Image

രമ്യയെ സഹായിക്കൂ, ജീവന്‍ നിലനിര്‍ത്താന്‍.....

Published on 04 January, 2013
രമ്യയെ സഹായിക്കൂ, ജീവന്‍ നിലനിര്‍ത്താന്‍.....
കോട്ടയം: മരുന്നോ, ചികിസ്‌താവിധികളോ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത രോഗത്തിന്‌ അടിമയാണ്‌ രമ്യ. `ഇന്റര്‍സ്റ്റീഷ്യല്‍ ലങ്‌ ഡിസീസ്‌' എന്ന രോഗത്തിനുള്ള ചികിത്സ ഏറെ വെല്ലുവിളി നിറഞ്ഞതാണെന്ന്‌ വിദഗ്‌ദ്ധര്‍ പറയുന്നു. ശ്വാസകോശത്തിന്‌ വികസിക്കാനും സങ്കോചിക്കാനുമുള്ള കഴിവ്‌ നഷ്ടപ്പെടുന്ന രോഗം.

ഒമ്പത്‌ മാസമായി കൃത്രിമമായി ഓക്‌സിജന്‍ നല്‍കിയാണ്‌ ജീവന്‍ നിലനിര്‍ത്തുന്നത്‌. കോട്ടയം കുറിച്ചി ഗവണ്മെന്റ്‌ ഹോമിയോപ്പതിക്‌ മെഡിക്കല്‍ കോളേജ്‌ ആസ്‌പത്രിയിലെ ഡോ. വി.നന്ദകുമാറിന്റെ ചികിത്സയിലാണിപ്പോള്‍. ഭര്‍ത്താവ്‌ പാമ്പാടി വെള്ളൂര്‍ പുത്തന്‍പറമ്പില്‍ റെനിയുടെ സ്‌നേഹപരിചരണവും ഈ ഇരുപത്തേഴുകാരിക്ക്‌ ആശ്വാസംപകരുന്നു.

ഒപ്പം ഏക മകന്‍ ആദര്‍ശിന്റെ സാന്നിധ്യവും. മൂന്നുവര്‍ഷം മുമ്പ്‌ മുതല്‍ രമ്യക്ക്‌ നടക്കുമ്പോള്‍ കിതപ്പ്‌ അനുഭവപ്പെട്ടിരുന്നു. പല ആസ്‌പത്രികളിലും മാറിമാറി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാരും സുഹൃത്തുക്കളും ജനപ്രതിനിധികളും ഹോമിയോ ആസ്‌പത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും സഹായിക്കുന്നതുകൊണ്ടാണ്‌ ഇപ്പോള്‍ ഈ കുടുംബം പിടിച്ചുനില്‍ക്കുന്നത്‌.

ദിവസവും ഓക്‌സിജന്‍ നല്‍കുന്നതിനുമാത്രം ആയിരത്തിലേറെ രൂപയാണ്‌ ചെലവ്‌. വയറിങ്‌ ജോലിചെയ്‌തിരുന്ന റെനിക്ക്‌ ജോലിക്കോ ഒന്നാംക്ലാസ്സുകാരനായ ആദര്‍ശിന്‌ സ്‌കൂളിലോ പോകാനാകുന്നില്ല. ഹോമിയോ ആസ്‌പത്രിയിലെ ഒറ്റമുറിയാണിപ്പോള്‍ ഇവരുടെ വീട്‌.

രോഗശമനത്തിന്‌ ഉതകുന്ന എന്തെങ്കിലും നിര്‍ദേശവുമായി വിദഗ്‌ദ്ധരാരെങ്കിലും എത്തിയിരുന്നെങ്കില്‍ . . . ചികിത്സ തുടരാനും നാളുകള്‍ പുലരാനും എന്തെങ്കിലും സാമ്പത്തികസഹായം കിട്ടിയെങ്കില്‍ . . . ഇതൊക്കെയാണ്‌ ഇവരുടെ ആശകള്‍.

വെള്ളിയാഴ്‌ച ആദര്‍ശിന്റെ ഏഴാം പിറന്നാളാണ്‌. പിറന്നാള്‍സദ്യ ഒരുക്കിക്കൊടുക്കേണ്ട അമ്മ ആസ്‌പത്രിക്കിടക്കയിലും. അമ്മയ്‌ക്ക്‌ വയ്യെന്ന്‌ ആദര്‍ശിനറിയാം. ദൂരെയെങ്ങും പോകാതെ അരികത്തിരിപ്പാണ്‌ ഈ കുരുന്ന്‌. ചികിത്സാസഹായം സ്വരൂപിക്കുന്നതിന്‌ എസ്‌.ബി.ടി. പാമ്പാടി ശാഖയില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. അക്കൗണ്ട്‌ നമ്പര്‍ 67204119509.
രമ്യയെ സഹായിക്കൂ, ജീവന്‍ നിലനിര്‍ത്താന്‍.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക