Image

മനുഷ്യക്കടത്ത്:വൈദികൻ ഉൾപ്പെട്ട നാൽവർ സംഘത്തിനെതിരെ കേസ്

Published on 17 December, 2012
മനുഷ്യക്കടത്ത്:വൈദികൻ ഉൾപ്പെട്ട നാൽവർ സംഘത്തിനെതിരെ കേസ്
Kerala kaumudi
മനുഷ്യക്കടത്ത്:വൈദികൻ ഉൾപ്പെട്ട നാൽവർ സംഘത്തിനെതിരെ കേസ്

കൊച്ചി: വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവിൽ അമേരിക്കയിലേക്ക് മനുഷ്യക്കടത്തിന് പദ്ധതി ആസൂത്രണം ചെയ‌്തത് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.സി.ബി.സി) യൂത്ത് കമ്മിഷൻ ഭാരവാഹികളായ നാൽവർ സംഘമാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സംഘടനയുടെ ഭാരവാഹികളായ ഫാദർ ജയ്സൺ കൊല്ലന്നൂർ, രാജു തോമസ്, ടിറ്റു തോമസ്, ജോമോൻ തോമസ് എന്നിവരാണ് റിക്രൂട്ടുമെന്റിന് നേതൃത്വം നൽകിയതെന്നാണ് കണ്ടെത്തൽ. ഇവരെ പ്രതികളാക്കി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ടു സമർപ്പിച്ചു. എന്നാൽ, ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

'നാഫ്സ' എന്ന സംഘടന അമേരിക്കയിൽ സംഘടിപ്പിക്കുന്ന ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവിലാണ് കാക്കനാട് പ്രവർത്തിക്കുന്ന 'ഷാഡ്‌വെൽസ്' എന്ന സ്വകാര്യ വിദ്യാഭ്യാസസ്ഥാപനം മനുഷ്യക്കടത്തിന് ശ്രമിച്ചത്. കമ്പനി സി.ഇ.ഒ ടോം ബേബി, എച്ച്. ആർ. മാനേജർ സുബി കുര്യൻ എന്നിവരെ പൊലീസ് നേരത്തെ അറസ്‌റ്റു ചെയ്‌തിരുന്നു.

മനുഷ്യക്കടത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പറ്റിയ ആളുകളെ കണ്ടെത്തിയത് നാൽവർ സംഘമായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇവരാണ് യാത്രയ്‌ക്ക് തയ്യാറായ 42 പേരിൽ നിന്ന് മുൻകൂറായി ഒന്നരലക്ഷം രൂപ വീതം കൈപ്പറ്റിയത്. ഇതിനായി രാജു തോമസ് തിരുവനന്തപുരത്ത് ഓഫീസും തുറന്നു. വിഴിഞ്ഞം, പൂവാർ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ റിക്രൂട്ടുമെന്റ് നടന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പോയി ആളുകളിൽ നിന്ന് പണം ശേഖരിച്ചത് ഫാ. ജയ്സണായിരുന്നു.

ആളുകളെ സംഘടിപ്പിക്കാൻ ഫാ. ജയ്സണാണ് ടൂർ പാക്കേജുകൾ തയ്യാറാക്കിയിരുന്നത്. മൂന്നാഴ്‌ച അമേരിക്കയിൽ തങ്ങുന്ന തരത്തിലുള്ള വിസ സംഘടിപ്പിക്കുന്നതിന് ഏഴു ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്. രണ്ടാഴ്‌ചത്തേയ്‌ക്ക് അഞ്ചു ലക്ഷം രൂപയായിരുന്നു. വിവിധ സ്ഥലങ്ങളിൽ ആളുകളെ കൂട്ടി ക്‌ളാസുകൾ എടുത്തിരുന്നത് രാജു തോമസാണ്. യാത്രയ്‌ക്കുള്ള മുൻകൂർ തുകയാണ് പ്രതികൾ കൈപ്പറ്റിയത്.

മറ്റു മാർഗങ്ങളിൽ വിസ ലഭിക്കില്ലെന്ന് ഉറപ്പായതോടെ അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്തിന് വിദ്യാഭ്യാസസമ്മേളനം തിരഞ്ഞെടുക്കുകയായിരുന്നു. ഷാഡ്‌വെൽസ് നടത്തിയിരുന്ന യു.കെയിലെ ഒരു സർവ്വകലാശാലയുടെ അംഗീകൃത കോഴ്സായ അസോസിയേഷൻ ഒഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ് ( എ.സി.സി.എ) പഠിപ്പിക്കുന്ന പ്രൊഫസർമാരാണെന്നാണ് പത്താം ക്ളാസ് തോറ്റവർ ഉൾപ്പെടെയുള്ളവരുടെ പേരിനൊപ്പം രേഖപ്പെടുത്തിയത്. കൂടാതെ കമ്പനിയുടെ 'ഏഷ്യൻ എഡ്യൂക്കേഷൻ' എന്ന മാസികയുടെ എഡിറ്റർ, റിപ്പോർട്ടർ തുടങ്ങിയ പദവികളും പലർക്കും നൽകി. മാസങ്ങളായി മാസിക പുറത്തിറങ്ങുന്നില്ല. തട്ടിപ്പാണെന്ന് മനസിലാകാതെ 'നാഫ്സ' അധികൃതർ വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകുകയായിരുന്നു.

തുടർ നടപടികൾക്കായി ചെന്നൈയിലുള്ള അമേരിക്കൻ കോൺസുലേറ്റിൽ നാലു പേർ എത്തിയപ്പോൾ അധികൃതർക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക