Image

ജര്‍മനി വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ക്ലാസുകള്‍ അവസാനിപ്പിക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 02 September, 2011
ജര്‍മനി വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ക്ലാസുകള്‍ അവസാനിപ്പിക്കുന്നു
ബര്‍ലിന്‍: വിദേശ വിദ്യാര്‍ഥികള്‍ക്ക്‌ എന്നും ആകര്‍ഷണമായിരുന്നു ജര്‍മന്‍ യൂണിവേഴ്‌സിറ്റികള്‍. ഉയര്‍ന്ന നിലവാരവും താരതമ്യേന കുറഞ്ഞ ഫീസും ഇതിനു കാരണമായിരുന്നു. എന്നാല്‍, വിദേശ വിദ്യാര്‍ഥികള്‍ക്കു നല്‍കിവന്നിരുന്ന സൗജന്യം ഭാഷാ പഠന ക്ലാസുകളും ഇന്‍ട്രൊഡക്‌റ്ററി ക്ലാസുകളും ഇനി തുടരേണ്‌ടെന്ന തീരുമാനം ഉന്നതവിദ്യാഭ്യാസം ലക്ഷ്യമാക്കി ജര്‍മനിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ കനത്ത തിരിച്ചടിയാവും..

പ്രിപ്പറേറ്ററി കോഴ്‌സുകള്‍ ഇനി പണം മുടക്കി പൂര്‍ത്തിയാക്കേണ്‌ട സ്ഥിതിയിലായിരിക്കും വിദേശത്തു നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍. ഒപ്പം വിദേശികള്‍ക്ക്‌ നിര്‍ബന്ധിത പ്രവേശന പരീക്ഷയും ഏര്‍പ്പെടുത്തുന്നതോടെ കൂനിന്മേല്‍ കുരുവെന്നപോലെ വിദേശ വിദ്യാര്‍ത്ഥികളുടെ കഴുത്തില്‍ കുരുക്കിടുന്നതിനു തുല്യമാവും പുതിയ നിബന്ധനകള്‍.

അഞ്ചു വര്‍ഷം മുന്‍പു തന്നെ മദ്ധ്യജര്‍മനിയിലെ സംസ്ഥാനമായ നോര്‍ത്ത്‌ റൈന്‍ വെസ്റ്റ്‌ഫാലിയയില്‍ ചെലവുചുരുക്കലിന്റെ ഭാഗമായി ഇതു നടപ്പാക്കിയിരുന്നു. ഇപ്പോള്‍ മറ്റുള്ളവരും ഇതേ പാത പിന്തടരുകയാണ്‌. എന്നാല്‍, രാജ്യത്ത്‌ 14 സംസ്ഥാനങ്ങളിലെ 31 കോളജുകളില്‍ മാത്രമായി ഇനി പഴയതു പോലെ സൗജന്യ ക്ലാസുകള്‍ തുടരാനും തീരുമാനിച്ചത്‌ വിദേശവിദ്യാര്‍ത്ഥികള്‍ക്ക്‌ അല്‍പ്പം ആശ്വാസമവും. പക്ഷെ സീറ്റുപരിമിതിയില്‍ പഠിയ്‌ക്കാന്‍ അഡ്‌മിഷന്‍ കിട്ടാതെ പലരും വലഞ്ഞെന്നും വരും.

അന്താരാഷ്‌ട്ര തലത്തില്‍ ഉന്നത വിദ്യാഭ്യാസ നിലവാര പട്ടികയില്‍ ജര്‍മനിയ്‌ക്ക്‌ നാലാം സ്ഥാനമാണുള്ളത്‌. യഥാക്രമം അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ്‌ ജര്‍മനിയ്‌ക്ക്‌ മുന്നിലുള്ളത്‌. പോയവര്‍ഷം 244775 വിദേശ വിദ്യാര്‍ത്ഥികളാണ്‌ ജര്‍മനിയില്‍ പഠനത്തിനായി എത്തിയത്‌. ഇതില്‍തന്നെ ജര്‍മന്‍ സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടുകൂടി പഠിയ്‌ക്കാന്‍ എത്തുന്നവര്‍ നിരവധിയുണ്‌ട്‌.

ഉന്നതപഠനത്തിനായി ഇന്‍ഡ്യയില്‍ നിന്ന്‌ നിരവധി വിദ്യാര്‍ത്ഥികള്‍ ജര്‍മനിയില്‍ എത്തുന്നുണ്‌ട്‌. ഇതില്‍ മലയാളികളും ഏറെയുണ്‌ട്‌. പക്ഷെ പുതിയ നിബന്ധനകള്‍ ഇവര്‍ക്കൊക്കെ പ്രതികൂല സാഹചര്യങ്ങളാവും ഭാവിയില്‍ സൃഷ്‌ടിക്കുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിദേശ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയില്‍ സെമസ്റ്റര്‍ ഫീസ്‌(500 യൂറോ മുതല്‍ 950 വരെ) നല്‍കണമെന്ന നിബന്ധന വിദേശവിദ്യാര്‍ത്ഥികളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിന്റെ കൂടെയാണ്‌ സൗജന്യഭാഷാപഠനവും നിര്‍ത്തലാക്കുന്നത്‌. നിലവില്‍ മിക്ക യൂണിവേഴ്‌സിറ്റികളിലും പഠനത്തിനായുള്ള സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ പുതിയ നിബന്ധന വിദ്യാര്‍ത്ഥികള്‍ക്കുവേണ്‌ടി പരക്കം പായേണ്‌ട ഗതികേടും യൂണിവേഴ്‌സിറ്റികള്‍ക്കുണ്‌ടാകുമെന്നു തീര്‍ച്ച.
ജര്‍മനി വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ ക്ലാസുകള്‍ അവസാനിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക