Image

മഴ തരാത്ത മേഘങ്ങള്‍ (കവിത: ജോര്‍ജ്‌ മുകളേല്‍)

Published on 22 December, 2012
മഴ തരാത്ത മേഘങ്ങള്‍ (കവിത: ജോര്‍ജ്‌ മുകളേല്‍)
മേഘകൂട്ടങ്ങള്‍ കള്ളന്മാരാണ്‌!
സൂര്യനുദിച്ചുയരവേ
സപ്‌തവര്‍ണ ദളങ്ങള്‍
അവിടെയും ഇവിടെയും വിടര്‍ത്തി
വിജിംഭൃതമായി ഉഴലുകയാണല്ലോ...
തെക്കോട്ട്‌, വടക്കോട്ട്‌,
കിഴക്കോട്ട്‌, പടിഞ്ഞാട്ട്‌...
താഴെനിന്നു കാണ്മാന്‍
എത്ര മനോഹരമെന്ന്‌
ആര്‍ത്തിരമ്പുന്ന കടല്‍ പറയും.
ദാഹിച്ചുരുളുന്ന ഭൂമിയും നോക്കും,
ഉദ്ധരിച്ച കൊതിയോടെ .
പ്രതീക്ഷ സ്‌ഫുലിംഗങ്ങളുതിര്‍ത്ത്‌
കരിഞ്ഞ പുല്ലിന്‍ശീലുകളില്‍.
വിരക്തിയുടെ കണ്ണുകള്‍ വിണ്ണിലേക്ക്‌ നട്ട്‌...
കുളക്കരയിലെ കിളി
വരണ്ടുണങ്ങിയ ചേറ്റുനിലങ്ങളിലേക്ക്‌...
ആര്‍ത്തിയുടെ ജിഹ്വകള്‍
നക്കിയെടുക്കാന്‍ കൊതിപൂണ്ട്‌...
ഒന്നും തരാതെ
പറന്നു പോകുന്ന മേഘങ്ങള്‍
ഒന്നുമില്ലാത്ത കള്ളന്മാരെന്ന്‌
ആരെങ്കിലും അറിഞ്ഞോ?
കാണാന്‍ ചന്തമുള്ള
പോങ്ങച്ചങ്ങളാണെന്ന്‌
ആരെങ്കിലും പറഞ്ഞോ?
മേഘങ്ങളില്‍ നീര്‌
നിറയത്തതെന്തെന്ന്‌
ആരെങ്കിലും തിരഞ്ഞോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക