Image

സീറോ മലബാര്‍ സഭ: ഹയരാര്‍ക്കി സ്ഥാപനത്തിന്റെ നവതി നിറവില്‍: ജിജി നീലത്തുംമുക്കില്‍

ജിജി നീലത്തുംമുക്കില്‍ Published on 18 December, 2012
സീറോ മലബാര്‍ സഭ: ഹയരാര്‍ക്കി സ്ഥാപനത്തിന്റെ നവതി നിറവില്‍: ജിജി നീലത്തുംമുക്കില്‍
ഹയരാര്‍ക്കി സ്ഥാപത്തിന്റെ 90-#ാ#ം വാര്‍ഷികം ആഘോഷിക്കുവാനുള്ള ഒരുക്കത്തിലാണ് സീറോമലബാര്‍ സഭ.

1923 ലാണ് എറണാകുളം അതിപൂതയായും, തൃശ്ശൂര്‍, ചങ്ങനാശ്ശേരിയും, കോട്ടയവും സാമന്തരൂപതകളായും പ്രഖ്യാപിച്ചുകൊണ്ട് പയസ്സ്
പതിനൊന്നാമന്‍ മാര്‍പാപ്പ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി പുറപ്പെടുവിക്കുന്നത്. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹായാല്‍ സ്ഥാപിതമായ സീറോ മലബാര്‍ സഭ ഒട്ടേറേ പ്രതിസന്ധികളെ തരണം ചെയ്താണ് ഇന്നത്തെ നിലയില്‍ വളര്‍ന്നത്.

എ.ഡി 52ല്‍ തോമാശ്ലീഹാ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങുകയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷം അറിയിച്ചും ക്രിസ്ത്യന്‍ സമൂഹങ്ങള്‍ സ്ഥാപിച്ചും പ്രേക്ഷിത വേല നടത്തുന്നതിനിടയില്‍
എ.ഡി.72 ല്‍ മൈലാപൂരില്‍ വച്ച് രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.

കേരളത്തില്‍ കൊടുങ്ങല്ലൂര്‍, നിരണം, കൊല്ലം, ചായല്‍,കോട്ടക്കാവ്, കോതമംഗലം, പാലയ്ക്കല്‍ എന്നീ സ്ഥലങ്ങളില്‍ തോമാശ്ലീഹാ പള്ളികള്‍ സ്ഥാപിച്ചു. ഇങ്ങനെ കേരളത്തില്‍ വളര്‍ന്നു വന്ന ക്രിസ്ത്യന്‍ സമൂഹം മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ( St. Thomas Christians)എന്നറിയപ്പെട്ടു.

ആദ്യ നൂറ്റാണ്ടു മുതല്‍ തന്നെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്ക് പേര്‍ഷ്യയിലെ ഈസ്റ്റ് സിറിയന്‍ സഭയുമായി ബന്ധമുണ്ടായിരുന്നു. അതിനാല്‍ തന്നെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ആരാധനക്രമ, ആദ്ധ്യാത്മീക, സഭാകാര്യങ്ങളില്‍ ഈബന്ധം നിര്‍ണ്ണായക സ്വാധീനം ചെലുത്തി. മാര്‍ത്തോമാശ്ലീഹായുടെ പാരമ്പര്യത്തില്‍പ്പെട്ട ഇവരുടെ ആരാധനക്രമരീതികള്‍ ഇവിടെയും അനുകരിച്ചു നടപ്പിലാക്കാനുള്ള സാഹചര്യം സംജാതമാകുകയും ചെയ്തു. എന്നാല്‍ സഭാ ഭരണ സംവിധാനത്തിലും സാമൂഹ്യ-സാംസ്‌കാരിക തലങ്ങളിലും മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ തനതായ സവിശേഷത കാത്തുസൂക്ഷിച്ചു. ബഹുമാനപ്പെട്ട പ്ലാസിഡച്ചന്റെ വാക്കുകളില്‍ പറഞ്ഞാല്‍ വിശ്വാസത്തില്‍ ക്രിസ്ത്യാനികളും സംസ്‌കാരത്തില്‍ ഇന്ത്യാക്കാരും, ആരാധനക്രമത്തില്‍ പൗരസ്ത്യരുമായിരുന്നു മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ സീറോ മലബാര്‍സഭാ മക്കള്‍.

നാലാം നൂറ്റാണ്ടു മുതല്‍ പതിനാറാം നൂറ്റാണ്ടുവരെ മാര്‍ത്തോമാ ക്രിസ്ത്യാനികളെ ഭരിച്ചിരുന്നത് ഈസ്റ്റ് സിറിയന്‍ സഭയിലെ പാത്രിയര്‍ക്കീസ് അയച്ചിരുന്ന ബിഷപ്പുമാരാണ്.


പതിനാറാം നൂറ്റാണ്ടിലെ പോര്‍ട്ട്ഗീസ് അധിനിവേശത്തോടെ മാര്‍ത്തോമാ ക്രിസ്ത്യാനി സഭയുടെ എല്ലാ വ്യക്തിത്വവും തകരുവാന്‍ ആരംഭിച്ചു. ഈ സമൂഹത്തെ ലത്തീന്‍ സഭയുടെ പൂര്‍ണ്ണനിയന്ത്രണത്തിലാക്കുവാന്‍ പോര്‍ട്ട്ഗീസുകാര്‍ കിണഞ്ഞു ശ്രമിച്ചു. 1599 ല്‍ പോര്‍ട്ട്ഗാസുകാര്‍ വിളിച്ചുകൂട്ടിയ ഉദയം പേരൂര്‍ സുന്നഹദോവോടെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ഒരു കോളനിസഭയായി തരം താണു.

ഉദയം പേരൂര്‍ സുന്നഹദോസിനെ തുടര്‍ന്ന് ഈസ്റ്റ് സിറിയന്‍ സഭയുമായി എല്ലാ ബന്ധങ്ങളും അവസാനിക്കുകയും വിദേശ ലത്തീന്‍ ബിഷപ്പിനെ സെന്റ് തോമസ് ക്രിസ്ത്യാനികളുടെ ഭരണചുമതല ഏല്‍പ്പിക്കുകയും ചെയ്തു. സഭയുടെ എല്ലാ പാരമ്പര്യങ്ങളും ആചാരരീതികളും മറ്റും മാറ്റുവാന്‍ ലത്തീന്‍ നിയന്ത്രണത്തിലായ സെന്റ് തോമസ് ക്രിസ്ത്യാനികള്‍ നിര്‍ബന്ധിതരായി.

സ്വാഭാവികമായി പോര്‍ട്ട്ഗീസ് നിയന്ത്രണത്തിലുള്ള ലത്തീന്‍ ഭരണത്തിനെതിരെ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ പ്രതിഷേധിച്ചു. ഈ പ്രതിഷേധത്തിന്റെ ഭാഗമായി നടന്നതാണ് 1653 ലെ കൂനന്‍ കുരിശുസത്യം. ഒരു കൂട്ടം വൈദികരും ഒട്ടനവധി വിശ്വാസികളും മട്ടാംചേരിയിലെ ഔവര്‍ ലേഡി ഓഫ് ലൈഫ് പള്ളിയില്‍ ഒത്തുകൂടി ഗോവയിലെ പോര്‍ട്ട്ഗീസ് ആര്‍ച്ച്ബിഷപ്പിന് ഇനി അനുസരിക്കില്ല എന്ന് പ്രതിജ്ഞ എടുത്തു. പള്ളിക്കു പുറത്തെ കുരിശില്‍ വടം കെട്ടി ആ വടത്തില്‍ പിടിച്ചാണ് വിശ്വാസികള്‍ പ്രതിജ്ഞ എടുത്തത്. വടം കെട്ടിയ കുരിശ് വളഞ്ഞുപോയതു കൊണ്ട് ഇത് കൂനന്‍ കുരിശു സത്യം എന്ന് അറിയപ്പെട്ടു.

കൂനന്‍ കുരിശുസത്യത്തിനുശേഷം മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്കിടയില്‍ പിളര്‍പ്പ് ഉണ്ടാകുകയും ഒരു വിഭാഗം റോമാ മാര്‍പാപ്പയില്‍ നിന്ന് അകന്ന് അന്ത്യോക്കായിലെ വെസ്റ്റ് സിറിയന്‍ സഭയുമായി ഐക്യത്തിലായി ഈ ഗ്രൂപ്പ് പിന്നീട് ജാക്കോബൈറ്റ്, പുത്തന്‍കൂറുകാര്‍, സിറിയന്‍ ഓര്‍ത്തഡോക്‌സ് എന്നൊക്കെ അറിയപ്പെട്ടു.

പിന്നീടങ്ങോട്ടും വിദേശ മിഷനറി ഭരണത്തിനെതിരേ പല പ്രതിഷേധ പരിപാടികളും നടന്നു. 1787 ലെ അങ്കമാലി പടിയോല റോം ഗൗരവമായി എടുക്കുകയും ഇവിടുത്തെ സാഹചര്യങ്ങള്‍ പഠിക്കുവാന്‍ പ്രതിനിധി സംഘത്തെ അയയ്ക്കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ടുള്ള പോരാട്ടങ്ങളുടേയും നിവേദനങ്ങളുടെയും ഒക്കെ അടിസ്ഥാനത്തില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി പ്രത്യേകം വികാരിയത്തുകള്‍ സ്ഥാപിച്ചു, എങ്കിലും, വിദേശ ബിഷപ്പുമാരാണ് ഭരണം നിര്‍വ്വഹിച്ചത്. 1896 ല്‍ മാര്‍പാപ്പ തൃശ്ശൂര്‍, എറണാകുളം, ചങ്ങനാശ്ശേരി എന്നിങ്ങനെ 3 വികാരിയത്തുകള്‍ സ്ഥാപിച്ച് സ്വദേശിയ ബിഷപ്പുമാര്‍ക്ക് ഭരണ ചുമതല നല്‍കി. 1911 ല്‍ മാര്‍പാപ്പ ക്‌നാനായ മക്കള്‍ക്ക് വേണ്ടി കോട്ടയം വികാരിയത്ത് സ്ഥാപിച്ച് കല്‍പ്പന ഇറക്കി. എ.ഡി. 345 ല്‍ സിറിയായില്‍ നിന്നും കേരളത്തിലേക്കു കുടിയേറിയ 72 കുടുംബങ്ങളുടെ പിന്‍തലമുറക്കാരാണിവര്‍.

1923 ല്‍ പയസ്സ് പതിനൊന്നാമന്‍ മാര്‍പാപ്പ സീറോ മലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചതോടെ, സഭ എല്ലാ അര്‍ത്ഥത്തിലും വളരുവാന്‍ തുടങ്ങി. സഭയുടെ പൗരസ്ത്യ വ്യക്തിത്വം തിരിച്ചു കൊണ്ടു വരുവാനും ലാറ്റിന്‍ അധിനിവേശത്തിന്റെ മുറിപാടുകള്‍ ഉണക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

1992 ഡിസംബര്‍ 16ന് സീറോ മലബാര്‍ സഭയെ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ സൂയി ജൂറീസ് സഭയായി ഉയര്‍ത്തുകയും കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയായെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി നിയമിക്കുകയും ചെയ്തു.

2011 സഭയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായക വര്‍ഷമായിരുന്നു. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ നിര്യാണത്തെ തുടര്‍ന്ന് 2011 മെയ് 23-26 വരെ നടന്ന സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡ് മാര്‍ ജോര്‍ജ് ആലംഞ്ചേരിയെ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തു. സഭയുടെ ആദ്യ തെരെഞ്ഞെടുക്കപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പാണ് മാര്‍ ആലംഞ്ചേരിയെ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ കര്‍ദ്ദിനാള്‍ ആയി ഉയര്‍ത്തി.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ധീരമായ നേതൃത്വത്തില്‍ സഭ കൂടുതല്‍ ശക്തി പ്രാപിക്കുകയും വളര്‍ന്നു പന്തലിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

സീറോ മലബാര്‍ സഭ: ഹയരാര്‍ക്കി സ്ഥാപനത്തിന്റെ നവതി നിറവില്‍: ജിജി നീലത്തുംമുക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക