Image

വിദേശത്തുവെച്ച്‌ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ഇന്ത്യയില്‍ കേസെടുക്കാം: കോടതി

Published on 05 September, 2011
വിദേശത്തുവെച്ച്‌ ചെയ്യുന്ന കുറ്റങ്ങള്‍ക്ക്‌ ഇന്ത്യയില്‍ കേസെടുക്കാം: കോടതി
ന്യൂഡല്‍ഹി: പ്രവാസികള്‍ വിദേശ രാജ്യങ്ങളില്‍ വെച്ച്‌ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക്‌ ഇന്ത്യയില്‍ കേസെടുക്കാമെന്നും, വേണ്ടിവന്നാല്‍ പ്രോസിക്യൂട്ട്‌ ചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ വിചാരണ ചെയ്യുന്നതിനുമുമ്പ്‌ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്നും സുപ്രീംകോടതി ഉത്തരവ്‌ നല്‍കി.

കേസ്‌ കോടതി പരിഗണിക്കുന്നതിനു മുന്‍പേ സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല.ബോട്‌സ്വാനയില്‍ താമസിക്കുന്ന തോട വെങ്കടേശ്വരലുവും ഒപ്പം അവിടെ താമസിച്ചിരുന്ന ഭാര്യ പാര്‍വതിറെഡ്‌ഡി സുനിതയും തമ്മിലുള്ള കേസില്‍ വെങ്കടേശ്വരലുവിന്റെ അപ്പീല്‍ തള്ളിയാണ്‌ ഉത്തരവ്‌.

സുനിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ പോലീസ്‌ ആന്ധ്രപ്രദേശിലെ ഒരു മജിസ്‌ട്രേട്ട്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കോടതി സമന്‍സ്‌ അയച്ചു. അതിനെതിരെ വെങ്കടേശ്വരലു നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

ക്രിമിനല്‍ നടപടിച്ചട്ടം 188-ാം വകുപ്പ്‌ അനുശാസിക്കുന്ന പ്രകാരമുള്ള സര്‍ക്കാര്‍ അനുമതി മജിസ്‌ട്രേട്ട്‌ തേടിയിരുന്നില്ലെന്നായിരുന്നു വെങ്കടേശ്വരലുവിന്റെ വാദം. കേസെടുക്കുന്നതിന്‌ അതാവശ്യമില്ലെന്ന്‌ ജസ്‌റ്റിസുമാരായ അല്‍തമാസ്‌ കബീര്‍, സിറിയക്‌ ജോസഫ്‌, എസ്‌.എസ്‌. നിജ്‌ജാര്‍ എന്നിവരടങ്ങുന്ന ബെഞ്ച്‌ വ്യക്‌തമാക്കി. സ്‌ത്രീധനം ആവശ്യപ്പെട്ട്‌ ഭര്‍ത്താവ്‌ പീഡിപ്പിക്കുന്നുവെന്നായിരുന്നു കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക