Image

നാളെയെക്കുറിച്ച്‌ ആര്‍ക്കാണ്‌ ഉറപ്പ്‌? ചില പുതുവര്‍ഷ ചിന്തകള്‍ (മീനു എലിസബത്ത്‌)

Published on 31 December, 2012
നാളെയെക്കുറിച്ച്‌ ആര്‍ക്കാണ്‌ ഉറപ്പ്‌? ചില പുതുവര്‍ഷ ചിന്തകള്‍ (മീനു എലിസബത്ത്‌)
സംഭവബഹുലമായ കഴിഞ്ഞ പന്ത്രണ്ടു മാസങ്ങള്‍ നമുക്ക്‌ സന്തോഷവും ദുഖവും  സമ്മാനിച്ച്‌ വളരെ പെട്ടെന്ന്‌ കടന്നു പോയി.

പല സംഭവങ്ങളും ലോകം മുഴുവന്‍ നടന്നു. വിറ്റ്‌നി ഹുസ്സ്‌റ്റന്റെ അകാല മരണം, കോസ്റ്റ കോണ്‍കാഡിയ എന്നാ ആഡംബരക്കപ്പലിന്‌ ഇറ്റലിയില്‍ ഉണ്ടായ അപകടം, അഫ്‌ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ബെയ്‌സില്‍ ഖുറാന്‍ കത്തിച്ചതിനെ തുടര്‍ന്നുണ്ടായ കലാപങ്ങള്‍, റഷ്യയില്‍ വ്‌ളാഡിമിര്‍ പുട്ടിന്‍ വീണ്ടും പ്രസിഡന്റ്‌ ആയത്‌, ലണ്ടന്‍ ഒളിമ്പിക്‌സ്‌, അമേരിക്കന്‍ അംബാസിഡര്‍ ലിബിയയില്‍ കൊല്ലപ്പെട്ടത്‌, റോവേര്‍ (rover) ക്യൂരിയോസിറ്റി മാര്‍സില്‍ വിജയകരമായി ലോങ്ങ്‌ റേഞ്ച്‌ റോക്കറ്റ്‌ വിക്ഷേപിച്ചത്‌,
ഒബാമ വീണ്ടും അമേരിക്കയുടെ പ്രസിഡന്റ്‌  ആയത്‌, കണക്‌ടിക്കട്ടില്‍ നടന്ന സ്‌കൂള്‍ വെടിവെയ്‌പ്പ്‌, ഇവയെല്ലാമാണ്‌ 2012 നടന്ന ചില പ്രധാന സംഭവങ്ങള്‍...

ഇന്ന്‌ അമേരിക്കന്‍ ഭരണകൂടം 'ഫിസ്‌കല്‍ ക്ലിഫ്‌ഫി'നെക്കുറിച്ചുള്ള കൊണ്ട്‌പിടിച്ച ചര്‍ച്ചയിലാണ്‌. മണിക്കൂര്‍ ബാക്കി നില്‍ക്കെ, ഇത്‌ വരെ അതിനെക്കുറിച്ച്‌ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. അതിനുള്ള സാധ്യത ഇത്‌ വരെ കാണുന്നുമില്ല. പുതു വര്‍ഷത്തിനു മുന്‍പ്‌ ഒരു തീരുമാനാവും ഉണ്ടായില്ലങ്കില്‍., ഒരു ശരാശരി അമേരിക്കാരന്‍ 2013-ല്‍ ഗവര്‍ന്മേന്റിനു കൊടുക്കേണ്ട നികുതിയുടെ തുക തീര്‍ച്ചയായും ഉയരുക തന്നെ ചെയ്യും. ഒരു മധ്യവര്‍ത്തി കുടുംബം കൊടുക്കേണ്ട നികുതി കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2% കൂടുതല്‍ ആയിരിക്കും. 2011-ല്‍ അനുവദിച്ച താല്‍ക്കാലികമായ നികുതിയിളവ്‌, രണ്ടു ശതമാനം വര്‍ധനയോടെ പ്രാബല്ല്യത്തില്‍ വരുമ്പോള്‍ ശരാശരി അമേരിക്കക്കാരന്‍ 2013-ല്‍ കൊടുക്കേണ്ട നികുതിയുടെ തുക 2% വര്‍ധിക്കും. ഇതിനെക്കുറിച്ച്‌ ഒരു തീരുമാനം എടുക്കുവാന്‍ കഴിഞ്ഞ ഒന്നര വര്‍ഷം സമയം ഉണ്ടായിരുന്നിട്ട്‌ കൂടി, അങ്ങിനെ ചെയ്യുവാന്‍ കഴിഞ്ഞില്ല എന്നത്‌ വളരെ നിര്‍ഭാഗ്യകരമായ ഒരു അവസ്ഥ തന്നെയാണ്‌.

എല്ലാ പുതു വര്‍ഷത്തിലും നമ്മില്‍ പലരും പുതിയ പുതിയ തീരുമാനങ്ങള്‍ എടുക്കുകയും എന്നെപ്പോലെ ചിലര്‍ ജനുവരി നാലാം തീയതി വരെ
കഷ്ടിചു തീരുമാനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. മനസുറപ്പുള്ളവര്‍ അവരുടെ പുതിയ തീരുമാനങ്ങള്‍ പ്രയാസം കൂടാതെ പ്രാവര്‍ത്തികമാക്കുന്നതും കാണാം. Journal OF Clinical Psychology എന്ന മാസികയുടെ സര്‍വ്വേ അനുസരിച്ച്‌, അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തടി കുറക്കാനുള്ള തീരുമാനമാണ്‌ ആദ്യമായി എടുക്കുക. പുകവലി നിര്‍ത്തുക, സാമ്പത്തികം നന്നാക്കുക, കടങ്ങള്‍ കുറയ്‌ക്കുക ഇവയൊക്കെയാണ്‌ രണ്ടാമതും മൂന്നാമതും നില്‍ക്കുന്ന പുതുവര്‍ഷ തീരുമാനങ്ങള്‍.. അമേരിക്കയില്‍ 45% പേര്‍ എല്ലാ വര്‍ഷവും പുതുവര്‍ഷത്തോടനുബന്ധിച്ച്‌ പുതിയ തീരുമാനങ്ങള്‍ എടുക്കുകയും അതില്‍ 8% പേര്‍ മാത്രം അതില്‍ വിജയം കാണുകയും ചെയ്യുന്നു. 75% പേര്‍ ആദ്യത്തെ ആഴ്‌ച വരെ തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുകയും 64% പേര്‍ രണ്ടാമത്തെ ആഴ്‌ചയോടെ പഴയ സ്വഭാവങ്ങളിലേക്ക്‌ തിരികെ വരുകയും ചെയ്യുന്നു. എന്നാല്‍ 46% പേര്‍, ആറ്‌ മാസത്തോളം പിടിച്ചു നില്‍ക്കുന്നുണ്ട്‌ പോലും. 38% അമേരിക്കക്കാര്‍ യാതൊരു പുതിയ തിരുമാങ്ങളും പുതുവര്‍ഷത്തില്‍ എടുക്കാറില്ലത്രെ. എന്തായാലും തീരുമാങ്ങള്‍ എടുക്കുന്നവര്‍ക്ക്‌ , വിജയത്തിലെത്തുവാന്‍ പത്തിരട്ടി സാധ്യത, (അതില്ലാത്തവരെക്കള്‍) കൂടുതലുണ്ട്‌ എന്നുള്ള വാര്‍ത്ത ആശാവഹം തന്നെ.

അമേരിക്ക പുതുവര്‍ഷത്തെ എതിരേല്‍ക്കുന്നത്‌, 12 മണി രാത്രിക്ക്‌ ന്യൂയോര്‍ക്ക്‌ സിറ്റിയിലെ
ടൈംസ്‌  സ്‌ക്വയറില്‍ നിന്നും ജയന്റ്‌ ബോള്‍ ഉരുട്ടി താഴെ ഇട്ടാണ്‌. എല്ലാ പുതുവര്‍ഷത്തിനും ലോകം മുഴുവന്‍ ഉറ്റു നോക്കുന്ന ഒരു സംഭവമാണ്‌ ഇത്‌. ഈ ബോളിനു ഏകദേശം 12 അടി നീളവും 12,000 പൗണ്ട്‌ തൂക്കവും ഉണ്ട്‌. അതേ  സമയം ടൈം സ്‌ക്വയറിന്റെ ചുവട്ടില്‍ ന്യൂയോര്‍ക്കുകാര്‍ ഒത്തു കൂടുകയും റോക്ക്‌ ബാണ്ടും, ഡാന്‍സും മദ്യവുമായി, പുതു വര്‍ഷത്തെ ആഹ്ലാദത്തോടെ വരവേല്‍ക്കുകയും ചെയ്യും. വന്ന വര്‍ഷം മുതല്‍ ഇതു ടിവിയില്‍ കാണുമ്പോള്‍  ആഗ്രഹിക്കുന്നതാണ്‌, എന്നെങ്കിലും പുതുവര്‍ഷത്തിന്‌ ന്യൂയോര്‍ക്കില്‍ പോയി ഈ കാഴ്‌ച കാണണമെന്ന്‌. നടക്കും എന്നാണു പ്രതീക്ഷ.

ലോകത്തിന്റെ പല കോണിലും പല രീതിയിലുള്ള പുതുവര്‍ഷ രീതികളുണ്ട്‌, പുതുവര്‍ഷത്തില്‍ നല്ല ഭാഗ്യങ്ങള്‍ ഉണ്ടാവാന്‍, പല തരത്തില്‍ പല രീതിയില്‍ ചില ആചാരങ്ങള്‍ നടത്തുന്നു. അവര്‍ അത്‌ വിശ്വസിക്കുന്നു. അമേരിക്കയില്‍ പുതുവര്‍ഷത്തില്‍ ഭാഗ്യം കൊണ്ട്‌ വരുന്നത്‌ `Black Eye Pea' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന, ഒരു കറുത്ത കണ്ണന്‍ കുഞ്ഞിപ്പയറാണ്‌. വെളുപ്പും കറുപ്പും കലര്‍ന്ന ഈ കുഞ്ഞിപ്പയര്‍
ന്യൂഇയര്‍ ദിവസം എപ്പോഴെങ്കിലും കഴിച്ചിരിക്കണം എന്നാണ്‌ നിയമം. മിക്ക ഹോട്ടലുകളിലും അന്നേ ദിവസം അവരുടെ മെനുവില്‍ ഇത്‌ ഉള്‍പ്പെടുത്തുന്നു. പലചരക്കു കടകളില്‍ പല മൂലകളിലായി ആള്‍ക്കാര്‍ക്ക്‌ കാണാവുന്നത്‌ പോലെ ഈ പയര്‍ കൂട്ടിയിട്ടിരിക്കും.

സൗത്തു ആഫ്രിക്കയില്‍ പുതു വര്‍ഷത്തില്‍ നിറപ്പകിട്ടാര്‍ന്ന അടിവസ്‌ത്രങ്ങള്‍ ആണ്‌ ഭാഗ്യം കൊണ്ട്‌ വരുന്നത്‌. അന്നേ ദിവസം ചുവന്ന അണ്ടര്‍വെയര്‍ ധരിച്ചാല്‍ ആ വര്‍ഷം പ്രണയം ഉറപ്പാണുപോലും. ധനം ആഗ്രഹിക്കുന്നവര്‍ മഞ്ഞക്കളര്‍ ധരിച്ചാല്‍ കൈ നിറയെ പണവും കൈ വരുമത്രേ. ഡെന്‍മാര്‍ക്കുകാര്‍ കലവും ചട്ടിയും തല്ലിപ്പൊട്ടിച്ചാണ്‌ ന്യൂഇയര്‍ ആഘോഷിക്കുന്നത്‌. ഇങ്ങനെ ചെയ്യുമ്പോള്‍ ഭൂത
പ്രേതാദികള്‍  എല്ലാം ഓടിമറയുന്നു എന്നാണ്‌ അവരുടെ വിശ്വാസം. ഈ തല്ലിപ്പൊട്ടിക്കുന്ന കലങ്ങള്‍ അവര്‍ കൂട്ടുകാരുടെ വീടിന്റെ വാതില്‍ക്കല്‍ കൊണ്ട്‌ നിക്ഷേപിക്കുന്നു. ഏറ്റവും കൂടുതല്‍ കൂട്ടുകാര്‍ ഉള്ളവര്‍ക്ക്‌ ഏറ്റവും കൂടുതല്‍ പൊട്ടക്കലങ്ങളും രാവിലെ വാതുക്കല്‍ കാണും! നാണയങ്ങളുടെ വട്ടം ഓര്‍മ്മപ്പെടുത്തുന്ന രീതിയിലാണ്‌ ഫിലിപ്പീന്‍സുകാര്‍ അന്നേ ദിവസം എല്ലാ കാര്യങ്ങളും ചെയ്യുക. അവര്‍ ഉരുണ്ടിരിക്കുന്ന പഴങ്ങള്‍. (മുന്തിരിങ്ങ, ചെറി പോലെയുള്ളവ) കഴിക്കുകയും, വട്ടം വട്ടം ഡിസൈന്‍ ഉള്ള (Polka Dots) വസ്‌ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. പുതുവര്‍ഷം ക്ലോക്കില്‍ 12 മണി ആകുമ്പോള്‍ സ്‌പെയിന്‍കാര്‍ 12 മുന്തിരിങ്ങാ വായിലിട്ട്‌ വേഗം ചവച്ചരക്കുന്നു. 12. 01 ആവും മുന്‍പ്‌ കഴിച്ചു കഴിഞ്ഞാല്‍ മഹാഭാഗ്യം ഉറപ്പ്‌. ഒരു ബക്കറ്റു വെള്ളം കമഴ്‌ത്തിയാണ്‌ പോര്‍ട്ടോറിക്കക്കാര്‍ പുതു ദിനത്തില്‍ ഭാഗ്യം ഉറപ്പാക്കുന്നത്‌. പഴയ ഭാഗ്യദോഷങ്ങളുടെ ചിഹ്നമാണ് പോലും ആ ബക്കറ്റിലെ വെള്ളം.

നമുക്ക്‌ പുതിയ തീരുമാനങ്ങള്‍ എടുക്കുവാന്‍ ഒരു പുതുവര്‍ഷം വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഒരുറക്കം കഴിഞ്ഞു എഴുന്നേല്‍ക്കുമ്പോള്‍ ഒരു പുതിയ പ്രഭാതം നമുക്കായി കാത്തിരിക്കുന്നു. ഇന്നലെ ചെയ്യാന്‍ കഴിയാഞ്ഞ കാര്യങ്ങള്‍ നമുക്ക്‌ ഇന്ന്‌ മുതല്‍ ചെയ്യാമല്ലോ. കഴിഞ്ഞു പോയ സമയത്തെ ഓര്‍ത്ത്‌ നിരാശരാകാതെ, തെറ്റുകളില്‍
നിന്നും  നമുക്ക്‌ ശരികളിലേക്ക്‌ നീങ്ങാന്‍ ഇനിയും സമയം ഉണ്ട്. ഒന്നിനും ആര്‍ക്കും സമയം കഴിഞ്ഞു പോയി എന്ന്‌ കരുതരുത്‌. നമ്മുടെ മനസ്സില്‍ വര്‍ഷങ്ങളായി കൊണ്ട്‌ നടക്കുന്ന ചില കാര്യങ്ങള്‍ ഈ വര്‍ഷമെങ്കിലും നടപ്പിലാക്കുക. അത്‌, ഒരു പക്ഷെ, വര്‍ഷങ്ങളോളം മാറ്റി വെച്ചിരിക്കുന്ന ഒരു യാത്ര ആവാം. കൂടപ്പിറപ്പിനോടോ കൂട്ടുകാരനോടോ, പിണക്കം കളഞ്ഞു, ബന്ധങ്ങള്‍ പുതുക്കണം എന്നുള്ള ആഗ്രഹം ആവാം, വര്‍ഷങ്ങളായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു ബന്ധുവിനെ സന്ദര്‍ശിക്കുവാനുള്ള തീരുമാനം ആവാം. അതുമല്ലങ്കില്‍, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തെ സഹായിക്കുക എന്നാതാവം. എന്തായാലും ഇനിയും മാറ്റി വെയ്‌ക്കാതെ അതിനായി പരിശ്രമിക്കുക. കാരണം നാളെയെക്കുറിച്ച്‌ ആര്‍ക്കാണ്‌ ഉറപ്പ്‌?

Eമലയാളിയുടെ എല്ലാ വായനക്കാര്‍ക്കും നന്മയുടെയും സമാധാനത്തിന്റേയും പുതു വര്‍ഷം നേരുന്നു. ലോകം മുഴുവന്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ ശാന്തിയും, സമാധാനവും, ഐശ്വര്യവും, ഉണ്ടാവട്ടെ എന്ന്‌ പ്രാര്‍ഥിക്കുന്നു. ഒരു ചെറിയ ജീവിതമല്ലേ, നമ്മുടേത്‌, സ്‌നേഹത്തോടെ, സന്തോഷത്തോടെ, കരുണയോടെ, ഒരുമയോടെ, തന്നെ മുന്‍പോട്ടു പോകാം.
വായനക്കാര്‍ തന്ന പ്രോത്സാഹനവും സ്‌നേഹവും മേലിലും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ, എഴുത്ത്‌ തുടരട്ടെ. നന്ദി.
(
കടപ്പാട്: മലയാളം  പത്രം)
നാളെയെക്കുറിച്ച്‌ ആര്‍ക്കാണ്‌ ഉറപ്പ്‌? ചില പുതുവര്‍ഷ ചിന്തകള്‍ (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക