Image

ഡോ. ജോര്‍ജ് ജേക്കബ്: കര്‍മ്മനിരതനായ സഭാ സ്‌നേഹിയും പൊതു പ്രവര്‍ത്തകനും

ജോയിച്ചന്‍ പുതുക്കളം Published on 03 September, 2011
ഡോ. ജോര്‍ജ് ജേക്കബ്: കര്‍മ്മനിരതനായ സഭാ സ്‌നേഹിയും പൊതു പ്രവര്‍ത്തകനും
ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയില്‍ വാഷിംഗ്ഡണ്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന ഡോ.ജോര്‍ജ് ജേക്കബ് മാര്‍ത്തോമ്മാ സഭയുടെ അമേരിക്കാ-യൂറോപ്പ് ഡയോസിസിന്റെ സഭാ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം മാര്‍ത്തോമ്മാ സഭാ അമേരിക്കാ-യൂറോപ്പ് ഡയോസിസ് കൗണ്‍സില്‍ മെമ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈയടുത്ത കാലത്ത് ടീനക്ക് സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നിന്നും മണ്ഡലം മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു ഇദ്ദേഹം. സഭാ കൗണ്‍സിലാണ് ഈ രൂപതയുടെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത്.

പത്തനംതിട്ട ജില്ലയില്‍ കുമ്പളാം പൊയ്ക ഗ്രാമത്തില്‍ മുക്കറാണത്തു കാവുങ്കല്‍ കുടുംബത്തില്‍ ശ്രീ.കെ.റ്റി.ജോര്‍ജ്ജിന്റെയും ശ്രീമതി.തങ്കമ്മയുടെയും രണ്ടാമത്തെ പുത്രനായിട്ട് ജനിച്ച ഡോ.ജോര്‍ജ് ജേക്കബ് കഠിനാദ്ധ്വാനത്തിന്റെയും ദൈവകൃപയുടെയും പിന്‍ബലത്താല്‍ ജീവിതനേട്ടങ്ങള്‍ ഒന്നൊന്നായി കരസ്ഥമാക്കി.

സ്‌ക്കൂള്‍ - കോളേജ് വിദ്യാഭ്യാസത്തിനുശേഷം 1970-ല്‍ ഉപരിപഠനത്തിനായി സ്‌കോളര്‍ഷിപ്പോടെ അമേരിക്കയിലെത്തി ടെക്‌സാസ് യൂണിവേഴ്‌സിറ്റിയ്ല്‍ പഠനവും റിസേര്‍ച്ചും നടത്തി. എംബ്രയോളജി ഇന്‍ റിലേഷന്‍ റ്റു ദി ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ പ്രോഗ്രാം(എ.വി.എഫ്) ആണ് അദ്ദേഹത്തിന്റെ മുഖ്യ ഗവേഷണമേഖല.

1984-ല്‍ ചിക്കാഗോ മൗണ്ട് സീനായ് ആശുപത്രിയില്‍ ഒബി ജിവൈ എന്‍ ഡിപാര്‍ട്ട്‌മെന്റില്‍ റിസര്‍ച്ച് ഫെലോ ആയി ജോലിയില്‍ പ്രവേശിച്ചു. 1986-ല്‍ മയാമിയില്‍ മൗണ്ട് സിനായി മെഡിക്കല്‍ സെന്ററില്‍ റിസേര്‍ച്ച് അസോസിയേറ്റായി. 1987-മുതല്‍ ന്യൂയോര്‍ക്കിലെ ഒരു ഫെര്‍ട്ടിലിറ്റി സെന്ററില്‍ ലാബ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. 1992 മുതല്‍ ന്യൂജേഴ്‌സിയില്‍
ബെത്ത് ഇസ്രായേല്‍ ആശുപത്രിയില്‍ ഐ.വി.എഫ് പ്രോഗ്രാമിന്റെ അസോസിയേറ്റ് ഡയറക്ടറായി. അതേതുടര്‍ന്ന് ന്യൂജേഴ്‌സിയില്‍ തന്നെയുള്ള ഒരു റീപ്രൊഡക്ടീവ് എന്‍ഡോക്ട്രിനോളജി ആന്റ് ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ പ്രൈവറ്റ് കണ്‍സല്‍ട്ടന്റായി ഈയടുത്തകാലം വരെ പ്രവര്‍ത്തിച്ചു.

തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും മാര്‍ത്തോമ്മാ സഭയ്ക്കുവേണ്ടിയും അമേരിക്കന്‍ മലയാളികള്‍ക്കു വേണ്ടിയും കുറെയേറെ സമയം കണ്ടെത്തുവാന്‍ ഡോ.ജോര്‍ജ് ഒരിക്കലും മടികാണിച്ചിരുന്നില്ല. മാര്‍ത്തോമ്മാ സഭ അമേരിക്കയില്‍ പ്രവര്‍ത്തനമാരംഭിച്ച കാലം മുതല്‍ ആ സഭയുടെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. തന്റെ ജീവിതവിജയത്തിന്റെ രഹസ്യം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

ന്യൂജേഴ്‌സിയില്‍ പീഡിയാട്രീഷ്യനായി ജോലി ചെയ്യുന്ന ഡോ.മറിയാമ്മയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മൂത്തമകന്‍ ബ്രയാന്‍ ഭാര്യ ബിനിയോടൊപ്പം ഫ്‌ളോറിഡായില്‍ താമസിക്കുന്നു. സെറീനാ ജേക്കബും ജെറി ജേക്കബുമാണ് മറ്റ് മക്കള്‍ . ഡോ.ജോര്‍ജിന്റെ എല്ലാ നന്മപ്രവര്‍ത്തനങ്ങള്‍ക്കും കുടുംബം പൂര്‍ണ്ണപിന്തുണ നല്കുന്നുണ്ട്.

ഹ്യൂസ്റ്റണില്‍ താമസിച്ചിരുന്ന കാലത്ത് അവിടത്തെ മലയാളി അസോസിയേഷന്റെ ചെയര്‍മാന്‍ ആയിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു. ഡോ.ജോര്‍ജ് ജേക്കബ്. അദ്ദേഹമായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ആദ്യത്തെ അമേരിക്കന്‍ റീജിയണല്‍ പ്രസിഡന്റ്. അതിനുശേഷം ഗ്ലോബല്‍ വൈസ് ചെയര്‍മാനായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇപ്പോഴത്തെ ഗ്ലോബല്‍ ചെയര്‍മാനാണ്.

അമേരിക്കന്‍ -യൂറോപ്യന്‍ ഡയോസിസിലെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനും സഭയുടെ ആത്മീയവും ഭൗതീകവുമായ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയുമാണ് സഭാ കൗണ്‍സിലിന്റെ പ്രധാന ദൗത്യം. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന രണ്ടാം തലമുറയെ സഭയില്‍ കൂടുതല്‍ സജീവമാക്കാനും അവരുടെ സഹായ സഹകരണം ഉറപ്പുവരുത്താനും ശ്രമിക്കുമെന്ന് ഡോ.ജോര്‍ജ് ജേക്കബ് അറിയിച്ചു.

ഡോ.ജോര്‍ജ് ജേക്കബിന്റെ ഈ പുതിയ സേവനദൗത്യത്തിന് എല്ലാവിധ ആശംസകളും പിന്തുണയും നല്കുന്നതായി വേള്‍ഡ് മലയാളി കൗണ്‍സില്‍ വക്താക്കള്‍ അറിയിച്ചു. കര്‍മ്മോല്‍സുകനും ലാളിത്യമാര്‍ന്ന പ്രവര്‍ത്തനശൈലിയുടെ ഉടമയുമായ ഡോക്ടര്‍ ജോര്‍ജ് ജേക്കബിന്റെ സേവനം മാര്‍ത്തോമ്മാ സഭയുടെ സര്‍വോല്‍കൃഷ്ടമായ വളര്‍ച്ചയ്ക്ക് ഏറെ സംഭാവന ചെയ്യുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ വക്താക്കള്‍ അഭിപ്രായപ്പെട്ടു.
ഡോ. ജോര്‍ജ് ജേക്കബ്: കര്‍മ്മനിരതനായ സഭാ സ്‌നേഹിയും പൊതു പ്രവര്‍ത്തകനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക