Image

മോനിച്ചനും ചാനലും ഞാനും (മീനു എലിസബത്ത്‌)

Published on 06 January, 2013
മോനിച്ചനും ചാനലും ഞാനും (മീനു എലിസബത്ത്‌)
ബഹുമാനപ്പെട്ട സാറിന്‌,

ഞാന്‍ സോഫി, അമേരിക്കയില്‍, പതിനെട്ട്‌ വര്‍ഷം മുന്‍പ്‌ കുടിയേറിയ ഒരു ഇത്തിത്താനംകാരന്റെ ഭാര്യ. എന്റെ വീട്‌ കൂരോപ്പടയിലാണ്‌. ഭര്‍ത്താവ്‌ മോനിച്ചന്‍. അദ്ദേഹം നാട്ടില്‍ വന്ന്‌ എന്നെ കെട്ടിക്കൊണ്ടു വന്നതാണ്‌. ഇതെല്ലാം സാറിനോട്‌ പറയുന്നത്‌ എന്തിനാണ്‌ എന്ന്‌ സാര്‍ ഓര്‍ക്കും. ഞാന്‍ പറഞ്ഞു വരട്ടെ. ഞാന്‍ വന്ന്‌ ആദ്യത്തെ നാല്‌ വര്‍ഷത്തിനകം മൂന്ന്‌ പ്രസവിച്ചു. അതില്‍ ഒരു സെറ്റ്‌ ഇരട്ടകളും കൂടി കൊച്ചുങ്ങള്‍ നാലെണ്ണം. ഇരട്ടകള്‍ ഉണ്ടായതില്‍ പിന്നെ മോനച്ചന്‍ ജോലിക്ക്‌ പോയിട്ടില്ല. കൊച്ചുങ്ങളെ നോക്കാന്‍ എന്റെ അമ്മായി അമ്മയും കൂടെയുണ്ട്‌. ഞാന്‍ നാല്‌ ദിവസം പന്ത്രണ്ട്‌ മണിക്കൂര്‍ രാത്രി ഷിഫ്‌റ്റും, പിന്നെ വീക്ക്‌ എന്‍ഡില്‍ ഒരു പാര്‍ട്ട്‌ ടൈം ജോലിയും ചെയ്യുന്നു. രാത്രി ജോലി ആയതിനാല്‍ പകലാണ്‌ ഉറക്കം. അതും കണക്കാണ്‌. മൂത്ത കൊച്ച്‌ ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ആയി. അങ്ങനെ ഒരു ആശ്വാസം. സാറെ എന്റെ പ്രശ്‌നം എന്താണെന്ന്‌ വെച്ചാല്‍ സാറിന്റെ ഈ മലയാളം ചാനല്‍ ഞങ്ങളുടെ വീട്ടില്‍ വെച്ചതിനു ശേഷം എന്റെ ജീവിതം തകര്‍ന്നു എന്ന്‌ തന്നെ പറയാം. ഭര്‍ത്താവ്‌ ഏതു നേരവും നാട്ടിലെ വാര്‍ത്തകളും വിവരങ്ങളും കണ്ടിരിപ്പാണ്‌. പ്രത്യേകിച്ചും കഴിഞ്ഞ കുറെ നാളുകളായി ശ്രീധരന്‌ മെട്രോ കിട്ടുമോ? ഇല്ലയോ എന്നുള്ള അങ്കലാപ്പ്‌ കാരണം അങ്ങേര്‍ക്ക്‌ ഉറക്കം പോലുമില്ലാതെയായി. അവിടെ ഉമ്മന്‍ചാണ്ടി സമദൂരം ഓടുന്നുണ്ടോ എന്നും, പിണറായി പിന്നെയും പിണങ്ങുന്നുണ്ടോ എന്നുമാണ്‌ മോനിച്ചന്റെ ചിന്ത. (നാട്ടില്‍ വെച്ച്‌ മോനിച്ചന്‍ എസ്‌.എഫ്‌.ഐക്ക്‌ വേണ്ടി ഒത്തിരി തല്ല്‌ കൊണ്ടിട്ടുള്ള വിദ്യാര്‍ഥി ആയിരുന്നു.) ഈ ചാനല്‍ കാരണം മോനിച്ചന്‌ കൊച്ചുങ്ങളെ നോക്കാന്‍ തന്നെ ശ്രദ്ധയില്ലാതെയായി. വാര്‍ത്തകള്‍ ആണ്‌ പുള്ളിയുടെ പ്രധാന കാഴ്‌ച. പിന്നെ തരം കിട്ടുമ്പോഴെല്ലാം , കൊച്ചു പെമ്പിള്ളേര്‌ നടത്തുന്ന മലയാളം തിരിയാത്ത ഫോണ്‍ ഇന്‍ പരിപാടിയിലേക്ക്‌ വിളിക്കുക, അമേരിക്കയിലും നാട്ടിലും ഉള്ള എല്ലാ പട്ടിക്കും പൂച്ചയ്‌ക്കും അതുങ്ങടെ ബന്ധുക്കള്‍ക്കും പാട്ടുകള്‍ ഡെഡിക്കേറ്റ്‌ ചെയ്യുക, നിങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചാനലുകളിലും വിളിച്ചു സിനിമാക്കാരുടെയും സീരിയല്‍ നടി, നടന്‍മാരുടെയും നമ്പര്‍ വാങ്ങി അവരെ വിളിക്കുക ഇതൊക്കെയാണ്‌ അങ്ങേരുടെ വിനോദം. ഞങ്ങടെ ഈ മാസത്തെ നാട്ടില്‍ വിളിച്ചിരിക്കുന്ന ഫോണ്‍ ബില്‍ കണ്ട്‌ എനിക്ക്‌ സത്യമായും ബോധക്കേടുണ്ടായി. ഇത്‌ പറഞ്ഞ്‌ ഞാന്‍ വഴക്കുണ്ടാക്കിയതിന്‌ ഇപ്പോള്‍ മോനിച്ചന്‍ ലോകം മുഴുവന്‍ ഫ്രീ ആയി വിളിക്കാവുന്ന ഒരു ഫോണ്‍ കമ്പനിയുടെ പുതിയ കണക്‌ഷന്‍ എടുത്തിരിക്കുകയാണ്‌. അത്‌ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണം ആവുകയേ ഉള്ളൂ എന്ന്‌ എനിക്കറിയാം. പക്ഷേ സാറേ, ഇത്‌ കേള്‍ക്കുമ്പോള്‍ സാറ്‌ വിചാരിക്കും, ഇതിപ്പം ഇത്ര വലിയ കാര്യമാണോ, ചാനല്‍ വേണ്ടെങ്കില്‍ ക്യാന്‍സല്‍ ചെയ്യിച്ചാല്‍ പോരേ എന്ന്‌... എന്റെ പൊന്നു സാറേ, ഞാന്‍ രണ്ടു പ്രാവശ്യം അങ്ങനെ വിളിച്ചു ക്യാന്‍സല്‍ ചെയ്യിച്ചതാണ്‌. പക്ഷേ, മോനിച്ചന്‍ പിന്നേം വിളിച്ചു ചാനല്‍ ഓണ്‍ ആക്കും. എനിക്കിപ്പം ഏതു നേരവും ഇത്‌ വിളിച്ചു പറഞ്ഞോണ്ടിരിക്കാന്‍ പറ്റുമോ. ജോലിക്ക്‌ പോകണ്ടേ?

മോനിച്ചന്റെ ശ്രദ്ധക്കുറവ്‌ കാരണം കൊച്ചുങ്ങള്‌ ഒരു പരുവമായി. എന്നാല്‍, അമ്മായി അമ്മ ഉള്ളത്‌ പണ്ട്‌ എനിക്ക്‌ ഒരു ആശ്വാസം ആയിരുന്നു. പക്ഷേ, ഈ ചാനല്‍ വന്നതിനു ശേഷം അവര്‍ സന്ധ്യ കഴിഞ്ഞാല്‍ മുറിക്കു പുറത്തിറങ്ങാതെ എല്ലാ സീരിയലുകളും, പാട്ട്‌ പരിപാടികളും കണ്ടു കൊണ്ടിരിപ്പാണ്‌. രാവിലെ ഏഴു മണിക്ക്‌ ജോലി കഴിഞ്ഞു വരുന്ന ഞാന്‍ ഈ രണ്ടു ടി.വി. കാഴ്‌ചക്കാരെ കൊണ്ട്‌ പൊറുതി മുട്ടുന്നു. രാത്രിയില്‍ സത്യന്‍, നസീര്‍, ഷീല, ശാരദ എന്നിവരുടെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ സിനിമകളും കൂടെ കണ്ടു അമ്മായി അമ്മ കിടക്കുമ്പോള്‍ വെളുപ്പിനെയാകും. മോനിച്ചന്‍ ന്യൂസും നാട്ടിലേക്ക്‌ ഫോണ്‍ വിളിയും എല്ലാം കഴിഞ്ഞു കിടക്കുമ്പോഴും അങ്ങനെ തന്നെ. ഞാന്‍ രാവിലെ വരുമ്പോള്‍ കൊച്ചുങ്ങള്‍ രാവിലെ തന്നെ ഉണര്‍ന്നു ഡയപ്പറും മാറാതെ വിശന്നു കരയാന്‍ തുടങ്ങും. എനിക്കാണേല്‌ കണ്ണ്‌ പുളിച്ചിട്ടു ഒരു തരവും വയ്യ. രാത്രി മുഴുവന്‍ രോഗികളായ സായിപ്പ്‌, കറമ്പന്‍, മെക്‌സിക്കന്‍ തുടങ്ങി ലോകത്തിലുള്ള എല്ലാ ജാതി മനുഷ്യരെയും ഉറക്കം ഒഴിച്ച്‌ ശുശ്രൂഷിച്ചിട്ടാണ്‌ ഞാന്‍ തനിയെ വണ്ടി ഓടിച്ചു വരുന്നത്‌.

വന്നു കഴിഞ്ഞാല്‍ ഇയ്യിടെയായി, എനിക്ക്‌ വേണ്ട പോലെ ഉറക്കമോ വിശ്രമമോ കിട്ടാറില്ല. അമ്മായി അമ്മയും മോനിച്ചനും എഴുന്നേറ്റു വരുമ്പോള്‍ ഒരു നേരമാകും. അമ്മായി അമ്മയുടെ കാര്യം പോട്ടെ. അവര്‍ക്ക്‌ പ്രായമുണ്ട്‌. പക്ഷേ, ഈ മോനിച്ചന്‌ ഈ അന്തക്കരണം കാണിക്കുന്നതാണ്‌ എനിക്ക്‌ സഹിക്കാന്‍ മേലാത്തത്‌. ഇവര്‍ രണ്ടു പേരും എഴുന്നേറ്റ്‌ വരുമ്പോഴേക്കും, ഞാന്‍ എല്ലാര്‍ക്കും ബ്രേക്ക്‌ ഫാസ്റ്റ്‌ ഉണ്ടാക്കി, കൊച്ചുങ്ങളെ കഴിപ്പിച്ചു, കുളിപ്പിച്ച്‌ വൃത്തിയാക്കി നിര്‍ത്തും. ചോറിനു അരിയിടും. ഇതെല്ലാം കഴിഞ്ഞൊന്ന്‌ കുളിച്ചു വരുമ്പോള്‍ അമ്മയും മകനും ഉണരും.... പല്ല്‌ തേച്ചു വന്നു കഴിഞ്ഞാല്‍ കട്ടനും കുടിച്ചോണ്ട്‌ അമ്മയും മോനും കൊച്ചുങ്ങളെയും എടുത്തോണ്ട്‌ ചാനലുകളുടെ മുന്‍പിലോട്ടിരിക്കും. അന്നേരമാണ്‌ നാട്ടിലെ സകല ചാനലുകാരും കൂടെ, അന്ന്‌ പകല്‍ അവിടെ നടന്ന ആനക്കാര്യങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്‌തു വഴക്കിടുന്നത്‌. ഇത്‌ കണ്ട്‌ മോനിച്ചനും ഇവിടെ കിടന്നു. കൈ കോഫി റ്റേബിളിനു ഇടിച്ച്‌ ``അങ്ങനെയങ്ങോട്ട്‌ ചോദിക്കെന്റെ വീണ മോളേ, എന്നും, ഇങ്ങനെ അങ്ങോട്ട്‌ പറയെന്റെ സൂര്യകുട്ടിയെന്നും എല്ലാം ഒച്ചയിടും. ഇവരെല്ലാം മോനച്ചന്റെ ഇച്ചായന്റെ പെങ്ങന്മാരുടെ മക്കളാണെന്ന രീതിയിലാണ്‌ സംസാരം. പോരാത്തത്തിന്‌ ചില ചാനല്‍ സുന്ദരിമാരെല്ലാം ഈയിടെ അമേരിക്കയില്‍ കറങ്ങി, തിരികെ പോയതുമാണ്‌. ഇവിടെ കലാപരിപാടികള്‍ വരുമ്പോള്‍ മോനിച്ചന്‍ പോയി ഇവരുടെ എല്ലാം നമ്പറും വിവരങ്ങളും അന്വേഷിച്ച്‌ അവര്‍ നാട്ടില്‍ ചെല്ലുന്നതിന്‌ മുന്‍പേ വിളി തുടങ്ങും.

ഈ മലയാളം ചാനലുകള്‍ വന്നു കഴിഞ്ഞ്‌ അമേരിക്കയില്‍ എന്താണ്‌ നടക്കുന്നത്‌ എന്ന്‌ മോനിച്ചന്‌ ഒരു വിവരവും ഇല്ല. ഇവിടുത്തെ വിവരങ്ങളും വാര്‍ത്തകളും അറിയണമെങ്കില്‍ ഇവിടുത്തെ പത്രങ്ങള്‍ വായിക്കുകയോ അമേരിക്കന്‍ ചാനലുകള്‍ കാണുകയോ വേണ്ട!? ഇന്നാളില്‍ ഒരു ദിവസം ഞങ്ങള്‍ താമസിക്കുന്ന പട്ടണത്തില്‍ വലിയ കൊടുങ്കാറ്റും പേമാരിയും വന്നു പോയെന്നും ഭീകരമായ നാശനഷ്‌ടങ്ങള്‍ ഉണ്ടായെന്നും നാട്ടിലെ ചാനലില്‍ കണ്ടാണ്‌ മോനിച്ചന്‍ അറിഞ്ഞത്‌. ഇവിടെ കാലാവസ്ഥ ചാനല്‍ പോലും മോനിച്ചന്‍ വെയ്‌ക്കില്ല. പക്ഷേ, കേരളത്തില്‍ ഇന്ന്‌ ഭാഗികമായോ മുഴുവനായോ മഴ പെയ്യാന്‍ സാധ്യത ഉണ്ടെന്ന്‌ പുള്ളി എന്നും അറിഞ്ഞു വെയ്‌ക്കും.

ഇവിടിരിക്കുന്ന മനുഷ്യന്‌ നാട്ടിലെ കാര്യങ്ങള്‍ എല്ലാം ഇത്ര കിറു കൃത്യമായി അറിഞ്ഞിട്ട്‌ എന്തു ഗുണമാണ്‌ ഉള്ളതെന്ന്‌ എനിക്ക്‌ മനസിലാകാത്തത്‌! ഇത്‌ വല്ലോം കണ്ടിരുന്നാല്‍ വയറ്റിലോട്ട്‌ വല്ലോം പോകുമോ? അമേരിക്കയില്‍ വന്നിട്ട്‌ പണി ചെയ്യാതെ ജീവിക്കാന്‍ പറ്റുമോ? ഞായറാഴ്‌ചകളില്‍ മോനിച്ചന്‍ പള്ളി കഴിഞ്ഞൊരു ചീട്ടുകളി കൂട്ടത്തില്‍ പോകും. അവിടെ പോയി ഈ അറിഞ്ഞു വെയ്‌ക്കുന്ന കാര്യങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യുകയും കൂട്ടുകാരോട്‌ തര്‍ക്കിക്കുകയും ആണെന്ന്‌ ഇന്നാളില്‍ എന്റെ ആങ്ങള പറഞ്ഞു. മോനച്ചനെ പോലെയുള്ള മലയാളം ചാനല്‍ ഭ്രാന്തന്മാരുടെ ഒരു കൂട്ടായ്‌മയാണ്‌ പോലും അത്‌! മിക്കവര്‍ക്കും തന്നെ ജോലിയൊന്നുമില്ല. കൊച്ചുങ്ങളെ നോട്ടമാണ്‌ പണി. റിട്ടയര്‍ ചെയ്‌തു ഇതിന്റെ മുമ്പില്‍ കുത്തി ഇരിക്കുന്നവരും ഉണ്ട്‌. അവരുടെ കാര്യം പോട്ടെന്നു വെക്കാം. അവര്‍ ആയകാലത്ത്‌ എല്ല്‌ മുറിയ പണി ചെയ്‌തിട്ടാണ്‌ ഇന്നീ ഇരിപ്പ്‌ ഇരിക്കുന്നതും. പക്ഷേ, മോനിച്ചനെ പോലെ ആരോഗ്യമുള്ള ഒരു മനുഷ്യന്‌ തന്റെ നല്ല സമയംമുഴുവന്‍ ഇങ്ങനെ മലയാളം ചാനല്‍ കണ്ടു ജീവിതം പാഴാക്കുന്നതിന്‌ എന്താണ്‌ ന്യായീകരണം. ഞാന്‍ രണ്ട്‌ പ്രാവശ്യം കസ്‌റ്റമര്‍ സര്‍വീസുകാരെ വിളിച്ചു ഞങ്ങളുടെ വരിസംഖ്യ ക്യാന്‍സല്‍ ചെയ്യിച്ചതാണ്‌. പിന്നെയും മോനിച്ചന്‍ ഞാന്‍ ഇല്ലാത്ത നേരം നോക്കി അത്‌ ഓണ്‍ ആക്കിക്കും. ഞാന്‍ വീണ്ടും കണക്‌ടിംഗ്‌ ഫീസ്‌ മുതല്‍ കൊടുക്കണം.

ഇങ്ങേരുടെ മലയാളം ചാനല്‍ കാഴ്‌ച കാരണം, ഇവിടെ കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. ഞാന്‍ വന്ന ഇടയ്‌ക്ക്‌, ബാങ്കില്‍ പോകുന്നതും ബില്ലടക്കുന്നതും, എല്ലാം മോനിച്ചന്‍ തന്നെ ആയിരുന്നു. ഇപ്പോള്‍ പുള്ളിക്ക്‌ പുല്ലു വെട്ടാന്‍ പോലും സമയം ഇല്ല. അതും ഞാന്‍ ആളെ നിര്‍ത്തി വെട്ടിക്കുകയാണ്‌. ഈ കഴിഞ്ഞ വര്‍ഷം തന്നെ വീട്ടിലെ ഫോണും ഞങ്ങളുടെ സെല്‍ ഫോണും രണ്ട്‌ മൂന്നു വട്ടം പൈസ അടുക്കാഞ്ഞതിനാല്‍ കട്ട്‌ ചെയ്‌തു. കറന്റ്‌ കാശ്‌ കൊടുക്കാത്തതിനാല്‍ അതും കട്ട്‌ ചെയ്‌തു. കാര്യങ്ങള്‍ ഇങ്ങനെ ആയതിനാല്‍ ഞാന്‍ ഓണ്‍ലൈന്‍ വഴി ഇപ്പോള്‍ ബില്ലുകള്‍ സെറ്റ്‌ ചെയ്‌തിരിക്കുകയാണ്‌. ഏഴു ദിവസവും രാപ്പകല്‍ ഇല്ലാതെ ജോലി ചെയ്യുന്ന എനിക്ക്‌ എവിടെയാണ്‌ ഇതിനെല്ലാം നേരം!? കഷ്‌ടപ്പെട്ടുണ്ടാക്കുന്ന കാശ്‌ ഫൈന്‍ അടിച്ചു വെക്കാതെ കളയുന്നത്‌ കാണുമ്പോള്‍ ദണ്ണമുണ്ട്‌.

ഈ ചാനലുകള്‍ വരുന്നതിന്‌ മുമ്പെ ഞങ്ങളുടെ ജീവിതത്തിന്‌ ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നു. മോനിച്ചന്‍ എല്ലാ കാര്യങ്ങളും നോക്കുമായിരുന്നു. എനിക്ക്‌ പകല്‍ ഉറങ്ങാന്‍ പറ്റുമായിരുന്നു. വിശ്രമം ഉണ്ടായിരുന്നു. ഉള്ള സമയം ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞും വല്ല കൂട്ടുകാരെ സന്ദര്‍ശിച്ചും അവരിങ്ങോട്ട്‌ വന്നും എല്ലാം സന്തോഷമായി ചിലവഴിച്ചിരുന്നു. ഇപ്പോള്‍ മോനച്ചന്‌ അതിനൊന്നും നേരമില്ല. ശരിക്ക്‌ ഉറക്കം തൂങ്ങി വണ്ടി ഓടിച്ച വന്ന ഞാന്‍ വഴിക്ക്‌ ഉറങ്ങി ഒരു മരത്തില്‍ പോയി വണ്ടി ഇടിപ്പിച്ചു. എന്റെ ആയുസിന്റെ വലുപ്പം കൊണ്ട്‌ മാത്രം ആണ്‌ ഞാന്‍ രക്ഷപ്പെട്ടത്‌. രാവിലെ ഏഴു മണി നേരത്ത്‌ അധികം ആളില്ലാത്തതും കാര്യമായി. വല്ലവരേയും ഞാന്‍ ഇടിച്ചു കൊന്നിരുന്നേല്‍ എന്റെ നാല്‌ കുഞ്ഞുങ്ങളും വഴിയാധാരമായിപ്പോയേനെ...!! വല്ലപ്പോഴും ഒരു പാര്‍ട്ടിക്കോ പ്രാര്‍ഥനക്കൂട്ടത്തിനോ പോയാല്‍ പോലും, അവിടെയുള്ള മിക്ക പെണ്ണുങ്ങള്‍ക്കും കുങ്കുമപ്പൂവിലെ നായികയെക്കുറിച്ചും ഫോണിംഗ്‌ പ്രോഗ്രാമിലെ കോപ്രായക്കാരെക്കുറിച്ചുമേ പറയാനുള്ളൂ. എനിക്കും എന്നെ പോലെ ദുരിതം അനുഭവിക്കുന്ന ധാരാളം നഴ്‌സുമാര്‍ക്കും ഇതൊന്നും കാണാനോ കേള്‍ക്കാനോ ഉള്ള സമയം ഇല്ല. ഇവര്‍ ഈ പേരുകള്‍ പറയുമ്പോള്‍ ഞങ്ങളില്‍ ചിലര്‍ വായ്‌പൊളിച്ചു നില്‌ക്കും.

വലിയ വലിയ സിനിമാ താരങ്ങളുടെ പ്രത്യേക ഷോകള്‍ നടക്കുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ മോനിച്ചന്‌ വീടിനു പുറത്തിറങ്ങില്ല. അമ്മായി അമ്മയും. ഇന്നാളില്‍ ന്യൂയോര്‍ക്കിലുള്ള എന്റെ അമ്മാച്ചനും അമ്മായിയും ഒരു വീക്ക്‌ എന്‍ഡില്‍ വന്നത്‌ രണ്ടു പേര്‍ക്കും ഇഷ്‌ടമായില്ല. അന്നായിരുന്നു നിങ്ങളുടെ ചാനലിലെ, തീജ്വാല ഫിലിം അവാര്‍ഡ്‌. അവര്‍ പോയിക്കഴിഞ്ഞു രണ്ടുപേരും കൂടെ എന്നെ കൊല്ലാതെ കൊന്നു. പലരും മരുമകള്‍മാര്‍ക്ക്‌ സ്ഥിരം വിഷം കലക്കി കൊടുത്തു കൊല്ലുന്ന ഈ സീരിയലുകള്‍ എല്ലാം കണ്ട്‌ അമ്മായിയമ്മക്ക്‌ ഇപ്പോള്‍ എന്നോട്‌ പഴയ പോലെ ഒരു സ്‌നേഹം ഉണ്ടോന്ന്‌ എനിക്ക്‌ സംശയം ആണ്‌. നല്ല സാരികള്‍ ഉടുത്ത്‌ മേക്കപ്പിട്ട്‌ സദാ സുന്ദരികളായി വീട്ടില്‍ ഒരുങ്ങി നില്‌ക്കുന്ന കൊച്ചു പെണ്ണുങ്ങളെ കണ്ടിട്ട്‌, ഈയിടെയായി എന്റെ വേഷ വിതാനമൊന്നും പുള്ളിക്കാരിക്ക്‌ പിടിക്കുന്നില്ലാത്ത പോലെ ചില കുത്തുവാക്കുകള്‍ പറയാറുണ്ട്‌.

എനിക്ക്‌ മാസത്തില്‍ മൂന്ന്‌ നാല്‌ ദിവസങ്ങളില്‍ അവധി ഉള്ളപ്പോള്‍ പോലും, മോനിച്ചന്‌ കിടക്കാന്‍ വരാന്‍ പോലും താല്‌പര്യം ഇല്ല. ചാനലിലെ തമ്മില്‍ തമ്മില്‍ പരിപാടി കാണാതെ പുള്ളിക്ക്‌ ഉറക്കം ഇല്ലത്രേ...! നാട്ടില്‍ നിന്നും എന്റെ അമ്മ ഇടയ്‌ക്ക്‌ വിളിക്കുമ്പോള്‍ എന്നോട്‌ പ്രസവം നിര്‍ത്തുന്ന കാര്യം സൂചിപ്പിക്കും. അമ്മയോട്‌ എനിക്ക്‌ പറയാന്‍ പറ്റുമോ, അമ്മേ ഇനി അതിന്റെ ആവശ്യമില്ല. മോനിച്ചന്‌ അതിനൊന്നും നേരമില്ല. ഇപ്പോള്‍ ``ദാ പോയി.... ദേ വന്നു'' എന്നല്ലേ പുള്ളിയുടെ ആപ്‌തവാക്യം!

കല്യാണം കഴിഞ്ഞ്‌ ഞാന്‍ വന്ന വര്‍ഷങ്ങളില്‍ ഞങ്ങള്‍ എല്ലാവരും കൂടെ ആയിരുന്നു നാട്ടില്‍ പോയിരുന്നത്‌. ഇപ്പോള്‍ മോനിച്ചന്‍ തനിയെ പോകാനാണ്‌ താല്‌പര്യം. ഇവിടെയിരുന്നു സീരിയല്‍ പിടിക്കുന്നതിനെക്കുറിച്ചും സിനിമകള്‍ എടുക്കുന്നതിനെക്കുറിച്ചും എല്ലാം രാത്രി മുഴുവന്‍ ആരോടെല്ലാമോ ചര്‍ച്ചയാണ്‌. ഒരു പ്രാവശ്യം ബാങ്ക്‌ ലോണ്‍ എടുത്ത്‌ സീരിയല്‍ പിടിക്കാന്‍ പോയതിന്റെ ക്ഷീണം ഇത്‌ വരെ തീര്‍ന്നില്ല. ഇതെല്ലാം ഞാന്‍ ഒരാള്‍ ജോലി ചെയ്‌തു വേണം വീട്ടാന്‍.

മോനിച്ചന്റെ സ്വഭാവം തന്നെയല്ല, ഭാഷ പോലും ഇപ്പോള്‍ മാറിപ്പോയി സാറെ. നല്ല ഒന്നാംതരം മലയാളം മലവെള്ളംപോലെ പറഞ്ഞുകൊണ്ടിരുന്ന ഇത്തിത്താനംകാരന്‍ പറയുന്ന മംഗ്ലീഷ്‌ മങ്കി മലയാളം കേട്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്ന്‌ ഞാന്‍ പറയത്തില്ല. കാരണം പെറ്റ തള്ളയും ഇപ്പോള്‍ ഹാഷ്‌ പുഷ്‌ മലയാളം ആണ്‌ മൊഴിയുന്നത്‌. സാറിന്റെ ചാനലില്‍ മലയാളം മര്യാദക്ക്‌ പറയുന്ന കൊച്ചുങ്ങളെ വെക്കാന്‍ മേലെ? അതോ ആര്‍ക്കും ഇപ്പോള്‍ നാട്ടില്‍ മലയാളം ശരിക്ക്‌ പറയാന്‍ അറിയത്തില്ലെ? ഒരു മലയാളം വാചകത്തില്‍ എന്തിനാണിവര്‍ ഇത്രയധികം ഇംഗ്ലീഷ്‌ പദങ്ങള്‍ ഉപയോഗിക്കുന്നത്‌?

എന്റെ കൊച്ചുങ്ങടെ കാര്യം ആണ്‌ സങ്കടം. ഇവരുടെ ശ്രദ്ധക്കുറവ്‌ കൊണ്ട്‌ ഒരു ദിവസം ഇരട്ടയിലൊരു കൊച്ച്‌ പ്ലഗ്‌ പോയന്റില്‍ എന്തോ കുത്തി കയറ്റി അതിന്‌ ചെറുതായി ഷോക്ക്‌ അടിച്ചു. കൊച്ചിന്‌ വല്ലോം പറ്റിയിരുന്നേല്‍ ഞാനും മോനിച്ചനും അമ്മച്ചിം ഇവിടെ അമേരിക്കയില്‍ അഴി എണ്ണിയേനെ? ഞാന്‍ ഉറക്കമായിരുന്നു. പക്ഷേ, മൂന്ന്‌ പ്രായപൂര്‍ത്തി ആയവര്‍ വീട്ടില്‍ ഉണ്ടായിട്ട്‌ ഇതുപോലെ സംഭവിച്ചിരുന്നേല്‍ കളി മാറിയേനെ. ഇവിടെ നിയമങ്ങള്‍ വളരെ കര്‍ക്കശമാണ്‌. പ്രത്യേകിച്ചും കൊച്ചുങ്ങളുടെ കാര്യത്തില്‍. രണ്ടു വയസുള്ള കൊച്ചു മിക്കവാറും നിറഞ്ഞ ഡയപ്പര്‍ തനിയെ ഊരിക്കളഞ്ഞു. കാര്‍പ്പറ്റിലും ഒന്നും രണ്ടും ചെയ്‌തു വെയ്‌ക്കും. ഒരു ദിവസം അമ്മ കാപ്പിക്ക്‌ വെള്ളം വെച്ചിട്ട്‌ ടി.വിയില്‍ ശ്രദ്ധിക്കാന്‍ പോയപ്പോള്‍. കലം കരിഞ്ഞ്‌ പൊകഞ്ഞു വീടിനു തീ പിടിച്ചില്ലെന്നേ ഉള്ളൂ. വീട്‌ മുഴുവന്‍ പുക കയറി. പുക മണം മാറാന്‍ ഒരാഴ്‌ചയില്‍ കൂടുതല്‍ എടുത്തു. ഇതെല്ലാം ഈ മലയാളം ചാനല്‍ കാരണം ആണല്ലോ ഞങ്ങളെ വീട്ടില്‍ സംഭവിക്കുന്നത്‌ എന്നോര്‍ത്ത്‌ എനിക്ക്‌ കലി വരുകയാണ്‌.

സാറേ എഴുത്ത്‌ ഇച്ചിരെ നീണ്ടു പോയി. ക്ഷമിക്കണം. മുന്‍പെ പറഞ്ഞ വണ്ടി ഇടി കൂടെ കഴിഞ്ഞപ്പോള്‍ ആണ്‌ ഞാന്‍ ചാനലിന്റെ അഡ്രസും സാറിന്റെ പേരും കണ്ടുപിടിച്ചു ഈ എഴുത്ത്‌ എഴുതാം എന്ന്‌ വിചാരിച്ചത്‌. സാറിന്റെ ചാനലിന്റെ ഇവിടെയുള്ള മുതലാളിയോട്‌ ഞാന്‍ പല പ്രാവശ്യം പറഞ്ഞു നോക്കിയിട്ടും അങ്ങേരുടെ തലയില്‍ കയറുന്നില്ല. സാറേ, ദയവ്‌ ചെയ്‌ത്‌ എന്നെ സഹായിക്കണം. ഞങ്ങടെ വീട്ടില്‍ ഈ ചാനലുകള്‍ കിട്ടാത്ത രീതിയില്‍ ആക്കാന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ പറഞ്ഞു തരണം. എത്ര നാള്‍ വേണേലും ഞാന്‍ അതിന്റെ കാശ്‌ ഇവിടെയുള്ള ചാനല്‍ മുതലാളിക്ക്‌ കൊടുത്തോളാം. എന്നാലും ഇത്‌ എങ്ങനെയേലും ഒന്ന്‌ ബ്ലോക്ക്‌ ചെയ്യിച്ചു തരണം. ഇന്നാളില്‍ ഒരു ദിവസം ഞാന്‍ ചാനലിന്റെ ചെറിയ പെട്ടീടെ അകത്ത്‌ കുറച്ച്‌ പശ തേച്ചു വെച്ചതാണ്‌. അത്‌ മോനച്ചന്‌ വന്ന്‌ അതില്‍ പണിത്‌ അത്‌ ശരിയാക്കി. ഒരിക്കല്‍ ഞാന്‍ അതിന്റെ വയര്‍ കട്ട്‌ ചെയ്‌തു കളഞ്ഞു. അതും മോനിച്ചന്‍ തന്നെ ശരിയാക്കി. നല്ല ഒന്നാം തരം ഇലക്‌ട്രോണിക്‌ പണി അറിയാവുന്ന ആളാണ്‌ മോനിച്ചന്‍. ഡിപ്ലോമയും ഉണ്ട്‌. ശ്രമിച്ചാല്‍ എന്തെങ്കിലും പണി കിട്ടാതിരിക്കില്ല. ഇവിടെ ഇപ്പോള്‍ രണ്ട്‌ പേര്‌ ജോലി ചെയ്‌താലും കാര്യങ്ങള്‍ ഓടുന്നില്ല. അത്രയ്‌ക്ക്‌ വിലയാണ്‌ സാധനങ്ങള്‍ക്ക്‌. പെട്രോളിന്റെ വിലയാണ്‌ സഹിക്കാന്‍ മേലാത്തത്‌. ഒബാമ ചേഞ്ച്‌ കൊണ്ട്‌ വരും എന്ന്‌ പറഞ്ഞിട്ട്‌, ഇത്‌ വരെ ഒന്നും കാണുന്നില്ല.

അതങ്ങേരുടെ കുഴപ്പവും അല്ല. അങ്ങേരെ കൊണ്ട്‌ വല്ലോം ഒന്ന്‌ ചെയ്യാന്‍ സമ്മതിക്കേണ്ടെ? അടുത്ത നാലു വര്‍ഷത്തേക്ക്‌ എന്തു ചെയ്യണമെന്ന്‌ കണ്ടറിയണം?

ഞാന്‍ എത്ര തിരക്കാണെങ്കിലും പത്രം എന്നും ഒന്ന്‌ വായിക്കും. വൈകിട്ടത്തെ ന്യൂസ്‌ എങ്കിലും ഒന്ന്‌ കാണും. ലോകത്ത്‌ എന്താണ്‌ നടക്കുന്നത്‌ എന്നറിയണമല്ലോ. സാര്‍ ദയവ്‌ ചെയ്‌ത്‌ എന്നെ സഹായിക്കണം. എന്റെ നാല്‌ കുഞ്ഞു കൊച്ചുങ്ങളെ ഓര്‍ത്തെങ്കിലും സഹായിക്കണം. മോനിച്ചന്‍ ഇങ്ങനെ തുടങ്ങിയാല്‍ ഞങ്ങളെ കുടുംബ ജീവിതം തകര്‍ന്നു പോകും. ഇവരെ രണ്ടുപേരെയും നേരെ ആക്കണമെങ്കില്‍ എനിക്ക്‌ ഇതല്ലാതെ നിവര്‍ത്തിയില്ല. സഹായിക്കും എന്ന പ്രതീക്ഷയോടെ,

സോഫി

1825 ഷെനാല്‍ ലെയ്‌ന്‍

റോയല്‍ പാര്‍ക്ക്‌ കെന്റക്കി - 75023

(കേരളസമാജം ഓഫ്‌ ഗ്രേറ്റ്‌ ന്യൂയോര്‍ക്കിന്റെ സുവനീറില്‍ പ്രസിദ്ധീകരിച്ചത്‌)
(കടപ്പാട്: മലയാളം പത്രം)
മോനിച്ചനും ചാനലും ഞാനും (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക