുന്ദരിമാരുമായിരിക്കും. ഈ പ്രതിഭാസമാണ്‌ ആനന്ദിനെ കുരുക്കിലാക്കിയതും.

ഇപ്പോള്‍ ഈ ചെറുപ്പക്കാരന്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ ഉത്ഭവസ്ഥാനം എവിടെയാണെന്ന്‌ സംഭവങ്ങളുടെ തുടക്കം മുതല്‍ ഒടുക്കം വരെ കൂട്ടിവായിച്ചാല്‍ നമുക്കു മനസ്സിലാക്കാം. അതിനുള്ള മന:സ്സാക്ഷിയാണ്‌ മലയാളികള്‍ക്ക്‌ ഇല്ലാതെ പോയത്‌. മുങ്ങിച്ചാകാന്‍ പോകുന്നവനെ ചവിട്ടിത്താഴ്‌ത്തുന്ന ഒരുതരം മലയാളി കോംപ്ലെക്‌സ്‌. സ്വന്തം സുഖവും താല്‌പര്യവും സംരക്ഷിക്കുക വഴി ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാന്‍ സാധിക്കുമെന്നാണ്‌ നാം പലരും കരുതുന്നത്‌. എന്നാല്‍ അതല്ല സത്യം എന്ന്‌ ചിന്തിച്ചാല്‍ നമുക്കതിനുള്ള ഉത്തരം കിട്ടും. പരിമിതമായ ജീവിത സാഹചര്യങ്ങളാണെങ്കിലും, മറ്റുള്ളവരുടെ നന്മക്കുവേണ്ടി അല്‍പസമയം നീക്കിവെച്ചാല്‍ അതില്‍പരം പുണ്യം മറ്റൊന്നുമില്ലതന്നെ.

ന്യൂയോര്‍ക്കില്‍ ഒരു സമ്മേളനവേദിയിലിരിക്കുമ്പോള്‍ ഒരു വ്യക്തി എന്റെയടുത്ത്‌ ആനന്ദ്‌ ജോണിന്റെ കേസിനെക്കുറിച്ച്‌ വാചാലനായി. എനിക്ക്‌ അതേക്കുറിച്ച്‌ വല്ലതും അറിയാമോ എന്നായിരുന്നു അദ്ദേഹത്തിന്‌ അറിയേണ്ടിയിരുന്നത്‌. പത്രങ്ങളിലൂടെയും മറ്റുമല്ലാതെ എനിക്ക്‌ അതേക്കുറിച്ച്‌ വ്യക്തമായി അറിയില്ല എന്ന്‌ പറഞ്ഞപ്പോള്‍ അയാള്‍ കേസ്‌ മുഴുവന്‍ സ്റ്റഡി ചെയ്‌തെന്നും, കുറ്റപത്രത്തിന്റെ പകര്‍പ്പ്‌ വാങ്ങി പൂര്‍ണ്ണമായി വായിച്ചു പഠിച്ചു എന്നും, ആനന്ദ്‌ ജോണ്‍ കുറ്റക്കാരനാണെന്ന നിഗമനത്തിലെത്തി എന്നും പറഞ്ഞതിന്റെ കൂടെ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥ സത്യസന്ധമാണെന്നും, കുറ്റകൃത്യം ചെയ്‌തവരെ വിശദമായി വിസ്‌തരിച്ചതിനുശേഷമേ ശിക്ഷ വിധിക്കൂ എന്നും കൂട്ടിച്ചേര്‍ത്തു. ഒരാള്‍ മുന്‍വിധിയോടെ ഏതൊരു കാര്യം കൈകാര്യം ചെയ്‌താലും ഈ പറഞ്ഞ ഉത്തരമേ കിട്ടൂ.

ആ വ്യക്തി അവസാനം പറഞ്ഞ കാര്യത്തോട്‌ ഞാന്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ചു. എത്ര നിരപരാധികള്‍ അമേരിക്കയിലെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചു കഴിയുന്നുണ്ടെന്ന്‌ താങ്കള്‍ക്ക്‌ അറിയാമോ എന്ന ചോദ്യത്തിന്‌ തൃപ്‌തികരമായ ഉത്തരം തരാന്‍ ആ വ്യക്തിക്ക്‌ കഴിഞ്ഞില്ല. അതാണ്‌ നമ്മള്‍ മലയാളികള്‍ക്കുള്ള പ്രശ്‌നവും. സായിപ്പ്‌ എന്തു പറഞ്ഞാലും കണ്ണടച്ചങ്ങ്‌ വിശ്വസിക്കും, ഓഛാനിച്ചു നിന്ന്‌ അവര്‍ക്ക്‌ ഓശാന പാടും. സായിപ്പ്‌ പറയുന്നതൊക്കെ ശരിയാണെന്നും, സായിപ്പ്‌ പറഞ്ഞാല്‍ അപ്പീലില്ല എന്നുമൊക്കെ ധരിച്ചുവെച്ചിരിക്കുന്നവര്‍ ആനന്ദ്‌ ജോണ്‍ എന്നല്ല, അവരുടെ സ്വന്തം മക്കള്‍ക്ക്‌ ആപത്തുവന്നാല്‍പോലും സായിപ്പിന്റെ കരുണയ്‌ക്കായി കാത്തു നില്‌ക്കും.

അമേരിക്കന്‍ നിയമം കര്‍ക്കശമാണെന്ന്‌ നാമെല്ലാം ധരിച്ചുവെച്ചിട്ടുണ്ടെങ്കിലും വികലമായ വിധികള്‍ അമേരിക്കന്‍ കോടതി മുറികളില്‍ നടക്കുന്നുണ്ടെന്നതിന്‌ അനേകം തെളിവുകള്‍ ഇന്ന്‌ ലഭ്യമാണ്‌. കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയുടെ ഏറ്റക്കുറച്ചിലുകള്‍ തൊലിയുടെ നിറമനുസരിച്ചായിരിക്കുമെന്നു മാത്രം. പ്രത്യക്ഷത്തില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലായിരിക്കും ഈ വിധികള്‍. അവയെ വെല്ലുവിളിക്കാന്‍ അധികം പേരും മിനക്കെടാറുമില്ല. അപൂര്‍വ്വം കേസുകള്‍ കോടതിയില്‍ ചോദ്യം ചെയ്‌ത്‌ വിജയിച്ചവരുണ്ട്‌. അതില്‍ ഇന്ത്യന്‍ അമേരിക്കക്കാരുമുണ്ടെന്നുള്ളതും നിഷേധിക്കാനാവാത്ത സത്യമാണ്‌.

ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ നമ്മള്‍ക്കും തുല്യ അവകാശമുണ്ടെന്ന്‌ സായിപ്പിനെ പറഞ്ഞു മനസ്സിലാക്കാന്‍ ആരും തുനിയാറില്ല. അല്ലെങ്കില്‍, സ്വന്തം നിലനില്‍പിനെയോര്‍ത്ത്‌ അവര്‍ മൗനം ദീക്ഷിക്കുന്നു. മലയാളിയുടെ അപചയം അവിടെ തുടങ്ങുന്നു. ഡിസ്‌ക്രിമിനേഷന്‍ അഥവാ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി കോടതികളില്‍ നിന്ന്‌ അനുകൂല വിധി സമ്പാദിച്ച പ്രഗത്ഭരായ അഭിഭാഷകര്‍ നമ്മുടെ ഇടയിലുണ്ടെന്ന കാര്യം വിസ്‌മരിക്കുന്നില്ല.

വര്‍ണ്ണവിവേചനം അമേരിക്കയില്‍ നിന്ന്‌ തുടച്ചുനീക്കപ്പെട്ടു എന്നു പറയുന്നുണ്ടെങ്കിലും ഇന്നും ആ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെന്ന്‌ പല സംഭവങ്ങളും തെളിയിക്കുന്നു. ഔദ്യോഗിക രംഗങ്ങളിലും ബിസിനസ്സ്‌ രംഗങ്ങളിലും ഈ വിവേചനം ഒരു പരിധിവരെ നിലനില്‍ക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌ 2010-ല്‍ ടെക്‌സാസില്‍ നടന്ന മൂന്ന്‌ ഇന്ത്യന്‍ അമേരിക്കന്‍ കാര്‍ഡിയോളജിസ്റ്റുകളുടെ കാര്യം തന്നെ എടുക്കാം. പ്രഗത്ഭരായ ഈ മൂന്നുപേരേയും വിക്ടോറിയായിലെ സിറ്റിസണ്‍സ്‌ മെഡിക്കല്‍ സെന്റര്‍ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ വിലക്കുകയാണുണ്ടായത്‌. തീര്‍ന്നില്ല, ഇന്ത്യക്കാരെ ഈ സ്ഥാപനത്തില്‍ നിന്ന്‌ മുഴുവനായും ഒഴിവാക്കാനുള്ള ഒരു പദ്ധതിയും അവര്‍ ആവിഷ്‌ക്കരിച്ചിരുന്നുവത്രേ. കൂടാതെ, `സെക്കന്റ്‌ ക്ലാസ്‌ സിറ്റിസണ്‍സ്‌' എന്നും `ഇന്ത്യന്‍സ്‌' എന്നും വിളിച്ച്‌ അധിക്ഷേപിക്കുകയും ചെയ്‌തെന്ന കുറ്റമാണ്‌ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്‌. കേസില്‍ അവര്‍ മൂവരും വിജയിക്കുകയും ചെയ്‌തു. കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്‌.

http://news.in.msn.com/international/article.aspx?cp-documentid=5867022

ഇരുപതും മുപ്പതും നാല്‌പതും വര്‍ഷങ്ങള്‍ ജയിലിലിട്ട്‌ അവസാനം നിരപരാധിയാണെന്ന്‌ വിധിച്ച്‌ മോചിപ്പിക്കുന്ന കേസുകള്‍ അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്‌.

നിരപരാധികളായ ഏകദേശം പതിനായിരം പേര്‍ ഓരോ വര്‍ഷവും അമേരിക്കയില്‍ ശിക്ഷയ്‌ക്ക്‌്‌ വിധേയരാകുന്നുണ്ടെന്നുള്ള പഠനം അമേരിക്കയിലെ നീതിന്യായവ്യവസ്ഥയുടെ സത്യാവസ്ഥയിലേക്ക്‌ വിരല്‍ ചൂണ്ടുന്നു. ന്യൂയോര്‍ക്ക്‌ ഉള്‍പ്പടെ 41 സംസ്ഥാനങ്ങളിലുള്ള അറ്റോര്‍ണി ജനറല്‍മാരും 188 ജഡ്‌ജിമാരും, പ്രൊസിക്യൂട്ടിംഗ്‌ അറ്റോര്‍ണി, പബ്ലിക്‌ ഡിഫന്‍ഡേഴ്‌സ്‌, ഷെറീഫ്‌, പോലീസ്‌ എന്നിവരില്‍ നിന്നുള്ള സര്‍വ്വേ പ്രകാരമുള്ള കണക്കാണിത്‌.

ഒഹായോ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനല്‍ ജസ്റ്റിസ്‌ റിസേര്‍ച്ച്‌ സെന്ററിന്റേയും സ്‌കൂള്‍ ഓഫ്‌ പബ്ലിക്‌ പോളിസി ആന്റ്‌ മാനേജ്‌മെന്റിന്റേയും ഡയറക്ടര്‍ സി. റോണാള്‍ഡ്‌ ഹഫ്‌, ഇസ്രയേലിലെ ഹൈഫ യൂണിവേഴ്‌സിറ്റി സോഷ്യോളജി പ്രൊഫസര്‍ റാറ്റ്‌നര്‍, സിറ്റി കോളേജ്‌ സിറ്റി യൂണിവേഴ്‌സിറ്റി ഓഫ്‌ ന്യൂയോര്‍ക്ക്‌ സോഷ്യോളജി പ്രൊഫസര്‍ അന്തരിച്ച എഡ്‌വേര്‍ഡ്‌ സാഗരിന്‍ എന്നിവര്‍ സംയുക്തമായി തയ്യാറാക്കിയിട്ടുള്ള Convicted But Innocent: Wrongful Conviction and Public Policy (Sage Publications, 1996) ഗ്രന്ഥത്തില്‍ അവ പ്രതിപാദിച്ചിട്ടുണ്ട്‌. കുറ്റവാളികള്‍ക്കിടയില്‍ ഇവര്‍ നടത്തിയ സര്‍വ്വേ പ്രകാരം 72 ശതമാനം പേര്‍ ഒരു ശതമാനമോ അതില്‍കൂടുതല്‍ പേരോ നിരപരാധികളാണെന്ന്‌ വ്യക്തമാക്കുന്നു. ഈ സര്‍വ്വേ ആധാരമാക്കി റോണള്‍ഡ്‌ ഹഫ്‌ തൊണ്ണൂറുകളില്‍ ശേഖരിച്ച കുറ്റകൃത്യങ്ങളുടെ കണക്കു പ്രകാരം 1,993,880 കുറ്റവാളികളില്‍ 0.5 ശതമാനം പേര്‍ നിരപരാധികളായിരുന്നു എന്ന്‌ വ്യക്തമാക്കുന്നു. അതായത്‌ ഈ കുറ്റവാളികളില്‍ 9,969 പേര്‍ നിരപരാധികളാണത്രേ. എഫ്‌.ബി.ഐ.യുടെ ക്രൈം ഇന്‍ഡക്‌സില്‍ നിന്ന്‌ ശേഖരിച്ച കണക്കുകളില്‍ നിന്നാണ്‌ അദ്ദേഹം ആധികാരികമായി ഇത്‌ തെളിയിച്ചിട്ടുള്ളത്‌.

തെറ്റായ വിധി നിര്‍ണ്ണയത്തിലൂടെ ജനങ്ങള്‍ക്ക്‌ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസമാണ്‌ നഷ്ടപ്പെടുന്നതെന്ന്‌ പ്രൊഫ. ഹഫ്‌ പറയുന്നു. നിരപരാധികളെ ശിക്ഷിച്ച്‌ ജയിലിലടയ്‌ക്കുക വഴി യഥാര്‍ത്ഥ കുറ്റവാളികള്‍ക്ക്‌ വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ സാഹചര്യമൊരുക്കുകയാണ്‌ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെയുള്ള ശിക്ഷാവിധികളെ സ്വാധീനിക്കുന്നത്‌ തെറ്റായ സാക്ഷികളും തെറ്റായ രീതിയിലുള്ള തെളിവെടുപ്പുകളുമാണത്രേ.

(....തുടരും)
`ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌' (മൊയ്‌തീന്‍ പുത്തന്‍ചിറ)`ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌' (മൊയ്‌തീന്‍ പുത്തന്‍ചിറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക