Image

പ്രത്യാശയോടെ 2013 ലേക്ക്‌ (ജോസ്‌ മാളേയ്‌ക്കല്‍)

Published on 30 December, 2012
പ്രത്യാശയോടെ 2013 ലേക്ക്‌ (ജോസ്‌ മാളേയ്‌ക്കല്‍)
കാലത്തിന്റെ നിത്യവിസ്‌മൃതിയിലേക്ക്‌ മെല്ലെ മെല്ലെ നടന്നടുത്തു കൊണ്ടിരിക്കുന്ന 2012 നോടു ഗുഡ്‌ബൈ പറഞ്ഞ്‌ മാനത്തോളം ഉയരുന്ന സുന്ദര സ്വപ്‌നങ്ങളും, പുതുപുത്തന്‍ പ്രതീക്ഷകളും, ലംഘിക്കപ്പെടുകയില്ല എന്ന്‌ ഉറപ്പു പറയാന്‍ പറ്റാത്ത നവീന പ്രതിജ്ഞകളുമായി 2013 നെ വെല്‍ക്കം ചെയ്യാന്‍ ലോകം മുഴുവന്‍ ഒരുങ്ങിക്കഴിഞ്ഞു. സംഭവബഹുലമായ ഒരു വര്‍ഷം കൂടി നമ്മെ വിട്ടുപോകുന്നു. ഓരോരുത്തരുടെയും ആയുസിന്റെ നീളം 365 ദിവസങ്ങള്‍കണ്ടു കുറഞ്ഞിരിക്കുന്നു. പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഓര്‍ത്തോര്‍ത്തു രസിക്കാനും, മനം കുളിര്‍ക്കെ ആസ്വദിക്കാനും, എന്നെന്നും അഭിമാനിക്കാനും പറ്റിയ ഒത്തിരി നല്ല അനുഭവങ്ങളും അമൂല്യമുഹൂര്‍ത്തങ്ങളും സമ്മാനിച്ചു കടന്നു പോകുന്ന 2012.

കൂട്ടത്തില്‍ കൊച്ചു കൊച്ചു ജീവിതനൊമ്പരങ്ങളും, വേണ്ടപ്പെട്ടവരുടെയും, സ്‌നേഹിതരുടെയും വിയോഗം നല്‍കിയ വ്യഥകളും, പ്രകൃതിക്ഷോഭങ്ങള്‍ വരുത്തിവച്ച വിനകളും. അമേരിക്കയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നാശംവിതച്ചാഞ്ഞടിച്ച സാന്‍ഡികൊടുംകാറ്റും, ലോകമനസാക്ഷിയെ മുഴുവന്‍ പിടിച്ചുലച്ച ന്യൂഇംഗ്ലണ്ട്‌ മേഖലയിലെ സാന്‍ഡിഹുക്ക്‌ സ്‌കൂള്‍ ദുരന്തവുമെല്ലാം നമ്മുടെ മനസില്‍ എല്‍പ്പിച്ചിരിക്കുന്ന മുറിവ്‌ ഒരിക്കലും ഉണക്കികളയാവുന്നതല്ല. ക്രിസ്‌മസ്‌ ദിനത്തില്‍ തങ്ങളുടെ പ്രീയപ്പെട്ട സാന്റാക്ലോസ്‌ അപ്പൂപ്പനില്‍നിന്നും ലഭിക്കാനിരിക്കുന്ന സമ്മാനങ്ങള്‍ ഏറ്റുവാങ്ങാന്‍ കാത്തിരുന്ന ന്യൂടൗണിലെ 20 കൊച്ചുകുരുന്നുകള്‍ തങ്ങള്‍ക്ക്‌ ലഭിക്കാവുന്ന ഏറ്റവും മഹത്തായ സമ്മാനം സര്‍വശക്തനില്‍നിന്നും ഏറ്റുവാങ്ങിയിട്ടുണ്ടാവും. ആ കൊച്ചുമാലാഖാമാര്‍ ഇപ്പോള്‍ സ്വര്‍ഗത്തില്‍ സര്‍വശക്തനൊത്തിരുന്ന്‌ ആനന്ദനൃത്തം ചെയ്യുന്നുണ്ടാവും. അകാലത്തില്‍ കൊഴിഞ്ഞുവീണ 20 റോസാപുഷ്‌പങ്ങള്‍ ഇനി സാന്‍ഡിഹുക്ക്‌ സ്‌കൂളിനോ, ന്യൂടൗണ്‍ എന്ന ശ്യാമസുമ്പരഗ്രാമത്തിനോ തിരികെ ലഭിക്കില്ല. തങ്ങളുടെ കൊച്ചുസ്‌കൂളിനും, ഗ്രാമത്തിനും ഒരുപോലെ പ്രകാശം പരത്തിനിന്ന ആ നിഷ്‌കളങ്കകുസുമങ്ങളുടെ പുഞ്ചിരിയാര്‍ന്ന മുഖം മനോമുകുരത്തില്‍നിന്ന്‌ ആര്‍ക്കാണ്‌ എളുപ്പത്തില്‍ പറിച്ചെറിയാന്‍ സാധിക്കുക. ഇന്‍ഡ്യയുടെ തലസ്ഥാനനഗരിയില്‍ ലോകമനസാക്ഷിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ക്രൂരവും, പൈശാചികവുമായ കൂട്ടബലാല്‍സംഗത്തിനിരയായി ജീവിക്കണമെന്നുള്ള അതിയായ ആഗ്രഹത്തോടെ 13 ദിവസം ദില്ലിയിലേയും, സിംഗപ്പൂരിലേയും ആശുപത്രികളില്‍ മരണത്തോട്‌ മല്ലടിച്ച്‌ അവസാനം മരണത്തിനു കീഴടങ്ങിയ 23 കാരി യുവതിയുടെ മുഖവും മനോമുകുരത്തില്‍ തെളിഞ്ഞുവരുന്നു. ഏറ്റവും കൂടുതല്‍ സുരക്ഷിതത്വം ഉണ്ടെന്നു പറയപ്പെടുന്ന തലസ്ഥാനനഗരിയില്‍ ഭരണാധികാരികളുടെ കണ്‍മുമ്പില്‍ നടന്ന മൃഗീയമായ മാനഭംഗം ലോകമനസാക്ഷിയെ പിടിച്ചുലച്ചു. ഒരുപറ്റം കാപാലികരുടെ കാമഭ്രാന്തിനിരയായി പിച്ചിച്ചീന്തപ്പെട്ട്‌ ജനഹൃദയങ്ങളില്‍ ഏക്കാലവും ജീവിക്കുന്ന മറ്റൊരു റോസാപുഷ്‌പം. മനുഷ്യാവകാശധ്വംസനത്തിനെതിരായി സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി അവസാനശ്വാസംവരെ ധീരമായി പോരാടി വീരമൃത്യുപ്രാപിച്ച ആയുവതിയുടെ ആത്മശാന്തിക്കായി നമുക്കു പ്രാര്‍ത്ഥിക്കാനേ നിര്‍വാഹമുള്ളു. പത്തുദിവസങ്ങള്‍ക്കുശേഷം അതേ നഗരിയില്‍ നടന്ന രണ്ടാമത്തെ കൂട്ടമാനഭംഗത്തിനിരയായ 42 കാരി വീട്ടമ്മയും നമ്മുടെ കരുണക്കായി കേഴുന്നു. നമ്മുടെ നാടിനിതെന്തു പറ്റി? എവിടെയാണ്‌ പിഴവു പറ്റിയിരിക്കുന്നത്‌? അധികാരികളുടെ കണ്ണുകള്‍ ഇനിയെങ്കിലും തുറക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

ഹൃദയത്തിന്റെ അകത്തളങ്ങളെ സ്‌പര്‍ശിച്ച സംഭവങ്ങള്‍ ഇനിയും ധാരാളമുണ്ട്‌. അവയെല്ലാം ഇവിടെ കുറിക്കാന്‍ സാധിക്കുകയില്ലല്ലോ. വാര്‍ത്താമാധ്യമങ്ങളിലൂടെ ദിവസവും നാം കാണുന്ന കാഴ്‌ച്ചകള്‍. കോട്ടങ്ങളുടെ പട്ടിക സൂക്ഷ്‌മമായി പരിശോധിച്ച്‌ മനസു പുണ്ണാക്കുന്നതിനുപകരം പ്രത്യാശയോടെ പുതുവര്‍ഷത്തിലേക്ക്‌ വലതുകാലെടുത്തുവയ്‌ക്കാന്‍ തയാറെടുക്കുകയാണീ അവസരത്തില്‍ നന്ന്‌. പുത്തന്‍ പ്രതീക്ഷകളുടെ വാഗ്‌ദാനങ്ങളുമായി നിറപുഞ്ചിരിയോടെ നടന്നടുക്കുന്ന 2013. മനസിന്റെ പൂമുഖവാതില്‍ക്കല്‍ ശുഭപ്രതീക്ഷകളുടെ വസന്തകാലം പൂത്തുല്ലസിക്കുമ്പോള്‍ അവയെല്ലാംഅനായാസം നേടിയെടുക്കുന്നതിനുവേണ്ടുന്ന പുത്തന്‍ പ്രതിജ്ഞകളും പദ്ധതികളും നെയ്‌തെടുക്കുകയാണിപ്പോള്‍ കരണീയമായിട്ടുള്ളത്‌. ഓരോപുതുവര്‍ഷ പുലരിയിലും ഭാവിയില്‍ ലംഘിക്കപ്പെടുകയില്ലെന്ന്‌ ഉറപ്പുപറയാന്‍ പറ്റാത്ത പ്രതിജ്ഞകളുടെ കൂമ്പാരവുമായി പുതിയൊരു മനുഷ്യനായി മാറാനുള്ള വ്യഗ്രതയില്‍ പഴയതിനെല്ലാം നമ്മള്‍ വഴിമാറികൊടുക്കുന്നു.

പ്രതീക്ഷകളും പ്രതിജ്ഞകളും. അവയാണ്‌ പുതുവര്‍ഷത്തില്‍ നമുക്ക്‌ മുമ്പോട്ടു കുതിക്കാനുള്ള ഊര്‍ജം പകരുന്നത്‌. പുതുവല്‍സരം കൂടുതല്‍ സന്തോഷപൂരിതമായ്‌ക്കുന്നതിനും, 2012 ലെ തെറ്റുകള്‍ തിരുത്തി മുന്നേറുന്നതിനും, കുറവുകള്‍ നിറവുകളാക്കുന്നതിനും സ്വയം ആത്‌മപരിശോധന ചെയ്യുന്നത്‌ എന്തുകൊണ്ടും നല്ലതായിരിക്കും. കൊഴിഞ്ഞു വീഴുന്ന വര്‍ഷം പലര്‍ക്കും നാം സ്വീകാര്യനായിരുന്നില്ലെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി തിരുത്തി മുമ്പോട്ടു പോകാന്‍ ശ്രമിക്കുന്നത്‌ ജീവിതവിജയത്തിനുപകരിക്കും. മറ്റുള്ളവരോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം ആവശ്യമെങ്കില്‍ അതു വരുത്താന്‍ മടിക്കരുത്‌. പുതിയ ശൈലിയും, സമീപനവും നമ്മെ മറ്റുള്ളവര്‍ക്കു സ്വീകാര്യനാകും മുമ്പെന്നത്തേക്കാളുമുപരി.

കൊഴിഞ്ഞുപോയവര്‍ഷം എടുത്തതീരുമാനങ്ങള്‍ വിലയിരുത്തുക. നടപ്പിലാക്കി വിജയിച്ചവയുടെ സല്‍ഫലം അയവിറക്കി അഭിമാനിക്കുകയും, നടപ്പിലാക്കാന്‍ പറ്റാതിരുന്ന തീരുമാനങ്ങള്‍ ഉപേക്ഷിക്കുകയോ പുതുക്കുകയോ ചെയ്യുക. നല്ലതുടക്കങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും നമുക്കാരംഭം കുറിക്കാം ഈ
പുതുവല്‍സരത്തില്‍. പോയവര്‍ഷത്തിന്റെ കോട്ടങ്ങളിലും നൊമ്പരങ്ങളിലും മനസുടക്കി വിഷമിക്കാതെ എത്തിപ്പിടിച്ച നേട്ടങ്ങളുടെയും, ഈശ്വരന്‍ സമൃദ്ധിയായി കനിഞ്ഞനുഗ്രഹിച്ച വിജയങ്ങളുടെയും സന്തോഷത്തില്‍ നന്ദിപൂര്‍വം കൈകള്‍ കൂപ്പേണ്ട സമയമാണിപ്പോള്‍.

ഒരു വര്‍ഷം കൂടി ദൈവം നമുക്കായി കനിഞ്ഞനുഗ്രഹിച്ചിരിക്കുകയാണ്‌. നമ്മുടെ ചുറ്റുപാടും കണ്ടുകൊണ്ടിരുന്ന പലരും കാലയവനികയ്‌ക്കുള്ളില്‍ നടന്നകന്നെങ്കിലും, 2013 ലേക്ക്‌ സ്രഷ്ടാവായ ദൈവം നമ്മെ കൈപിടിച്ചു
നടത്തിയിരിക്കുകയാണ്‌. എന്തിനെന്നല്ലേ? വരദാനമായി ദൈവം കനിഞ്ഞു നല്‍കിയിരിക്കിന്ന നമ്മുടെ കഴിവുകളും, സമയവും, സമ്പത്തും, ആരോഗ്യവും എളിയവരിലൂടെയും, ചെറിയവരിലൂടെയും ദൈവമഹത്വത്തിനായി ഉപയോഗിക്കാന്‍. നമ്മുടെ ഹൃസ്വജീവിതത്തിലൂടെ ആത്‌മീയാന്ധകാരത്തില്‍
തപ്പിത്തടയുന്നവര്‍ക്ക്‌ ഒരു ചെറുതിരി വെളിച്ചമാകാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തിന്‌ അര്‍ത്ഥമുണ്ടാവും.

പ്രകൃതിയെ നോക്കുകയാണെങ്കില്‍ നമുക്കു കാണാന്‍ സാധിക്കും ശരത്‌കാലം ആയാല്‍പിന്നെ മരങ്ങള്‍ ഇലകള്‍ പൊഴിച്ച്‌ മഞ്ഞുകാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു പഴയ ഇലകളും, തളിരുകളും ഉപേക്ഷിച്ച്‌ പുത്തന്‍ ഉണര്‍വിനായി മരങ്ങള്‍ കരങ്ങള്‍ കൂപ്പുന്നു. കാട്ടുമൃഗങ്ങളാണെങ്കില്‍ ശരീരമാസകലം കട്ടിയുള്ള രോമങ്ങള്‍കൊണ്ടുള്ള പുതപ്പണിഞ്ഞു ശൈത്യത്തെ അതിജീവിക്കാന്‍ ഹിബര്‍നേഷനിലേക്കു പോകുന്നു. പ്രകൃതിയിലെ ജീവജാലങ്ങളും, വൃക്ഷലതാദികളും കാട്ടിത്തരുന്നതുപോലെ നാമും നമ്മുടെ പഴയശീലങ്ങള്‍ വെടിയേണ്ടിയിരിക്കുന്നു പുതുവര്‍ഷം സന്തോഷപൂര്‍ണ മാക്കണമെങ്കില്‍.

ഈ പുത്തനാണ്ടില്‍ നമുക്ക്‌ നല്ലൊരു ജീവിതാനുഭവം കിട്ടാന്‍ എന്തു ചെയ്യണം. നമ്മുടെ ഓരോരുത്തരുടെയും ജീവിതരീതിയും, മറ്റുള്ളവരോടുള്ള പെരുമാറ്റവും, ദൈവത്തിലൂള്ള നമ്മുടെ ആശ്രയവും വിലയിരുത്തി ഒരു ബാലന്‍സ്‌ ഷീറ്റ്‌ തയാറാക്കിയാല്‍ മാത്രമെ നമ്മുടെ ജീവിതം ഉദ്ദേശിച്ചതുപോലെ മുന്‍പോട്ടു നീങ്ങുന്നുണ്ടോ എന്നു മനസിലാക്കാന്‍ സാധിക്കുകയുള്ളു. നാളിതുവരെ നാം ശീലിച്ചുവന്ന പല പെരുമാറ്റങ്ങളും, ചിന്തകളും, പ്രേരണകളും നാം പിഴുതെറിയേണ്ടി വരും.

പുതുവര്‍ഷം നമ്മുടെ ഉള്ളിലേയ്‌ക്കു തിരിഞ്ഞു നോക്കാനുള്ള ഒരവസരമായി കണക്കാക്കി നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അസൂയ, അഹംഭാവം, അനാദരവ്‌, വെറുപ്പ്‌, വാശി, വൈരാഗ്യം എന്നിങ്ങനെയുള്ള മാലിന്യങ്ങളെല്ലാം സ്‌നേഹത്തിന്റെ തലോടലാല്‍ കഴുകികളയുക. മറ്റുള്ളവരില്‍ അവരുടെ നന്മ കാണുന്നതിനും, നല്ലകാര്യം ചെയ്‌താല്‍ അവരെ അകമഴിഞ്ഞ്‌ അനുമോദിക്കുന്നതിനും, അവരുടെ കുറവുകള്‍ നിറവുകളായി കാണുന്നതിനും കൊഴിയാന്‍ പോകുന്ന വര്‍ഷത്തില്‍ നമുക്കു സാധിച്ചിട്ടില്ലായെങ്കില്‍ 2013 അതിനുള്ള അവസരമൊരുക്കട്ടെയെന്ന്‌ നമുക്ക്‌ ജഗദീശനോടു പ്രാര്‍ത്ഥിക്കാം. മറ്റുള്ളവരെ ക്ഷമാപൂര്‍വം ശ്രവിക്കുന്നതിനുള്ള കഴിവ്‌ നാം പരിപോഷിപ്പിക്കണം. സ്വന്തം അഭിപ്രായങ്ങള്‍ക്ക്‌ നാം വിലകല്‍പ്പിക്കുന്നതുപോലെ തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നതിനും, എല്ലാവരെയും അംഗീകരിക്കുന്നതിനും, ആദരിക്കുന്നതിനുമുള്ള സന്മനസ്‌ കാണിച്ചാല്‍ നാം വിജയിച്ചു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ തങ്ങളുടെ കീഴ്‌ജീവനക്കാരോട്‌ പരസ്‌പരബഹുമാനത്തോടെയും, സ്‌നേഹത്തോടെയും ഇടപെട്ടാല്‍ ജീവിതത്തിലെ പിരിമുറുക്കം കുറയ്‌ക്കാന്‍ സാധിക്കും. മറ്റുള്ളവരെ കൊച്ചാക്കുന്നതും, അനാവശ്യമായി മറ്റുള്ളവരുടെ മുമ്പില്‍ ഇടിച്ചുതാഴ്‌ത്തി സംസാരിക്കുന്നതും സംസ്‌കാരമുള്ള ആര്‍ക്കും ഭൂഷണമല്ല.

മറ്റുള്ളവരില്‍ കുറ്റം മാത്രം ദര്‍ശിക്കുന്ന ദോഷൈകദൃക്കുകളാകാതെ അവരിലെ ചെറിയ നന്മകള്‍ കാണുന്നതിനു നമുക്കു സാധിച്ചാല്‍ നാം ശ്രേഷ്‌ഠരായി ഭവിക്കും. ഫരീശന്റെയല്ല, മറിച്ച്‌ ഒരു ചുങ്കക്കാരന്റെ മനോഭവം ആര്‍ജിക്കാന്‍ നമുക്കു കഴിയണം. മാര്‍ത്തയാകാതെ ഒരു മറിയമായി നമ്മുടെ ജീവിതത്തിലേയ്‌ക്കു ലോകരക്ഷകനായ ക്രിസ്‌തുവിനെ സ്വീകരിക്കാന്‍ ശ്രമിക്കുക. ഇത്ര ചെറുതാവാനെത്ര വലുതാവണം. എത്രയോ അര്‍ത്ഥവത്തായ ഒരു ആശയം. നമ്മില്‍ പലര്‍ക്കും മറ്റുള്ളവരുടെ മുന്‍പില്‍ അല്‍പം താഴാന്‍ വലിയ
ബുദ്ധിമുട്ടാണ്‌. എന്നാല്‍ മറ്റുള്ളവനെ പാതാളത്തോളം ഇടിച്ചുതാഴ്‌ത്തി സ്വയം ഉയരാന്‍ ശ്രമിക്കുന്ന എത്രയോ അല്‍പന്മാരെ നമുക്കു ചുറ്റും കാണുവാന്‍ സാധിക്കും. അങ്ങനെയുള്ളവരോടു നമുക്കു സഹതപിക്കുകയേ
നിവൃത്തിയുള്ളു. അപരനെ തന്നേക്കാള്‍ ശ്രേഷ്ടനായി കരുതാന്‍ വലിയമനസിനുടമയായിട്ടുള്ളവനേ സാധിക്കൂ.

മറ്റുള്ളവര്‍ നമുക്കായി ചെയ്‌തുതരുന്ന ചെറിയ സഹായങ്ങള്‍ക്ക്‌ സ്‌നേഹപൂര്‍വം നന്ദി പറയുന്നതിനും, മറ്റുള്ളവരോടു നാം തെറ്റു ചെയ്‌തു എന്നോ അവരെ വേദനിപ്പിച്ചു എന്നോ ബോദ്ധ്യപ്പെട്ടാല്‍ ആത്മാര്‍ത്ഥമായി ഒരു സോറി പറയുന്നതിനും ഉള്ള ആര്‍ജവം നമുക്കുണ്ടാവണം. താങ്ക്‌ യു, സോറി എന്നീ രണ്ടു മാജിക്ക്‌ വാക്കുകള്‍ നമ്മുടെ അനുദിനജീവിതത്തില്‍ ധാരാളമായി ഉപയോഗിക്കാന്‍ പരിശ്രമിക്കുക. അതുളവാക്കുന്ന സല്‍ഫലങ്ങളും, മാനസികോല്ലാസവും ഒന്നു വേറെ തന്നെയായിരിക്കും.

എളിമയുടെ തമ്പുരാനായ ശ്രീയേശുദേവന്റെ പിറവിത്തിന്നാള്‍ ആഘോഷിച്ച്‌, പുതുവര്‍ഷത്തിലേയ്‌ക്കു കാലെടുത്തുവക്കാന്‍ തയാറെടുത്തുനില്‍ക്കുന്ന നമുക്ക്‌ എളിമയുടെ ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളാം. പ്രകൃതിയിലേയ്‌ക്കു സൂക്ഷിച്ചു നോക്കിയാല്‍ നമുക്കു കാണാന്‍ സാധിക്കും വൃക്ഷലതാദികള്‍ ഫലം പുറപ്പെടുവിക്കാന്‍ തുടങ്ങുമ്പോള്‍ കൂടുതല്‍ വിനയാന്വിതരാകുക. നെല്‍ച്ചെടികള്‍ വളര്‍ന്നു വലുതായി കതിരുകള്‍ ആയിക്കഴിയുമ്പോള്‍ അവ താഴേക്ക്‌ വില്ലുപോലെ വളഞ്ഞ്‌ തങ്ങളുടെ എളിമ വ്യക്തമാക്കുന്നു. മാവിന്റെ ശാഖകളില്‍ മാങ്ങാക്കുലകള്‍ വിളഞ്ഞു തൂങ്ങുമ്പോള്‍ അവ വിനയഭാവത്തില്‍ തലകുനിക്കുന്നു. മുകളിലേയ്‌ക്ക്‌ വിരിയുന്ന തെങ്ങിന്‍പൂക്കുലയും തേങ്ങാ വിളഞ്ഞ്‌ പാകമാകുമ്പോള്‍ തലകിനിക്കുന്നു. നല്ലൊരു പാഠമാണ്‌ പ്രകൃതി നമുക്കു കാണിച്ചുതരുന്നത്‌. വിദ്യയും, വിവേകവും, സമ്പത്തും ആര്‍ജിക്കുന്നതനുസരിച്ച്‌ എളിമയും സ്വായത്തമാക്കാന്‍ ശ്രമിക്കുക.

പുതുവര്‍ഷം എല്ലാവര്‍ക്കും അനുഗ്രഹദായകമാകാന്‍ നമുക്ക്‌ ജഗദീശ്വരനോട്‌ അപേക്ഷിക്കാം. 2013 എന്തുകൊണ്ടും ശുഭദായകമായ ഒരു വര്‍ഷമാകട്ടെയെന്ന്‌ ഈയുള്ളവനു ജഗദീശ്വരനോട്‌ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു.

എല്ലാവര്‍ക്കും ഹാപ്പി ന്യൂ ഈയര്‍!!!
പ്രത്യാശയോടെ 2013 ലേക്ക്‌ (ജോസ്‌ മാളേയ്‌ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക