Image

ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

അനില്‍ പെണ്ണുക്കര Published on 30 December, 2012
ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കൊച്ചി: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍വെന്‍ഷന്‍ 2013 ജനുവരി അഞ്ചിന്‌ വൈകുന്നേരം അഞ്ചുമണിക്ക്‌ നെടുമ്പാശേരി സാജ്‌ എര്‍ത്ത്‌ റിസോര്‍ട്ടില്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്‌ ഉദ്‌ഘാടനം ചെയ്യും. കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ്‌ ഇത്തവണ കേരളത്തില്‍ വെച്ച്‌ നടക്കുന്നതിനാല്‍ ഫൊക്കാനയുടെ കേരളാ കണ്‍വെന്‍ഷന്‌ അതിന്റേതായ പ്രസക്തിയുണ്ട്‌. അമേരിക്കന്‍ മലയാളികളുടെ ന്യായമായ ആവശ്യങ്ങള്‍ കേന്ദ്രമന്ത്രി തലത്തില്‍ അവതരിപ്പിക്കുന്നതിനുള്ള അസുലഭ മുഹൂര്‍ത്തം ഫൊക്കാനാ നേതാക്കള്‍ പരിപൂര്‍ണ്ണമായും ഉപയോഗിക്കണമെന്ന്‌ പോള്‍ കറുകപ്പിള്ളില്‍ ആവശ്യപ്പെട്ടു.

ജനുവരി നാലിന്‌ ഫൊക്കാനാ സ്‌നേഹസന്ദേശ യാത്ര തിരുവനന്തപുരത്തുനിന്നും ആരംഭിക്കുന്നു. അഞ്ചിന്‌ വൈകിട്ട്‌ സാജ്‌ റിസോര്‍ട്ടില്‍ എത്തിച്ചേരുന്ന മതസൗഹാര്‍ദ്ദ സന്ദേശയാത്രയ്‌ക്ക്‌ ഊഷ്‌മളമായ സ്വീകരണം നല്‍കുന്നതോടെ ഫൊക്കാനാ കണ്‍വെന്‍ഷന്‌ തുടക്കംകുറിക്കും. തുടര്‍ന്ന്‌ കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ ഉദ്‌ഘാടനം ചെയ്യും. ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌, ആന്റോ ആന്റണി എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, കൊച്ചി മേയര്‍ ടോണി ചമ്മിണി തുടങ്ങി അമ്പതിലധികം രാഷ്‌ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ വിശിഷ്‌ടാതിഥികളായി വേദിയിലെത്തുമ്പോള്‍ മലയാളത്തിന്റെ ആത്മീയ തേജസും, സ്വര്‍ണ്ണ നാവുകാരനുമായ അഭിവന്ദ്യ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുഗ്രഹം ചൊരിയും.

ഫൊക്കാനയുടെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഓരോ ജില്ലയിലും കാലുകള്‍ നഷ്‌ടപ്പെട്ട ഒരാള്‍ക്കുവീതം കൃത്രിമ കാല്‍ നല്‍കുന്ന ചടങ്ങും, ഫൊക്കാനാ സാഹിത്യ പുരസ്‌കാര സമര്‍പ്പണത്തിലും സംസ്ഥാന എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, മുന്‍ പ്രസിഡന്റ്‌ ഡോ. അനിരുദ്ധന്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോണ്‍ ഐസക്ക്‌, ടി.എസ്‌. ചാക്കോ, പാര്‍ത്ഥസാരഥി പിള്ള, തമ്പി ചാക്കോ, മാത്യു കൊക്കൂറ തുടങ്ങിയ ഫൊക്കാനാ നേതാക്കളുടെ നേതൃത്വത്തിലാണ്‌ ചടങ്ങുകള്‍ നടക്കുക. ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാനാ ടുഡേയുടെ ആദ്യ ലക്കത്തിന്റെ പ്രകാശന കര്‍മ്മവും കണ്‍വെന്‍ഷനില്‍ നടക്കും. ലതാ കറുകപ്പള്ളില്‍ ചീഫ്‌ എഡിറ്ററും, ഗണേഷ്‌ നായര്‍ അസോസിയേറ്റ്‌ എഡിറ്ററായും പ്രവര്‍ത്തിക്കുന്ന ഫൊക്കാനാ ടുഡേ വളരെ വിഭിന്നമായ രീതിയിലാണ്‌ പുറത്തിറക്കുകയെന്ന്‌ ഗണേഷ്‌ നായര്‍ പറഞ്ഞു.

കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 8.30-ന്‌ കൊച്ചി സാജ്‌ എര്‍ത്ത്‌ റിസോര്‍ട്ടില്‍ എത്തിച്ചേരണമെന്ന്‌ ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള , കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.
ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക