Image

തകഴി ആവിഷ്‌കരിച്ച ചില കഥാപാത്രങ്ങള്‍ (വാസുദേവ്‌ പുളിക്കല്‍ വിചാരാവേദിയിലെ സാഹിത്യചര്‍ച്ചയില്‍ അവതരിപ്പിച്ചത്‌)

Published on 24 December, 2012
തകഴി ആവിഷ്‌കരിച്ച ചില കഥാപാത്രങ്ങള്‍ (വാസുദേവ്‌ പുളിക്കല്‍ വിചാരാവേദിയിലെ സാഹിത്യചര്‍ച്ചയില്‍ അവതരിപ്പിച്ചത്‌)
ലോകപ്രശസ്‌തനായ കേരളത്തിലെ പ്രമുഖ നോവലിസ്‌റ്റാണ്‌ തകഴി ശിവശങ്കരപിള്ള. തോട്ടിയുടെ മകന്‍, രണ്ടിടങ്ങഴി എന്നീ നോവലുകളിലൂടെ കേരളീയരുടെ ഹൃദയത്തില്‍ സ്‌ഥിരപ്രതിഷ്‌ഠ നേടിയ തകഴി ചെമ്മീനില്‍ എത്തിയപ്പോള്‍ ലോകപ്രസിദ്ധനായി. ഇരുപത്തിയഞ്ചു ഭാഷകളിലേക്ക്‌ തര്‍ജ്‌ജമ ചെയ്യപ്പെട്ട ചെമ്മീന്‍ തകഴിയുടെ നോവല്‍ പ്രപഞ്ചത്തിലെ മണിമകുടമായി നില്‍ക്കുന്നു. ചന്തുമേനോനേയും സി. വി. രാമന്‍പിള്ളയേയും പിന്നിട്ടു പോന്ന നോവല്‍ സാഹിത്യം നവോത്ഥാനഘട്ടത്തിലൂടെ ആധുനികതയില്‍ എത്തിയപ്പോള്‍, അധുനിക നോവല്‍ സൃഷ്‌ടാക്കളുടെ കൂട്ടത്തില്‍ ദേവും ബഷീറും പൊറ്റക്കാടുമൊക്കെയുണ്ടെങ്കിലും പ്രഥമസ്‌ഥാനം തകഴിക്കു തന്നെ. സാമൂദായികവും സാമ്പത്തികവുമായ ചൂഷണങ്ങളും അസമത്വങ്ങളും മാര്‍ക്‌സിസ്‌റ്റ്‌ ദര്‍ശനങ്ങളും സമൂഹത്തിലെ മൂല്യച്യൂതികളും തുറന്നു കാട്ടിക്കൊണ്ട്‌ ഒരു തരം സമരവീര്യത്തോടെ മുന്നോട്ടു വന്ന നോവലിസ്‌റ്റാണ്‌ തകഴി. അവഗണിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട താഴെക്കിടയിലെ മനുഷ്യരെ കഥാപാത്രങ്ങളും ഭീതി ജനിപ്പിക്കുന്ന ശ്‌മശാനങ്ങളും ദുര്‍ഗ്ഗന്ധം വമിക്കുന്ന കക്കൂസുകളും ചെളിക്കുണ്ടുകളും മറ്റും കഥാരംഗങ്ങളുമാക്കി തകഴി രചിച്ച നോവലുകള്‍ ഒരു പുതിയ യുഗപ്പിറവി തന്നെ പ്രഖ്യാപിക്കുന്നു. തങ്ങളും മനുഷ്യരാണെന്നും തങ്ങളുടെ വികാരങ്ങളും മാനിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധം താഴെക്കിടയില്‍ കിടന്ന്‌ നട്ടം തിരിഞ്ഞിരുന്ന ജനങ്ങളില്‍ ജനിപ്പിക്കാന്‍ തകഴിയുടെ നോവല്‍ സഹായകമായിട്ടൂണ്ട്‌. താന്‍ വിശ്വസിച്ച പ്രത്യയശാസ്ര്‌തം തന്റെ രചനകളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച തകഴി, കാലം കഴിയുന്തോറും ആ പ്രത്യയശാസ്ര്‌തത്തില്‍ സംഭവിച്ചു കൊണ്ടിരുന്ന കോട്ടവും നേതൃത്വതലത്തിലുള്ള മൂല്യാധഃപതനവും കണ്ട്‌ നിരാശനായതു കൊണ്ടായിരിക്കാം ചില തെന്നിമാറലുകള്‍ നടത്തിയിട്ടുണ്ട്‌. തോട്ടിയുടെ മകനിലും രണ്ടിടങ്ങഴിയിലും തൊഴിലാളികളില്‍ സമരവീര്യം കുത്തിവച്ച തകഴിയെയല്ല അനുഭവങ്ങള്‍ പാളിച്ചകളില്‍ കാണുന്നത്‌. തകഴിയുടെ അവസ്‌ഥയില്‍ സംഭവിച്ച ഈ വ്യതിയാനം ചെമ്മീന്‍ മുതല്‍ ആരംഭിച്ചതായിട്ടാണ്‌ കാണുന്നത്‌. ചെമ്മീനില്‍ നൈസ്സര്‍ഗ്ഗികവും അനശ്വരവുമായ പ്രണയകഥ പറയുന്നതോടൊപ്പം തന്നെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന്റെ പരാധീനതകളും പരിമിതികളും അവതരിപ്പിക്കുന്നുണ്ടെങ്കിലും തൊഴിലാളി പ്രസ്‌ഥാനത്തിന്‌ ഒരു സ്‌ഥാനവുമില്ല. വേലിയേറ്റം പോലെ പ്രസ്‌ഥാനത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന മത്സരവും തല്‍ഫലമായുണ്ടായ ആശയപരമായ സംഘര്‍ഷങ്ങളും പിളര്‍പ്പും തകഴിയുടെ മനസ്സിനെ മഥിച്ചിരുന്നത്‌ തന്റെ രചനകളില്‍ പ്രതിഫലിച്ചിട്ടുണ്ട്‌. തകഴി സ്വന്തം ചിന്താഗതികള്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും അവതരിപ്പിച്ചപ്പോള്‍ അത്‌ വായനക്കാരുടെ ഹൃദയത്തില്‍ സ്‌പര്‍ശിച്ച്‌്‌ ചലനങ്ങളുണ്ടാക്കി. ആ ചിന്താഗതികളോട്‌ വായനക്കാര്‍ക്ക്‌ താദാത്മ്യം പ്രാപിക്കാനും സാധിക്കുന്നു. ഹൃദയത്തില്‍ തറച്ച കാര്യങ്ങള്‍ വായനക്കാരുടെ ഹൃദയത്തില്‍ അമര്‍ന്നുകൊള്ളും വിധം സുഘടിതരൂപമായി ആവിഷ്‌കരിക്കുക എന്ന മുണ്ടശ്ശേരി നിര്‍വ്വചിക്കുന്ന രൂപഭദ്രത തകഴിയുടെ കൃതികള്‍ക്കുണ്ട്‌.

സാമൂഹ്യജീവിതത്തെ കുറിക്ലുള്ള ബോധം തകഴിയുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായിത്തീരുകയും ചുറ്റുപാടുമുള്ള ജീവിതം കലര്‍പ്പില്ലാതെ കഥകളിലേക്ക്‌ പകര്‍ത്തുകയും ചെയ്‌തപ്പോള്‍ അവയില്‍ റിയലിസം അനുഭവവേദ്യമായി. റിയിലിസ്‌റ്റിക്‌ പ്രസ്‌ഥാനത്തിന്റെ സ്‌ഥാപകനായി കേസരി തകഴിയെ പ്രതിഷ്‌ഠിച്ചപ്പോള്‍ അതിന്‌ വിപരീതാഭിപ്രായവും ഉണ്ടായിട്ടുണ്ട്‌. രണ്ടിടങ്ങഴി ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട്‌ പ്രൊഫ.
എം. നാരായണന്‍ എഴുതി, `അവസ്‌ഥയെ വെറുതെ ചിത്രീകരിച്ചാല്‍ അത്‌ സ്‌റ്റാറ്റിക്‌ റിയലിസം മാത്രമെ ആകൂ. ലോകത്തെ മാറ്റി മറിക്കാനുള്ള ആശയം ഉള്‍ക്കൊള്ളുന്നവയാണ്‌ ഡൈനാമിക്‌ റിയലിസം. അത്തരം ഒരു ചിന്താ പദ്ധതിയും രണ്ടിടങ്ങഴിയില്‍ ഇല്ല. ദര്‍ശനത്തില്‍ തീരെ വളര്‍ച്ചയുമില്ല. വരമ്പത്തു നിന്നിട്ട്‌ പാടത്ത്‌ പണി എടുക്കുന്നവരെ കുറിച്ച്‌ എഴുതിയാല്‍ എങ്ങനെ ഇരിക്കും. അതാണ്‌ രണ്ടിടങ്ങഴി. അതില്‍ പുരോഗമനമുണ്ടെന്ന്‌ എങ്ങനെ അവകാശപ്പെടാന്‍ കഴിയും. `തോട്ടിയുടെ മകനും റിയലിസം അവകാശപ്പെടുന്ന കഥയാണ്‌. തോട്ടിയുടെ മകനെ പറ്റി മുണ്ടശ്ശേരി പറഞ്ഞത്‌ ഇവിടെ കുറിക്കട്ടെ.' തോട്ടിയുടെ നാറുന്ന ജീവിതത്തെ അദ്ദേഹം സ്വഹൃദയനിഷ്‌ഠമാക്കി താളപ്പെടുത്തിയേ ആവിഷ്‌കരിച്ചിട്ടുള്ളു. അതിനാല്‍ ഏതഭിജാതനും, അയാളൊരു ജിജ്‌ഞാസുവാണെണെങ്കില്‍, ആ ജീവിതത്തെ ഒന്നു മണത്തു നോക്കണമെന്നായിട്ടുണ്ട്‌. ഇവിടെ വച്ചേ പുരോഗമനം സാഹിത്യമാകുന്നുള്ളു.''

തകഴിയുടെ കൃതികളുടെ സമഗ്രമായ ഒരു വിലയിരുത്തലല്ല ഈ ലേഖനം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. തകഴി ആവിഷകരിച്ച്‌ അനശ്വരമാക്കിയ ചില കഥാപാത്രങ്ങളെ പറ്റിയുള്ള ഒരു ലഘു പരാമര്‍ശം മാത്രമേ ഇവിടെ ഉദ്ദേശിക്കുന്നുള്ളു. ഞാന്‍ കഥാപാത്രങ്ങളെ സൃഷ്‌ടിച്ചിട്ടില്ല, കഥാപാത്രങ്ങള്‍ എന്നിലേക്കു വരികയാണ്‌ ചെയ്‌തിട്ടുള്ളതെന്ന്‌ തകഴി തന്നെ പറഞ്ഞിട്ടുണ്ട്‌. തന്നിലേക്കു വന്ന്‌ കഥാപാത്രങ്ങള്‍ക്ക്‌ മൗലികതയും ജീവനും നല്‍കി വായനക്കാരുടെ മനസ്സില്‍ പ്രതിഷ്‌ഠിക്കുകയാണ്‌ തകഴി ചെയ്‌തത്‌. കഥാപാത്രങ്ങള്‍ വരുന്നത്‌ അനുഭവത്തിന്റെ പ്രതിനിധികളായോ പ്രതിരൂപങ്ങളായോ ആയിട്ടാകാം. തകഴിക്ക്‌ ഏറെ അനുഭവസമ്പത്തുണ്ട്‌. രണ്ടിടങ്ങഴിയെ പറ്റി തകഴി പറയുന്നത്‌, `എന്റെ ജീവിതത്തിന്റെ ഭാഗമാണത്‌, എന്റെ നേരിട്ടുള്ള അനുഭവത്തിന്റെ ചിത്രീകരണവുമാണ്‌' എന്നാണ്‌. താന്‍ കണ്ടു മനസ്സിലാക്കിയ കാര്യങ്ങള്‍ സ്വന്തം കൈകളിലേക്കു വന്ന കഥാപാത്രങ്ങളിലൂടെ ഭാവപ്പകര്‍ക്ലയോടെ തകഴി സമൂഹത്തിലേക്ക്‌ സംക്രമിപ്പിക്കുന്നു.

തകഴി മലയാള ചെറുകഥാപ്രസ്‌ഥാനത്തിന്റെ നവോത്ഥാന നായകന്മാരില്‍ പ്രമുഖന്‍ കൂടിയാണ്‌. തകഴിയുടെ ഹാന്‍ഡ്‌ബാഗ്‌ സുപരിചിതമായ ഒരു ചെറുകഥയാണ്‌. ഗ്രാമീണ യുവതിയായ കഥാനായിക വിലാസിനി നഗരത്തില്‍ പഠിക്കാന്‍ പോയതോടെ അവളുടെ സംസ്‌ക്കാരത്തിന്‌ സമൂല പരിവര്‍ത്തനം സംഭവിക്കുന്നു. ഗ്രാമീണസംസക്കാരത്തിന്റേയും നഗരസംസ്‌ക്കാരത്തിന്റേയും വ്യത്യസ്‌ത മുഖങ്ങള്‍, ഗ്രാമീണസംസ്‌ക്കാരത്തിന്റെ നിഷ്‌ക്കളങ്കതയില്‍ നിന്ന്‌ നഗരസംസ്‌കാരത്തിന്റെ സങ്കീര്‍ണ്ണതയിലേക്ക്‌ വഴുതിവീഴുന്ന വിലാസിനിയിലൂടെ തകഴി തന്മയത്വത്തോടെ ആവിഷ്‌കരിക്കുന്നു. ഗ്രാമീണസംസ്‌ക്കാരവും നഗരസംസ്‌ക്കാരവും തമ്മിലുള്ള വൈരുദ്ധ്യം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. ഗ്രാമീണര്‍ നഗരവാസികളെ പറ്റി ചിന്തിക്കുന്നതു തന്നെ ഭയത്തോടെയാണ്‌. അവര്‍ കൃതൃമികളും ചതിയരും മനസ്സാക്ഷിയില്ലാത്തവരുമാണെത്രെ. നഗരജീവിതം ഒരു വ്യക്‌തിയെ എങ്ങനെ മാറ്റി മറിക്കുന്നു എന്നാണ്‌ തകഴി വിലാസിനിയുലൂടെ കാണിച്ചു തരുന്നത്‌. ഗ്രാമീണ ജീവിതിത്തില്‍ നിന്നും അവള്‍ സ്വായത്തമാക്കിയ നിഷ്‌ക്കളങ്കതയും ശാലീനതയും നഗരജീവിതം വിഴുങ്ങിക്കളഞ്ഞു. അവള്‍ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വയ്‌ക്കാന്‍ പഠിച്ചു; ആരോടും എന്തും ഒരു സങ്കോചവും കൂടാതെ പറയാനുള്ള ധൈര്യം നേടി. വിലാസിനിയാണ്‌ നായികയെങ്കിലും നഗരജീവിതം വിലാസിനിയില്‍ വരുത്തിയ മാറ്റങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചു മനസ്സിലാക്കുന്ന മുത്തശ്ശി വായനക്കാരെ ആകര്‍ഷിക്കുന്നുണ്ട്‌. വിലാസിനി നഗരജീവിതത്തിന്റെ താഴ്‌ചയിലേക്ക്‌ നിപതിച്ച്‌ വികൃതയാകുന്നത്‌ മുത്തശ്ശി വിഷമത്തോടും അമര്‍ഷത്തോടും കൂടിയാണ്‌ നോക്കിക്കാണുന്നത്‌. നഗരജീവിതത്തോട്‌ ഇഴുകിച്ചേര്‍ന്നു കഴിഞ്ഞാലും പിന്നിട്ടു പോന്ന ഗ്രാമീണ ജീവിതത്തിന്റെ ഓര്‍മ്മകള്‍ ഗൃഹാതുരത്വമെന്നപോലെ മനസ്സില്‍ തങ്ങിനില്‍ക്കുമെന്നു പോലും പറയാന്‍ നിവൃത്തിയില്ലാത്ത വിധം നഗരസംസ്‌ക്കാരം വിലാസിനിയെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു. അവളുടെ ഭാവത്തിലും സംസാരത്തിലും അത്‌ പ്രകടമാകുന്നുണ്ട്‌. അവളുടെ ശരീരത്തിന്റെ ശോഷിപ്പ്‌, ഉയര്‍ന്നു നിന്നിരുന്ന മാറിടത്തിന്റെ താഴ്‌ച, നിര്‍ജ്‌ജീവമാകുന്ന കണ്ണുകള്‍, മുഖത്തിന്റെ വാട്ടം എല്ലാം മുത്തശ്ശിയില്‍ സംശയങ്ങളും ആകാംക്ഷയും ജനിപ്പിക്കുന്നു. ചാരിത്ര്യശുദ്ധിയുള്ള ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ മട്ടും ഭാവവും വിലാസിനിയില്‍ നിന്ന്‌ അപ്രത്യക്ഷമായത്‌ മനസ്സിലാക്കി അവള്‍ പിള്ളയഴിഞ്ഞ പെണ്ണുങ്ങളെപ്പോലിരിക്കുന്നു എന്ന്‌ മുത്തശ്ശി പറയുന്നത്‌ വ്യസനത്തോടെയാണ്‌. അവളുടെ കൂട്ടുകാരിയുമൊത്തുള്ള ഫോട്ടോയിലെ പന്തികേടില്‍ നിന്ന്‌ മുത്തശ്ശി പലതും വായിച്ചെടുക്കുന്നു. മുത്തശ്ശിയുടെ വാക്കുകള്‍ വിലാസിനി സ്വവര്‍ഗ്ഗരതിയിയിലേക്ക്‌ വഴുതിപ്പോയി എന്ന്‌ ധ്വനിപ്പിക്കുന്നുണ്ട്‌.

തകഴി സ്വവര്‍ഗ്ഗരതി അവതരിപ്പിക്കുന്നത്‌ സൂക്ഷ്‌മതയോടൂം ഗോപ്യതയോടും കൂടിയാണ്‌. എന്നാല്‍ ഇന്നത്തെ എഴുത്തുകാര്‍ യാതൊരു മറയും കൂടാതെ സ്വയംഭോഗത്തെ പറ്റിയും സ്വവര്‍ഗ്ഗരതിയെ പറ്റിയും പറയുന്നു. സാഹിത്യം ജീവിതാവിഷ്‌കരണമാണെന്നും അതുകൊണ്ട്‌ അതില്‍ അശ്ശീലമൊന്നില്ലെന്നും വാദിക്കുന്ന അത്യാധുനികര്‍ക്ക്‌ അവര്‍ ലിവിംഗ്‌ റൂമിലിരുന്ന്‌ സ്വയംഭോഗം ചെയ്യുമെന്ന്‌ പറയാനോ എഴുതാനോ മടിയില്ല. അത്‌ സംസ്‌ക്കാരധഃപതനത്തിന്റെയും അസന്മാര്‍ഗ്ഗികതയുടേയും ലക്ഷണമാണെന്ന്‌ ആരെങ്കിലും അഭിപ്രായപ്പെട്ടാല്‍ അവര്‍ സംസ്‌ക്കാരത്തിനും സന്മാര്‍ഗ്ഗികതക്കും പുതിയ നിര്‍വ്വചനങ്ങള്‍ കൊണ്ടു വന്ന്‌ അഭിപ്രായപ്രകടനം നടത്തിയവരെ കഷ്‌ടത്തിലാക്കും. അവരെ പിന്താങ്ങാന്‍ നിരനിരയായി നില്‍ക്കുന്ന കൂട്ടാളികളും കാണും. സ്വവര്‍ഗ്ഗഭോഗികളും സ്വയംഭോഗികളുമായ ആണുങ്ങള്‍ക്ക്‌ സ്‌ത്രീകളില്‍ താല്‍പര്യമില്ലാതെ വരുമ്പോള്‍ അവരുടെ ഭാര്യമാര്‍ കാമപൂരണത്തിനായി അന്യപുരുഷന്മാരുടെ കിടപ്പറ പങ്കിട്ടാല്‍ അവര്‍ സമൂഹത്തില്‍ സദാചാരത്തിന്‌ ഭംഗം വരുത്തിയവരായി മുദ്രയടിക്കപ്പെടും. തകഴിയെ പോലുള്ളവര്‍ സ്വവര്‍ഗ്ഗരതിയെ പറ്റി നല്‍കിയ സൂചനകള്‍ അത്യാധുനികര്‍ക്ക്‌ വൈകൃതസാഹിത്യം എഴുതാനുള്ള ചവിട്ടുപടിയായോ? ഗ്രാമീണാന്തരീക്ഷത്തില്‍ നിന്ന്‌ വിട്ടു മാറി നഗരജീവിതം നയിക്കുമ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം പെണ്‍കുട്ടികളുടെ ജീവിതം താറുമാറുക്കുമെന്ന തകഴിയുടെ കാഴ്‌ചപ്പാട്‌ല്‌പഒരു പരിധി വരെ ശരിയായിരിക്കാം.

ആലപ്പുഴപ്പട്ടണത്തിലെ തോട്ടികളുടെ ജീവിതകഥ തന്മയത്വത്തോടെ ആവിഷ്‌ക്കരിച്ചിട്ടുള്ള തോട്ടിയുടെ മകനിലെ ചുടലമുത്തു പാരമ്പര്യത്തില്‍ നിന്നു വിട്ടുമാറി നില്‍ക്കുന്ന ഒരു ഒറ്റയാന്‍ കഥാപാത്രമാണ്‌. ഞങ്ങള്‍ പരമ്പരാ ഗതമായി തോട്ടിപ്പണിക്കാരണെന്ന്‌ അഭിമാനം കൊള്ളൂന്ന യഥാസ്‌ഥിക ചിന്താഗതിക്കാരനായ ഇശക്കുമുത്തു വിന്റേതില്‍ നിന്നും തികച്ചും വ്യത്യസ്‌ഥമാണ്‌ മകന്‍ ചുടലമുത്തുവിന്റെ കാഴ്‌ചപ്പാട്‌. തോട്ടിപ്പണിയോട്‌ താല്‍പര്യമില്ലായിരുന്നെങ്കിലും അപ്പന്റെ നിര്‍ബന്ധപ്രകാരം ചുടലമുത്തു തോട്ടിപ്പണിക്കുപോയി. ക്ഷീണിതനായ അപ്പന്റെ വിശപ്പിന്റെ വിളി കേട്ട്‌ കയ്യില്‍ കാല്‍ കാശുപോലുമില്ലാത്ത ചുടലമുത്തു വീടുകള്‍ തോറും തെണ്ടി കുറക്ല്‌ അഹാരം സമ്പാദിക്ല്‌ തിരിച്ചെത്തിയപ്പോഴെക്കും വിശപ്പ്‌ കാര്‍ന്ന്‌ കാര്‍ന്ന്‌ ചലനമറ്റു പോയ അപ്പന്റെ ജഡം കാണേണ്ടി വന്ന ഹതഭാഗ്യനാണ്‌ ചുടലമൂത്തു. അപ്പന്റെ താല്‍പര്യപ്രകാരമാണ്‌ ചുടലമുത്തു തോട്ടിയായതെങ്കില്‍, തനിക്കു ജനിക്കുന്ന മകന്‍ ഒരിക്കലും തോട്ടിയാകരുത്‌ എന്ന്‌ ചുടലമുത്തുവിന്‌ നിര്‍ബന്ധമുണ്ടായിരുന്നു. ഗര്‍ഭിണിയായ ഭാര്യയോട്‌ നിന്റെ വയറ്റില്‍ കിടക്കുന്ന കുഞ്ഞ്‌ ആരാണെന്ന്‌ നിനക്ക്‌ അറിയാമോ എന്ന്‌ ചുടലമുത്തു ചോദിച്ചപ്പോള്‍ തോട്ടിയുടെ മകന്‍, അല്ലാതരാ എന്ന്‌ അവളുടെ മറുപടി കേട്ട്‌ അയാള്‍ ഞെട്ടി. ആ പരമാര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ അയാള്‍ക്കു കഴിയുമായിരുന്നില്ല. കുഞ്ഞിന്‌ അയാള്‍ മേലാളന്മാരുടെ പേരിട്ടു- മോഹനന്‍. അവനെ എടുക്കാനോ താലോലിക്കാനോ ചുടലമുത്തു കൂട്ടാക്കിയില്ല. അവന്‍ ചുടലമുത്തുവിനെ അച്‌ഛാ എന്നു വിളിക്കുന്നതും അയാള്‍ ഇഷ്‌ട്ടപ്പെട്ടിരുന്നില്ല. മോഹനന്‍ തോട്ടിയുടെ മകനായി ലോകം അറിയരുത്‌ എന്ന തീവൃമായ ചിന്തയാണ്‌ ചുടലമുത്തുവിനെ ഇങ്ങനെ അസാധാരണമായ പല കാര്യങ്ങളും ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. ഏതു ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്നും അപകര്‍ഷതാബോധം തോന്നേണ്ട കാര്യമില്ല എന്നൊക്കെയുണ്ടെങ്കിലും ചുടലമുത്തു തോട്ടിപ്പണി അറപ്പോടെ കാണുന്നു, യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മടിക്കുന്നു. ഒടുവില്‍ തോട്ടിപ്പണി ഉപേക്ഷിച്ച്‌ ശ്‌മശാനം കാവല്‍ക്കാരനായി ജോലി നോക്കുന്നു. താന്‍ ഇനി തോട്ടിയല്ല എന്ന്‌ അയാള്‍ അഭിമാനത്തോടെ മന്ത്രിക്കുമ്പോള്‍ ചുടലമുത്തു തോട്ടിയാണ്‌, മോഹനന്‍ തോട്ടിയുടെ മകനാണ്‌ എന്ന്‌ ജനങ്ങളുടെ മനസ്സില്‍ ഉറച്ചുപോയ ചിന്തക്ക്‌ മാറ്റം വരുമോ?. യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത വിഢിയാണ്‌ ചുടലമുത്തു എന്ന്‌ തോന്നാം. പക്ഷെ അയാള്‍ വിഢിയല്ല. ഉയരങ്ങളിലേക്കാണ്‌ അയാളുടെ നോട്ടം. അവസ്‌ഥകള്‍ മാറ്റിയെടുക്കാനാണ്‌ അയാള്‍ ശ്രമിക്കുന്നത്‌. അപ്പന്‍ അനുഭവിച്ച യാതനകള്‍ അയാളെ വേദനിപ്പിക്കുന്നുണ്ട്‌. ചുടലമുത്തു സമ്പാദിക്കുന്നത്‌ അയാള്‍ക്കു വേണ്ടിയല്ല, അയാളുടെ ഭാര്യക്കുവേണ്ടിയല്ല; വരും തലമുറക്കുവേണ്ടിയാണ്‌. കൈക്കൂലി കൊടുത്ത്‌ അയാള്‍ മോഹനനെ സ്‌കൂളില്‍ ചേര്‍ത്തു. കണ്ടാല്‍ തോട്ടിയുടെ മകനാണെന്ന്‌ തോന്നിക്കാത്ത വിധം അവനെ വസ്ര്‌തങ്ങള്‍ അണിയിച്ചു

വേണ്ടത്ര പണം സ്വരൂപിച്ച്‌ പറമ്പും പുരയിടവും വാങ്ങി മേലാളരുടെ ഒപ്പമെത്താനുള്ള അവന്റെ വ്യഗ്രത ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. നമ്മള്‍ ചുറ്റുപാടും കാണുന്ന പലരുടേയും പ്രതിനിധിയായി ചുടലമുത്തു മാറുന്നതായി കാണാം. മാനുഷികമൂല്യങ്ങള്‍ക്ക്‌ വില കല്‍പ്പിക്കാതെ അയാള്‍ സ്വാര്‍ത്ഥതയുടെ മൂര്‍ത്തിരൂപമായി. പണത്തിനോടുള്ള ആര്‍ത്തി അയാളെ കീഴ്‌പ്പെടുത്തി. അമിതമായ പലിശക്ക്‌ പണം കൊടുത്ത്‌ അയാള്‍ തൊഴിലാളികളുടെ നിസ്സാഹായത ചൂഷണം ചെയ്‌ത്‌ സമ്പാദിച്ചുകൊണ്ടിരുന്നു. സ്വവര്‍ഗ്ഗത്തിന്റെ അവശതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരും അയാല്‍ വര്‍ഗ്ഗബോധമില്ലാത്തവനായി ഓവര്‍സീയറോട്‌ ചേര്‍ന്നു നിന്ന്‌ അയാള്‍ തൊഴിലാളികളുടെ യുണിയന്‍ പ്രവര്‍ത്തനങ്ങളെ തകര്‍ത്തു, അയാള്‍ കരിങ്കാലിയായി. എല്ലാം സ്വന്തം നേട്ടത്തിനു വേണ്ടി. അയാളുടെ നീചപ്രവൃത്തികളെ ചോദ്യം ചെയ്‌ത ഭാര്യയെ അയാള്‍ അകാരണമായി കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. തന്റെ സമ്പാദ്യത്തെ പറ്റി അവളെ ധരിപ്പിക്കാന്‍ അയാള്‍ ഇഷ്‌ടപ്പെട്ടില്ല. ഭാര്യയെ അടിമയാക്കി വയ്‌ക്കുന്ന പുരുഷമേധാവിത്വം ചുടലമുത്തുവില്‍ പ്രകടമായി. പുരുഷന്മാര്‍ ചെയ്യുന്നതൊന്നും സ്‌ത്രീകള്‍ക്ക്‌ അറിയാന്‍ അവകാശമില്ലെന്ന്‌ നോവലിസ്‌ത്‌ സ്‌ഥപിച്ചെടുക്കുന്നതു പോലെ. ഭൗതികസുഖങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനും ഉയരങ്ങളിലേക്ക്‌ കുതിച്ചുകൊണ്ടിരിക്കാനുമുള്ള ആഗ്രഹം ഏതൊരു വ്യക്‌തിക്കുമുണ്ടാകും. ആഗ്രങ്ങളുടെ സാധൂകരണം കുതന്ത്രങ്ങളില്‍ കൂടിയോ ചുറ്റുപാടും നില്‍ക്കുന്നവരുടെ മുതുക്‌ ചവിട്ടുപടിയാക്കിയൊ ആകരുതെന്ന്‌ മനസ്സിലാക്കാത്ത ചുടലമുത്തുവിനെപ്പോലുള്ള നിരവധി പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്‌. അതുകൊണ്ട്‌ ചുടലമുത്തു എന്ന കഥാപാത്രത്തിന്റെ പ്രസക്‌തി എന്നെന്നും നിലനില്‍ക്കും. മനുഷ്യര്‍ വിധിക്കു വിധേയരായേ പറ്റു. ചുടലമുത്തു വിധിയുടെ മുന്നില്‍ തോറ്റു. കോളറ എന്ന മഹാവ്യാധി ചുടലമുത്തുവിന്റേയും ഭാര്യയുടേയും ജീവനെടുത്തു. ചുടലമുത്തിവിനെ പോലെ സഫലീകൃതമാകാത്ത ആഗ്രഹങ്ങളുമായി മണ്‍മറഞ്ഞു പോകുന്ന എത്രയോ മനുഷ്യരുണ്ട്‌. ദൈവഹിതം ആര്‍ക്കാണ്‌ തടുക്കാന്‍ കഴിയുക. സര്‍പ്പദംശനത്തില്‍ നിന്ന്‌ രക്ഷപെടാന്‍ പരീക്ഷത്ത്‌ മഹാരാജാവ്‌ ചെയ്‌തതല്ലാം നിഷ്‌ഫലമായ കഥ നമ്മള്‍ ഇതിഹാസത്തില്‍ വായിക്കുന്നു. മനുഷ്യന്‍ വിധിക്കു വിധേയനായേ മതിയാവൂ എന്ന്‌ നോവലിസ്‌റ്റ്‌ ചൂണ്ടിക്കാണിക്കുന്നു.

മതാപിതാക്കള്‍ മരിച്ചതോടെ അനാഥനായ മോഹനനനും പ്രായപൂര്‍ത്തിയായപ്പോള്‍ ഒരു തോട്ടിയായി. പ്രതികാരബുദ്ധിയോടെ വളര്‍ന്നു വന്ന കഥയിലെ ഈ മൂന്നാം തലമുറക്കാരന്‍ ഒരു വിപ്ലവകാരിയായി പരിണമിച്ചു. ചുടലമുത്തു തന്റെ സമ്പാദ്യം മുഴുവന്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്ന മിനിസിപ്പാലിറ്റി പ്രസിഡന്റ്‌ ആ പണം ചുടലമുത്തുവിന്‌ തിരിച്ചുകൊടുക്കാതിരുന്നത്‌ മോഹനനെ പ്രകോപിപ്പിച്ചു. പ്രസിഡന്റ്‌ പുതുതായി പണി തീര്‍ത്ത ബംഗ്ലാവ്‌ കത്തിച്ച്‌ ചാമ്പലാക്കി മോഹനന്‍ ആ ചൂഷണത്തിന്‌ പ്രതികാരം ചെയ്‌തു. ചുടലമുത്തുവും ഒരു ചൂഷകന്‍ മാത്രമല്ല കരിങ്കാലി കൂടിയായിരുന്നു എന്നത്‌ മോഹനന്‍ സൗകര്യപൂര്‍വ്വം മറന്നു കാണും. നോവലിന്റെ അന്ത്യത്തില്‍ തീവൃവാദിയായ വിപ്ലവകാരി മോഹനനെ വായനക്കാരുടെ മുന്നില്‍ നിര്‍ത്തി ഒരു വിപ്ലവത്തിലൂടെ മത്രമേ ചൂഷിതവര്‍ഗ്ഗത്തിന്‌ ചൂഷകരില്‍ നിന്ന്‌ രക്ഷപെടാന്‍ സാധിക്കുകയുള്ളു എന്ന സന്ദേശം നോവലിസ്‌റ്റ്‌ നല്‍കുന്നതു പോലെ തോന്നി. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ചൂഷണം ഇന്നും നിലനില്‍ക്കുന്നു. അതിന്റെ നിവാരണത്തിന്‌ നിരന്തരമായ ഒരു സമരപദ്ധതി അനിവാര്യമാണ്‌..

കുട്ടനാടന്‍ കര്‍ഷകരുടെ ജീവിതപ്രശ്‌നങ്ങള്‍ അനാവരണം ചെയ്യുന്ന രണ്ടിടങ്ങഴിയിലെ ഇതിവൃത്തം കോരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ്‌ മുന്നോട്ടു പോകുന്നത്‌. രണ്ടിടങ്ങഴിയിലെ കഥാപാത്രങ്ങളിലെല്ലാം തന്നെ പ്രകടമാകുന്നത്‌ വ്യക്‌തി സ്വഭാവത്തേക്കാള്‍ കൂടുതല്‍ വര്‍ഗ്ഗസ്വഭാവമാണ്‌. കോരന്‍ വിപ്ലവകാരിയാണ്‌. പരിത സ്‌ഥിതിയുടെ സമ്മര്‍ദ്ദം കൊണ്ടാണ്‌ കോരന്‍ വിപ്ലവകാരിയായത്‌. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാ നുള്ള തന്റേടവും ദൃഢനിശ്‌ചയവും കോരനുണ്ട്‌. ചിരുതയെ വിവാഹം കഴിക്കുന്നവന്‍ താന്‍ ആവശ്യപ്പെടുന്ന പെണ്‍പണം നല്‍കണമെന്ന്‌ ചിരുതയുടെ അച്‌ഛന്‍ കാളിപ്പറയന്‍ ശഠിച്ചപ്പോള്‍ അതൊരു വെല്ലുവിളിയായി സ്വീകരിച്ച്‌ കോരന്‍ പെണ്‍പണമുണ്ടാക്കി ചിരുതയെ വിവാഹം ചെയ്‌തു. വിവാഹദിവസം തന്നെ കോരന്റെ ദൃഢനിശ്‌ചയവും ആരേയും ആശ്രയിക്കാതെ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും തെളിയിക്കപ്പെട്ടു. വിവാഹം കഴിഞ്ഞ്‌ അന്നു തന്നെ പെണ്ണിനെ വരന്റെ വീട്ടിലേക്ക്‌ കൊണ്ടുപോകുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായപ്പോള്‍ പെണ്ണിനെ ഇന്നു കൊണ്ടുപോകുന്നില്ല എന്ന തന്റെ തീരുമാനം തന്റേടത്തോടെ വെളിപ്പെടുത്തി കോരന്‍ പ്രശ്‌നത്തിന്‌ പരിഹാരം കണ്ടു. ദീര്‍ഘകാലത്തെ അടിമത്വത്തിനും മര്‍ദ്ദനത്തിനും എതിരായി ശബ്‌ദമുയര്‍ത്തി കുട്ടനാടന്‍ കര്‍ഷകത്തൊഴിലാളികളുടെ നേതാവായിത്തീര്‍ന്ന കോരന്റെ പാരമ്പര്യത്തിന്റെയും വിപ്ലവബോധ ത്തിന്റേയും ബീജാവാപമാണ്‌ നോവലിന്റെ ആദ്യഭാഗങ്ങളില്‍ കാണുന്നത്‌. കോരന്റെ വ്യക്‌തിപ്രഭാവം പ്രശംസാര്‍ഹമാകുന്ന വേറേയും പല സന്ദര്‍ഭങ്ങളുണ്ട്‌. അച്‌ഛന്‍ മരിച്ചപ്പോള്‍ കുഴിച്ചിടാന്‍ ആറടി മണ്ണിനു വേണ്ടി കോരന്‍ ജന്മിയോടു യാചിച്ചു. മതം മാറിയാല്‍ ശവമടക്കാനുള്ള ഏര്‍പ്പാടുണ്ടക്കാം എന്ന്‌ ഒടുവില്‍ മറുപടി വന്നപ്പോള്‍ ജന്മം വിറ്റു കിട്ടുന്ന നേട്ടം വേണ്ട എന്ന്‌ കോരന്‍ തീരുമാനിച്ചു. കോരന്‍ അച്‌ഛന്റെ ജഡം കടലില്‍ കെട്ടി ത്താഴ്‌ത്തി. ഇല്ലായ്‌മയെ ചൂഷണം ചെയ്‌ത്‌ മതപരിവര്‍ത്തനം നടത്തുന്ന ദുഷിച്ച പ്രവണതയെ നോവലിസ്‌റ്റ്‌ അപലിപ്പിക്കുന്നതായി കാണുന്നു.

ചിരുതയെ കെട്ടാന്‍ കോരന്‍ പെണ്‍പണം നേടിയത്‌ പുഷ്‌പവേലില്‍ ഔസേപ്പിന്റെ പണിക്കാരനായി കരാറ്‌ ഉണ്ടാക്കിയിട്ടാണ്‌. സുന്ദരിയായ ചിരുതയെ കെട്ടാനുള്ള ആവേശത്തില്‍ ജന്മി കരാറില്‍ എഴുതിച്ചേര്‍ത്തതൊന്നും കോരന്‍ ശ്രദ്ധിച്ചില്ല. താന്‍ ചതിക്കപ്പെട്ടുവെന്ന്‌ കോരന്‌ ഒടുവില്‍ മനസ്സിലായി. കുട്ടനാടന്‍ പുലയ-പറയ വര്‍ഗ്ഗത്തോട്‌ ജന്മി കാണിച്ചിട്ടുള്ള പൈശാചികവും നിര്‍ദ്ദയവുമായ പെരുമാറ്റങ്ങളെ പറ്റി മനസ്സിലാക്കിയ കോരന്റെ മനസ്സില്‍ കുട്ടനാടന്‍ ജന്മി വര്‍ഗ്ഗത്തോടുള്ള അമര്‍ഷവും വിദ്വേഷവും നുരഞ്ഞു പൊങ്ങിക്കൊണ്ടിരുന്നു. എങ്കിലും ജോലിക്കാര്യത്തില്‍ കോരന്‍ ആത്മാര്‍ത്ഥത പുലര്‍ത്തി. മത്സരബുദ്ധിയോടെ ജോലി ചെയ്‌ത്‌ വിളവ്‌ വര്‍ദ്ധിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഓരോ പാടവും ഓരോരുത്തര്‍ കാവലേറ്റ്‌ കൃഷി ചെയ്യണമെന്ന കോരന്റെ നിര്‍ദ്ദേശം നടപ്പിലായി. കോരന്‍ കഠിനാധ്വാനം ചെയ്‌ത്‌ തന്റെ പാടത്ത്‌ ഏറ്റവും മികച്ച വിളവുണ്ടാക്കി. കോരന്‍ ഒരു കറ്റയെടുത്തപ്പോള്‍ ജന്മി അവനെക്കൊണ്ട്‌ കറ്റ താഴെ ഇടീച്ചതില്‍ താങ്ങാനാവാത്ത അപമാന ഭാരവുമായി നിസ്സഹായനായി നില്‍ക്കാനേ അവനു കഴിഞ്ഞുള്ളു. താന്‍ കാവലേറ്റ പാടത്തെ വിളവ്‌ എത്രയെന്ന്‌ ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി അടിയാണ്‌. ജന്മിയുടെ ക്രൂരത കോരന്റെ സമരവീര്യം ജ്വലിപ്പിച്ചുകൊണ്ടിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ പണിയെടുക്കുന്നത്‌ ജന്മിമാരുടെ നെല്ലറകള്‍ നിറക്കാന്‍ വേണ്ടി മാത്രമാണെന്നും കുട്ടനാടന്‍ കര്‍ഷകത്തൊഴിലാളികള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടത്‌ അനിവാര്യമാണെന്നും ഉള്ള ചിന്ത കോരന്റെ മനസ്സില്‍ നിറക്കാന്‍ തക്ക സംഭവങ്ങള്‍ നോവലിസ്‌റ്റ്‌ നിരത്തുന്നു. കോരന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംഘടി തരായി. കോരന്‍ യൂണിയന്‍ പ്രവര്‍ത്തങ്ങളുടെ ജീവനാഡിയായി. കോരന്റെ പ്രവര്‍ത്തനഫലമായി കൂലിയുടെ ഒരു ഭാഗം നെല്ലും ബാക്കി സര്‍ക്കാര്‍ നിരക്കില്‍ പണവും തൊഴിലാളികള്‍ക്കു ലഭിച്ചു തുടങ്ങി. ജന്മിമാര്‍ തൊഴിലാളികളുടെ മുന്നില്‍ തല കുനിച്ച സംഭവം. ജന്മിമാര്‍ കോരനെ കള്ളക്കേസില്‍ കുടിക്കി. ഒളിവിലായ കോരന്‍ ഗര്‍ഭിണിയായ ചിരുതയെക്കാണാന്‍ ഒരു രാത്രി കുടിലില്‍ വന്നപ്പോള്‍ പുഷ്‌പവേലില്‍ ചാക്കോ അവളെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിക്കുന്നതാണ്‌ കണ്ടത്‌. കോരന്‍ ചാക്കോയെ കൊന്നു. കോരന്‍ ജയിലിലായി. ഒരു സാമൂഹ്യദ്രോഹിയെ അവസാനിപ്പിച്ചതിലുള്ള ചാരിതാര്‍ത്ഥ്യത കോരനുണ്ടായിക്കാണും.

ചിരുതയുടെ കാര്യത്തില്‍ കോരന്‌ ഉല്‍ക്കണ്‌ഠയും ദുഃഖവുമുണ്ടായി. യുണിയന്‍ പ്രവര്‍ത്തനത്തില്‍ മനസ്സ്‌ അര്‍പ്പിച്ചപ്പോള്‍, വൈവാഹിക ജീവിതം വേണ്ടിയുരുന്നില്ലെന്ന്‌ തോന്നിപ്പിക്കും വിധം വര്‍ഗ്ഗബോധം കോരനെ ഏറെ സ്വാധീനിച്ചു. ചിരുതയെ ചാത്തനെ ഏല്‍പ്പിക്കാന്‍ കോരന്‍ നിശ്‌ചയിച്ചു. ചിരുതയെ കെട്ടാന്‍ ആഗ്രഹിച്ച്‌്‌ പെണ്‍പണമുണ്ടാക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതാണ്‌ ചാത്തന്‍. എങ്കിലും ചാത്തനു കോരനോട്‌ അസൂയയോ വിരോധമോ ഉണ്ടായിരുന്നില്ല. ഒരു ആദര്‍ശ കഥാപാത്രമായിട്ടാണ്‌ തകഴി ചാത്തനെ അവതരിപ്പിച്ചിരിക്കുന്നത്‌. കോരന്‍ ചിരുതയുടെ കൈ പിടിച്ച്‌്‌ ചാത്തന്റെ കയ്യില്‍ വച്ചു കൊടുത്തപ്പോള്‍ ചിരുതക്ക്‌ ഒരു സംരക്ഷക നുണ്ടായതില്‍ കോരന്‍ സന്തുഷ്‌ടനായി. എന്നാല്‍ ചാത്തനും ചിരുതയും ജീവിച്ചത്‌ സഹോദരങ്ങളായിട്ടാണ്‌. ചാത്തന്‍ കോരന്റെ മകന്റെ അമ്മാവനായി. സന്മാര്‍ഗ്ഗബോധത്തിന്റെ ഉത്തമ പ്രതീകമായിട്ടാണ്‌ ചാത്തനെ ചിത്രീകരിച്ചിരിക്കുന്നത്‌. ചാത്തന്റേയും ചിരുതയുടേയും ആദര്‍ശശുദ്ധിയും സദാചാരചിന്തയും അതിരു കടന്നു പോയതായി ചില നിരൂപകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും നന്മ മനസ്സില്‍ നിറച്ചുവച്ചിട്ടുള്ളവര്‍ വിരളമായെങ്കിലും ഉണ്ടെന്ന്‌ തകഴി സമര്‍ത്ഥിക്കുകയാണ്‌. കോരന്‍ ജയലിന്‍ നിന്ന്‌ തിരിച്ചെത്തിയപ്പോള്‍ ചാത്തന്‍ ചിരുതയേയും മകന്‍ വെളുത്തയേയും കോരനെ ഏല്‍പ്പിക്ലു. ചിരുതയുടെ സൗന്ദര്യത്തില്‍ ആകര്‍ഷിതനായി കഠിനാധ്വാനം ചെയ്‌ത്‌ ചിരുതയെ സ്വന്തമാക്കിയ കോരന്‍ വര്‍ഗ്ഗതാല്‍പര്യത്തിന്റെ പേരില്‍ അവളെ ഉപേക്ഷിക്കാന്‍ പോലും തയ്യാറായപ്പോള്‍ കോരന്‍ വര്‍ഗ്ഗബോധമുള്ള തൊഴിലാളിയുടെ ഉത്തമ പ്രതീകമായി. ദശരഥമഹാരാജാവിന്റെ
കൈകേയിക്ക്‌ കൊടുത്ത വാക്ക്‌ സാര്‍ത്ഥകമാക്കാന്‍ സീതയെ പോലും ഉപേക്ഷിച്ച്‌ വനവാസത്തിന്‌ പോകാന്‍ തയ്യാറായ രാമന്റെ ആത്മാര്‍ത്ഥതയും സത്യസന്ധതയും കോരനിലും കാണുന്നില്ലേ? തകഴി ആവിഷ്‌കരിച്ച കോരനെപ്പോലുള്ള നേതാക്കന്മാര്‍ ഈ കാലഘട്ടത്തില്‍ വിരളമാണെങ്കിലും തൊഴിലാളി പ്രസ്‌ഥാനങ്ങള്‍ക്ക്‌ മുതലാളി വര്‍ഗ്ഗത്തിന്റെ ചൂഷണത്തിന്‌ വിരാമമിടാനും തൊഴിലാളികള്‍ക്ക്‌ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സാഹചര്യമുണ്ടാക്കാനും സാധിച്ചിട്ടുണ്ട്‌. `കൃഷിഭൂമി കര്‍ഷകന്‌' എന്ന മുദ്രാവാക്യത്തിലൂടെ പ്രത്യയശാത്രപ്രചരണവും സ്വന്തം വീക്ഷണപ്രകടനവും നോവലിസ്‌റ്റ്‌ നടത്തുന്നുണ്ട്‌. പക്ഷെ, ഇന്ന്‌ കര്‍ഷകനെവിടെ, കൃഷിഭൂമിയെവിടെ?

തോട്ടിയുടെ മകനിലും രണ്ടിടങ്ങഴിയിലും റിയിലിസത്തിനാണ്‌ പ്രാധാന്യമെങ്കില്‍ ചെമ്മീനില്‍ മുന്നില്‍ നില്‍ക്കുന്നത്‌ കാല്‍പനികതയാണ്‌. പക്ഷെ ചെമ്പന്‍ കുഞ്ഞ്‌ എന്ന കഥാപാത്രത്തെ വേര്‍തിരിച്ചെടുക്കുമ്പോള്‍ അയാള്‍ രണ്ടിടങ്ങഴിയിലെ കാളിപ്പറയനേയും ചുറ്റുപാടുകളേയും അനുസ്‌മരിപ്പിക്കുന്നുണ്ട്‌. ചിരുതയുടെ സൗന്ദര്യം പെണ്‍പണം നേടിത്തരുമെന്ന്‌ മനസ്സിലാക്കി അതനുസരിച്ച്‌ വിട്ടുവീഴ്‌ചയില്ലതെ കാളിപ്പറയന്‍ പെരുമാറിയെങ്കില്‍ ചെമ്പന്‍ കുഞ്ഞ്‌ പരീക്കുട്ടിക്ക്‌ കറുത്തമ്മയോടുള്ള സ്‌നേഹത്തിന്റെ വില ഈടാക്കാന്‍ ശ്രമിക്കുന്നു. ഇന്ന്‌ സമൂഹത്തില്‍ കാണുന്ന പലരുടേയും പ്രതിരൂപമാണ്‌ ചെമ്പന്‍ കുഞ്ഞ്‌. ഭൗതികസുഖത്തിനും ധനം സമാഹരിക്കുന്നതിനും എന്ത്‌ ക്രൂരകൃത്യവും ചെയ്യാന്‍ മടിയില്ലാത്തവരെ നമ്മള്‍ ചുറ്റുപാടും കാണുന്നില്ലേ. കറുത്തമ്മയുടെ മൃദുല വികാരവും സൗഖ്യവും മനശ്ശാന്തിയുമൊന്നും ചെമ്പന്‍ കുഞ്ഞിന്‌ പ്രശ്‌നമല്ല. വള്ളവും വലയും വാങ്ങാനുള്ള അയാളുടെ അടങ്ങാത്ത ജീവിതാഭിലാഷം സാക്ഷാത്‌ക്കരിക്കാന്‍ പരീക്കുട്ടിക്ക്‌ കറുത്തമ്മയോടുള്ള സ്‌നേഹം മുതലെടുത്ത്‌ പരീക്കുട്ടിയില്‍ നിന്ന്‌ പണം തട്ടിയെടുക്കാനുള്ള തന്ത്രങ്ങളാണ്‌ ചെമ്പന്‍ കുഞ്ഞ്‌ ഒരുക്കുന്നത്‌. കറുത്തമ്മക്ക്‌ അതു മനസ്സിലാകുന്നുണ്ടെങ്കിലും ചെമ്പന്‍ കുഞ്ഞിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ സാധിക്കുന്നില്ല. അപ്പന്‍ വള്ളോം വലേം മേടിക്കാന്‍ പോവ്വാ, കുറച്ചു പണം തന്ന്‌ സഹായിക്ക്വോ എന്ന്‌ പരീക്കുട്ടിയോടെ ആദ്യം ചോദിക്കുന്നത്‌ കറുത്തമ്മയാണ്‌. നിഷ്‌ക്കളങ്കമായ ചോദ്യം. കറുത്തമ്മ ചോദിച്ചതു കൊണ്ടായിരിക്കാം കയ്യില്‍ പണമില്ലാഞ്ഞിട്ടും വിറ്റു കാശാക്കാന്‍ ഉണക്കമീന്‍ വല്ലങ്ങള്‍ പരീക്കുട്ടി ചെമ്പന്‍ കുഞ്ഞിന്റെ കുടിലില്‍ എത്തിച്ചത്‌. പരീക്കുട്ടി കറുത്തമ്മയില്‍ വിശ്വാസമര്‍പ്പിച്ചു കാണും. പക്ഷെ, എന്നെ മറന്നേക്കു എന്ന്‌ പറഞ്ഞ്‌ കറുത്തമ്മ പളനിയെ കെട്ടി തൃക്കുന്നപ്പുഴ കടപ്പുറത്തെത്തിയപ്പോള്‍ കറുത്തമ്മയുടെ സ്‌നേഹത്തിന്റെ പവിത്രതയില്‍ വായനക്കാര്‍ക്ക്‌ സംശയമുണ്ടാകുന്നു. പിരിഞ്ഞു പോയപ്പോഴായിരിക്കും കറുത്തമ്മക്ക്‌ പരീക്കുട്ടിയോടുള്ള സ്‌നേഹത്തിന്റെ ആഴം മനസ്സിലായത്‌. പരീക്കുട്ടിയെ മനസ്സില്‍ നിന്ന്‌ പറിച്ചെറിയാന്‍ കറുത്തമ്മക്ക്‌ കഴിഞ്ഞില്ല. കറുത്തമ്മയുടെ അമ്മയുടെ മരണമറിയിക്കാന്‍ പരീക്കുട്ടി വരുന്നതില്‍ അസ്വഭാവികതയുണ്ടെങ്കിലും പരീക്കുട്ടിയും കറുത്തമ്മയും തമ്മില്‍ വീണ്ടും കാണാനുള്ള അവസരം നോവലിസ്‌റ്റ്‌ ഒരുക്കുന്നതായി കണക്കാക്കാം. പളനി കടലില്‍ പോയ ഒരവസരത്തില്‍ പരീക്കുട്ടി കറുത്തമ്മയുടെ കുടിലിലെത്തി കറുത്തമ്മയെ വിളിച്ചു. കടലില്‍ പോയ അരയന്റെ ജീവന്റെ സുരക്ഷിതത്വം കുടിലിലിരുന്ന മരക്കാത്തിയുടെ ചാരിത്ര്യശുദ്ധിയിലാണെന്ന തത്വശാസ്ര്‌തമൊക്കെ മറന്ന്‌ കറുത്തമ്മ ഇറങ്ങിച്ചെന്നു. പരീക്കുട്ടിയുടേയും കറുത്തമ്മയുടേയും ജഡങ്ങള്‍ തൃക്കുന്നപ്പുഴ കടപ്പുറത്തടിഞ്ഞു. പതിവൃതയായി ജീവിക്കാന്‍ല്‌പകഴിയാതെപോയ ഒരു അരയത്തിയായി തകഴി കറുത്തമ്മയെ ആവിഷ്‌കരിച്ചു. ഔന്നത്യമുള്ള ഒരു കഥാപാത്രമായി കറുത്തമ്മ ചിത്രീകരിക്കപ്പെടുന്നില്ലെങ്കിലും മനസ്സില്‍ ആദ്യം പൊട്ടിക്കിളര്‍ത്ത പ്രേമവല്ലരി വര്‍ഷങ്ങള്‍ കഴിഞ്ഞാലും പൂത്തുലയുക തന്നെ ചെയ്യുമെന്നും തത്ത്വശാസ്ര്‌തങ്ങളൊന്നും അതിന്‌ തടസ്സമാവുകയിക്ലെന്നും തകഴി കറുത്തമ്മയിലൂടെ സ്‌ഥാപിച്ച്‌ ചെമ്മീന്‍ അനശ്വരമായ ഒരു പ്രേമകഥയാക്കിത്തീര്‍ത്തു. ഏതാണ്ട്‌ ഇതു പോലുള്ള ഒരു ആവിഷ്‌കരണമല്ലേ ആശാന്റെ ലീലയിലും കാണുന്നത്‌.

സഹൃദയര്‍ക്ക്‌ മറക്കാനാവാത്ത കഥാപാത്രങ്ങളെയാണ്‌ തകഴി ആവിഷ്‌കരിച്ചിട്ടുള്ളത്‌. മികവുള്ള കഥാപാത്രങ്ങളെ ആവിഷ്‌കരിക്കാന്‍ തകഴിക്ക്‌ സാധിച്ചത്‌ മനുഷ്യപ്രകൃതി എന്ന മൗലികതയില്‍ ഊന്നി നിന്നു കൊണ്ട്‌ കഥാപാത്രാവിഷ്‌കരണം നടത്തിയതുകൊണ്ടാണ്‌. കഥയും കഥാപാത്രവും വിശ്വസിനീയതയും സ്വാഭാവികതയും വായനക്കാരിലേക്ക്‌ പകര്‍ന്നു കൊടുക്കുമ്പോഴാണ്‌ അവര്‍ക്ക്‌ സൃഷ്‌ടിയുമായി താദാത്മ്യം പ്രാപിക്കാന്‍ സാധിക്കുന്നത്‌. വായനക്കാരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളെ ആവിഷ്‌കരിച്ച തകഴി മലയാള സാഹിത്യനഭോമണ്ഡലത്തില്‍ എന്നെന്നും പ്രകാശിച്ചുകൊണ്ടിരിക്കും.
തകഴി ആവിഷ്‌കരിച്ച ചില കഥാപാത്രങ്ങള്‍ (വാസുദേവ്‌ പുളിക്കല്‍ വിചാരാവേദിയിലെ സാഹിത്യചര്‍ച്ചയില്‍ അവതരിപ്പിച്ചത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക