Image

ഇവരൊക്കെയാണ് എന്റെ സിനിമക്ക് അയിത്തം കല്‍പിച്ചത്

ജയന്‍ കെ. ചെറിയാന്‍ Published on 17 December, 2012
ഇവരൊക്കെയാണ് എന്റെ സിനിമക്ക് അയിത്തം കല്‍പിച്ചത്

(തയാറാക്കിയത് : മുഹ്സിന്‍ ചേന്ദമംഗല്ലൂര്‍; Madhyamam.com)

ജയന്‍ കെ. ചെറിയാന്‍

ഐ.എഫ്.എഫ്.കെ 2012
 ‘പാപ്പിലിയോബുദ്ധ’യെ ഒഴിവാക്കിയതിലൂടെ പ്രാന്തവത്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതവും പോരാട്ടവും അന്തര്‍ദേശീയ സദസിന് മുമ്പാകെ ചിത്രീകരിക്കാനുള്ള അവസരമാണ് ഐ.എഫ്.എഫ്.കെ നഷ്ടപ്പെടുത്തിയത്. ഉന്നത ജാതിക്കാരും പ്രമാണിമാരും നിയന്ത്രിക്കുന്ന ഏതൊരു ഭരണകൂട ഏജന്‍സിയേയും പോലെ, ചലച്ചിത്ര അക്കാദമിയിലും ദലിത് വിരുദ്ധ സമീപനം പ്രകടമാണ്. അവരുടെ പുരാതനമായ സംവേദന ശക്തിയെ കുഴപ്പത്തിലാക്കുന്ന ഒരു കലയും അവര്‍ക്ക് സഹിക്കാനാവില്ല. ‘പാപ്പിലിയോ ബുദ്ധ’ ഒഴിവാക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ ഡോക്യുമെന്‍്ററി ഫെസ്റ്റിവലില്‍ ആനന്ദ് പട്വര്‍ദ്ധന്‍െറ ‘ജയ് ഭീം കൊമ്രേഡ്’ (Jai Bheem Comrade) സിനിമയുടെ ദൈര്‍ഘ്യം കൂടുതലാണെന്ന് കാണിച്ച് ഒഴിവാക്കിയിരുന്നു. ‘പാപ്പിലിയോ ബുദ്ധ’യെ ഐ.എഫ്.എഫ്.കെയില്‍ നിന്നും ഒഴിവാക്കിയതിന്‍െറ മുഖ്യ കാരണങ്ങളിലൊന്ന് ദലിത് വിരുദ്ധ മനോഭാവമാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

അനുഭവങ്ങളുടെ തുടര്‍ച്ച
ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശന/ മത്സര വിഭാഗങ്ങളിലേക്കുള്ള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയോടും എനിക്ക് വിയോജിപ്പുണ്ട്. മറ്റു മേളകളില്‍, അംഗീകരിക്കപ്പെട്ട സിനിമക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. സിനിമാ മന്ത്രി തനിക്ക് പ്രിയപ്പെട്ട ഒരാളെ അക്കാദമി ചെയര്‍മാനായും അവര്‍ക്ക് വഴങ്ങുന്നവരെ ജൂറിയായും തെരഞ്ഞെടുക്കുന്നു. സ്വാഭാവികമായും, ഇവര്‍ കലാപരമായ ഒരു നൈതികതയും പുലര്‍ത്താത്ത അവസരവാദികളുടെ കൂട്ടമായി മാറും. അതുകൊണ്ട് തന്നെ, സിനിമാ തെരഞ്ഞെടുപ്പില്‍ അവര്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് ചോദിക്കുന്നതില്‍ അര്‍ഥമില്ല. ഭരിക്കുന്ന മന്ത്രിയോടോ ചെയര്‍മാനോടോ ഉള്ള നിരുപാധികമായ കൂറ് മാത്രമാണ് അവരുടെ യോഗ്യത.
കഴിവുറ്റ സിനിമാ പ്രവര്‍ത്തകരായ വിപിന്‍ വിജയനും ഷെറിക്കും മുന്‍ വര്‍ഷങ്ങളില്‍ ഐ.എഫ്.എഫ്.കെയില്‍ ഉണ്ടായ അനുഭവങ്ങള്‍ നമുക്കൊല്ലവര്‍ക്കുമറിയാം (നീണ്ട നിയമ-രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് വിപിനെ അംഗീകാരം തേടിയെത്തിയത്). ചലച്ചിത്ര അക്കാദമിയും ഐ.എഫ്.എഫ്.കെയും നമ്മുടെ നികുതി പണം ഉപയോഗിച്ചാണ് നടത്തുന്നത്. പുതിയ ശബ്ദങ്ങളെയും  താരങ്ങളെയും കണ്ടെത്തുകയും അവയെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതുമാണ് ഇതിന്‍െറ ദൗത്യമായി കണക്കാക്കപ്പെടുന്നത്. ദൗര്‍ഭാഗ്യവശാല്‍, നമ്മുടെ ഐ.എഫ്.എഫ്.കെ പുതിയ സിനിമാ നിര്‍മാതാക്കളുടെ കാര്യത്തില്‍ അസഹിഷ്ണുതയുടെയും ജാതീയ ഭ്രാന്തിന്‍െറയും ഭാഗമാവുകയാണ്. മറ്റൊരു വശത്ത്, അറബ് - അഫ്രോ-ഏഷ്യന്‍-ലാറ്റിനമേരിക്കന്‍ സിനിമകളില്‍ സ്പെഷലൈസ് ചെയ്യുന്ന ഫിലിം ഫെസ്റ്റിവലിനുള്ള FIAPE (International Federation of Filim Producers Association) അംഗീകാരം നേടിയെടുക്കുവാന്‍ വേണ്ടി ഈ രാജ്യങ്ങളിലെ അബ്ഒറിജിനല്‍ പാക്കേജുകളെ ആഘോഷിക്കുകയും ചെയ്യുന്നു.  ഇത് തികഞ്ഞ കാപട്യമാണ്.

മലയാള സിനിമയിലെ ദലിത് പ്രാതിനിധ്യം
മലയാള സിനിമയില്‍ ദലിത് പ്രാതിനിധ്യം എന്ന ഒന്നുണ്ടോ എന്നുതന്നെ സംശയമാണ്. ദലിത്/മുസ്ലിം/സ്ത്രീ കഥാപാത്രങ്ങളെ സ്റ്റീരിയോടൈപ്പുകളായി ചിത്രീകരിക്കുന്നത് തുടരുന്നു. ഭൂരിപക്ഷം മലയാള സിനിമകളും ദലിത് വിരുദ്ധമാണ്. ദലിതരായ സിനിമാ നിര്‍മാതാക്കളും എഴുത്തുകാര്‍ പോലും അധസ്ഥിത വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ പ്രമേയമാക്കിയുള്ള സിനിമകള്‍ നിര്‍മിക്കാന്‍ മടിക്കുകയാണ്. അവര്‍ ‘സവര്‍ണ’ജാതിയോട് ഒപ്പം ചേര്‍ന്ന് ‘സവര്‍ണ’ സിനിമകള്‍ നിര്‍മിക്കുന്നു. പ്രധാന കഥാപാത്രം ദലിത് ആയി വരുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ സവര്‍ണനായ നടനെ ദലിത് കഥാപാത്രമായി അവതരിപ്പിക്കും. വെളുത്തവര്‍ കറുത്ത മുഖത്തോടെ കറുത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ‘ജിം-ക്രോം’ (Jim-crow) കാലത്തെ ഹോളിവുഡിലെ കറുത്ത മുഖങ്ങളാണ് ഇതെന്നെ ഓര്‍മപ്പെടുത്തുന്നത്. മലയാള സിനിമാ വ്യവസായത്തില്‍ സവര്‍ണാധിപത്യം നിലനില്‍ക്കുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്യുന്ന ഒരു ശബ്ദത്തെയും അവര്‍ വെച്ചുപൊറിപ്പിക്കില്ല. എന്റെഅനുഭവം  അതാണ് തെളിയിക്കുന്നത്.

പാപ്പിലിയോ ബുദ്ധ
പാപ്പിലിയോ ബുദ്ധ എന്‍െറ ആദ്യ ഫീച്ചര്‍ ഫിലിം ആണ്. അത് കേരളത്തില്‍ നിര്‍മിക്കുക എന്നത് എന്‍െറ ആഗ്രഹമായിരുന്നു. അതും, ഹൃദയഭാഷയായ മലയാളത്തില്‍.
ദലിതുകള്‍ക്കും സ്ത്രീകള്‍ക്കും പരിസ്ഥിതിക്കും എതിരെ നടന്ന പൈശാചികത ചിത്രീകരിക്കുന്ന സിനിമയാണ് പാപ്പിലിയോ ബുദ്ധ. ഒരു കലാരൂപത്തെ സെന്‍സര്‍ ചെയ്യുക എന്നത് തന്നെ പരിഹാസ്യമാണ്. ഇന്ത്യയെ പോലുള്ള  ജനാധിപത്യ രാജ്യത്ത് കലാവിഷ്കാരത്തിന് തടയിടുന്ന ഭരണകൂട ആയുധങ്ങള്‍ (instruments) ഉണ്ടെന്നത് ലജ്ജാകരം തന്നെയാണ്. ഗാന്ധിയേയും ബുദ്ധനേയും അയ്യങ്കാളിയേയും അപകീര്‍ത്തിപ്പെടുത്തി എന്നതാണ് സിനിമയെക്കുറിച്ചുള്ള പ്രധാന ആക്ഷേപം. സിനിമയുടെ കൈ്ളമാക്സ് സീനിലെ ക്രിയാത്മകമായ പ്രതിപാദനത്തില്‍ നിന്നുമാണ് ഈ ‘അപകീര്‍ത്തിപ്പെടുത്തല്‍‘ വരുന്നത്. പ്രതിഷേധക്കാരെ വളരെ പ്രബലമായ ശക്തി ഉപയോഗിച്ച് കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസിനെ നേരിടുന്ന ഭൂരഹിത ദലിതരെയാണ് അവിടെ കാണിക്കുന്നത്. വാണിജ്യ സിനിമകളിലെ ഭാഷകളില്‍ നിന്നും വ്യത്യസ്തമാണെങ്കിലും ഈ സിനിമയിലെ കഥാപാത്രങ്ങളുടെ ഭാഷ അവരുടെ ദിനേനയുള്ള സംസാര ഭാഷയാണ്. സിനിമയില്‍ ആക്ടിവിസ്റ്റുകളായ ശങ്കരനും മജതുവിനും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമൂഹിക അനീതിയാണ് പ്രതിഫലിപ്പിക്കുന്നത്. ഇതിന്‍െറ അവതരണത്തില്‍ ഒരുവിധ പെരുപ്പിക്കലും നടത്തിയിട്ടില്ല.
കേന്ദ്ര സെന്‍സര്‍ബോര്‍ഡിന് പുറമെ, റീജ്യനല്‍ സെന്‍സര്‍ ബോര്‍ഡും സിനിമയുടെ എല്ലാ വിധത്തിലുള്ള സര്‍ട്ടിഫിക്കറ്റുകളും വിലക്കി. തുടര്‍ന്ന് ഞങ്ങള്‍ റിവിഷന്‍ കമ്മിറ്റിയെ സമീപിച്ചു. അവര്‍ 25 ലധികം ‘കട്ടു’കളും മറ്റും  നിര്‍ദേശിച്ചു. യഥാര്‍ഥത്തില്‍ സിനിമയുടെ ആഖ്യാന ഘടനയെ കൊല്ലുന്ന തരത്തിലായിരുന്നു അത്. അവസാനം, FCAT (Film Certification Appellate Tribunal) ഞങ്ങള്‍ക്ക് അനുകൂലമായ വിധി നല്‍കി. ഇത് യാതൊരുവിധ ‘കട്ടു’കള്‍ ഇല്ലാത്തതും എന്നാല്‍ ചില ഭാഗങ്ങളില്‍ ശബ്ദവും ദൃശ്യവും അല്‍പം മായ്ച്ചുകളഞ്ഞ് (Blur) പ്രദര്‍ശിപ്പിക്കാമെന്നായിരുന്നു വിധി. ഈ സിനിമയെ ജനങ്ങളിലേക്കെത്തിക്കണമെന്നത് ഞങ്ങളുടെ ആവശ്യമായതിനാല്‍ ഈ വിധിയെ സ്വാഗതം ചെയ്യുന്നു. ഒരു കലാകാരന്‍ എന്ന നിലക്ക്, ഏതൊരു കലാരൂപത്തിലും ഭരണകൂടത്തിന്‍െറ ഇടപെടല്‍ പരിഹാസ്യമാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ഇത് ജനാധിപത്യത്തിന്‍െറ മൂല തത്ത്വങ്ങള്‍ക്കു തന്നെ എതിരാണെന്നാണ് എന്റെഅഭിപ്രായം.
ജാതി പേരുകള്‍ വിളിച്ച് കൊണ്ട് ദലിതുകളെ അപമാനിക്കല്‍ നമ്മുടെ സമൂഹത്തില്‍ സാധാരണയാണ്. ദലിത് ജാതി പേരുകള്‍ വിളിച്ചു കൊണ്ട് ചില സവര്‍ണ കഥാപാത്രങ്ങളെ ഞങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ആ ചെയ്തിയെ വിമര്‍ശിക്കാന്‍ വേണ്ടിയാണ്. മറിച്ച് അതിനെ അംഗീകരിക്കാനല്ല. ഈ സിനിമ കാണുന്ന ഏതൊരാള്‍ക്കും അതു വ്യക്തമാവും.
ഈ കഥയെ നേരെയും ഫലപ്രദമായും അവതരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. വിവാദം ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.

കല്ലേല്‍ പൊക്കുടന്‍
‘പാപ്പിലിയോ ബുദ്ധ’യില്‍ കല്ലേല്‍ പൊക്കുടനെ മുഖ്യ കഥാപാത്രമായി അവതരിപ്പിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നാണ് എന്റെവിശ്വാസം.  കണ്ടല്‍കാരിയന്‍ എന്ന കഥാപാത്രം  അദ്ദേഹത്തിന്‍െറ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. നമുക്കെല്ലാവര്‍ക്കുമറിയാം, കല്ലേല്‍ പൊക്കുടന്‍ കേരളത്തിലെ പ്രധാനപ്പെട്ട ഒരു ദലിത്-പരിസ്ഥിതി പ്രവര്‍ത്തകനാണ്. 1937ല്‍ ഒരു കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. രണ്ടാംതരംവരെ സ്കൂളില്‍ പോയി. തുടര്‍ന്ന്, നിലനില്‍പ്പിനായി നെല്‍പ്പാടങ്ങളില്‍ പണിയെടുക്കാന്‍ വേണ്ടി നിര്‍ബന്ധിക്കപ്പെട്ടു. കൗമാരത്തില്‍, അദ്ദേഹം നെല്‍പ്പാടത്തെ ജോലിയില്‍ നിന്നും ഓടിപ്പോവുകയും, കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. കണ്ണൂരിലെ ആദ്യകാല കര്‍ഷക സമരങ്ങളില്‍ പങ്കെടുത്തു. ഒരു ജന്മിയെ കൊലപ്പെടുത്തിയ കുറ്റത്തിന് കുറച്ചുകാലം തുറങ്കിലടക്കപ്പെട്ടു.പിന്നീട്, ആശയപരമായ അഭിപ്രായ വ്യത്യാസത്താലും പാര്‍ട്ടിയില്‍ അനുഭവിച്ച തൊട്ടുകൂടായ്മ കാരണവുംഅദ്ദേഹം പാര്‍ട്ടി വിട്ടു. കേരളത്തിലെ ദലിത് മുന്നേറ്റ ചരിത്രത്തില്‍ പൊക്കുടന്റെജീവിതവും ആക്ടിവിസവും വളരെ പ്രധാനപ്പെട്ടതാണ്. അമ്പരപ്പിക്കുന്ന നടനാണ് പൊക്കുടന്‍. അദ്ദേഹത്തിന്‍െറ കൂടെയുള്ള ജോലി ഹൃദയഹാരിയായിരുന്നു.

ചെങ്ങറ, മുത്തങ്ങ, മേപ്പാടി...
ചെങ്ങറ, മേപ്പാടി, മുത്തങ്ങ എന്നിവിടങ്ങളില്‍ നടന്ന ഭൂസമരം അടക്കമുള്ള കേരളത്തിലെ ദലിത് സമൂഹത്തിനിടയില്‍ സംഭവിച്ച കാര്യങ്ങളാണ് ‘പാപ്പിലിയോ ബുദ്ധ’യിലേക്ക് നയിച്ച പ്രചോദനം.

മാധ്യമങ്ങള്‍
 മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പാപ്പിലിയോ ബുദ്ധയുമായി ബന്ധപ്പെട്ട സെന്‍സര്‍ഷിപ്പ് പ്രശ്നങ്ങള്‍ അവഗണിക്കുകയാണുണ്ടായത്. പരമ്പരാഗത മാധ്യമങ്ങളില്‍ ദലിത് പ്രാതിനിധ്യം നാമമാത്രമായതിനാല്‍, ദലിത് മുന്നേറ്റങ്ങളില്‍ സോഷ്യല്‍ മീഡിയക്ക് വലിയ പങ്കുണ്ട്. ഇങ്ങനെ, ഭൂരിപക്ഷം അക്ടിവിസ്റ്റുകളും സന്ദേശങ്ങള്‍ പുറത്തുവിടാനുള്ള ഏക മാര്‍ഗമായി സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നു.

കേരളത്തിലെ ബുദ്ധിസ്റ്റ് പ്രസ്ഥാനങ്ങള്‍
‘സനാതന ധര്‍മ്മ’യില്‍ നിന്നും ദലിതുകളെ മോചിപ്പിക്കുന്നതില്‍ ബുദ്ധിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തിലെ ദലിതുകള്‍ക്കിടയില്‍ വലിയ പ്രസക്തിയുണ്ട്. ബ്രാഹ്മണ സാമൂഹിക സംവിധാന (Brahmanical Social order)ത്തിനും അതിന്‍െറ ഉപോല്‍പന്നമായ ജാതിവ്യവസ്ഥക്കും എതിരെ ചരിത്രപരമായ സമരം നയിച്ച തത്വശാസ്ത്രമാണ് ബുദ്ധിസം. ഡോ. അംബേദ്കറെ പോലുള്ളവര്‍ ബുദ്ധിസത്തിന്‍െറ തത്വശാസ്ത്രപരമായ ശക്തി മനസിലാക്കുകയും ‘സനാതന ധര്‍മ്മ’ത്തിന്റെമേല്‍ക്കോയ്മയില്‍ നിന്നും അധസ്ഥിത ജനതയെ മോചിപ്പിക്കുന്നതിനുള്ള ആയുധമായും ഇതിനെ ഉപയോഗിച്ചു.

ഭാവി
ഈ സിനിമയെ ജനങ്ങളിലെത്തിക്കുക എന്നതാണ് അടുത്ത ചുവട്. ഗ്രാമങ്ങളിലും ദലിത് കോളനികളിലും ഇത് കാണിക്കണം. അന്താരാഷ്ട്ര ഫെസ്റ്റിവലുകളല്ല ഞങ്ങളുടെ ഫോക്കസ്.  ഈ സിനിമയില്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ജന വിഭാഗത്തിലേക്ക് ഈ സിനിമ എത്തിക്കണം.

തയാറാക്കിയത് : മുഹ്സിന്‍ ചേന്ദമംഗല്ലൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക