Image

തോക്ക്‌ സംസ്‌കാരം വരുത്തിയ വിന (യു.എ. നസീര്‍)

യു.എ. നസീര്‍ Published on 21 December, 2012
തോക്ക്‌ സംസ്‌കാരം വരുത്തിയ വിന (യു.എ. നസീര്‍)
അടുത്തകാലത്ത്‌ കൂട്ട വെടിവെപ്പ്‌ അമേരിക്കയില്‍ തുടര്‍ക്കഥയാണെങ്കിലും ഒരു എല്‍.പി സ്‌കൂളില്‍ നടന്ന അറുകൊല ലോകജനതയെത്തന്നെ ഞെട്ടിക്കുന്നതാണ്‌. 20കാരനായ ആദം ലാന്‍സ നിഷ്‌ഠുരം വെടിവെച്ചുകൊന്നത്‌ 20 പിഞ്ചുകുഞ്ഞുങ്ങളെയും അവര്‍ക്ക്‌ രക്ഷാകവചം ഒരുക്കിയ ആറ്‌ സ്‌കൂള്‍ ജീവനക്കാരെയുമാണ്‌. ഇതില്‍ ന്യൂടൗണ്‍ സാന്‍റിഹൂക്‌ എലിമെന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പലും ഉള്‍പ്പെടുന്നു. മരിച്ച മറ്റു രണ്ടു പേര്‍ തോക്കുധാരിയായ ആദം ലാന്‍സയും തോക്കിന്‍െറ ഉടമയും ഇതേ സ്‌കൂളില്‍ ടീച്ചറുമായ അവന്‍െറ മാതാവ്‌ നാന്‍സി ലാന്‍സയുമാണ്‌. അങ്ങനെ മൊത്തം 28 പേരാണ്‌ ന്യൂയോര്‍ക്കിനടുത്ത കണേറ്റിക്കട്ടിലെ കൊച്ചുഗ്രാമത്തെ നടുക്കിയ ദുരന്തത്തില്‍ രക്തസാക്ഷിത്വംവരിച്ചത്‌. വര്‍ധിച്ചുവരുന്ന വിവാഹമോചനം വരുത്തിവെക്കുന്ന വിനാശങ്ങളും തോക്കിന്‍െറ ലഭ്യതയുമാണ്‌ ആദം എന്ന 20കാരനെ പൈശാചികമായ കൂട്ടക്കുരുതിയിലേക്ക്‌ നയിച്ചിരിക്കാന്‍ സാധ്യത. കൂടാതെ, ഓട്ടിസം എന്ന `ഡെവലപ്‌മെന്‍റല്‍ ഡിസോര്‍ഡറും' ഇതിന്‌ ആക്കംകൂട്ടി. ഭര്‍ത്താവില്‍നിന്ന്‌ അകന്നുകഴിഞ്ഞ്‌, തോക്കുകളോട്‌ അമിതാവേശം പ്രകടിപ്പിച്ച ടീച്ചര്‍ സ്വന്തം മകന്‍െറ കാഞ്ചിക്ക്‌ ഇരയായി. 60 മൈല്‍ അകലെ മന്‍ഹട്ടനില്‍ ജോലിയിലായിരുന്ന ആദമിന്‍െറ മൂത്ത സഹോദരനെയാണ്‌ പൊലീസ്‌ ആദ്യം കുറ്റവാളിയായി സംശയിച്ചതും അന്വേഷിച്ചതും.

സത്യത്തില്‍ ഒരു കുടുംബം മുഴുവന്‍ ലോകവാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. കഷ്ടിച്ച്‌ 27,000 പേര്‍ മാത്രം താമസിക്കുന്ന ഒരു കൊച്ചുഗ്രാമവും അവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥരും വരുംദിവസങ്ങളില്‍ ഒരുപാട്‌ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടേണ്ടിവരും ഒരു 20കാരന്‌ എങ്ങനെ തോക്ക്‌ കിട്ടി, ആദം ലാന്‍സ എങ്ങനെ സ്‌കൂളിന്‌ അകത്തു കയറി, സ്വന്തം മാതാവിനെ എന്തിന്‌ കൊന്നു, എന്തിന്‌ ഈ പിഞ്ചുകുഞ്ഞുങ്ങള്‍ തോക്കിന്‌ ഇരയായി തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌.

സാന്‍ഡി കൊടുങ്കാറ്റിനെ സമചിത്തതയോടെ നേരിട്ട അമേരിക്കന്‍ പ്രസിഡന്‍റ്‌ ബറാക്‌ ഒബാമ പോലും മാധ്യമങ്ങള്‍ക്കുമുന്നില്‍ വിതുമ്പി. ഈ സംഭവത്തില്‍ രാഷ്ട്രീയ ചേരിതിരിവുകള്‍ മാറ്റിവെച്ചുകൊണ്ടുള്ള ഒരു `മീനിങ്‌ഫുള്‍ ആക്ഷന്‍' (അര്‍ഥപൂര്‍ണമായ നടപടി) എന്നതുകൊണ്ട്‌ ഒബാമ വിരല്‍ചൂണ്ടുന്നത്‌ ശക്തമായ നിയമനിര്‍മാണത്തെയാണ്‌. അതായത്‌, `ഗണ്‍ കണ്‍ട്രോള്‍ ആക്ട്‌' (തോക്ക്‌ നിയന്ത്രണ നിയമം). അതിനുവേണ്ടിത്തന്നെയാണ്‌ അമേരിക്കന്‍ ജനതയും മുറവിളികൂട്ടുന്നത്‌. 18 തികഞ്ഞ ആര്‍ക്കും തോക്ക്‌ കൈവശംവെക്കാമെന്നത്‌ അമേരിക്കന്‍ നിയമമനുസരിച്ച്‌ മൗലികാവകാശമാണ്‌. അമേരിക്കയിലെ പൂര്‍വികര്‍ സ്വയംരക്ഷക്കുവേണ്ടിയാണ്‌ തോക്ക്‌ കൈവശം വെക്കാനുള്ള നിയമം നടപ്പാക്കിയത്‌. എന്നാല്‍, കാലം മാറി. എന്നിട്ടും, തോക്കിന്‍െറ ധൈര്യത്തിലാണ്‌ അമേരിക്കക്കാര്‍ കിടന്നുറങ്ങുന്നത്‌. അമേരിക്കയിലെ 47 ശതമാനം കുടുംബങ്ങളിലും തോക്കുണ്ട്‌. ആദം ലാന്‍സയുടെ അമ്മ നാന്‍സിക്ക്‌ അഞ്ച്‌ തോക്കുകളുണ്ട്‌. അതില്‍, അതിശക്തമായ രണ്ട്‌ കൈത്തോക്കുകളും ഒരു സെമി ഓട്ടോമാറ്റിക്‌ റൈഫിളും ഉള്‍പ്പെടുന്നു (സെമി ഓട്ടോമാറ്റിക്‌ റൈഫിളാണ്‌ അഫ്‌ഗാനിസ്‌താനിലും മറ്റും അമേരിക്കന്‍ സൈന്യം ഉപയാഗിക്കുന്നത്‌). പക്ഷേ, ഈ അഞ്ച്‌ തോക്കുകളും നിയമപരമായി രജിസ്റ്റര്‍ചെയ്‌തതും രേഖകള്‍ ഉള്ളതുമാണ്‌. എന്നിട്ടും, തോക്കുധാരികള്‍ ആരും ഒരു കള്ളനെയോ പിടിച്ചുപറിക്കാരനെയോ വകവരുത്തിയതായി അടുത്തകാലത്തൊന്നും കേട്ടിട്ടില്ല.

വിസ്‌കോണ്‍സിനിലെ സിഖ്‌ ക്ഷേത്രത്തിലെ കൂട്ടക്കൊല, കോളറാഡോയിലെ സിനിമാ തിയറ്ററില്‍ നടന്ന അറുകൊല തുടങ്ങി 2012 അവസാനം സാന്‍ഡിഹുക്‌ സ്‌കൂളിലെ കൊലപാതകംവരെയെത്തിനില്‍ക്കുന്നു അമേരിക്കയിലെ തോക്കുകളുടെ കഥ. 2007ല്‍ വെര്‍ജീനിയ ടെക്‌ യൂനിവേഴ്‌സിറ്റിയില്‍ 32 പേര്‍ മരിക്കാനിടയായ സംഭവത്തിനുശേഷം യു.എസില്‍ നടന്ന ഏറ്റവും വലിയ വെടിവെപ്പ്‌ സംഭവമാണിത്‌. അതായത്‌ ചരിത്രത്തില്‍ രണ്ടാം സ്ഥാനം.

വെടിവെപ്പ്‌ കാണാനിടയായ മറ്റു കുട്ടികള്‍ പറയുന്നത്‌ ആദം ലാന്‍സ നൂറിലധികം തിരകള്‍ ഉതിര്‍ത്തു എന്നാണ്‌. സാധാരണക്കാരന്‌ കൈയില്‍വെക്കാനുള്ള 10 തിരകളുടെ 10 ഇരട്ടി. വെറും ഒരു കാന്‍ഡ്‌ല്‍ ലൈറ്റ്‌ വിജിലും (ജാഗ്രതയുടെ പ്രതീകമായി മെഴുകുതിരി കത്തിക്കുന്ന ചടങ്ങ്‌) ദേശീയപതാക താഴ്‌ത്തിക്കെട്ടലുമായി ഈ സംഭവം ഒതുങ്ങുമോ അതോ ഒരു മാറ്റത്തിനുള്ള നിയമനിര്‍മാണം വരുമോ എന്നാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌. ഈ സംഭവത്തോടെ കണ്ണുതുറന്ന്‌ പ്രസിഡന്‍റ്‌ ഒബാമ ഗണ്‍ കണ്‍ട്രോള്‍ ആക്ട്‌ കൊണ്ടുവരുമെന്നാണ്‌ അമേരിക്കന്‍ ജനതയുടെ പ്രതീക്ഷ. എന്നാല്‍, ആയുധലോബിക്ക്‌ അമേരിക്കയില്‍ ശക്തമായ സ്വാധീനമാണുള്ളത്‌. ഭരണാധികാരികളെയും നിയമങ്ങളെയും മാറ്റിമറിക്കാന്‍ അവര്‍ക്കുള്ള സ്വാധീനം പ്രസിദ്ധമാണല്ലോ. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ തുറുപ്പുശീട്ടാണ്‌ ഗണ്‍ കണ്‍ട്രോള്‍ ആക്ട്‌. ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ബാനറില്‍ പ്രസിഡന്‍റ്‌ ബില്‍ ക്‌ളിന്‍റന്‍ 1994 മുതല്‍ 2004 വരെ നടപ്പാക്കാന്‍ ശ്രമിച്ച ഗണ്‍ കണ്‍ട്രോള്‍ നിയമം പ്രസിഡന്‍റ്‌ ജോര്‍ജ്‌ ബുഷ്‌ എടുത്തുകളയുകയാണുണ്ടായത്‌. തോക്ക്‌ കൈവശംവെക്കാനുള്ള അവകാശത്തിന്‌ ഉച്ഛ്വാസവായുവിനേക്കാള്‍ പ്രാധാന്യം കല്‍പിക്കുന്ന ഒരുകൂട്ടം അമേരിക്കക്കാരുടെ പിടിവാശിയുടെ അവസാനത്തെ ഇരകളായിരിക്കുമോ തോക്കിനു മുന്നില്‍ പിടഞ്ഞു മരിച്ച ഈ പിഞ്ചുകുഞ്ഞുങ്ങളെന്നാണ്‌ എല്ലാവരും ഉറ്റുനോക്കുന്നത്‌. എന്നിരുന്നാലും, ചില സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച്‌ പ്രത്യേകം നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്‌.

തുറസ്സായ കളിസ്ഥലങ്ങള്‍വിട്ട്‌ അടച്ചിട്ട മുറികള്‍ക്കുള്ളിലെ വീഡിയോ ഗെയിമുകളിലേക്ക്‌ ഒതുങ്ങുന്ന പുതിയ തലമുറയെ കണ്ടില്ലെന്നു നടിക്കാന്‍ വയ്യ. അവര്‍ ദിവസവും കളിക്കുന്ന ഗെയിമുകളില്‍ മുഖ്യസ്ഥാനം തോക്കിനും വെടിവെപ്പിനുമാണ്‌. ഇത്‌ അമേരിക്കയിലെ മാത്രം കാര്യമല്ല, നമ്മുടെ രാജ്യവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഗ്‌ളോബലൈസേഷനും ഇന്‍റര്‍നെറ്റും വീഡിയോ ഗെയിമുകളെ സര്‍വസാധാരണമാക്കിയതോടൊപ്പം മൊബൈല്‍ ഫോണും ഇത്തരം സംഭവങ്ങള്‍ക്ക്‌ ആക്കംകൂട്ടുന്നു. ഇത്തരം ഗെയിമുകള്‍, കളിക്കുന്നവരെ കുറച്ചുസമയത്തേക്കെങ്കിലും ഒരു കൊലയാളിയുടെ മനസ്സിനുടമയാക്കുന്നു. തിരകളുതിര്‍ത്ത്‌ ആവേശത്തോടെ പോയന്‍റുകള്‍ വാരിക്കൂട്ടുന്ന കുട്ടികള്‍ക്ക്‌ സ്വാഭാവികമായും അക്രമവാസന കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയുള്ള കുട്ടികള്‍ക്ക്‌ യഥാര്‍ഥ തോക്ക്‌ കൈയില്‍ കിട്ടിയാല്‍ സംഭവിക്കാന്‍ പോകുന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
തോക്ക്‌ സംസ്‌കാരം വരുത്തിയ വിന (യു.എ. നസീര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക