Image

ഒടുവില്‍ (കവിത)- പീറ്റര്‍ ചക്കാലക്കല്‍

പീറ്റര്‍ ചക്കാലക്കല്‍, ജിദ്ദ Published on 20 December, 2012
ഒടുവില്‍ (കവിത)- പീറ്റര്‍ ചക്കാലക്കല്‍
ഒടുവിലിതാ ഫിഫ്ത്ത് എസ്റ്റേറ്റില്‍
കാലവും വരവായെന്നുരചെയ്യുന്നൊരു കൂട്ടര്‍.
പരിവര്‍ത്തനത്തില്‍ യുഗപുരുഷരാം
അക്ഷരകാരരും സംസ്‌കാരിക നായകരുമൊത്തു-
ചേര്‍ന്നുത്‌ഘോഷിക്കുന്നു സുദൃഢം
വേണമൊരു പരിണാമമെങ്കിലിനിയാവാം
ഫിഫ്ത്ത് എസ്റ്റേറ്റില്‍ പരീക്ഷണം.
മൂന്ന് തൂണിലുയര്‍ത്തിയ തമ്പാം ജനാധിപത്യത്തില്‍
ഘടകങ്ങളത്രേ ജുഡീഷ്വറി, എക്‌സിക്യൂട്ടീവ്,
പിന്നെ ലെജിസ്ലേറ്റീവ് എന്നതും,
ഇവയ്‌ക്കേറ്റ ജീര്‍ണ്ണതയകറ്റാനുമവയെ തിരുത്താനുമത്രെ-
മീഡിയയെന്ന നാലാം തൂണുമെന്ന് ഭാഷ്യം.
ശേഷമീ നാല് തൂണും മൂല്യച്ഛ്യൂതിയാല്‍ ദ്രവീയ്ക്കവേ
ദേശവും ജനവും രക്ഷയ്ക്കായ് മുറവിളി കൂട്ടവേ,
ജനാധിപത്യം തകരാതെ കാക്കാനൊരു നെടുംതൂണായ്
അഞ്ചാമതെത്തുന്ന തൂണത്രെ ഫിഫ്ത്ത് എസ്റ്റേറ്റ്,

കൊടുമുടികയറിയൊടുവില്‍ പൊടുന്നനെ
മൂക്കുകുത്തിവീണ് മരിച്ച ഇസ്സങ്ങള്‍ തന്‍ ചാരത്തില്‍ നിന്നും
ഉയിര്‍കൊണ്ട ഇതര ഇസ്സങ്ങള്‍ പടര്‍ന്ന് പന്തലിച്ചെങ്ങും.
എല്ലാ ഇസ്സങ്ങളും എല്ലാ മുന്നേറ്റങ്ങളും
എല്ലാ കൊടികളും പാറുന്നതിനും പറയുന്നതിനും
ലക്ഷ്യവും ദൗത്യവുമൊന്നത്രെ, ജനനന്മ. പക്ഷെ,
പാവം ജനത്തിനോ, നന്മ, വ്യര്‍ത്ഥ സ്വപ്നം മാത്രം.
ജനാധിപത്യം നന്മകളാല്‍ സമൃദ്ധം-ചൊല്ല് ഇവ്വിധമെങ്കിലും
അതില്‍ ദുരിതപ്പുഴയില്‍ മുങ്ങി ശ്വാസം മുട്ടും-
ജനങ്ങള്‍ കണ്ടു പലതുമീ നാള്‍വരെ-
അതിരില്ലാത്തഴിമതിയ്ക്കിരുമ്പഴിയും വഴിമാറിടുന്നു,
ഒന്നല്ല നൂറല്ലായിരമോ പതിനായിരവുമല്ല,
മില്ല്യണോ ബില്ല്യണോ അല്ല, ട്രില്ല്യണും മതിയാവില്ല-
ഭരണയന്ത്രം കറക്കാന്‍ കൂട്ട്കൂടിയ മാഫിയ സംഘങ്ങള്‍തന്‍
അഴിമതിക്കഥകള്‍തന്‍ കുംഭകോണങ്ങളെത്രെയെത്ര.
എത്രസുന്ദരമെന്റെ ഭാരതം
ജനാധിപത്യമഴിമതിയാല്‍ സമൃദ്ധം
അധികാരവെറിമൂത്ത മൃഗങ്ങള്‍ കൈകോര്‍ത്ത
കക്ഷികള്‍ ചേര്‍ന്നൊരുക്കും ഭരണകൂടത്തില്‍
ജനദ്രോഹികളല്ലാത്തവരെത്ര പേരുണ്ടൊന്ന് വിരലെണ്ണിപ്പറയാന്‍ ,
മുങ്ങുന്ന കപ്പലിലോ, കലവറക്കാരനെന്തുണ്ട് കാര്യം…?

ഒന്ന് ചോദിയ്ക്കുകില്‍, സുസ്വതന്ത്ര ഭാരതദേശത്തില്‍ -
ജനങ്ങള്‍തന്‍ ദൗത്യമെന്ത്…? വാസ്തവത്തിലീ-
ജനവഞ്ചകരാം രാജ്യദ്രോഹികളെ,
വോട്ടിന്‍ വറ്റിട്ട് കാലാകാലം പോറ്റുകയെന്നതോ…?
നാട്ടിന്‍ സ്വത്ത് കട്ട്മുടിയ്ക്കാനീ ചോരരെയേല്പിക്കയെന്നതോ..?
ശതകോടിയില്‍ പരം പൗരരെ ചൂഷ്ണം ചെയ്യാന്‍
വെറുമൊരു ശതമാനം പോലുമില്ലാത്ത കക്ഷിരാഷ്ട്രീയക്കാര്‍.
അവരെ തുരത്താന്‍ അവരെ തിരുത്താന്‍
ശതകോടി ജനങ്ങളൊന്നാത്തുചേര്‍ന്നുയര്‍ത്തുമൊരു
ചൂട് നിശ്വാസ ഹുങ്കാരം പോരയോ..?
സിംഹാസന രൂഢരായവരെ സംരക്ഷിയ്ക്കാനിന്നു-
മസിത ശീലയാല്‍ നീതിതന്‍ കണ്ണുകള്‍ മൂടി,
ന്യായാസനങ്ങള്‍ ജനഹിതത്തിന്‍ ഗളഛേദത്തിനൊരുങ്ങവേ,
ഓര്‍ക്കണം നാം ഗഥകാലചരിത്രം, പുലര്‍ത്തണം നാം സ്വകര്‍ത്തവ്യം.
പണ്ട് സ്വേച്ഛാധിപത്യവുമേകാധിപത്യവും
കാറ്റില്‍ പറത്തിയ വീരര്‍ തന്‍ പിന്‍മുറക്കാരെ…,
ഫെഡറലിസം പോലും പറച്ചെറിയാന്‍ കെല്‌പെഴും
പിന്‍മുറക്കാരെ.., ജനാധിപത്യപ്രഹസനത്തില്‍
പുകമറയ്ക്കപ്പുറം ബ്ലാക്ക് ക്യാറ്റ് കാവലില്‍ ശുഭ്രാവരണ മണിഞ്ഞിരുന്ന് വാഴും ജനവിരുദ്ധരാം കൃമികീടങ്ങളെ
പുകച്ച് പുറത്ത് ചാടിയ്ക്കാന്‍ കഴിയാത്തതെന്തേ..?
കൈകളുയര്‍ത്താന്‍ മറന്നത്‌കൊണ്ടോ…?
കൈപ്പടം ചുരുട്ടാന്‍ ഭയന്നത്‌കൊണ്ടോ…?
ഹസ്സാരെമാരെ നിസ്സാരമാക്കി സഹസ്ര-
വിചാരണയുടെ ജനലോക്പാല്‍ എങ്ങോ പോയത്
ഷണ്ഡം നോക്കിനിന്നു വെറും നോക്ക്കുത്തികളായ്.
ക്ഷീരം ഭുജിച്ച കരിനാഗങ്ങള്‍ ഫണം വിരിച്ച്
ശീല്‍ക്കാരമുതിര്‍ത്ത് ശിരസ്സില്‍ ദംശിയ്ക്കാനൊരുങ്ങവേ…,
മകുടിയൂതി തിരികെ കുടയിലടയ്ക്കാനെവിടെയോ കൈവിട്ട-
ശൂരത്വമാം മകുടി തിരഞ്ഞലയുന്നിളംമുറക്കാര്‍…,
ശൂരത്വം സ്വന്തം മനസ്സിലൂണ്ടെന്നറിയാതെ…?

ജനാധിപത്യത്തിനഞ്ചാം തൂണാം
ഫിഫ്ത്ത് എസ്റ്റേറ്റിന്നുപജ്ഞാപകരെ,
നാളെ ലോകത്തില്‍ കിഴക്കുണരുമൊരു പുലരിയില്‍
നെറികെട്ട് ജീര്‍ണ്ണിച്ചൊരീ ജനാധിപത്യതത്വസംഹിതയ്ക്ക്,
മാറ്റത്തിന്‍ പുത്തനുണര്‍വ്വേകാന്‍
നിങ്ങള്‍തന്‍ നവ പ്രസ്ഥാനത്തിനാവുമെങ്കില്‍
ഫിഫ്ത്ത് എസ്റ്റേറ്റിന്‍ സാരഥികളെ
നിങ്ങള്‍ക്ക് നമോവാകം…!
അല്ലായ്കില്‍ നിങ്ങള്‍ക്ക് വേണ്ടിയും ഒരുക്കട്ടെ
ഒടുവില്‍ ലോകമൊരു ചരമഗീതം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക