Image

`വേദപുസ്‌തകം വായിക്കരുത്‌': മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത

അനില്‍ പെണ്ണുക്കര Published on 24 December, 2012
`വേദപുസ്‌തകം വായിക്കരുത്‌': മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത
തിരുവല്ല മാര്‍ത്തോമാ കോളജില്‍ എസ്‌.സി.എം മീറ്റിംഗ്‌ നടക്കുന്നു. തിങ്ങിനിറഞ്ഞ സദസ്‌. മാര്‍ ക്രിസോസ്റ്റമാണ്‌ അനുഗ്രഹ പ്രഭാഷണം നല്‍കുന്നത്‌. പ്രസംഗമധ്യേ അദ്ദേഹം ആവശ്യപ്പെട്ടു.

`വേദ പുസ്‌തകം കൃത്യമായി വായിക്കുന്നവര്‍ കൈകള്‍ ഉയര്‍ത്തുക' ഒട്ടുമുക്കാല്‍ സദസ്യരും കൈകള്‍ ഉയര്‍ത്തി. തുടര്‍ന്ന്‌ തിരുമേനി മറ്റൊരു ചോദ്യം ചോദിച്ചു.

`മനോരമ പത്രം ആരൊക്കെ വായിക്കും' എല്ലാവരും കൈകള്‍ ഉയര്‍ത്തി. വളരെ ഗൗരവത്തില്‍ തിരുമേനി പറഞ്ഞു. `മേലാല്‍ നിങ്ങള്‍ ആരും വേദപുസ്‌തകം വായിക്കരുത്‌. മനോരമ വായിക്കണം'.

വിദ്യാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്‌തബ്‌ദരായിപ്പോയി. വീണ്ടും ശബ്‌ദം ഉയര്‍ത്തി അദ്ദേഹം പറഞ്ഞു. `ആരും വേദപുസ്‌തകം വായിക്കരുതെന്നാണ്‌ ഞാന്‍ പറഞ്ഞത്‌.'

വിദ്യാര്‍ത്ഥികള്‍ അത്ഭുതപ്പെട്ടിരിക്കുന്നതിനിടയില്‍ അദ്ദേഹം വിശദീകരിച്ചു. `വേദപുസ്‌തകം ധ്യാനിക്കുവാനും പഠിക്കുവാനുമുള്ളതാണ്‌. മനോരമ വായിക്കാനും.'

ഞാന്‍ തിരുമേനിയെക്കുറിച്ച്‌ എഴുതാന്‍ ആളല്ല. എങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിലെ ആദ്ധ്യാത്മികത ഏതൊരു സാധാരണക്കാരനേയും ചിന്തയുടെ ലോകത്തേക്കും പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ ലോകത്തേക്കും കൊണ്ടെത്തിക്കുന്നു എന്നതിന്റെ ഉദാഹരമാണ്‌ `വേദപുസ്‌തകം വായിക്കരുത്‌. അത്‌ ധ്യാനിക്കുവാനും പഠിക്കുവാനുമുള്ളതാണ്‌ എന്ന വാക്കുകള്‍.

ഇപ്പോള്‍ 90 വയസ്‌ പൂര്‍ത്തിയാക്കിയ അഭിവന്ദ്യ തിരുമേനിയെക്കുറിച്ച്‌ ജോര്‍ജ്‌ സി. ഏബ്രഹാം രചിച്ച മാര്‍ ക്രിസോസ്റ്റത്തിന്റെ നര്‍മ്മവും ചിന്തയും സമന്വയിപ്പിച്ച്‌ പുറത്തിറക്കിയ `മാര്‍ ക്രിസോസ്റ്റം ചിരിക്കുന്നു. നാം ചിന്തിക്കുന്നു' എന്ന ഗ്രന്ഥത്തിലെ ഒരു ചെറുഭാഗമാണ്‌ ഞാന്‍ മുകളില്‍ ചേര്‍ത്തിരിക്കുന്നത്‌. ലോകത്തില്‍ സമാധാനവും ശാന്തിയും നല്‍കിക്കൊണ്ടു കടന്നുവന്ന യേശു എന്ന ആദ്ധ്യാത്മിക നേതാവിന്റെ ജനനം ലോകം ആഘോഷിക്കുന്ന വേളയില്‍ എനിക്ക്‌ എപ്പോഴും ഓര്‍മ്മവരുന്നത്‌ വലിയ തിരുമേനിയുടെ മുഖമാണ്‌.

എത്രയെത്ര വേദികളില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ കാതോര്‍ക്കാന്‍ എനിക്കു സാധിച്ചു. പത്രപ്രവര്‍ത്തനത്തിന്റെ ആദ്യ നാളുകളില്‍ എന്നെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ പരിചയപ്പെടുത്തിയ ജോയി സാറിനൊപ്പം തിരുവല്ല അരമനയില്‍ അദ്ദേഹത്തിന്റെ അഭിമുഖം തയാറാക്കുന്നതിനായി പോയ സംഭവം എഴുതട്ടെ.

ചോദ്യങ്ങള്‍ക്കിടയില്‍ ജോയിസാര്‍ തിരുമേനിയോട്‌ ശവഘോഷയാത്രയെക്കുറിച്ച്‌ ചോദിച്ചു. `തിരുമേനീ, പണ്ടൊക്കെ ആളുകള്‍ മരിച്ച്‌...പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞ്‌ മൃതദേഹം പള്ളിയിലേക്ക്‌ കൊണ്ടുപോകുമ്പോള്‍ അച്ചന്‍മാരും അതോടൊപ്പം മുമ്പില്‍ പോകുമായിരുന്നു. കാലംമാറിയപ്പോള്‍ അച്ചന്‍മാരും മാറി. അവരൊക്കെ ശവഘോഷയാത്രയില്‍ കാറിലാണല്ലോ യാത്ര. തിരുമേനിക്കൊന്ന്‌ പറഞ്ഞുകൂടെ എന്ന്‌.'

പെട്ടെന്ന്‌ ചിരിച്ചുകൊണ്ട്‌ തിരുമേനി പറഞ്ഞു: `ഞാന്‍ പറഞ്ഞിട്ട്‌ അവര്‍ കേള്‍ക്കുന്നില്ല. ഇനി ജോയി ഒന്ന്‌ പറഞ്ഞുനോക്ക്‌ എന്ന്‌'. വളരെ തമാശയ്‌ക്കാണ്‌ അദ്ദേഹം അത്‌ പറഞ്ഞതെങ്കിലും വാക്കിലെ ഒളിയമ്പ്‌ തറയ്‌ക്കേണ്ടിടത്ത്‌ തറയ്‌ക്കുവാന്‍ അദ്ദേഹത്തിന്‌ അന്നും ഇന്നും കഴിയുന്നു.

മറ്റുള്ളവരെ സഹായിക്കുന്നവരെ തിരുമേനിക്ക്‌ വളരെ ഇഷ്‌ടമാണ്‌. ഒരിക്കല്‍ `മലയാളം വാര്‍ത്ത'യില്‍ തിരുവല്ല റെയില്‍ പുറമ്പോക്കില്‍ താമസിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിക്ക്‌ ഹൃദയശസ്‌ത്രക്രിയയ്‌ക്കായി ഒരു വാര്‍ത്ത നല്‍കി. ഫിലാഡല്‍ഫിയയിലുള്ള ജോണ്‍ എന്നയാള്‍ ആ വാര്‍ത്ത വായിച്ചതിനുശേഷം എന്നെ വിളിച്ചു.

സഹായം ഉടന്‍ എത്തിക്കുന്നതിനായി 50,000 രൂപ എന്റെ പേരില്‍ വെസ്റ്റേണ്‍ യൂണിയനില്‍ അയയ്‌ക്കുകയായിരുന്നു. തന്റെ പേര്‌ വെളിപ്പെടുത്തരുതെന്ന്‌ അദ്ദേഹം പറഞ്ഞിരുന്നു. പണം കിട്ടി. ഞങ്ങള്‍ തിരുമേനിയെ ക്ഷണിച്ചു. ഹൃദ്രോഗിയായ കുട്ടിയും അച്ഛനും വന്ന്‌ ആ പണം വാങ്ങി. പണം നല്‍കുന്ന സമയത്ത്‌ പണം നല്‍കുന്ന വ്യക്തിയുടെ പേര്‌ ചോദിച്ചു. അദ്ദേഹത്തിന്റെ പേര്‌ വെളിപ്പെടുത്തരുതെന്ന്‌ പറഞ്ഞതായി ഞങ്ങള്‍ തിരുമേനിയെ അറിയിച്ചു.

അപ്പോള്‍ തിരുമേനി പറഞ്ഞു: `കാതങ്ങള്‍ക്കപ്പുറത്ത്‌ നിന്ന്‌ ഒരു പിഞ്ചുകുട്ടിയുടെ ഹൃദയമിടിപ്പിനുവേണ്ടി പേര്‌ വെളിപ്പെടുത്താനാഗ്രഹമില്ലാത്ത ഒരാള്‍ 50,000 രൂപ നല്‍കിയിരിക്കുന്നു. ഞാന്‍ അയാള്‍ക്ക്‌ ഒരു പേരിടുന്നു . ജോണ്‍ എന്ന്‌'. ഞാനാണ്‌ ശരിക്കും ഞെട്ടിയത്‌. ജോണ്‍ എന്നായിരുന്നു അയാളുടെ പേരും. തിരുമേനിയിലെ ഈശ്വര സാന്നിധ്യം അടുത്തറിഞ്ഞ നിമിഷങ്ങളായിരുന്നു അത്‌.

ഇപ്പോള്‍ പത്രപ്രവര്‍ത്തനത്തിന്‌ വിരാമമിടാതെ അധ്യാപകനായി വടക്കേ മലബാറില്‍ ജോലി ചെയ്യുമ്പോള്‍ എന്റെ പ്രിയപ്പെട്ട പ്ലസ്‌ടു ക്ലാസുകളില്‍ എല്ലാദിവസവും തിരുമേനി കടന്നുവരുന്നു. കഥയായി...കവിതയായി...നര്‍മ്മമായി....ചിന്തയായി...അങ്ങനെ....

എണ്‍പത്തിയാറാം വയസില്‍ ക്യാന്‍സര്‍ ബാധിച്ച്‌ പിന്നീട്‌ സുഖം പ്രാപിച്ച തിരുമേനിയെക്കുറിച്ച്‌ ഞാന്‍ വാചാലനാകുമ്പോള്‍ എന്റെ കുട്ടികള്‍ എന്നോട്‌ ചോദിക്കുന്നു. `മാഷേ, ഞങ്ങള്‍ക്കും ഈ തിരുമേനിയെ ഒന്നു കാണണമെല്ലോ.എന്ന്‌.'

അടുത്ത ദിവസം ക്രിസോസ്റ്റം തിരുമേനിയുടെ ഒരു കാരിക്കേച്ചര്‍ ചിത്രം കുട്ടികളെ കാട്ടിയിട്ട്‌ ചോദിച്ചു. അത്‌ ആരാണ്‌ എന്ന്‌.

`മാഷിന്റെ തിരുമേനി എന്ന്‌' കുട്ടികള്‍.

ഞാന്‍ അവരോട്‌ പതിയെ ചോദിച്ചു.

`ഖുറാന്‍ കൃത്യമായി വായിക്കുന്നവര്‍ കൈകള്‍ ഉയര്‍ത്തുക'

കുറെ കുട്ടികള്‍ കൈകള്‍ ഉയര്‍ത്തി.

ഞാന്‍ വീണ്ടും ചോദിച്ചു.

`ചന്ദ്രിക പത്രം വായിക്കുന്നവര്‍ കൈ ഉയര്‍ത്തൂ'.

എല്ലാവരും കൈകള്‍ ഉയര്‍ത്തി.

`ഇനി ആരും ഖുറാന്‍ വായിക്കരുത്‌'

കുട്ടികളുടെ മുഖം വാടി. ആണ്‍കുട്ടികളൊക്കെ രോഷത്തോടെ എന്നെ നോക്കി. എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ്‌ ഞാന്‍ പറഞ്ഞു.

`ഖുറാന്‍ ധ്യാനിക്കുവാനും, പഠിക്കുവാനുമുള്ളതാണ്‌.' ചന്ദ്രിക പത്രം വായിക്കാനും.

കുട്ടികള്‍ കൈയ്യടിച്ചു. തിരുമേനിക്ക്‌ നന്ദി.

ഈ ക്രിസ്‌തുമസ്‌ വേളയില്‍ ഇത്രയും എഴുതിയില്ലെങ്കില്‍ ഞാനൊരു അധ്യാപകനാവില്ല.
`വേദപുസ്‌തകം വായിക്കരുത്‌': മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ മെത്രാപ്പോലീത്ത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക