Image

ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര മാനവമൈത്രിയുടെ പ്രതീകം: കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ്‌

അനില്‍ പെണ്ണുക്കര Published on 04 January, 2013
ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര മാനവമൈത്രിയുടെ പ്രതീകം: കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ്‌
തിരുവനന്തപുരം: ഫൊക്കാന മാനവമൈത്രിക്കായി നടത്തിയ ഫൊക്കാനാ സൗഹൃദ സന്ദേശയാത്ര മാനവമൈത്രിയുടെ പ്രതീകമാണെന്ന്‌ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ്‌ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ സൗഹൃദസന്ദേശ യാത്ര തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ സമകാലിക സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പല പ്രവണതകളും സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും അഭാവം മൂലമാണ്‌. അതിന്‌ ഫൊക്കാന പോലെയുള്ള സംഘടനകള്‍ കാട്ടുന്ന മാതൃകയെ ലോകം അംഗീകരിക്കും. സമൂഹത്തില്‍ നടമാടുന്ന ദുരാചാരങ്ങള്‍, അനൈക്യം, മതസൗഹാര്‍ദ്ദ തകര്‍ച്ച ഇവയെല്ലാം സ്‌നേഹത്തിന്റെ അഭാവത്തില്‍ സംഭവിക്കുന്നതാണ്‌. ഇത്തരം സന്ദേശ യാത്രകള്‍ ഒരാളുടെയെങ്കിലും കണ്ണ്‌ തുറപ്പിച്ചാല്‍ ഞാന്‍ ധന്യനായി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫൊക്കാനയുടെ ഇരുപത്തിയഞ്ച്‌ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ലോക ജനതയ്‌ക്കുതന്നെ മാതൃകയാണെന്നും സൗഹൃദസന്ദേശ യാത്ര സമകാലിക ഭാരതീയ പശ്ചാത്തലത്തില്‍ അനിവാര്യമാണെന്നും യോഗത്തില്‍ അധ്യക്ഷതവഹിച്ച സംസ്ഥാന ആരോഗ്യവകുപ്പ്‌ മന്ത്രി വി.എസ്‌. ശിവകുമാര്‍ അഭിപ്രായപ്പെട്ടു. സ്‌നേഹം മനുഷ്യ മനസില്‍ നിന്ന്‌ നഷ്‌ടപ്പെടാതിരിക്കാന്‍ ഒരേ മനസോടെ മുമ്പോട്ട്‌ നീങ്ങുക. അതിന്‌ ഫൊക്കാനാ സന്ദേശയാത്രയ്‌ക്ക്‌ കഴിയട്ടെ എന്ന്‌ അദ്ദേഹം ആശംസിച്ചു.

ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള ആമുഖ പ്രഭാഷണം നടത്തി. ഫൊക്കാനയുടെ സൗഹൃദ സന്ദേശ യാത്ര ലോക നന്മയ്‌ക്കും, രാജ്യത്തിന്റെ അഖണ്‌ഡതയ്‌ക്കും വേണ്ടിയാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. ലോകം സ്‌നേഹത്തിന്റെ ഒരു പൂത്താലമാക്കാനുള്ള ശ്രമമാണ്‌ ഫൊക്കാനാ നടത്തുന്നതെന്ന്‌ മറിയാമ്മ പിള്ള പറഞ്ഞു.

ഫൊക്കാനാ കേരളാ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി ഫൊക്കാനയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും, കേരളാ കണ്‍വെന്‍ഷനേക്കുറിച്ചും വിശദീകരിച്ചു.

ഫൊക്കാനാ സൗഹൃദ സന്ദേശയാത്ര കോര്‍ഡിനേറ്റര്‍ ടി.എസ്‌ ചാക്കോ-ഫൊക്കാനാ മതസൗഹാര്‍ദ്ദ സെമിനാറില്‍ ഉണ്ടായ ആശയമാണ്‌ ഇത്തരമൊരു സൗഹൃദസന്ദേശയാത്ര നടത്തുവാന്‍ പ്രേരണയായതെന്ന്‌ വിശദീകരിച്ചു.

ഫൊക്കാനയുടെ എല്ലാ പരിപാടികള്‍ക്കും ലഭിക്കുന്ന ദൈവീകസാന്നിധ്യം സംഘടനയ്‌ക്ക്‌ വലിയൊരു കരുത്താണ്‌ നല്‍കുന്നതെന്നും, കേരളത്തിന്റെ ഗ്രാമഭംഗികളിലേക്ക്‌ തിരികെയെത്തി സൗഹാര്‍ദ്ദത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശവുമായി യാത്ര ചെയ്യാന്‍ സാധിക്കുന്നത്‌ മഹാ ഭാഗ്യമായി കരുതുന്നതായി ഫൊക്കാനാ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌ പറഞ്ഞു.

ഫൊക്കാനാ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, ഫൊക്കാനാ വൈസ്‌ പ്രസിഡന്റ്‌ ലീലാ മാരേട്ട്‌, ഉപദേശകസമിതി സെക്രട്ടറി തമ്പി ചാക്കോ, മുന്‍ പ്രസിഡന്റ്‌ ജി.കെ. പിള്ള, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ലെജി പി, ഫൊക്കാനാ ടുഡേ എഡിറ്റര്‍ ലതാ കറുകപ്പിള്ളില്‍, കെ.എ. ജോണ്‍സണ്‍, ജോര്‍ജ്‌ മാമ്മന്‍ കൊണ്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ്‌ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ ആകാശത്തേക്ക്‌ ഉയര്‍ത്തി സൗഹൃദസന്ദേശ യാത്രയ്‌ക്ക്‌ തുടക്കംകുറിച്ചപ്പോള്‍ സന്ദേശയാത്രാ കോര്‍ഡിനേറ്റര്‍ ഫൊക്കനയുടെ കൊടി ഉയര്‍ത്തി അഭിവാദ്യം ചെയ്‌തു.
ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര മാനവമൈത്രിയുടെ പ്രതീകം: കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക