Image

കാതോലിക്കാ സ്ഥാപനം- ഉല്‍ഭവവും, ചരിത്ര പശ്ചാത്തലവും(3)-ഫാ.ജോസഫ് വര്‍ഗീസ്

ഫാ.ജോസഫ് വര്‍ഗീസ് Published on 19 December, 2012
 കാതോലിക്കാ സ്ഥാപനം- ഉല്‍ഭവവും, ചരിത്ര പശ്ചാത്തലവും(3)-ഫാ.ജോസഫ് വര്‍ഗീസ്
മലങ്കരയിലെ(ഇന്‍ഡ്യയിലെ) കാതോലിക്കേറ്റ്
സുറുയാനി ഓര്‍ത്തഡോക്‌സ് സഭയില്‍ നിലനിന്നിരുന്ന മഫ്രിയാനോ എന്ന സ്ഥാനം 1860 ല്‍ പ.പാത്രയര്‍ക്കീസ് ബാവ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനപ്രകാരം നിര്‍ത്തലാക്കുകയുണ്ടായി. ഒരു നൂറ്റാണ്ടിനു ശേഷം പ.ഇഗ്നാത്തിയോസ് യാക്കൂബ് ത്രിതീയന്‍ പാത്രയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ 1964 ല്‍ കോട്ടയത്തു സമ്മേളിച്ച ആകമാന സുന്നദോസിന്റെ തീരുമാനപ്രകാരം മഫ്രിയാനാ സ്ഥാനം ഇന്‍ഡ്യയിലെ സുറിയാനി സഭയില്‍ പുനഃസ്ഥാപിച്ചു. സഭയുടെ ഔദ്യോഗികമായ തീരുമാനം അനുസരിച്ച് കിഴക്കിന്റെ കാതോലിക്ക എന്ന സ്ഥാനമാണ് മഫ്രായാനാ സ്ഥാനികള്‍ ഉപയോഗിച്ചുവരുന്നത്. അധികാര സീമക്കനുസൃതമായി 2002 ല്‍ മഫ്രിയാനയെ ഇന്‍ഡ്യയുടെ കാതോലിക്ക എന്ന് പുനര്‍ നാമകരണം ചെയ്തു. ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്കായും, ഇന്‍ഡ്യയിലെ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ തലവുമായ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്റെ ആസ്ഥാനവും, സഭാ കേന്ദ്രവും കൊച്ചിക്കടുത്തുള്ള പുത്തന്‍കുരിശിലെ പാത്രിയര്‍ക്കാ സെന്ററിലാണ്.

സുറിയാനി സഭ പിന്‍തുടര്‍ന്നുവരുന്ന അധികാര ശ്രേണിയനുസരിച്ച് പാത്രയര്‍ക്കീസ് ബാവ കഴിഞ്ഞാല്‍ രണ്ടാമത്തെ സ്ഥാനമാണ് കാതോലിക്കായ്ക്കുള്ളത്. അദ്ദേഹം പ്രാദേശിക സുന്നഹദോസിന്റെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്നു. ഇന്‍ഡ്യയിലെ പ്രാദേശിക തലവനുള്‍പ്പെടെയുള്ള മേല്‍പ്പട്ടക്കാരും വൈദികരും, ദയറാക്കാരും, വിശ്വാസി സമൂഹവും ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, ആത്മീയ പിതാവുമായ പരിശുദ്ധ അന്ത്യോഖ്യാ പാത്രയര്‍ക്കീസ് ബാവാക്ക് തങ്ങളുടെ അചഞ്ചലമായ ഭക്തിയും അനുസരണവും വിശ്വാസവും അര്‍പ്പിച്ചുവരുന്നു.

പ. അന്ത്യോഖ്യാ പാത്രയര്‍ക്കീസ് തലവനായുള്ള ആകമാന സുറിയാനി സഭയുടെ കൂട്ടായ്മയില്‍ നന്നും സ്വയം വേര്‍പിരിഞ്ഞ മലങ്കര സുറിയാനി സഭയുടെ ഒരു വിഭാഗം, തങ്ങള്‍ സഭാഗാത്രത്തില്‍ വരുത്തിവച്ച പിളര്‍പ്പിന് അധികാരികത കണ്ടെത്താനായി, അന്ത്യോഖ്യാ പാത്രയര്‍ക്കീസ് സ്ഥാനത്തു നിന്നും മുടക്കപ്പെട്ട് ഡയര്‍ ബക്കറിന്‍ (Dier Bakr) കഴിഞ്ഞിരുന്ന മാര്‍ അബ്ദുള്‍ മ്ശിഹായെ മലങ്കരയില്‍ വരുത്തി 1912 ല്‍ മുറിമറ്റം മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായ്ക്ക് കാതോലിക്ക സ്ഥാനം നല്‍കുകയും അശാനോനികാമായ ഈ വാഴ്ച മലങ്കര സഭയില്‍ ഒരു വലിയ വിവാദത്തിന് തിരി കൊളുത്തുകയും ചെയ്തു. 1934 ല്‍ ഈ വിഭാഗം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ എന്ന പേരു സ്വീകരിക്കുകയും, ഒരു ഭരണഘടന അംഗീകരിക്കുകയും ചെയ്തു. 1964 ല്‍ ആ വിഭാഗം വീണ്ടും മാതൃ സഭയുമായി രമ്യതപ്പെട്ട് യോജിക്കുകയും, പ. അന്ത്യോഖ്യാ പാത്രയര്‍ക്കീസ് ഒന്നായിത്തീര്‍ന്ന സഭയ്ക്ക് കിഴക്കിന്റെ കാതോലിക്ക എന്ന സ്ഥാനിയെ വാഴിച്ചു നല്‍കുകയും ചെയ്‌തെങ്കിലും നിര്‍ഭാഗ്യവശാല്‍ 1970 മുതല്‍ ഈ സഭ വിഭാഗം വീണ്ടും സുറിയാനി ഓര്‍ത്തഡോക്‌സ് കാതോലിക്കോസിന് സെലൂക്യയിലെ കാതോലിക്കോസിന്റെ പിന്‍തുടര്‍ച്ച അവകാശപ്പെടാനുള്ള ന്യായീകരണം ഉണ്ടെന്നു തോന്നുന്നില്ല.

അഞ്ചാം നൂറ്റാണ്ടില്‍ സെസ്‌തോറിയ വിശ്വാസം സ്വീകരിച്ച പേര്‍ഷ്യയിലെ പുരാതന സഭാ വിഭാഗം പൗരസ്ത്യ സഭ/ അസ്സീറിയന്‍ സഭ എന്ന പേരില്‍ അറിയപ്പെടുന്നു. എ.ഡി. 498 ല്‍ ഒരു സ്വതന്ത്ര സഭായി പ്രഖ്യാപിക്കുകയും സഭാതലവനെ(കാതോലിക്കോസ്) പൗരസ്ത്യ പാത്രയര്‍ക്കീസ് എന്ന പേരില്‍ നാമകരണം ചെയ്യുകയുണ്ടായി. പുരാതന പേര്‍ഷ്യന്‍ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട സഭയാണ് അസ്സീറീയന്‍സഭ. ഈ സഭയുമായുള്ള ചില തര്‍ക്കങ്ങള്‍ കാരണം 1968 ല്‍ ഒരു വിഭാഗം വേര്‍പിരിഞ്ഞ് "കിഴക്കിന്റെ പുരാതന സഭ"(The Ancient Church of the East) എന്ന പുതിയ സഭ രൂപീകരിച്ച ബാഗ്ദാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു.

പേര്‍ഷ്യയിലെ നെസ്‌തോറിയന്‍ സഭയുടെ തലവനും, ഒരു വിഭാഗം ജനങ്ങളും 1445 ല്‍ കാത്തോലിക്കാ സഭയുടെ വിശ്വാസം സ്വീകരിക്കുകയുണ്ടായി. കാത്തോലിക്കാ സഭയുമായി സംസര്‍ഗത്തില്‍ കഴിയുന്ന ഈ സഭയുടെ തലവന്‍ അറിയപ്പെടുന്നത് കല്‍ദായരുടെ പാത്രയര്‍ക്കീസ്(Patriarch of Chaldeans) എന്ന പേരിലാണ്.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍നിന്നും ആ സഭയിലെ മെത്രാപ്പോലീത്തായായിരുന്ന മാര്‍ ഈവാനിയോസിന്റെ നേതൃത്വത്തില്‍ 1930 ല്‍ ഒരു വിഭാഗം കാത്തോലിക്കാ സഭയില്‍ ചേരുകയും മലങ്കര സുറിയാനി കാത്തോലിക്കാ സഭ എന്ന പേരില്‍ ഒരു പ്രത്യേക റീത്തായി(Rite) കാത്തോലിക്കാ സഭയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഈ സഭയുടെ തലവനും, തിരുവനന്തപുരം ആര്‍ച്ചു ബിഷപ്പുമായിരുന്ന സിറില്‍ മാര്‍ ബസേലിയോസ് 2005 ല്‍ കാതോലിക്കാ സ്ഥാനം സ്വീകരിച്ചതോടുകൂടി മലങ്കര കത്തോലിക്കാ സഭയിലും കാതോലിക്കേറ്റുണ്ടായി. ഇദ്ദേഹം ഈ സഭയുടെ സ്ഥാപകനായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസിന്റെ നാലാമത്തെ പിന്‍ഗാമിയാണ്. അബ്ദുള്‍ മശിഹാ പാത്രയര്‍ക്കീസിനെ കേരളത്തില്‍ കൊണ്ടുവരാനും 1912 ല്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കാതോലിക്കാ വാഴ്ച നടത്താനുമുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തത് വട്ടശ്ശേരില്‍ മാര്‍ ദീവന്യാസിയോസ് മെത്രാപ്പോലീത്തായോടൊപ്പം, അദ്ദേഹത്തിന്റെ സഹായിയായിരുന്ന മാര്‍ ഈവാനിയോസുമായിരുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമത്രേ.

സെലൂക്യയിലെ കാതോലിക്കോസിന്റെ പിന്‍തുടര്‍ച്ച പല സഭകളും ഇന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ ചരിത്രപരമായ അധികാരിത അന്ത്യോക്യാ പാത്രയര്‍ക്കീസിന്റെയും, ആ സഭയുടെ സുന്നഹദോസിന്റെയും ആത്മീയ അധികാരത്തില്‍ അധിഷ്ഠിതമാണെന്ന് വ്യക്തമാണ്.

(അവസാനിച്ചു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക