Image

കൂടുന്ന അക്രമങ്ങള്‍ (മധ്യരേഖ: ഡി. ബാബുപോള്‍)

Published on 20 December, 2012
കൂടുന്ന അക്രമങ്ങള്‍ (മധ്യരേഖ: ഡി. ബാബുപോള്‍)
മുഖ്യധാരാ മാധ്യമങ്ങള്‍ പോലും അക്രമത്തിന്‍െറ വാര്‍ത്തകള്‍ക്കായി ഒരു മുഴുപ്പേജ് നീക്കിവെക്കാന്‍ നിര്‍ബന്ധിതരാവുന്ന കാലമാണ്. ജനസംഖ്യ വര്‍ധിക്കുന്നു, പത്രങ്ങളുടെ എണ്ണവും പത്രം വായിക്കുന്നവരുടെ എണ്ണവും കൂടുന്നു, പത്രങ്ങള്‍ക്ക് വാര്‍ത്തകള്‍ കിട്ടാനും പരത്താനുമുള്ള സൗകര്യം ഏറുന്നു എന്നീ വസ്തുതകള്‍ പരിഗണിച്ചാല്‍ അതിന്‍െറ കാരണം വിശദീകരിക്കാനാവുമായിരിക്കാം. നമ്മെ അലോസരപ്പെടുത്തേണ്ടത് അതല്ല. അക്രമത്തിനു പിന്നിലെ കാരണങ്ങളാണ് നമുക്ക് ബേജാറുണ്ടാക്കേണ്ടത്.
ഇന്നു വായിച്ച ഒരു പത്രത്തില്‍ ഒരു ചെറുപ്പക്കാരന്‍ സഹോദരിയുടെ പ്രതിശ്രുത വരനെ നിഷ്കരുണം കൊലപ്പെടുത്തിയ വര്‍ത്തമാനം ഉണ്ട്. പ്രണയ വിവാഹമോ ലൗജിഹാദോ ഒന്നും അല്ല. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണം. അളിയന് അളിയനെ ഇഷ്ടമായില്ല. കത്തിയെടുക്കുന്നു. കുത്തിമലര്‍ത്തുന്നു.
പ്രണയവും പ്രണയനൈരാശ്യവും പുതിയതല്ല. എന്നാല്‍, തിരിച്ചുകിട്ടാത്ത സ്നേഹത്തോട് ആസിഡും കൊലക്കത്തിയും ഉപയോഗിച്ച് പ്രതികരിക്കുന്നത് അസാധാരണമല്ലാതായത് ഈയിടെയാണ്.
തീര്‍ത്തും നിസ്സാരമെന്ന് മറ്റുള്ളവര്‍ക്ക് ന്യായമായും തോന്നാവുന്ന സാഹചര്യങ്ങള്‍ അനുഭവസ്ഥര്‍ക്ക് ഗുരുതരമായി തോന്നാം എന്നത് ശരിയാണ്. സ്നേഹം തിരിച്ചറിയപ്പെടാതെ പോകുന്നതിനേക്കാള്‍ ദു$ഖം നല്‍കുന്ന മറ്റൊരനുഭവം ഉണ്ടാകാനിടയില്ല. എന്നാല്‍, അത് അക്രമത്തിലേക്കും പ്രതികാരത്തിലേക്കും നയിക്കുമ്പോള്‍ തിരസ്കരിക്കപ്പെട്ട സ്നേഹത്തിന്‍െറ ബാക്കിപത്രം ആകുന്നതെങ്ങനെ? ഞാന്‍ ഒരാള്‍ക്ക് സ്നേഹം നല്‍കുന്നു. അത് കിട്ടിയതായി ആ ആള്‍ക്ക് തോന്നുന്നില്ല. സ്നേഹത്തിന്‍െറ നിര്‍വചനഭേദം കൊണ്ട് അങ്ങനെ സംഭവിക്കാം. മക്കളെ ശിക്ഷിക്കുന്ന മാതാപിതാക്കളുടെ സ്നേഹം മക്കള്‍ തിരിച്ചറിയുന്നത് അവര്‍ മാതാവോ പിതാവോ ആയിക്കഴിഞ്ഞിട്ടാണ്. അല്ലെങ്കില്‍ സ്നേഹം പ്രകടിപ്പിക്കുന്നതിന്‍െറ രീതിഭേദം ആവാം കാരണം. ഒരാള്‍ എടുത്തുകാട്ടുന്ന ചങ്ക് മറ്റൊരാള്‍ക്ക് തൊടിയിലെ ചെമ്പരത്തിപ്പൂവ് എന്ന് തോന്നാം. ആ സ്നേഹം ഒരിക്കലും തിരിച്ചറിയപ്പെട്ടില്ലെന്നോ തിരിച്ചുകൊടുക്കപ്പെട്ടില്ലെന്നോ വരാം. അത് ഓരോരുത്തരുടെ മാനസികാവസ്ഥയുടെയും വിവേകത്തിന്‍െറയും പക്വതയുടെയുമൊക്കെ പ്രതിഫലനം ആവാം. എന്നാല്‍, വിവേകമതികള്‍ നിശ്ശബ്ദമായി സഹിച്ചാണ് പ്രതികരിക്കുക. അതിനുപകരം ജീവിതപങ്കാളിയാക്കാന്‍ മോഹിച്ച വ്യക്തിയെ മുഖത്ത് ആസിഡ് ഒഴിച്ച് പങ്കാളിയെ കിട്ടാത്ത പരുവത്തിലാക്കുന്നത് സ്നേഹമല്ല. മോഹിച്ച പെണ്ണിനെ കിട്ടാതെവരുമ്പോള്‍ ആ അവസ്ഥ സൃഷ്ടിച്ചവരോട് പ്രതികാരം ചെയ്ത കഥകള്‍ മുമ്പും കേട്ടിട്ടുണ്ട്. പെണ്ണിനോടുതന്നെ പ്രതികാരം ചെയ്യുന്ന കഥകള്‍ ഇപ്പോഴാണ് ഇത്രമേല്‍ കേള്‍ക്കുന്നത്.
ഇനി പത്രത്തിന്‍െറ അടുത്ത താളുകളിലേക്ക് നീങ്ങിയാലോ? മതത്തിന്‍െറ പേരില്‍ പണ്ടും അതിക്രമങ്ങളും യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. കുരിശുയുദ്ധങ്ങളും ഗസ്നി മുതല്‍ ഉള്ളവരുടെ പടയോട്ടങ്ങളും നമുക്കറിയാം. കുരിശുയുദ്ധങ്ങള്‍ കഴിഞ്ഞിട്ട് ആയിരം കൊല്ലമായി. കാലം മാറി, ലോകം മാറി, മുന്‍ഗണനകള്‍ മാറി. ഗസ്നി തുടങ്ങിയവരും പഴങ്കഥയാണ്. തന്നെയുമല്ല അവര്‍ മതം നശിപ്പിക്കാന്‍ വന്നതല്ല. കൊള്ളയടിക്കാന്‍ വന്നു; മതം വേറെയാണെന്ന് കണ്ടപ്പോള്‍ നശിപ്പിക്കാന്‍ പുറപ്പെടുകയും ചെയ്തു എന്നാണല്ലോ ചരിത്രം പറയുന്നത്. ഇന്ന് മതത്തിന്‍െറ പേരില്‍ അക്രമങ്ങള്‍ നടക്കുന്നു. അതും പലപ്പോഴും ഒരേമതത്തിലെ അവാന്തര വിഭാഗങ്ങള്‍ തമ്മില്‍ യദുകുലഭാവം ദൃശ്യമാവുന്നു.
അയര്‍ലന്‍ഡിലെ പ്രശ്നം തീര്‍ന്നിട്ട് വര്‍ഷങ്ങള്‍ പലതായി. എന്നിട്ടും ഈയിടെ ഒറ്റപ്പെട്ട ഒരു സംഭവം പത്രങ്ങള്‍ നമ്മെ അറിയിച്ചുവല്ലോ. ബെല്‍ഫാസ്റ്റില്‍നിന്ന്. അതിന് പ്രതികാരമോ അക്രമാസക്തമായ പ്രതികരണമോ ഉണ്ടായില്ല എന്നത് മാത്രമാണ് ആശ്വാസം.
പാകിസ്താനിലെ മനുഷ്യാവകാശ കമീഷന്‍ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം 389 ശിയാക്കളെയാണ് കാഫിര്‍ മുദ്ര ചാര്‍ത്തി അവിടത്തെ ഭൂരിപക്ഷവിഭാഗം വധിച്ചത്. മുഹര്‍റം മാസത്തിലാണത്രെ ഈ അക്രമങ്ങള്‍ കൂടുന്നത്. ആരാണ് മുസ്ലിം എന്ന് നിര്‍വചിക്കാനുള്ള അവകാശം സ്വയം ഏറ്റെടുത്ത ചില ക്രൂരമനസ്സുകളാണ് ഇതിന്‍െറ പിറകില്‍ എന്നതില്‍ തര്‍ക്കംവേണ്ട. പാകിസ്താനില്‍ ജനസംഖ്യയുടെ അഞ്ചിലൊന്ന് ശിയാക്കളാണ്. മാത്രവുമല്ല, അത്യുന്നത പദവികളില്‍ എത്തിയിട്ടുള്ളവരും ഉണ്ടത്രെ ആ വിഭാഗത്തില്‍. അതായത് ന്യൂനപക്ഷമാണെങ്കിലും അഗണ്യമല്ല, സാമൂഹികവും രാഷ്ട്രീയവുമായി അത്രയങ്ങ് പ്രാന്തവത്കരിക്കപ്പെട്ടവരുമല്ല, പാകിസ്താനിലെ ശിയാവിഭാഗം. എങ്കിലും കുറേ അക്രമികള്‍ ധൈര്യമായി ശിയാക്കളെ കൊല്ലാന്‍ എസ്.എം.എസുകള്‍ അയക്കുന്നു, ചാവേറുകളെ ചട്ടംകെട്ടുന്നു. പാകിസ്താനിലെ ഭൂരിപക്ഷ മതവിഭാഗമോ സര്‍ക്കാറോ പൊതുജനാഭിപ്രായമോ ഒന്നും പ്രോത്സാഹിപ്പിക്കാതിരുന്നിട്ടും അക്രമം കുറയുന്നില്ല.
പേജുകള്‍ വീണ്ടും മറിക്കുക. കണേറ്റിക്കട്ടില്‍ കുഞ്ഞുങ്ങളെ ഒരു ‘വലിയ കുഞ്ഞ്’ വെടിവെച്ചുകൊല്ലുന്നു. അമേരിക്കയില്‍ ഇത് അസാധാരണമല്ല. 1976ല്‍ ആദ്യം അമേരിക്കയില്‍ പോയപ്പോള്‍ കിട്ടിയ ഉപദേശം ഓര്‍ക്കുന്നു. പുറത്തിറങ്ങുമ്പോള്‍ കാര്യമായി പണം കൈയിലുണ്ടാവരുത്, എന്നാല്‍, നഷ്ടപ്പെടുത്താന്‍ പോന്നത്ര ഒരു തുക ഉണ്ടാവുകയും വേണം. കൂടുതല്‍ ഉണ്ടായിരുന്നാല്‍ തോക്കുകാട്ടി വാങ്ങും. ഒട്ടും ഇല്ലാതിരുന്നാല്‍ തോക്ക് നീട്ടി വെടിവെച്ചാവും നിരാശതീര്‍ക്കുക. ഇപ്പോള്‍ അമേരിക്കന്‍ നഗരങ്ങളിലൊക്കെ കാമറാ സംവിധാനങ്ങള്‍ വഴി ഇത്തരം അതിക്രമങ്ങള്‍ക്ക് കുറവുണ്ടത്രെ. എങ്കിലും തോക്കിന്‍െറ ലഭ്യത അമേരിക്കയിലെ ഒരു വലിയ പ്രശ്നം തന്നെയാണ് ഇന്നും.
അമേരിക്കയില്‍ ആര്‍ക്കും തോക്കു വാങ്ങാം. നമ്മുടേതു പോലുള്ള ലൈസന്‍സിങ് ഒന്നും ഇല്ല. ഒരുവന് ജീവിക്കാനുള്ള അവകാശത്തേക്കാള്‍ വലുതാണ് മറ്റൊരുവനു തോക്ക് കൈവശം വെക്കാനുള്ള അവകാശം ആ നാട്ടില്‍. നമ്മുടെനാട്ടില്‍ ക്ഷിപ്രകോപികള്‍ക്ക് തോക്ക് കിട്ടാതിരിക്കാന്‍ വ്യവസ്ഥ ഉണ്ട്. അപേക്ഷകന്‍ പെട്ടെന്ന് പ്രകോപിതനാവുകയും കോപിക്കുകയും ചെയ്യുന്ന വ്യക്തിയാണ് എന്നതൊഴിച്ചാല്‍ തോക്ക് ലൈസന്‍സിന് അര്‍ഹനാണെന്ന് ഒരു അംശം അധികാരിയോ ഏഡങ്ങത്തയോ എഴുതിയാല്‍ മതി ലൈസന്‍സ് നിഷേധിക്കപ്പെടും. ഒരപ്പീലധികാരിയും മറിച്ച് തീരുമാനിക്കാന്‍ ധൈര്യപ്പെടുകയില്ല താനും. അമേരിക്കയില്‍ ആ പ്രശ്നമില്ല. പീടികയില്‍ പോവുക, ‘ഒരു കിലോ മുളക്, രണ്ട് കിലോ ഉള്ളി, ഒരു ലിറ്റര്‍ വെളിച്ചെണ്ണ, ഒരു പടല പാളയം കോടന്‍ പഴം, ഒരു എ.കെ 47 തോക്ക്’ എന്ന് പറയുക, കാശുകൊടുക്കുക, മടങ്ങുക, തോന്നുമ്പോള്‍ കാഞ്ചി വലിക്കുക. ഈ നിയമം മാറ്റുമെന്ന് ഒബാമ പറയുന്നുണ്ട്. തോക്കുണ്ടാക്കുന്നവര്‍ സമ്മതിച്ചിട്ട് വേണം എന്നുമാത്രം.
ഇതൊക്കെയാണവസ്ഥ. നമുക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നാണ് നാം ചിന്തിക്കേണ്ടത്. ഒന്നാമത്, അക്രമത്തിനെതിരായ മനസ്സ് നമ്മുടെ കുഞ്ഞുങ്ങളില്‍ വളര്‍ത്തണം. അനീതിക്കെതിരെ പ്രതികരിക്കുന്നത് മാരകായുധങ്ങള്‍ ഉപയോഗിച്ചാവരുതെന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കട്ടെ. ക്രിസ്തുവിനെയോ കൃഷ്ണനെയോ പ്രവാചകനെയോ അപമാനിച്ചെന്ന് തോന്നിയാല്‍ അവരുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുന്നത് അഹങ്കാരവും അതിനായി പ്രതികാരം ചെയ്യുമ്പോള്‍ അക്രമം ഉപയോഗിക്കുന്നത് ആ പുണ്യചരിതരുടെ സ്മരണയോട് കാട്ടുന്ന അവഹേളനവുമാണെന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണം. രണ്ടാമത്, നമ്മുടെ കമ്പ്യൂട്ടറിലെ കളികള്‍ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണം. വെടിവെച്ച് മുന്നേറുന്നതും എങ്ങനെയും ജയിക്കുന്നതും ലക്ഷ്യമിടുന്ന ഗെയിമുകള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സിനെ മലിനപ്പെടുത്താതിരിക്കട്ടെ. ബുദ്ധി ഉപയോഗിച്ച് മത്സരിക്കട്ടെ അവര്‍. നിരുപദ്രവകരമായ വിനോദം ആസ്വദിക്കട്ടെ അവര്‍. മൂന്നാമത്, കളിപ്പാട്ടങ്ങള്‍. തോക്കും അത്തരം ആയുധങ്ങളും കളിക്കോപ്പ് വിപണിയില്‍ നിരോധിക്കുക. നാലാമത്, നമ്മുടെ ചലച്ചിത്രങ്ങളിലും സീരിയലുകളിലും രചന-സംവിധാനം നിര്‍വഹിക്കുന്നവര്‍ തെറ്റായ മാതൃകകള്‍ സൃഷ്ടിച്ച് പ്രദര്‍ശിപ്പിക്കാതിരിക്കുക. മംഗലശ്ശേരി നീലകണ്ഠന്മാരെ നിയമം കൈകാര്യം ചെയ്യട്ടെ. നീതി നടത്താന്‍ രാജമാണിക്യത്തിന്‍െറ പോത്തുകള്‍ നമുക്ക് വേണ്ട. അഞ്ചാമത്, മുതിര്‍ന്നവര്‍ ജീവിതംകൊണ്ട് മാതൃക കാട്ടുക. വാക്കില്‍ മിതത്വവും നോക്കില്‍ മാന്യതയും എല്ലാ പ്രവൃത്തികളിലും പക്വതയും നമ്മെ ഭരിക്കുമ്പോള്‍ നമ്മുടെ മക്കള്‍ അതുകണ്ട് പഠിക്കും. സര്‍വോപരി, നമുക്ക് പ്രാര്‍ഥിക്കാം, ലോകം കുറേക്കൂടെ നല്ല ഒരു സ്ഥലം ആയിത്തീരാന്‍...
http://www.madhyamam.com/news/205141/121218
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക