Image

അമേരിക്കയിലേക്ക് മനുഷ്യക്കടത്ത്: സഭാപദവികളില്‍ നിന്ന് വൈദികനെ പുറത്താക്കി

Published on 17 December, 2012
അമേരിക്കയിലേക്ക് മനുഷ്യക്കടത്ത്: സഭാപദവികളില്‍ നിന്ന് വൈദികനെ പുറത്താക്കി
(Madhyamam)
കൊച്ചി: കാക്കനാട് പ്രവര്‍ത്തിക്കുന്ന ‘ഷാഡ്വെല്‍സ്’ എന്ന സ്വകാര്യ സ്ഥാപനത്തിന്‍െറ മറവില്‍ അമേരിക്കയിലേക്ക് മനുഷ്യക്കടത്തിന് പദ്ധതി ആസൂത്രണം ചെയ്ത വൈദികനെ സഭയുടെ സുപ്രധാന സ്ഥാനങ്ങളില്‍ നിന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) പുറത്താക്കി.
കൊച്ചിയില്‍ ചേര്‍ന്ന കെ.സി.ബി.സി യോഗം വൈദികന്‍െറ പങ്ക് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ സമ്മേളനത്തിന്‍െറ മറവില്‍ അമേരിക്കയിലേക്ക് മനുഷ്യക്കടത്തിന് പദ്ധതി ആസൂത്രണം ചെയ്ത ഫാ. ജയ്സണ്‍ കൊള്ളന്നൂരിനെയാണ്  ചുമതലകളില്‍ നിന്ന് ചൊവ്വാഴ്ച കെ.സി.ബി.സി യോഗം പുറത്താക്കിയത്.  യൂത്ത് കമീഷന്‍ സെക്രട്ടറിയും കേരള കാത്തലിക് യൂത്ത്മൂവ്മെന്‍റ് (കെ.സി.വൈ.എം) ഡയറക്ടറുമായിരുന്നു ഫാ. ജെയ്സണ്‍. ഈ രണ്ട് സ്ഥാനങ്ങളില്‍ നിന്ന് വൈദികനെ ഒഴിവാക്കിയതായി സഭാ വക്താവ് അറിയിച്ചു.
  ഫാ. ജെയ്സണൊപ്പം സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രാജു തോമസ്, ജിത്തു തോമസ്, ജോമോന്‍ തോമസ് എന്നിവര്‍ക്കെതിരെ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. വൈദികനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് കെ.സി.ബി.സി  ഇടപ്പെട്ടത്.  വന്‍തുക വിദ്യാര്‍ഥികളില്‍ നിന്നും മറ്റും ഈടാക്കി ഉന്നത പഠനത്തിന് അവസരമൊരുക്കുമെന്ന പേരില്‍ അമേരിക്കയിലേക്ക് കയറ്റിവിടുകയായിരുന്നു ചെയ്തിരുന്നത്. നാഫ്സ എന്ന സംഘടന അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന്‍െറ പേരിലായിരുന്നു കടത്ത്.
വൈദികനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹത്തിന്‍െറ പ്രവര്‍ത്തനമേഖലയായ പാലക്കാട് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തമായ തെളിവുകള്‍ ലഭിക്കുന്ന മുറക്ക് നാലുപേരെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നേരത്തേ ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ടോം ബേബി, എച്ച്.ആര്‍. മാനേജര്‍സുബി കുര്യന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ ഇവര്‍ എത്രപേരെ കടത്തിയിട്ടുണ്ടെന്നതിനെക്കുറിച്ച്  അന്വേഷിച്ച് വരികയാണ്. യാത്രക്ക് തയാറായ 42 പേരില്‍ നിന്ന് മുന്‍കൂറായി ഒന്നര ലക്ഷം മുതല്‍ രണ്ടര ലക്ഷം രൂപ വരെ ഇവര്‍ കൈപ്പറ്റിയതായി  പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരായിരുന്നു വഞ്ചിക്കപ്പെട്ടവരിലേറെയും.  ആളുകളെ സംഘടിപ്പിക്കാന്‍ ടൂര്‍ പാക്കേജ് തയാറാക്കിയത് ഫാ. ജെയ്സണാണ്. രണ്ടാഴ്ച അമേരിക്കയില്‍ തങ്ങാന്‍ അഞ്ച് മുതല്‍ ഏഴ് ലക്ഷം രൂപ വരെ ഇവര്‍ കരാര്‍ ഉറപ്പിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക