Image

അഭിവന്ദ്യ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനി- ത്യാഗത്തിന്റെ പുണ്യരൂപം

വെരി റവ. ഡോ യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ Published on 17 December, 2012
അഭിവന്ദ്യ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനി- ത്യാഗത്തിന്റെ പുണ്യരൂപം
അഭിവമ്പ്യ ബര്‍ണബാസ്‌ തിരുമേനിയുടെ വിയോഗ വ്യഥ എന്നെ എറെ ദഃഖിപ്പിക്കുന്നു. ഇഹലോകത്തില്‍ ഞാന്‍ വളരെയധികം ബഹുമാനിക്കയും ആരാധിക്കുകയും ചെയ്യുന്ന ഒരു പരിശുദ്ധന്‍ പറന്നകന്നു എന്നറിഞ്ഞപ്പോള്‍ എന്റെ ഹൃദയം വിതുമ്പുന്നു. മനസിനെ കീറിമുറിക്കുന്ന വ്യഥ, അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പായി ഞാന്‍ സമര്‍പ്പിക്കട്ടെ! സദാ പ്രാര്‍ത്ഥനാ നിരതനായ ആത്മീയാചാര്യന്‍, പ്രയത്‌ന ശീലനായ
കര്‍മ്മയോഗി, ധിഷണാശാലിയായ സഭാ നേതൃവര്യന്‍, സത്യവിശ്വാസ സംരക്ഷകന്‍, ഓര്‍ത്തഡോക്‌സ്‌ വിശ്വാസത്തിന്റെ കാവല്‍ ഭടന്‍ ഇതെല്ലാം ആ പുണ്യാത്മാവിന്‌ മകുടം ചാര്‍ത്തുന്ന വിശേഷണങ്ങളാണ്‌്‌..വിനയവും ലാളിത്യവും മുഖമുദ്രയാക്കി, കാവി വസ്‌ത്ര ധാരിയായി, തടിക്കുരിശും തടിസ്ലീബായുന്തേിയ താപസ ശ്രേഷ്‌ഠന്‍, തനിക്കു ശരിയെന്നു തോന്നുന്നത്‌ ആരുടെയും മുഖത്തു നോക്കി പറയാന്‍ ധൈര്യപ്പെട്ടിരുന്നകരുത്തുറ്റ മനസിനുടമ, ഇതെല്ലാമായ അദ്ദേഹം കാലത്തികവില്‍ ഇതാ അസ്‌തമയം ചെയ്‌തിരിക്കുന്നു. മനസിന്റെ കോണുകളില്‍ ചിതറിക്കിടക്കുന്ന ചില ചിന്തകള്‍ ക്രോഡീകരിക്കുവാന്‍ ഞാനൊരു ശ്രമം നടത്തട്ടെ.

ഓര്‍മ്മകള്‍ അര നൂറ്റാണ്ടിനപ്പുറത്തേക്കു പായുകയാണ്‌. കൃശഗാത്രനായ, സൈക്കിള്‍ സഞ്ചാരിയായ ഒരു വൈദികന്‍ കമ്മീസും ധരിച്ച്‌ അതിശീഘ്രം റോഡില്‍ക്കൂടി പാഞ്ഞു പോകുന്നത്‌ അന്നും ഒരപൂര്‍വ്വ ദൃശ്യമായിരുന്നു. മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനി കെ.കെ. മാത്തുക്കുട്ടി അച്ചന്‍ ആയിരുന്ന കാലത്തെ ചിത്രമാണിത്‌. അദ്ദേഹത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ മനസിലേക്ക്‌്‌ ആദ്യം കടന്നു വരുന്നത്‌ ആ സൈക്കിള്‍ യാത്ര തന്നെയാണ്‌. സെക്കന്‍ട്രാബാദ്‌ പള്ളി വികാരിയായിരുന്നപ്പോള്‍ അവിടുത്തെ ഹാശാ ആഴ്‌ച യിലെ ധ്യാനപ്രസംഗത്തിനും മറ്റുമായി ശെമ്മാശനായിരുന്ന എന്നെ ക്ഷണിച്ചതനുസരിച്ച്‌ പത്തു ദിവസങ്ങള്‍ അദ്ദേഹത്തോടൊപ്പം താമസിക്കാന്‍ എത്തി. അങ്ങനെയാണ്‌ സദാ സേവന തല്‍പരനായ ആ വൈദിക ശ്രേഷ്‌ഠന്റെ ലളിത ജീവിതം കണ്ടു മനസ്സിലാക്കാന്‍ കഴിഞ്ഞത്‌.

വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ മാത്തുക്കുട്ടി അച്ചന്‍ ചാപ്ലൈനായിരുന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം താമസിച്ച എട്ടു ദിനങ്ങളും അവിസ്‌മരണീയങ്ങളാണ്‌. രാവിലെ എഴുന്നേറ്റ്‌ പ്രാര്‍ത്ഥനയും കഴിഞ്ഞ്‌ ദിവസവും മൂന്നു നേരം വെല്ലൂരിലെ കേരളാ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കുന്നതിനുള്ള റ്റിക്കറ്റു തന്നിട്ട്‌ `ഞാനെപ്പോള്‍ വരുമെന്ന്‌ അറിയില്ല, ശെമ്മാശന്‍ ഈ റ്റിക്കറ്റു കൊണ്ടു കൊടുത്തിട്ട്‌ അവിടെ നിന്നും ആഹാരം കഴിച്ചു കൊള്ളണം'. അതിനു ശേഷം ഒരു സൈക്കിളില്‍ കയറി മാത്തുക്കുട്ടി അച്ചന്‍ അതിവേഗം ആശുപത്രിയില്‍ എത്തും.

പുതുതായി എതു രോഗി ആശുപത്രിയില്‍ വന്നാലും മാത്തുക്കുട്ടി അച്ചനായിരുന്നു അവരെ ആദ്യം കാണുന്നത്‌.. രോഗികളുടെ കൂടെ വരുന്നവരുടെയും ആവശ്യങ്ങള്‍ അന്വേഷിച്ചറിയുകയും, ആവശ്യങ്ങളറിഞ്ഞ്‌ സഹായിക്കയും കുറഞ്ഞ പക്ഷം സൗജന്യമായി ആഹാരം കഴിക്കാനുള്ള ക്രമീകരണങ്ങള്‍ തന്റെ പരിമിതമായ വരുമാനത്തില്‍ നിന്നും ചെയ്‌തിരുന്നു. അക്കാലത്ത്‌ വെല്ലൂരില്‍ ജോലി ചെയ്‌തിരുന്നതും പഠിച്ചിരുന്നതുമായ
ഡോക്ടര്‍മാര്‍ക്കും നേഴ്‌സ്‌മാര്‍ക്കും കെ.കെ. മാത്തക്കുട്ടിയച്ചന്‍ ആരാദ്ധ്യ പുരുഷനായിരുന്നു. സഭയുടെ ഔദ്യോഗിക നാവായ മലങ്കര സഭാ മാസികയുടെ എഡിറ്ററായി ഞാന്‍ സേവനമനുഷ്‌ഠിച്ച കാലത്തും (1966- 1970) തിരുമേനിയുടെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുവനും കൂടുതല്‍ അടുത്തിട പഴകാനുമുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്‌. 1978 ല്‍ മെത്രാപ്പോലീത്തായായി ഉയര്‍ത്തപ്പെട്ട്‌ ഇടുക്കി ഭദ്രാസനചുമതല ഏറ്റെടുത്തു. അന്നൊരിക്കല്‍ തിരുമേനിയോടൊപ്പം ഒരു കാന്‍സര്‍ രോഗിയുടെ ഭവനം സന്ദര്‍ശിച്ചപ്പോള്‍ ആ രോഗി അബോധാവസ്ഥയില്‍ ആയിരുന്നിട്ടും പ്രാര്‍ത്ഥിച്ചിട്ട്‌ ഒരു ചെറിയ പണപ്പൊതി അയാളുടെ തലയിണയ്‌ക്കരുകില്‍ വച്ചു മടങ്ങിയത്‌ ആ ദീനാനുകമ്പയുടെ മകുടോദാഹരണമായി ഇന്നും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു.

1992 മാര്‍ച്ച്‌ 20. പരുത്തിത്തുണിയില്‍ തുന്നിയെടുത്ത കാവികുപ്പായമണിഞ്ഞ, കൃശഗാത്രനായ അഭിവന്ദ്യ ബര്‍ണബാസ്‌ തിരുമേനി മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചുമതലയേറ്റ്‌ ന്യൂയോര്‍ക്കിലെ കെന്നഡി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ വൈദികരും അത്മായരും ഉള്‍പ്പടെ കുറേപ്പേര്‍ അവിടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ സന്നിഹിതരായിരുന്നു.

ഭദ്രാസനത്തിന്‌ സ്വന്തമായി ഒരു അരമനയോ താമസത്തന്‌ ഒരിടമോ ഇല്ലാതിരുന്ന ആ കാലത്ത്‌ ചെറിയ ഒരു ചര്‍ച്ചയ്‌ക്കു ശേഷം തിരുമേനി കല്‍പിച്ചു, `ശങ്കരത്തിലച്ചനെവിടെ? ഞാന്‍ അച്ചന്റെ വീട്ടിലാണ്‌്‌ താമസിക്കുവാന്‍ പോകുന്നത്‌'. അത്‌ എനിക്ക്‌്‌ സന്തോഷവും അനുഗ്രവുമായി തീര്‍ന്നു. അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഔദ്യോകിക ഉത്‌ഘാടനം, അഭി. മക്കാറിയോസ്‌ തിരുമേനിയുടെ സുന്ത്രോണീസോ (1979 ജൂലൈ 14) എന്നിവരുമായി പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ അമേരിക്കയില്‍ വന്നപ്പോള്‍ അച്ചന്റെ ഈ ഭവനത്തിലായിരുന്നല്ലോ ആറാഴ്‌ചക്കാലം താമസിച്ചതെന്ന്‌ ബര്‍ണബാസ്‌ തിരുമേനി അനുസ്‌മരിക്കയുമുണ്ടായി.

1992 ലെ കാലുകഴുകല്‍ ശുശ്രൂഷയുള്‍പ്പടെയുള്ള ഹാശാ ശുശ്രൂഷകള്‍ ഞാന്‍ വികാരിയായ ന്യൂയോര്‍ക്കിലെ ലോംഗ്‌ ഐലന്റ്‌ സെന്റ്‌ തോമസ്‌ ദേവാലയത്തില്‍ തിരുമേനി നേതൃത്വം നല്‍കി നടത്തി അനുഗ്രഹിച്ചത്‌
ഇടവകജനങ്ങളുള്‍പ്പടെ ഏവര്‍ക്കും മറക്കാനാവാത്തതാണ്‌്‌. അതിനു ശേഷവും തിരുനേിയോട്‌ വളരെ അടുത്തു പ്രവര്‍ത്തിക്കുവാന്‍ എനിക്കും എന്റെ ഭാര്യയ്‌ക്കും സാധിച്ചുവെന്നത്‌ അഭിമാനമായും അനുഗ്രഹമായും കരുതുന്നു. ഞങ്ങള്‍ കേരളത്തിലായിരുന്നപ്പോള്‍, കഴിഞ്ഞ ഒക്ടോബര്‍ 20, 2012 ശനിയാഴ്‌ച രാവിലെ പാമ്പാടി ദയറായില്‍ ചെന്ന്‌ തിരുമേനിയോടൊപ്പം അല്‍പസമയം ചെലവഴിക്കാനും ഭക്ഷണം കഴിക്കാനും സാധിച്ചതും ഒരു വലിയ ഭാഗ്യം തന്നെയാണ്‌.

അമേരിക്കന്‍ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായായിരുന്ന ദിവംഗതനായ അഭിവന്ദ്യ തോമസ്‌ മാര്‍ മക്കാറിയോസ്‌ തിരുമേനി അടിസ്ഥാനമിട്ട്‌ വളര്‍ത്തിക്കൊണ്ടു ഭദ്രാസനത്തെ അതിന്റെ പൂര്‍ണ്ണ വളര്‍ച്ചയിലെത്തിച്ച്‌, ഉണ്ടായിരുന്ന ചില അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി ഒറ്റക്കുടക്കീഴിലാക്കി സംതൃപ്‌തനായി. എല്ലാം ഭംഗിയായി എന്നു കണ്ടപ്പോള്‍ തന്റെ പിന്‍ഗാമിയായ അഭിവമ്പ്യ സക്കറിയാ മാര്‍ നിക്കളാവോസ്‌ തിരുമേനിയുടെ ശക്തമായ കരങ്ങളില്‍ ഏല്‍പ്പിച്ചുവെന്നതും ത്യാഗത്തിന്റെ പുണ്യരൂപമാണ്‌്‌. വളരെയധികം ചാരിതാര്‍ത്ഥ്യത്തോടെയാണ്‌ 2011 മെയ്‌ 25-ന്‌ കേരളത്തിലേക്കു വിശ്രമ ജീവിതം നയിക്കുവാന്‍ തിരുമേനി മടങ്ങിയത്‌. വെറും കയ്യോടെ അരേിക്കയില്‍ വന്ന്‌ ഭദ്രാസനച്ചുമതല എടുത്ത ബര്‍ണബാസ്‌ തിരുമേനി വെറുംകയ്യോടെ തിരികെ കേരളത്തിലേക്കു മടങ്ങിയെന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. അഭിവമ്പ്യ ബര്‍ണബാസ്‌ തിരുമേനിയുടെ വേര്‍പാടില്‍ ഞങ്ങള്‍ ദുഃഖിക്കുന്നു, ഇമ്പങ്ങളുടെ പറുദീസയിലേക്ക്‌ തിരുമേനിയുടെ ആത്മാവ്‌ ആനയിക്കപ്പെടട്ടെ !!.അതിനായി സദാ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

വെരി റവ. ഡോ യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ, ന്യൂയോര്‍ക്ക്‌

അഭിവന്ദ്യ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനി- ത്യാഗത്തിന്റെ പുണ്യരൂപംഅഭിവന്ദ്യ മാത്യൂസ്‌ മാര്‍ ബര്‍ണബാസ്‌ തിരുമേനി- ത്യാഗത്തിന്റെ പുണ്യരൂപം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക