Image

പിറന്നാള്‍സന്ദേശം (സുധീര്‍പണിക്കവീട്ടില്‍)

Published on 24 December, 2012
പിറന്നാള്‍സന്ദേശം (സുധീര്‍പണിക്കവീട്ടില്‍)
ഇത്തിരിമഞ്ഞുമായ്‌ ഒരോ പ്രഭാതവും
കോരിത്തരിച്ചുകൊണ്ടെത്തിനോക്കേ
മറ്റൊരുസൂര്യനായ്‌മണ്ണില്‍ ഉദിച്ചൊരു
ദേവന്‍പിറന്ന നാള്‍ വന്നണഞ്ഞു.

വര്‍ഷത്തിലെത്തുമാക്രിസ്‌തുമസ്സ്‌നാളിനെ
പുത്തനായ്‌മാറ്റുവാന്‍മര്‍ത്യരോരോ
സ്വപ്‌നങ്ങള്‍നെയ്യുന്നു, വില്‍ക്കുന്നു, മണ്ണിനെ
ചന്ത പറമ്പാക്കിമാറ്റീടുന്നു

പുല്‍ക്കൂട്‌തീര്‍ക്കുന്നുമേടകള്‍ മുറ്റത്ത്‌
ചാളകുടിലുമൊരുങ്ങുന്നുമോടിയില്‍
ആഹ്ലാദമെങ്ങും തിരയടിച്ചെത്തുമാ
പുണ്യദിനത്തിനായി കാത്തിരിക്കേ

കാറ്റിന്റെതാളത്തില്‍ എത്തുന്നുദിവ്യമാം
ചോദ്യം, ഭഗവാന്റെസ്‌നേഹാര്‍ദ്ര ശാസനം
ആട്ടവും പാട്ടുമീ ആര്‍ഭാടവും കൊള്ളാം
നിര്‍മ്മലമാക്കിയോനിങ്ങള്‍മനസ്സിനെ?

അന്നമിക്ലാതെവലയും ദരിദ്രന്മാര്‍ക്ക-
ഷ്‌ടിക്ക്‌വച്ചതും നിങ്ങള്‍കൊടുത്തുവോ?
സ്‌നേഹമാണീശ്വരന്‍ എന്നറിഞ്ഞോ, നിങ്ങള്‍
ചിത്തത്തില്‍വാഴുമാദേവനെ കണ്ടുവോ?

എന്റെനാമത്തില്‍കൊളുത്തും വിളക്കുകള്‍,
തോരണം ചാര്‍ത്തുന്നവീഥികള്‍, മേളങ്ങള്‍
നിഷ്‌ഫലമാണെന്നറിയുക നിങ്ങളില്‍
നിങ്ങളെതന്നെ അറിയാതിരിക്കുകില്‍

മുട്ട്‌ കുത്തീടാന്‍തുനിയുന്നതിന്‍മുമ്പേ
ഒന്ന്‌ കുനിക്കനീനിന്റെശിരസ്സിനേ.....

ശുഭം.
പിറന്നാള്‍സന്ദേശം (സുധീര്‍പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക