Image

അമ്മയ്ക്കായ്(കവിത)- ശങ്കര്‍ ഒറ്റപ്പാലം, ജിദ്ദ

ശങ്കര്‍ ഒറ്റപ്പാലം, ജിദ്ദ Published on 01 January, 2013
അമ്മയ്ക്കായ്(കവിത)- ശങ്കര്‍ ഒറ്റപ്പാലം, ജിദ്ദ
അമ്മതന്‍ ഹൃദയതാളങ്ങള്‍ ഉണരട്ടെ
ഉയരട്ടെ ഞങ്ങള്‍ക്കായ് എന്നുമെന്നും
അത്യാര്‍ത്തിയാവാം എങ്കിലും ആശിച്ചു
അമ്മതന്‍ തണലില്‍ വളര്‍ന്നുയരാന്‍
അത്യാര്‍ത്തിയാവാം എങ്കിലും മോഹിച്ചു
അമ്മതന്‍ കൈകളില്‍ തളര്‍ന്നുറങ്ങാന്‍.

ജീവതത്തില്‍ പിന്നെവന്നുകൊടുങ്കാറ്റും പ്രളയവും
ഒട്ടും നിനയ്ക്കാത്ത യാമങ്ങളില്‍
ഒന്നും നടന്നില്ല നിനച്ചതൊന്നും
പിന്നെയേതോ കടലിന്‍ നടുവില്‍
ചുഴിയിലും തിരയിലും പെട്ട ഞങ്ങള്‍
ചിന്നിച്ചിതറി പലവഴിയ്ക്കായ്.

വീണ്ടും ജീവിതത്തില്‍ തിരമാലകളില്‍പ്പെട്ട്
പിന്നെയെത്തിയതോ പലതീരങ്ങളില്‍
ഇടയ്ക്കായിരം കാതങ്ങള്‍ ദൂരമുണ്ടെങ്കിലും
ഞങ്ങള്‍ക്കെപ്പോഴും ദര്‍ശിക്കാം മാതൃരൂപം.

അറബിക്കടലിന്റെയും ചെങ്കടലിന്റെയും
ആര്‍പ്പുവിളികള്‍ ഇടയ്ക്കുണ്ടെങ്കിലും
ഇവിടെയും ഞങ്ങള്‍ അത്‌കേള്‍ക്കുന്നു
അമ്മതന്‍ ഹൃദയത്തുടുപ്പിന്‍ സൂക്ഷ്മതാളം
അത് പോലെ ദൈവവും കേള്‍ക്കുമാറാകട്ടെ
ഞങ്ങള്‍തന്‍ പ്രാര്‍ത്ഥനയെന്നുമെന്നും
തൃക്കങ്ങോട്ടമ്പലം വാഴുന്ന രണ്ട്മൂര്‍ത്തേ…,
നിങ്ങള്‍ കാത്ത്‌കൊള്‍കയെന്നമ്മയെയും
കെഞ്ചികേഴുന്നു കുലദൈവങ്ങളേയും
നിങ്ങള്‍ കാത്ത്‌കൊള്‍കയെന്നമ്മയെയും
കാതങ്ങള്‍ക്കിപ്പുറം കാരയ്ക്ക പൂക്കുമീ-
ഊഷരഭൂമിയില്‍ ഒറ്റയ്ക്കിരുന്നു ഞാന്‍
ദുഅ യിരന്നീടുന്നു അല്ലാഹുവിനോടും
കാക്കണേ 'റബ്ബേ' എന്നമ്മയേയും.

ബ്രാഹമുഹൂര്‍ത്തത്തിലീ മരുഭൂമിയില്‍
നെഞ്ചകം നീറുമീ പുലര്‍വേളയില്‍
ഇറ്റിറ്റ് വീഴുന്നശ്രു പുക്കളാല്‍
അമ്മയ്ക്കായ് അര്‍പ്പിക്കുന്നു പ്രണാമം.

ആണ്ടുകള്‍ … പിന്നെ പതിറ്റാണ്ടുകള്‍ താണ്ടിയിന്നു-
മുറ്റവര്‍ക്കും തന്റെ ഉയവര്‍ക്കും വേണ്ടി,
വരണ്ടുലരും കണ്ഠവും പേറി മുന്നില്‍
വരു മായാ മരീചികകള്‍ തേടി
ചുഴറ്റുന്ന മണല്‍ക്കാറ്റിലും ഇടറുന്ന കാല്‍വെപ്പുമായ്
വരണ്ടു പൊള്ളും നാവില്‍ തുമ്പിലേയ്‌ക്കൊരിറ്റ് സ്‌നേഹത്തിനായ്
കൊതിയ്ക്കും, ഞങ്ങളിതല്ലാതെ മറ്റെന്ത് നല്‍കാന്‍…?
അമ്മതന്‍ ഹൃദയതാളങ്ങള്‍ ഉണരട്ടെ…!
ഉയരട്ടെ ഞങ്ങള്‍ക്കായെന്നുമെന്നും.
അമ്മയ്ക്കായ്(കവിത)- ശങ്കര്‍ ഒറ്റപ്പാലം, ജിദ്ദ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക