Image

കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാര്‍ സഭയ്‌ക്ക്‌ അഭിമാനപാത്രം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

Published on 04 September, 2011
കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാര്‍ സഭയ്‌ക്ക്‌ അഭിമാനപാത്രം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
കാഞ്ഞിരപ്പള്ളി: നിലയ്‌ക്കലാരംഭിച്ച പൗരാണിക പാരമ്പര്യത്തിലുറച്ച തീര്‍ത്ഥാടനം തുടരുന്ന കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാര്‍ സഭയ്‌ക്ക്‌ അഭിമാനപാത്രമാണെന്ന്‌ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. 4 മുതല്‍ 7 വരെ രൂപതയില്‍ നടത്തുന്ന അജപാലനസന്ദര്‍ശനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി കത്തീദ്രല്‍ പള്ളിയില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാന മദ്ധ്യേ സന്ദേശം നല്‍കുകയായിരുന്നു മാര്‍ ജോര്‍ജ്‌ ആലഞ്ചേരി.

സഭയുടെ വളര്‍ച്ചയാണ്‌ ആരാധനയുടെ വിഷയമെന്നും, വിശ്വാസികളാണ്‌ സഭയെന്നും, വിശ്വാസികളുടെയയും സമൂഹത്തിന്റെയും സമഗ്രവളര്‍ച്ചയാണ്‌ തന്റെ അജപാലന ലക്ഷ്യമെന്നും സന്ദേശമദ്ധ്യേ അദ്ദേഹം പ്രഖ്യാപിച്ചു.

34 വര്‍ഷത്തെ കാഞ്ഞിരപ്പള്ളി രൂപതയുടെ വളര്‍ച്ചയെ സീറോ മലബാര്‍ സഭ ഉത്‌കര്‍ഷത്തോടെയാണ്‌ നോക്കിക്കാണുക. ദീര്‍ഘവീക്ഷണത്തോടെയുള്ള അഭിവന്ദ്യ മാര്‍ ജോസഫ്‌ പൗവ്വത്തില്‍ പിതാവിന്റെ നീക്കങ്ങളും അതിനു പൂരകമായി മാര്‍ മാത്യു വട്ടക്കുഴിപിതാവിന്റെ കര്‍മ്മപരിപാടികളും രൂപതയുടെ വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി അനുസ്‌മരിച്ചു. ഇപ്പോള്‍ രൂപതയെ നയിക്കുന്ന അഭിവന്ദ്യ മാര്‍ മാത്യു അറയ്‌ക്കല്‍ പിതാവിന്റെ കര്‍മ്മോത്സുകത നമുക്കേവര്‍ക്കും മാതൃകയാവണമെന്ന്‌ അഭിവന്ദ്യ പിതാവ്‌ അഭിപ്രായപ്പെട്ടു.

മനുഷ്യസമൂഹം ദൈവത്തോട്‌ മല്ലടിക്കുകയാണ്‌. ദൈവസന്നിധിയില്‍ വിധേയത്തോടെ നീങ്ങുവാന്‍ മനുഷ്യനു മടിയാണ്‌. ദൈവത്തെ മറുതലിച്ചാണോ നാം ജീവിക്കുന്നത? യഥാര്‍ത്ഥ വിശ്വാസ ജീവിതം നാം തിരിച്ചറിയണം. വ്യക്തിപരമായി ദൈവത്തെ നാം മഹത്വപ്പെടുത്തുന്നുണ്ടോ? ദൈവത്തോട്‌ മല്ലടിക്കുന്ന സമൂഹമാണോ നാം? തത്വശാസ്‌ത്രങ്ങളുടെ പിറകെയാണോ നാമിന്ന്‌? നമ്മുടേതായ സ്വാര്‍ത്ഥതയ്‌ക്കുമുമ്പില്‍ ദൈവത്തെ നാം മാറ്റിനിര്‍ത്തിയിട്ടുണ്ടോയെന്ന്‌ ആത്മശോധന ചെയ്യാന്‍ സഭാതലവന്‍ വിശ്വാസികളെ ആഹ്വാനം ചെയ്‌തു.

ദൈവരാജ്യം അനുദിനജീവിതമാണ്‌. ഏതൊരു പ്രവര്‍ത്തനത്തിലും മുന്‍തൂക്കം ദൈവഹിതത്തിനായിരിക്കണം. സത്യസന്ധതയോടും സുതാര്യതയോടും നീതിബോധത്തോടുമുള്ള പ്രവര്‍ത്തനശൈലി വേണം. സഭയ്‌ക്കെതിരെ വിരല്‍ ചൂണ്ടപ്പെടുമ്പോള്‍ കൂടുതല്‍ ശുദ്ധീകരണത്തിനുള്ള അവസരമായി കാണണം. ആഘോഷങ്ങള്‍ വേണം. ആഘോഷങ്ങള്‍ കൂട്ടായ്‌മയാണ്‌. ആര്‍ഭാടം പാടില്ല. സമ്പാദ്യം വ്യക്തികളുടേതല്ല. ലോകത്തിന്റേതാണ്‌. മനുഷ്യന്‍ സൂക്ഷിപ്പുകാര്‍ മാത്രമാണെന്ന്‌ അഭിവന്ദ്യ പിതാവ്‌ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. സമ്പത്തിന്റേയും പദവികളുടെയും സ്വാധീനത്തിന്റ പിടിയില്‍ നാം വീഴരുത്‌. ക്രിസ്‌തുവില്‍ വിശ്വസിക്കുന്നവരുടെ കൂട്ടായ്‌മയായി വളരാം. ഓരോ വ്യക്തിയും വിശുദ്ധിയിലേയ്‌ക്ക്‌ വിളിക്കപ്പെട്ടവരാണ്‌. ആരാധനക്രമ പാരമ്പര്യത്തിലൂന്നി ദൈവത്തോടും മനുഷ്യനോടും വിസ്വസ്‌തത പാലിച്ച്‌ ദൈവത്തെ മഹത്വപ്പെടുത്തി ദൈവത്തോടു മല്ലടിക്കാതെ വിശ്വസ്ഥതയുടെ മക്കളായി ജീവിക്കുവാന്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ രൂപതയിലെ വിശ്വാസികളോട്‌ ആഹ്വാനം ചെയ്‌തു.


ഫാ.സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍
പി.ആര്‍.ഒ
കാഞ്ഞിരപ്പള്ളി രൂപത സീറോ മലബാര്‍ സഭയ്‌ക്ക്‌ അഭിമാനപാത്രം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
Join WhatsApp News
mariamma dubey 2021-06-02 12:37:14
Hearty condolence to entire family RIP
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക